പേവിഷബാധയില്‍ നിന്ന് സംരക്ഷണം നേടാന്‍ അറിയേണ്ട സമഗ്ര വിവരങ്ങള്‍


​ ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍

മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്

Representative Image| Photo: GettyImages

വൈദ്യശാസ്ത്ര രംഗത്ത് വളരെയധികം പുരോഗതി കൈവരിച്ചിട്ടും ഒരിക്കല്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍, നിശ്ചയമായും ലോകത്തേക്കും വച്ച് അതിഭയാനകമായ മരണത്തില്‍ കലാശിക്കുന്ന ഒരു ജന്തുജന്യരോഗമാണ് റാബീസ് അഥവാ പേവിഷബാധ. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ന് 150 ല്‍ പരം രാജ്യങ്ങളില്‍നിന്നായി 59,000ത്തിലധികം ആളുകളാണ് പേവിഷബാധമൂലം മരണമടയുന്നത്. ഇതില്‍ തന്നെ 95 ശതമാനവും ഏഷ്യന്‍ - ആഫ്രിക്കന്‍ വന്‍കരകളില്‍ നിന്നാണ് എന്നതും മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയാണ്.
എന്താണ് റാബീസ്, അഥവാ പേവിഷബാധ?
പ്രധാന രോഗലക്ഷണമായ 'അക്രമാസക്തമാകുക' എന്നര്‍ത്ഥം വരുന്ന 'റാഭാസ്' എന്ന എന്ന സംസ്‌കൃത പദത്തി നിന്നാണ് 'റാബീസ്' എന്ന പദം വന്നത്. ഉഷ്ണരക്തമുള്ള ഏതു സസ്തനികളെയും ബാധിക്കുന്ന ഈ രോഗത്തിനു കാരണം റാബ്‌ഡോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന ആര്‍.എന്‍.എ. വൈറസുകളായ ലിസ്സാ വൈറസുകളാണ്.
രോഗബാധയേല്‍ക്കുന്ന വ്യക്തികള്‍, പലപ്പോഴും കാറ്റിനോടും, വെളിച്ചത്തോടും, ചെറിയ ഒരു ഇലയനക്കത്തോടു പോലും ഭ്രാന്തമായ അസഹിഷ്ണുത കാണിക്കുകയും അക്രമാസക്തമാകുകയും ചെയ്യും. അതിനാല്‍ തന്നെ ഗ്രീക്ക് പുരാണത്തിലെ പേരുകേട്ട വേട്ടക്കാരനായ, ആക്റ്റിയോണിന്റെ നായ്ക്കളെ ഭ്രാന്തന്മാരാക്കാന്‍ കാരണമായ കോപത്തിന്റെയും ക്രോധത്തിന്റെയും ദേവതയായ, 'ലിസ്സ' എന്ന പേരില്‍ പ്രസ്തുത വൈറസ് അറിയപ്പെടുന്നു. രോഗബാധിതരായ മനുഷ്യരില്‍ വെള്ളത്തിനോട് കാണിക്കുന്ന പ്രത്യേകതരം ഭീതി മൂലം ഈ രോഗത്തിന് 'ഹൈഡ്രോഫോബിയ' എന്ന പേരു കൂടിയുണ്ട്.
രോഗപ്പകര്‍ച്ച
നായ, പൂച്ച, കീരി, കുറുക്കന്‍, മരപ്പട്ടി, പശു, ആട്, ചെന്നായ തുടങ്ങി ഉഷ്ണരക്തമുള്ള സര്‍വ്വ സസ്തനികളെയും രോഗം ബാധിക്കുമെങ്കിലും, 90 ശതമാനം രോഗികള്‍ക്കും പേവിഷബാധയേല്‍ക്കുന്നത് രോഗബാധിതരായ നായയുടെ കടിയേല്‍ക്കുന്നതിലൂടെയാണ്. ഇതുകൂടാതെ, ഇടയ്ക്കിടെ കാല്‍പാദങ്ങള്‍ നക്കി തുടയ്ക്കുന്ന ശീലമുള്ള പൂച്ച പോലുള്ള ഓമനമൃഗങ്ങള്‍ മാന്തിയാലും, രോഗബാധയേറ്റ പശു, ആട് തുടങ്ങിയ നാ ക്കാലികളോ മറ്റ് സസ്തനികളോ കടിച്ചാലോ, മുറിവില്‍ നക്കിയാലോ രോഗം പകരാം.
അതിഭീകരനെങ്കിലും ചൂടേറ്റാല്‍ പെട്ടെന്ന് നിര്‍വീര്യമാകുന്നവയാണ് റാബീസ് വൈറസുകള്‍. അതിനാല്‍തന്നെ, പേവിഷബാധയേറ്റ മൃഗത്തില്‍ നിന്ന് തിളപ്പിച്ച പാല്‍ കുടിച്ചു പോയതിനാലോ, മതിയായി വേവിച്ച മാംസം ഭക്ഷിച്ചതിനാലോ ആശങ്കപ്പെടേണ്ടതില്ല. എങ്കിലും ഫാം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈകാലുകളിലെ ചെറുമുറിവുകളിലൂടെയോ, കണ്ണിലെയോ, വായിലെയോ ശ്ലേഷ്മസ്തരങ്ങളിലൂടെയോ, ചെറിയ മുറിവുകളിലൂടെയോ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തീര്‍ത്തും തള്ളിക്കളയാനാവില്ല. അതിനാല്‍, ഇക്കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതായിട്ടുണ്ട്.
രോഗബാധിതരായ മൃഗങ്ങളുടെ കടിയേല്‍ക്കുന്നതിലൂടെ അവയുടെ ഉമിനീരില്‍ കാണപ്പെടുന്ന ഈ വൈറസുകള്‍, മുറിവിനു ചുറ്റുമുള്ള നാഡീഞരമ്പുകളിലൂടെ പതിയെ മനുഷ്യശരീരത്തിലേക്ക് കടന്നു കൂടുകയും നാഡീവ്യൂഹത്തിലുടെ സഞ്ചരിച്ച് കേന്ദ്രനാഡീ വ്യൂഹത്തെയും, തലച്ചോര്‍, സുക്ഷുമ്‌നാനാഡി എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വൈറസ് തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതും അത്യന്തികമായി മരണത്തിനു കീഴ്‌പ്പെടുന്നതും.
പേവിഷബാധയുള്ള നായ്ക്കളുടെ കടിയേറ്റാലും, മുറിവിന്റെ തീവ്രത, സ്ഥാനം എന്നിവയൊക്കെ ആശ്രയിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏതാനും ദിവസങ്ങള്‍ മുതല്‍ മാസങ്ങളോളം സമയമെടുത്തേക്കാം. ഏകദേശം മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ വേഗത്തിലാണ് പ്രസ്തുത വൈറസ് ശരീരത്തില്‍സഞ്ചരിക്കുന്നത് എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിനാ കാലിലോ, വാലിലോ കടിയേറ്റാല്‍ വിഷം തലച്ചോറിലെത്തി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങാന്‍ കാലതാമസമുണ്ടായേക്കാം. എന്നാല്‍ കടിയേല്‍ക്കുന്നത് കവിളിലോ, കഴുത്തിലോ, ദേഹത്തോ ആണെങ്കി ഇതിലും വേഗം വൈറസ് തലച്ചോറിലെത്താന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍ മനുഷ്യരില്‍
തലവേദനയോടുകൂടിയ പനി, ഉറക്കമില്ലായ്മ, പെരുമാറ്റത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം എന്നിവയാണ് മനുഷ്യരിലെ പ്രധാന ലക്ഷണ ങ്ങള്‍. പലപ്പോഴും ചെറിയ വെളിച്ചമോ, ഇളം കാറ്റോ, വെള്ളത്തിന്റെ ദര്‍ശനം പോലും രോഗിയെ വളരെയധികം അസ്വസ്ഥനാക്കും. ഒരു തുള്ളി വെള്ളം കുടിക്കാനോ, ആഹാരം കഴിക്കാനോ കഴിയാത്ത അവസ്ഥ, ആഹാരത്തിന്റെ മണമോ, വെള്ളത്തിന്റെ കാഴ്ചയോ, ശബ്ദമോ പോലും രോഗിയി വളരെയധികം അസഹിഷ്ണുത ഉണ്ടാക്കും. സാധാരണയായി രോഗാണു ശരീരത്തി പ്രവേശിച്ച് ഒന്ന് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ ഇവ ഒരു വര്‍ഷം വരെ നീണ്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങള്‍ മൃഗങ്ങളില്‍
മൃഗങ്ങളില്‍ പൊതുവേ ആക്രമണ സ്വഭാവമുള്ള ക്രൂദ്ധരൂപത്തിലോ, ശരീരതളര്‍ച്ച പ്രകടമാക്കുന്ന മൂക രൂപത്തിലോ രോഗം പ്രത്യക്ഷപ്പെടാം. അതിനാല്‍ തന്നെ, വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന ചെറിയ പെരുമാറ്റ വ്യതിയാനങ്ങള്‍ പോലും നാം ശ്രദ്ധയോടെ വീക്ഷിക്കണം.
പെട്ടെന്നുണ്ടാകുന്ന വിശപ്പില്ലായ്മ, ലക്ഷ്യമില്ലാതെയുള്ള അലച്ചില്‍, കുരയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദവ്യത്യാസം, പിന്‍കാലുകളുടെ ബലക്ഷയം മൂലം നടക്കാനുള്ള ബുദ്ധിമുട്ട്, ആക്രമണോത്സുകത, പ്രകോപനമില്ലാതെ അക്രമാസക്തമാകുക എന്നിവ ക്രൂദ്ധരൂപത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ മൂകരോഗാവസ്ഥയിലുള്ള മൃഗങ്ങള്‍ പലപ്പോഴും ഇരുളടഞ്ഞ മൂലകളില്‍ ഒതുങ്ങിക്കൂടാറാണ് പതിവ്. ശരീരമാസകലം അനുഭവപ്പെടുന്ന തളര്‍ച്ച, ശ്വസന തടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. കഴുത്തിലെയും താടിയിലെയും മാംസപേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്നതിനാല്‍ വെള്ളവും ഭക്ഷണസാധനങ്ങളും ഇറക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. വായില്‍ നിന്ന് ഉമിനീര്‍ ഒലിച്ചുകൊണ്ടിരിക്കുക, കീഴ്ത്താടി തൂങ്ങി കിടക്കുക, മുഖത്തിന്റെ മ്ലാനഭാവം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.
പൂച്ചകളില്‍ മൂകഭാവവും, ക്രൂദ്ധഭാവവും കാണാം. സാധാരണയായി ഒന്നോ രണ്ടോ ദിവസം ഒളിവില്‍ കഴിഞ്ഞശേഷം പൂച്ച അക്രമാസക്തമായി പുറത്ത് അലയുകയും, പിന്നീട്, അവയവങ്ങള്‍ ഓരോന്നായി തളര്‍ന്ന് പൂച്ച ചത്തുവീഴുകയും ചെയ്യാം.
jail dog
Photo: AFP

മറ്റു മൃഗങ്ങളിലെന്ന പോലെ കന്നുകാലികളിലും പേവിഷബാധ ക്രൂദ്ധ രൂപത്തിലാണ് സാധാരണയായി കാണുന്നത്. മൃഗം ആക്രമാസക്തമാകുകയും, കുത്താന്‍ ആയുകയും, കെട്ടില്‍യിട്ടിരിക്കുന്ന കയര്‍ കടിക്കുകയും, പല്ലുകള്‍ കടിച്ചമര്‍ത്തുകയും, നിലത്ത് കാലുപയോഗിച്ച് മാന്തുകയും ചെയ്യുന്നു. മതിയിലെന്ന പോലെ ഇവ കൂടെക്കൂടെ മൂത്രമൊഴിക്കുകയും, പ്രത്യേക രീതിയില്‍ നീട്ടി കരയുകയും ചെയ്യുന്നു. വായില്‍ നിന്ന് നുരയും പതയും പുറപ്പെടുവിക്കുക, വെപ്രാളപ്പെടുക തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.
ചുരുക്കത്തില്‍ പറഞ്ഞാല്‍, മൃഗങ്ങളില്‍ നിന്നു പകരുന്നതും, 100 ശതമാനം മരണം വിതയ്ക്കാന്‍ കഴിവുള്ളവയുമാണ് പേവിഷബാധയെങ്കിലും, 100 ശതമാനം പ്രതിരോധിക്കാന്‍ കഴിയുന്നതാണ് ഈ രോഗം. പലപ്പോഴും അറിഞ്ഞുകൊണ്ടുള്ള ചെറിയ അവഗണനയാകാം ഇതുമൂലമുള്ള ദാരുണ മരണത്തിന് വഴിയൊരുക്കുന്നത്. അതിനാല്‍, പേവിഷ ചികിത്സാ രീതികളെ കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചുമുള്ള ശരിയായ അറിവ് പൊതുസമൂഹത്തിനുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഓമന മൃഗങ്ങളെ സംരക്ഷിക്കാം, പേവിഷബാധയില്‍ നിന്ന്
മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ മുതല്‍ ഉപജീവനമാര്‍ഗ്ഗമായി മൃഗപരിപാലനത്തെ ആശ്രയിക്കുന്ന കര്‍ഷകര്‍ വരെ പതിറ്റാണ്ടുകളായി നേരിടുന്ന ഒരു പേടിസ്വപ്നമാണ് പേവിഷബാധ. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന പക്ഷം അതിഭയാനകമായ മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നമുക്ക് മുന്‍പ് ഇല്ലായെങ്കിലും പ്രസ്തുത രോഗത്തിനെതിരെ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ നിലവിലുണ്ട് എന്ന യാഥാര്‍ഥ്യത്തെ കുറിച്ച് ഇന്നും പലരും അജ്ഞരാണ്.
പേവിഷബാധ തടയുന്നതെങ്ങനെ ?
പലപ്പോഴും പേവിഷബാധയെന്ന ഭീകരരോഗം മനുഷ്യനിലേക്കു എത്താനുള്ള കണ്ണികളായി പ്രവര്‍ത്തിക്കുന്നത് വളര്‍ത്തുമൃഗങ്ങളാണ്, പ്രത്യേകിച്ചും നായ്ക്കള്‍. ഇന്ത്യയില്‍ മനുഷ്യരിലേക്ക് രോഗം പകരാനിടയാക്കുന്നത് 90 ശതമാനവും രോഗം ബാധിച്ച നായ്ക്കളുടെ കടിയേറ്റിട്ടാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ നമ്മുടെ ഓമന മൃഗങ്ങള്‍ക്ക് സമയാനുബന്ധമായി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയും ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിക്കുകയും വേണം.
സാധാരണയായി വളര്‍ത്തു നായകള്‍ക്കും, പൂച്ചകള്‍ക്കും 10 മുതല്‍ 12 ആഴ്ച പ്രായ മെത്തുമ്പോഴാണ് പേവിഷബാധയ്‌ക്കെതിരെയുള്ള ആദ്യ പ്രതിരോധ കുത്തിവെയ്പ് നല്‍കേണ്ടത്. പിന്നീട് 4 ആഴ്ചകള്‍ക്ക് ശേഷവും തുടര്‍ന്ന് വര്‍ഷാവര്‍ഷവും ബൂസ്റ്റര്‍ കുത്തിവയ്പുകള്‍ എടുക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും ഇന്ന് ലഭ്യമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തുവെങ്കിലും അവയെ നായയോ, മറ്റു മൃഗങ്ങളോ കടിച്ചാല്‍ നിര്‍ബന്ധമായും ചികിത്സാ കുത്തിവയ്പ്പുകളെടുക്കേണ്ടതാണ്.
stray dog delhi
AFP

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശപ്രകാരം മുറിവിന്റെ സ്ഥാനം, തീവ്രത എന്നിങ്ങനെ പല മാനദണ്ഡങ്ങളെ ആശ്രയിച്ചാണ് ചികിത്സാരീതി നിര്‍ണയിക്കുന്നത്. ആന്റി റാബീസ് വാക്‌സിന്‍, ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്നിങ്ങനെ രണ്ടുതരം മരുന്നുകളാണ് പ്രധാനമായും ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേല്‍ക്കുന്ന സാഹ ചര്യത്തില്‍ രോഗചികിത്സയ്ക്കായി 0, 3, 7, 14, 28 എന്നിങ്ങനെ അഞ്ച് ദിവസങ്ങളിലായാണ് സാധാരണയായി ചികിത്സാകുത്തിവയ്പുകള്‍ നല്‍കി വരുന്നത്. തൊണ്ണൂറാം ദിവസത്തെ കുത്തിവയ്പ് ഐച്ഛികമാണ്.
ഒരിക്കല്‍ നാഡീവ്യാഹത്തെ ബാധിച്ചാല്‍ അതിഭീകരമാണെങ്കിലും, ചൂടേറ്റാല്‍ നിര്‍വീര്യമാകുന്നവയും, സോപ്പുപതയില്‍ അലിഞ്ഞു പോകുന്നവയുമാണ് ഈ കുഞ്ഞന്‍ വൈറസുകള്‍. അതിനാല്‍ മനുഷ്യരിലായാലും മൃഗങ്ങളിലായാലും കടിയേറ്റ ഭാഗം ഒഴുകുന്ന പൈപ്പ് വെള്ളത്തില്‍, സോപ്പുപയോഗിച്ച് തുടര്‍ച്ചയായി കുറഞ്ഞത് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുകയാണ് പ്രാഥമിക നടപടി.
നന്നായി കഴുകി വൃത്തിയാക്കിയശേഷം മുറിവില്‍ 70 ശതമാനം വീര്യമുള്ള ആല്‍ക്ക ഹോള്‍, അയഡിന്‍ ലായനി തുടങ്ങിയ അണുനശീകരണ മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തില്‍ അനുവര്‍ത്തിക്കുന്ന നിസ്സാരമായ മുന്‍കരുതല്‍ നടപടികള്‍ രോഗം ബാധിക്കാനുള്ള സാധ്യത ഏകദേശം 60 ശതമാനം കണ്ട് കുറയ്ക്കുന്നു എന്നാണ് പഠന നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
മൃഗങ്ങളില്‍ പ്രധാനമായും ആക്രമസ്വഭാവമുള്ള ക്രൂദ്ധരൂപത്തിലോ, ശരീരത്തളര്‍ച്ച പ്രകടമാവുന്ന മൂകരൂപത്തിലോ രോഗം പ്രത്യക്ഷപ്പെടാം. അതിനാല്‍, ഓമനമൃഗങ്ങളില്‍ ഉണ്ടാകുന്ന ചെറിയ പെരുമാറ്റ വ്യതിയാനങ്ങള്‍ പോലും നാം ശ്രദ്ധയോടെ വീക്ഷിക്കണം. പലപ്പോഴും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമേ ശാസ്ത്രീയമായി തെളിയിക്കത്തക്ക രീതിയില്‍ വൈറസ് സാന്നിധ്യം തലച്ചോറില്‍ കാണപ്പെടുകയുള്ളൂ. അതിനാല്‍, പ്രകോപന മൊന്നുമില്ലാതെ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാല്‍, പിന്നീട് അവയുമായി അടുത്തിടപെടുന്നത് ഒഴിവാക്കുകയും അവയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ച് ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കി കുറഞ്ഞത് പത്തു ദിവസമെങ്കിലും നിരീക്ഷിക്കുകയും വേണം. ഇത്തരത്തില്‍ മാറ്റി പാര്‍പ്പിച്ച മൃഗങ്ങള്‍ പത്തുദിവസത്തിനകം മരണപെട്ടാല്‍ ശാസ്ത്രീയമായ രോഗനിര്‍ണ്ണയത്തിനായി പ്രാദേശിക വെറ്ററിനറി ഡോക്ടറുടെ കത്ത് സഹിതം നിര്‍ദ്ദിഷ്ട സാമ്പിളുകള്‍ ഏറ്റവും അടുത്തുള്ള രോഗനിര്‍ണ്ണയ കേന്ദ്രങ്ങളി എത്തിക്കേണ്ടതാണ്. മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാതല രോഗനിര്‍ണ്ണയ ലബോറട്ടറികളിലും, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട്, മണ്ണുത്തി വെറ്ററിനറി കോളേജുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചെറിയ മൃഗങ്ങളാണെങ്കില്‍ ശരീരം മുഴുവനായും, വലിയ മൃഗങ്ങളാണെങ്കില്‍ വിദഗധ സഹായത്തോടെ തലമാത്രം അറുത്ത് മാറ്റിയും പരിശോധനയ്ക്ക് അയക്കാം. അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് പെട്ടെന്നു നിര്‍വീര്യമാകാനിടയുള്ളതിനാല്‍ പ്രസ്തുത സാമ്പിളുകള്‍ ഐസില്‍ പൊതിഞ്ഞ് പ്രത്യേകം പെട്ടിയിലാക്കി സമര്‍പ്പിക്കുകയാണ് ഉത്തമം.
മനുഷ്യരുമായി വളരെ ഇണങ്ങി കഴിയുന്നവയാണ് ഓമനമൃഗങ്ങളിലേറെയുമെങ്കിലും അവയെ പേടിപ്പിക്കുകയോ, ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാനുള്ള സാധ്യത കൂടുത ലാണ്. അതിനാല്‍ ഇവ ഭക്ഷണം കഴിക്കുക, ഉറങ്ങുക, കുഞ്ഞുങ്ങളെ പാലൂട്ടുക, സംരക്ഷിക്കുക എന്നീ അവസരങ്ങളില്‍ കഴിവതും ഇവയില്‍ നിന്ന് അകലം പാലിക്കുന്നതിനും, ഇവയെ ശല്യപ്പെടുത്താതിരിക്കുന്നതിനും ശ്രദ്ധിക്കുക.
വളര്‍ത്തുമൃഗങ്ങളെ മറ്റു തെരുവ് മൃഗങ്ങളുടെയോ, വന്യമൃഗങ്ങളുടേയോ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുവാനായി രാത്രി സമയങ്ങളിലെങ്കിലും അവയെ അടച്ചുറപ്പുള്ള കൂടുകളിലാക്കുന്നത് ഉത്തമമായിരിക്കും.
മൃഗങ്ങളിലെന്നപോലെ മനുഷ്യരിലും പേവിഷബാധയ്‌ക്കെതിരെയുള്ള മുന്‍കൂര്‍ പ്രതിരോധ കുത്തിവയ്പുകള്‍ നിലവിലുണ്ട്. വെറ്ററിനറി ഡോക്ടര്‍മാര്‍, നായവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള ആളുകള്‍ മുന്‍കൂര്‍ സംരക്ഷണത്തിനായി 3 ദിവസങ്ങളിലായുള്ള പ്രതിരോധ കുത്തിവയ്പുകള്‍ (0, 7, 21/28) എടുക്കുന്നത് നന്നായിരിക്കും.
അലഞ്ഞു നടക്കുന്ന അക്രമകാരികളായ തെരുവ് നായകളുടെ പ്രജനന നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്, ഇവയുടെ സംരക്ഷണം എന്നിവ വഴി പേവിഷബാധയുടെ ഭീഷണി ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.
പേവിഷബാധ നിര്‍മ്മാര്‍ജ്ജന യജ്ഞം എങ്ങനെ?
ഓരോ ഒന്‍പത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ഒരു ജന്തുജന്യ രോഗമാണ് റാബീസ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 90 ശതമാനം പേവിഷബാധ പരത്തുന്നതും രോഗബാധിതരായ നായക്കളുടെ കടിയേല്‍ ക്കുന്നത് മൂലമാണ്. പ്രസ്തുത കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏകദേശം 59000 ത്തോളം പേരാണ് പേവിഷബാധിതരായി മരണപ്പെടുന്നത.് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 40 ശതമാനവും 15 വയസ്സിനു താഴെയുള്ള കുട്ടികളിലാണ്. കുഞ്ഞുകുട്ടികള്‍ കൂടുതലായും ഈ ഭീതിജനകമായ വിപത്തിന് കീഴ്‌പ്പെടുന്നു എന്നുള്ളത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സാമൂഹിക പ്രശ്‌നമാണ്.
stray dog
ഫയല്‍ ഫോട്ടോ മാതൃഭൂമി

ചില പ്രത്യേക ജനുസ്സില്‍പ്പെട്ട വിദേശ നായകളോടുള്ള അമിത സ്‌നേഹം മൂലം ഇന്ന് നാടന്‍ നായകള്‍ അധികപ്പറ്റാവുകയും ആരാലും പരിചരിക്കപ്പെടാതാവുകയും ചെയ്യുന്ന കാഴ്ച്ച സര്‍വസാധാരണമാണ്. ഇത്തരത്തില്‍, അനാഥരാക്കപ്പെട്ട നായകള്‍ക്ക് സുലഭമായി ഭക്ഷണം ലഭിക്കുകയും അനുകൂല സാഹചര്യങ്ങളില്‍ പെറ്റുപെരുകുകയും ചെയ്യുന്നു. ആഗോളതലത്തില്‍ തന്നെ തെരുവ് നായകളെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അനിയന്ത്രിതമാവുകയും പേവിഷബാധയേറ്റുള്ള ദാരുണ മരണങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് തെരുവുനായ നിയന്ത്രണവും പേവിഷബാധ നിര്‍മാര്‍ജ്ജനയജ്ഞവും.
മൃഗങ്ങളിലെന്നപോലെ മനുഷ്യരിലും മരണവിധി ഉറപ്പായിട്ടുള്ള രോഗമായതിനാല്‍ തന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നിതാന്ത ജാഗ്രതയുമാണ് രോഗം തടയാനുള്ള ഏക മാര്‍ഗം. ഇത്തരമൊരു സാഹചര്യത്തില്‍ തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട ചില പ്രായോഗിക പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.
1. പ്രജനന നിയന്ത്രണം (Animal Birth Control)
പേവിഷബാധ നിര്‍മാര്‍ജ്ജനത്തിന് ഇന്ന് നിലവിലുള്ള ഏറ്റവും ഫലപ്രദമായ പോംവഴിയാണ് പ്രജനന നിയന്ത്രണം. 1994 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടപ്പാക്കി വന്ന ഈ പദ്ധതി 2001 മുതല്‍ നിയമവിധേയമാക്കി. പ്രായപൂര്‍ത്തിയായ തെരുവു നായകളെ പിടിച്ച് ശസ്ത്രക്രിയ വഴി വന്ധ്യംകരിച്ച് മുറിവുണങ്ങിയ ശേഷം പ്രതിരോധ കുത്തിവെയ്പ് നല്‍കി അതേ സ്ഥലത്തു തന്നെ തിരികെ വിടുന്നതാണ് ഈ പദ്ധതി. കുടുംബശ്രീ യൂണിറ്റുകളുടേയും മൃഗക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളുടെയും കീഴില്‍ പരിശീലനം ലഭിച്ച നായ പരിചരണക്കാരുടെയും നായ പിടുത്തക്കാരുടെയും സഹായത്തോടെ വിദഗധ ഡോക്ടര്‍മാര്‍ മുഖേന നടപ്പാക്കി വരുന്ന ഒരു വിജയകരമായ പദ്ധതിയാണിത്.
2. എന്‍ഡ് പദ്ധതി (Early Neutering in Dogs)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വളരെ എളുപ്പത്തില്‍ നട ത്താവുന്ന പദ്ധതിയാണ് ചെറുപ്രായത്തിലുള്ള നായക്കുട്ടികളിലെ വന്ധ്യംകരണ പദ്ധതി (END). പരമാവധി 8-12 ആഴ്ചവരെ പ്രായമുള്ള നായക്കുട്ടികളെ വന്ധീകരിച്ച ശേഷം പ്രതിരോധ കുത്തിവെയ്പ് നല്‍കി ദത്തെടുത്ത് വളര്‍ത്താന്‍ പര്യാപ്തമാകുന്ന പദ്ധതിയാണിത്.
3. മാലിന്യ നിര്‍മാര്‍ജ്ജനം
അനിയന്ത്രിതമായ തെരുവ് നായകളുടെ വര്‍ധനവ്, ഭക്ഷണത്തിന്റെ ലഭ്യതയിലേക്കും നമ്മുടെ ശുചിത്വബോധത്തിന്റെ അഭാവത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. നായ്ക്കളുടെ എണ്ണം കൂടുന്നതും, അവയ്ക്കുള്ള ഭക്ഷണത്തിന്റെ ലഭ്യതയുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണം ലഭ്യമായ സ്ഥലമന്വേഷിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നും പുതിയ നായകള്‍ എത്തും. പൊതുവേ സ്വന്തം വിഹാര കേന്ദ്രങ്ങള്‍ അടക്കി വാഴുന്ന സ്വഭാവക്കാരാണ് നായ്ക്കള്‍. അതിനാല്‍ അതിര്‍ത്തി ലംഘിച്ചെത്തുന്നവയെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ശ്രമത്തില്‍ അവ തമ്മില്‍ അക്രമമുണ്ടാകുകയും, ഇതുവഴി രോഗബാധിതരായ നായ്കളില്‍ നിന്നുള്ള വൈറസിന്റെ വ്യാപനം നടക്കുകയും ചെയ്യാം.
വളരുന്ന ജീവിത നിലവാരവും, ഉപഭോഗ സംസ്‌കാരം മുന്നോട്ട് വെക്കുന്ന ആശയങ്ങളായ 'വാങ്ങുക, ഉപയോഗിക്കുക വലിച്ചെറിയുക' എന്ന ആശയത്തിന്റെയും ബാക്കിപത്രമാണ് വര്‍ധിച്ചു വരുന്ന തെരുവ് നായ പ്രശ്‌നം. ആധുനിക ജീവിത ശൈലിയും, ഫാസ്റ്റ് ഫുഡ് സംസ്‌കാരവും വര്‍ധിച്ചുവരുന്ന ഈ കാലത്ത്, ഭക്ഷണ സാധനങ്ങള്‍ അനിയന്ത്രിതമായി വാങ്ങി കൂട്ടാതിരിക്കുകയും അവനവന്റെ മാലിന്യം അവനവന്റെ ഉത്തരവാദിത്വമായി കരുതി, ബാക്കി വരുന്ന ഭക്ഷണവും, വീട്ടിലെ മാലിന്യവും തെരുവില്‍ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളില്‍ ഇടാതിരിക്കുകയും വഴി നമുക്കോരോരുത്തര്‍ക്കും തെരുവ് നായ നിയന്ത്രണപ്രക്രിയയുടെ ഭാഗമാകാം.
ഇവയ്‌ക്കെല്ലാം പുറമേ നമ്മുടെ നാട്ടിലെ വളര്‍ത്തുനായകള്‍ക്കെല്ലാം കൃത്യമായ ലൈസന്‍സിങ്ങ് ഉറപ്പാക്കാന്‍ ഉടമസ്ഥര്‍ ശ്രദ്ധിക്കേണ്ടതാണ്. അതതു പ്രദേശത്തെ വെറ്ററിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ആരോഗ്യസുരക്ഷാ സര്‍ട്ടിഫിക്കറ്റ് പ്രതിരോധ കുത്തിവയ്പ് വിവരങ്ങള്‍, വീട്ടുനായയാണെങ്കില്‍ വന്ധീകരണ സര്‍ട്ടി ഫിക്കറ്റ് എന്നിവയുണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്ന നിബന്ധന നിയമം മൂലം നടപ്പാക്കുക വഴി പേവിഷ നിര്‍മാര്‍ജ്ജനത്തിന് ഒരു നല്ല തുടക്കമാവും.
(മണ്ണുത്തി വെറ്ററിനറി കോളേജിലെ രോഗപ്രതിരോധ വിഭാഗം വിദഗ്ധരാണ് ലേഖകര്‍)
Content Highlights: Rabies Symptoms, causes, treatment, and prevention, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented