പേവിഷബാധയേല്‍ക്കുന്നത് നാല് തരത്തില്‍; വാക്‌സിനെടുത്തവര്‍ക്ക് വീണ്ടും കടിയേറ്റാല്‍ എന്തുചെയ്യണം?


ഡോ. ബി. പദ്മകുമാര്‍

പേവിഷബാധയേറ്റാല്‍ പൊക്കിളിന് ചുറ്റും 14 കുത്തിവയ്പ്പ് എടുക്കണോ?

ഫോട്ടോ: അഖിൽ ഇ.എസ്.

രുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന സംഭവമാണ്: പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് മധ്യവയസ്‌കനായ അച്ഛനെയും കൂട്ടി ഒരു ചെറുപ്പക്കാരന്‍ ആശുപത്രിയിലെത്തി. അച്ഛന്‍ രണ്ട് ദിവസമായി ആളുകളെ തിരിച്ചറിയുന്നില്ല, അകാരണമായി ക്ഷോഭിക്കുന്നു, പരിഭ്രാന്തി കാണിക്കുന്നു, ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെയാണ് മകന്‍ പറഞ്ഞത്. ഉദ്ദേശം 60 വയസ്സ് തോന്നിക്കുന്ന രോഗി അങ്ങേയറ്റം പരിഭ്രാന്തനായിരുന്നു. കിടക്കയില്‍ അടങ്ങിക്കിടന്നില്ല. പരിശോധനയില്‍ മസ്തിഷ്‌ക ജ്വരത്തിന്റെ സൂചനകളാണ് ലഭിച്ചത്. നട്ടെല്ലുകുത്തി ഫ്‌ളൂയിഡ് എടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചു.

പിന്നീടാണ് ഏറ്റവും നാടകീയമായ സംഭവമുണ്ടായത്. വാര്‍ഡിലെ സീലിങ് ഫാന്‍ ആരോ ഓണ്‍ ചെയ്തപ്പോള്‍ രോഗി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടാന്‍ ശ്രമിച്ചു. കാറ്റിനോടുള്ള ഭയം (എയ്റോഫോബിയ) പേവിഷബാധയുടെ ഏറ്റവും സുപ്രധാന ലക്ഷണമാണ്. ഉടന്‍ തന്നെ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. പരിചരിക്കാന്‍ മകന്‍ തന്നെയാണ് നിന്നത്.



രണ്ടാഴ്ചമുന്‍പ് വീട്ടില്‍ വന്നു കയറിയ ഒരു പട്ടിക്കുട്ടി എന്തോ അസുഖംവന്ന് ചത്തുപോയ കാര്യം ഇതിനിടയില്‍ മകന്‍ പറഞ്ഞു. അച്ഛനും മകനും ചേര്‍ന്നാണ് ആ പട്ടിയെ പരിചരിച്ചത്. പട്ടിക്കുട്ടി രണ്ടുപേരെയും നക്കുകയും മാന്തുകയുമൊക്കെ ചെയ്തിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. ചെറുപ്പക്കാരന് റാബിസിന്റെ ആദ്യ ഡോസ് വാക്സിന്‍ നല്‍കി.

അടുത്ത ദിവസമാണ് ഞെട്ടിച്ച സംഭവമുണ്ടായത്. അച്ഛനെ പരിചരിക്കാന്‍ ഓടിനടന്ന മകന് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടു. വെള്ളം കുടിക്കാനും പറ്റുന്നില്ല. പരിശോധനയില്‍ മകനും പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. അധികം വൈകാതെ അച്ഛന്റെ മരണത്തിനു പിറകേ മകനും മരിച്ചു. ഒരിക്കലും മറക്കാനാകാത്ത ദാരുണ സംഭവമായിരുന്നു അത്.

ബുള്ളറ്റ് പോലെയൊരു വൈറസ്

റാബ്‌ഡോവിറിഡേ കുടുംബത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസാണ് റാബിസ് വൈറസ്. ബുള്ളറ്റിന്റെ ആകൃതിയാണ് വൈറസിന്. ബുള്ളറ്റുപോലെ ചീറിപ്പായുകയൊന്നുമില്ലെങ്കിലും വൈറസ് ബാധയെത്തുടര്‍ന്ന് മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ദരിദ്ര രാജ്യങ്ങളുടെ രോഗമായാണ് റാബിസ് അറിയപ്പെടുന്നത്. വികസിത രാജ്യങ്ങള്‍ പേവിഷബാധയെ ഏറെക്കുറെ തുടച്ചുനീക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ റാബിസ് ഇപ്പോഴും വലിയ പൊതുജനാരോഗ്യപ്രശ്‌നമാണ്. 20,000 -ലേറെ മരണങ്ങളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മരണങ്ങളില്‍ ഏറിയ പങ്കും കൃത്യമായ വാക്‌സിനേഷനിലൂടെ തടയാന്‍ കഴിയുമെന്നതാണ് വസ്തുത.

തുടക്കം പനിപോലെ

സാധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് റാബിസിന്റെയും പ്രാരംഭ ലക്ഷണം. റാബിസും ഒരു മസ്തിഷ്‌ക ജ്വരം (എന്‍സിഫലൈറ്റിസ്) ആണ്.

പനി റാബിസാണെന്ന് സംശയിപ്പിക്കുന്ന സവിശേഷ ലക്ഷണം പിന്നീടാണുണ്ടാകുക. കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. റാബിസ് ബാധയുണ്ടായ 60 മുതല്‍ 80 ശതമാനംവരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം.

മസ്തിഷ്‌ക ജ്വരമുണ്ടാകുമ്പോള്‍ രണ്ടുതരത്തിലുള്ള പ്രതികരണം കാണാം. ഒന്ന് എന്‍സിഫലൈറ്റിസ് റാബിസ്. രണ്ട് പരാലിറ്റിക് റാബിസ്.

എന്‍സിഫലൈറ്റിസ് റാബിസ്: 80 ശതമാനം രോഗികളും ഈ വിഭാഗത്തിലാണ്. റാബിസിന്റെ ഭയാനകമായ ലക്ഷണങ്ങളെല്ലാംതന്നെ എന്‍സിഫലൈറ്റിസ് റാബിസില്‍ കാണപ്പെടുന്നു.

പനിയോടൊപ്പം അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, തുടര്‍ന്ന് അപസ്മാര ചേഷ്ടകള്‍വരെ ഉണ്ടായെന്നുവരാം. സ്വയംനിയന്ത്രിത നാഡീവ്യൂഹത്തിന്റെ തകരാറിനെത്തുടര്‍ന്ന് അമിതമായി ഉമിനീര്‍ ഉത്പാദിപ്പിക്കും. അമിതമായി ഉത്പാദിപ്പിക്കുന്ന ഉമിനീര്‍ അകത്തേക്ക് ഇറക്കാന്‍ കഴിയാതെ ധാരധാരയായി ഒലിച്ചിറങ്ങാനുള്ള സാധ്യതകളുണ്ട്.

തലച്ചോറിന്റെ പിന്‍ഭാഗത്തായി കാണപ്പെടുന്ന ബ്രെയിന്‍ സ്റ്റെമ്മിനെ രോഗം ബാധിച്ചാല്‍ വെള്ളമിറക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. തൊണ്ടയിലേയും കഴുത്തിലെയും പേശികള്‍ വലിഞ്ഞുമുറുകുന്നതിനെത്തുടര്‍ന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. റാബിസിന്റെ മുഖ്യ ലക്ഷണമാണ് ഇത്. മുഖത്ത് കാറ്റ് വീശുമ്പോഴും സമാനമായ അനുഭവങ്ങള്‍ ഉണ്ടായെന്നുവരാം.

രോഗം കൂടുന്നതോടെ രോഗി അഗാധമായ അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും (കോമ) തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യും. രോഗത്തിന്റെ ഗുരുതരാവസ്ഥയില്‍ ഹൃദയം, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായേക്കാം.

പരാലിറ്റിക് റാബിസ്: പേവിഷ ബാധിതരായ 20 ശതമാനം ആളുകളില്‍ മാത്രമാണ് പരാലിറ്റിക് റാബിസ് കണ്ടുവരുന്നത്. കൈകാല്‍ തളര്‍ച്ചയാണ് പ്രധാന ലക്ഷണം. കടിയേറ്റ ഭാഗത്തുണ്ടാകുന്ന തളര്‍ച്ച പിന്നീട് മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. ക്രമേണ മറ്റ് ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. വെള്ളത്തോടും കാറ്റിനോടുമുള്ള ഭയം തുടങ്ങിയവ തുടങ്ങിയവ ഈ വിഭാഗത്തില്‍ കാണാറില്ല.

പകരുന്ന രീതി

കടിയേല്‍ക്കല്‍: രോഗബാധിതനായ പട്ടി കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരില്‍ റാബിസ് ഉണ്ടാകുന്നത്. പട്ടിയെക്കൂടാതെ പൂച്ച, കുരങ്ങ്, കുതിര, ആടുമാടുകള്‍ എന്നിവ കടിച്ചാലും രോഗം ബാധിക്കാം.

നക്കല്‍: പട്ടി നക്കിയാലും രോഗം പകരാം. ചെറുമുറിവുകളുള്ള ചര്‍മത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും വൈറസ് ശരീരത്തില്‍ കടക്കാം.

രോഗാണുകണികകള്‍ ശ്വസിക്കുന്നതിലൂടെ: രോഗാണുക്കളുള്ള കണികകള്‍ ശ്വസിക്കുന്നതിലൂടെ അപൂര്‍വമായി രോഗം പകരാം. ബ്രസീലിലെ ഗുഹകളില്‍ വസിക്കുന്ന വവ്വാലുകളുടെ സ്രവങ്ങളില്‍നിന്ന് രോഗപ്പകര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അവയവദാനം: കോര്‍ണിയ, മറ്റ് ആന്തരാവയവങ്ങള്‍ എന്നിവ മാറ്റിവെയ്ക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് വൈറസ് ബാധയുണ്ടാകാം.

മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് രോഗം പകരാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. എങ്കിലും രോഗിയെ പരിചരിക്കുന്നവര്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നതാണ് ഉചിതം.

വൈറസ് അകത്തുകടന്നാല്‍

വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍, സാധാരണയായി 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ മറ്റുചിലപ്പോള്‍ ഒരുവര്‍ഷംവരെയോ സമയമെടുത്തെന്നുംവരാം.
കടിയേറ്റ ഭാഗത്തുനിന്ന് നാഡികളിലൂടെയാണ് വൈറസിന്റെ യാത്ര. 25 സെന്റിമീറ്ററാണ് ഒരുദിവസം യാത്രചെയ്യുന്നത്. അതുകൊണ്ടാണ് മുഖത്തും മറ്റും കടിയേറ്റാല്‍ പെട്ടെന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സുഷുമ്‌നാ നാഡിയിലും തലച്ചോറിലുമെത്തിച്ചേരുന്ന വൈറസ് അവിടെവെച്ച് പെരുകുന്നു. അവിടെനിന്ന് തിരിച്ച് നാഡികളിലൂടെത്തന്നെ യാത്രചെയ്ത് ഉമിനീര്‍ഗ്രന്ഥി, ഹൃദയം, ചര്‍മം എന്നിവിടങ്ങളിലെത്തിച്ചേരുന്നു. രക്തപ്രവാഹത്തിലൂടെ വൈറസ് സഞ്ചരിക്കുന്നില്ല.

രക്തപരിശോധന മുതല്‍ ബ്രെയിന്‍ ബയോപ്‌സി വരെ

മസ്തിഷ്‌കജ്വരവും കൈകാല്‍ തളര്‍ച്ചയുമായെത്തുന്ന രോഗിയില്‍ പേവിഷബാധയ്ക്കുള്ള സാധ്യത തിരിച്ചറിയുക എന്നതാണ് പ്രധാനം. പലപ്പോഴും പട്ടിയോ മറ്റുമൃഗങ്ങളോ കടിച്ചതിന്റെ ചരിത്രം ഉണ്ടാകണമെന്നില്ല. അപൂര്‍വമായി വെള്ളമിറക്കാനുള്ള ബുദ്ധിമുട്ടും കാണുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വിശദമായ ലബോറട്ടറി പരിശോധനകള്‍ ആവശ്യമായി വരും. രക്തം, സെറിബ്രോ സ്‌പൈനല്‍ ഫല്‍യിഡ്, ഉമിനീര്‍ തുടങ്ങിയവയാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്.

lab
Representative Image| Photo: Gettyimages

രോമകൂപങ്ങളുടെയടുത്തുള്ള നാഡികളില്‍ വൈറസിന്റെ സാന്നിധ്യം അധികമായി ഉള്ളതുകൊണ്ട് തൊലിയില്‍നിന്നെടുക്കുന്ന ബയോപ്‌സി പരിശോധനയും രോഗനിര്‍ണയത്തിന് ഉപകരിക്കും. മരണം സംഭവിച്ചാല്‍ മസ്തിഷ്‌കത്തില്‍നിന്നുമെടുക്കുന്ന ബയോപ്‌സിയും പരിശോധിക്കും.

ആന്റിബോഡി പരിശോധന: രക്തത്തിലും സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡിലും (സി.എസ്.എഫ്.) വൈറസിനെതിരായി ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ ഉണ്ടാകും. സി.എസ്.എഫിലെ പരിശോധനയ്ക്കാണ് കൂടുതല്‍ കൃത്യത.

ആര്‍.ടി.പി.സി.ആര്‍: ഉമിനീര്‍, സി.എസ്.എഫ്., ചര്‍മം, തലച്ചോര്‍ എന്നിവയില്‍ ആര്‍.ടി.പി.സി.ആര്‍. വഴി വൈറസ് ആര്‍.എന്‍.എ.യെ കണ്ടെത്താം.

ഫ്‌ളൂറസെന്റ് ആന്റിബോഡി ടെസ്റ്റിങ്: ഫ്‌ളൂറസെന്റ് ഡൈ കുത്തിവെച്ച് ചര്‍മത്തിലും മസ്തിഷ്‌കത്തിലുമുള്ള വൈറസുകളെ പെട്ടെന്നുതന്നെ കണ്ടെത്താം.

നിഗ്രിബോഡീസ്: ബ്രെയിന്‍ ബയോപ്‌സി പരിശോധനയില്‍ നാഡീകോശങ്ങളില്‍ കണ്ടെത്തുന്ന നിഗ്രിബോഡീസ് എന്ന ഘടകങ്ങള്‍ രോഗനിര്‍ണയത്തിന് സഹായിക്കും. ഹിമോകാംപസ്, സെറിബെല്ലം, ബ്രെയിന്‍സ്റ്റെം തുടങ്ങിയ മസ്തിഷ്‌കഭാഗങ്ങളിലാണ് ഈ കണികകള്‍ കൂടുതലായി കണ്ടുവരുന്നത്.

കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസ്, മേഖലാ ലബോറട്ടറികളായ തിരുവല്ല, പാലക്കാട്, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ റാബിസ് പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്.

വാക്സിനേഷന്‍

റാബിസ് ഒരു മാരകമായ മസ്തിഷ്‌കജ്വരമായതുകൊണ്ടും ഫലപ്രദമായ ചികിത്സയില്ലാത്തതിനാലും വാക്സിനേഷന്‍ തന്നെയാണ് ഏക രക്ഷാമാര്‍ഗം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രായമേറിയവര്‍ക്കുമെല്ലാം വാക്സിനെടുക്കാം. കടിച്ച പട്ടിക്ക് വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്മ്യൂണിറ്റിയെക്കുറിച്ച് ഉറപ്പില്ലാത്തതുകൊണ്ട് മനുഷ്യര്‍ വാക്സിന്‍ എടുക്കാതിരിക്കരുത്.

മുറിവിന്റെ ശുശ്രൂഷ

മുറിവില്‍നിന്ന് വൈറസിനെ നീക്കം ചെയ്യാനായി തക്കസമയത്തുചെയ്യുന്ന പ്രഥമ ശുശ്രൂഷ ഉപകരിക്കും. കൃത്യമായി ചെയ്യുന്ന മുറിവുശുശ്രൂഷയിലൂടെ രോഗസാധ്യത 80 ശതമാനംവരെ കുറയ്ക്കാനാകും. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകണം. 15 മിനിറ്റോളം ധാരയായി ഒഴുകുന്ന വെള്ളത്തില്‍ വേണം കഴുകാന്‍. അയഡിനോ ആല്‍ക്കഹോള്‍ അടങ്ങിയ ആന്റിസെപ്റ്റിക് ലായനിയോ പുരട്ടാവുന്നതാണ്. രക്തപ്രവാഹം തടയാനായി ബാന്‍ഡേജ് ഉപയോഗിക്കാം. വൈറസ് വ്യാപിക്കാമെന്നതുകൊണ്ട് മുറിവില്‍ ഉടന്‍ തന്നെ സ്റ്റിച്ച് ഇടാന്‍ പാടില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുവേണം ഇത് ചെയ്യാന്‍. ആഴത്തിലുള്ള മുറിവാണെങ്കില്‍ (കാറ്റഗറി III) ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്ക്കണം. ടെറ്റനസിനെതിരായ കുത്തിവെപ്പും എടുക്കണം.

റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍

റാബിസ് വാക്സിനേഷനെ തുടര്‍ന്ന് ശരീരം ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനുമുന്‍പുതന്നെ നേരത്തേ തയ്യാറാക്കിയ ആന്റിബോഡികള്‍ ശരീരത്തിലെത്തിക്കാനാണ് റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്ക്കുന്നത്. ആഴത്തില്‍ മുറിവുണ്ടായ എല്ലാ രോഗികള്‍ക്കും വന്യജീവികളുടെ കടിയേറ്റാലും ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്ക്കണം.

റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ രണ്ടുതരമുണ്ട്

ഇക്വയിന്‍ റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍: നിര്‍ജീവമാക്കപ്പെട്ട റാബിസ് വൈറസിനെ കുതിരയില്‍ കുത്തിവെച്ച് ഉത്പാദിപ്പിക്കപ്പെടുന്ന സിറം വേര്‍തിരിച്ചെടുക്കുന്നു. അലര്‍ജിക്ക് സാധ്യത കൂടുതലാണ്.

ഹ്യൂമന്‍ റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍: റാബിസ് വാക്സിന്‍ കുത്തിവെപ്പ് ഇമ്മ്യൂണൈസിസ് ആയ വ്യക്തിയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്നു. മനുഷ്യരില്‍നിന്ന് ഉത്പാദിപ്പിക്കുന്നതായതുകൊണ്ട് അലര്‍ജിക്കുള്ള സാധ്യത കുറവാണ്.

കടിയേറ്റഭാഗത്ത് എത്രയുംപെട്ടെന്ന് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്ക്കണം. വാക്സിനേഷന്‍ ആരംഭിച്ച് ഏഴുദിവസം കഴിഞ്ഞാല്‍ പിന്നീട് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്ക്കേണ്ടതില്ല.

റാബിസ് വാക്സിനേഷന്‍

കാറ്റഗറി II, കാറ്റഗറി III മുറിവുള്ളവര്‍ റാബിസ് വാക്സിനെടുക്കണം. പൊക്കിളിനുചുറ്റുമായി പതിന്നാല് കുത്തിവെപ്പെടുത്തിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ലഭ്യമായിട്ടുള്ള സെല്‍ കള്‍ച്ചര്‍ വാക്സിനുകള്‍ കൈയിലെ പേശികളിലോ (ഇന്‍ട്രാമസ്‌കുലര്‍) ചര്‍മപാളികള്‍ക്കിടയിലേക്കോ (ഇന്‍ട്രാഡെര്‍മല്‍) കുത്തിവയ്ക്കാം.

ഇന്‍ട്രാഡെര്‍മല്‍ (ID) 0.1 എം.എല്‍. വാക്സിന്‍ രണ്ടുതോളുകളിലുമായി ചര്‍മപാളികള്‍ക്കിടയിലേക്ക് കുത്തിവയ്ക്കുന്നു.

പ്രത്യേകം പരിശീലനം ലഭിച്ച നഴ്സുമാര്‍ക്ക് മാത്രമേ ഈ രീതിയില്‍ കുത്തിവെപ്പെടുക്കാന്‍ കഴിയൂ. വാക്സിന്‍ എടുത്ത ആദ്യദിവസവും (ദിവസം 0) തുടര്‍ന്ന് 3, 7, 28 ദിവസങ്ങളിലുമാണ് കുത്തിവെപ്പ് എടുക്കേണ്ടത്. പേശികളില്‍ കുത്തിവയ്ക്കുന്നതിനേക്കാള്‍ (0.5) വളരെക്കുറച്ച് അളവ് മാത്രമേ (0.1 എം.എല്‍.) ഇന്‍ട്രാഡെര്‍മല്‍ ഇഞ്ചക്ഷന് ആവശ്യമുള്ളൂ. കൂടുതലാളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ ഇതുമൂലം കഴിയുന്നു.

ഇന്‍ട്രാമസ്‌കുലര്‍ (IM) 0.5 എം.എല്‍.വാക്സിന്‍ തോള്‍പേശിയിലേക്ക് കുത്തിവയ്ക്കുന്നു. 0, 3, 7, 14, 28 എന്നിങ്ങനെ അഞ്ചുദിവസങ്ങളിലായിട്ടാണ് കുത്തിവെപ്പെടുക്കേണ്ടത്.

dogs
Photo: Sajan V. Nambiar

വാക്സിനെടുത്തവര്‍ക്ക് വീണ്ടും കടിയേറ്റാല്‍

കടിയേറ്റത് വാക്സിന്‍ എടുത്ത് മൂന്നുമാസത്തിനകമാണെങ്കില്‍ പിന്നീട് രണ്ടുഡോസ് വാക്സിനെടുത്താല്‍ മതി. 0, 3 എന്നിങ്ങനെ ആദ്യദിവസവും മൂന്നാംദിവസവുമാണ് വാക്സിന്‍ എടുക്കേണ്ടത്. മുറിവില്‍ റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്ക്കേണ്ട ആവശ്യമില്ല.

കടിയേല്‍ക്കുന്നതിനു മുന്‍പ് വാക്സിന്‍

പേവിഷബാധയ്ക്ക് സാധ്യതയേറിയ ജോലിചെയ്യുന്ന മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാര്‍, നായപിടുത്തക്കാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍, പേവിഷബാധയേറ്റവരെ പരിചരിക്കുന്നവര്‍, വിദേശയാത്രികര്‍ തുടങ്ങിയവര്‍ 0, 7, 21 അല്ലെങ്കില്‍ 28 എന്ന തവണയില്‍ മുന്‍കരുതലെന്നനിലയില്‍ മൂന്നുഡോസ് വാക്സിനെടുക്കണം.

മുറിവിന്റെ അവസ്ഥയും തുടര്‍ന്നുള്ള ചികിത്സയും

മൃഗത്തെ സ്പര്‍ശിക്കുക\ ഭക്ഷണം കൊടുക്കുക, മുറിവില്ലാത്ത ചര്‍മത്തില്‍ നക്കുക, മൃഗങ്ങളുടെ സ്രവങ്ങളുമായി സമ്പര്‍ക്കം എന്നിവ കാറ്റഗറി 1 മുറിവ് എന്നാണ് പറയുന്നത്. ഈ ഘട്ടത്തില്‍ സ്പര്‍ശിച്ച ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

ചര്‍മത്തില്‍ രക്തസ്രാവമുണ്ടാക്കാതെയുള്ള പോറലുകള്‍ ആണ് കാറ്റഗറി 2. ഈ ഘട്ടത്തില്‍ മുറിവ് കഴുകുക, റാബീസ് വാക്‌സിനേഷന്‍ എടുക്കുക എന്നിവ ചെയ്യണം.

ശരീരത്തില്‍ ആഴത്തിലുള്ള നിരവധി മുറിവുകള്‍, മുറിവേറ്റ ചര്‍മത്തില്‍ നക്കുക, സ്രവങ്ങളുമായി ശ്ലേഷ്മസ്തരം(കണ്ണ്, മൂക്ക്, വായ) വഴിയുള്ള സമ്പര്‍ക്കമാണ് കാറ്റഗറി 3 എന്നറിയപ്പെടുന്നത്. ഇവയുണ്ടായാല്‍ മുറിവ് കഴുകി വൃത്തിയാക്കണം. റാബീസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍, റാബീസ് വാക്‌സിനേഷന്‍ എന്നിവ ചെയ്യണം.

സംശയങ്ങളും മറുപടിയും

പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്താല്‍ പ്രത്യേക ഭക്ഷണക്രമം ആവശ്യമുണ്ടോ?

പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ എടുത്തതിനുശേഷം ഒരു വിധത്തിലുള്ള ഭക്ഷണക്രമീകരണവും ആവശ്യമില്ല. നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കരുത് എന്ന പ്രചാരണങ്ങള്‍ അശാസ്ത്രീയമാണ്.

കടിയേറ്റ ഭാഗത്ത് നാരങ്ങ, എരിവുള്ള വസ്തുക്കള്‍, ഇലകളുടെയും മറ്റും ചാറ് തുടങ്ങിയവ പുരട്ടുകയാണെങ്കില്‍ വൈറസിനെ നശിപ്പിക്കാനാവുമോ?

ഇങ്ങനെയുള്ള ഏതെങ്കിലും വസ്തുക്കള്‍ മുറിവുള്ള ഭാഗത്ത് പുരട്ടുമെന്നതുകൊണ്ട് വൈറസ് നശിക്കുമെന്നതിന് തെളിവുകളില്ല. മുറിവേറ്റ ഭാഗം സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുകയാണ് വേണ്ടത്.

കടിച്ച പട്ടിക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ട്. അതുകൊണ്ട് കടിയേറ്റവര്‍ വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ?

പട്ടികള്‍ക്കും മറ്റും വാക്‌സിന്‍ എടുത്താല്‍ ആവശ്യമായ ഇമ്മ്യൂണിറ്റി കിട്ടുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ അത് രോഗപകര്‍ച്ച തടയാന്‍ എത്രമാത്രം പര്യാപ്തമാണ് എന്നതിന് കൃത്യമായ തെളിവ് ലഭിക്കുന്നില്ല. പട്ടിയുടെ ശരീരത്തില്‍ എത്രമാത്രം ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും സ്ഥിരീകരണമില്ല. അതുകൊണ്ട് കടിച്ച പട്ടിക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ പോലും കടിയേറ്റ വ്യക്തി റാബീസിന് എതിരായ വാക്‌സിന്‍ എടുക്കണം.

കടിച്ച മൃഗത്തെ പത്തുദിവസം നിരീക്ഷിച്ച ശേഷം മതി വാക്‌സിന്‍ എടുക്കുന്നത് എന്നതില്‍ വാസ്തവമുണ്ടോ?

ഇതില്‍ ശാസ്ത്രീയതയില്ല. കടിച്ച മൃഗത്തെ പത്തുദിവസം നിരീക്ഷിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ വാക്‌സിന്‍ എടുത്തു തുടങ്ങണം. റാബീസുള്ള മൃഗങ്ങള്‍ പത്തുദിവസത്തിനുള്ളില്‍ തന്നെ ചത്തുപോകാറുണ്ട്. ആ ഒരു വിലയിരുത്തലിലാണ് നീരീക്ഷിക്കാന്‍ പറയുന്നത്. പക്ഷേ, വാക്‌സിന്‍ എടുക്കുന്നതില്‍ കാലതാമസം വരുത്തരുത്.

വാക്‌സിന്‍ എടുത്തശേഷം ശരീരത്തില്‍ എത്രമാത്രം ആന്റിബോഡിയുണ്ട് എന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ?

വാക്‌സിന്‍ എടുത്ത ശേഷം അങ്ങനെയൊരു ടെസ്റ്റിന്റെ ആവശ്യമില്ല. കാരണം, കൃത്യമായ അളവിലും തവണകളിലും വാക്‌സിന്‍ എടുക്കുകയാണെങ്കില്‍ ശരീരത്തിന് ആവശ്യമായ ഇമ്മ്യൂണിറ്റി ലഭിക്കും. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവരിലും ആന്റിബോഡി ടെസ്റ്റ് നടത്താറുണ്ട്.

വാക്‌സിന്‍ എടുത്തശേഷവും റാബീസ് ബാധിക്കാനിടയുണ്ടോ?

വളരെ അപൂര്‍വമായി അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിന് പല കാരണങ്ഹളുണ്ട്. വാക്‌സിന്‍ എടുക്കാനുണ്ടായ കാലതാമസം ഒരു കാരണമാണ്. കാറ്റഗറി മൂന്നില്‍പെട്ട മുറിവുള്ളവരില്‍ മുറിവേറ്റ ഭാഗത്ത് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവെക്കാത്തതും വാക്‌സിനേഷന്‍ ഷെഡ്യൂള്‍ കൃത്യമായി പാലിക്കാത്തതും വാക്‌സിന്‍ പരാജയപ്പെടാന്‍ കാരണമാകും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കാമോ?

തീര്‍ച്ചയായും. വാക്‌സിന്‍ ഗര്‍ഭിണികളിലോ ഗര്‍ഭസ്ഥ ശിശുവിലോ ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എലി കടിച്ചാല്‍ റാബീസ് വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ?

എലികളെപ്പോലെയുള്ള റോഡന്റ്‌സ് കടിച്ചാല്‍ റാബീസ് വാക്‌സിന്‍ എടുക്കേണ്ടതില്ല. ആ ഭാഗം വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക. ടെറ്റനസ് കുത്തിവെയ്പ്പ് എടുക്കുക. ഇവ ചെയ്താല്‍ മതി. പക്ഷേ, എലി തന്നെയാണ് കടിച്ചത് എന്ന് പൂര്‍ണമായ ഉറപ്പുണ്ടായിരിക്കണം. പലപ്പോഴും എന്താണ് കടിച്ചതെന്ന് അറിയാതെ ആശുപത്രിയിലെത്തുന്നവരുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വാക്‌സിന്‍ നിര്‍ദേശിക്കാറുണ്ട്.

റാബീസ് വാക്‌സിന് പാര്‍ശ്വഫലമുണ്ടോ?

ഇപ്പോള്‍ ഉപയോഗിക്കുന്ന സെല്‍ കള്‍ച്ചര്‍ വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണ്. അവ പൊതുവേ അലര്‍ജി പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറില്ല. വാക്‌സിനെടുത്ത ഭാഗത്ത് ചൊറിച്ചിലോ, ചെറിയ വേദനയോ ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നീര്‍ക്കെട്ടോ ഉണ്ടായെന്ന് വരാം. അല്ലാതെ ഗൗരവതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇപ്പോഴത്തെ വാക്‌സിനുകളില്‍ നിന്ന് ഉണ്ടാകുന്നില്ല.

വന്യജീവികളുടെ കടിയോ, മാന്തലോ ഏല്‍ക്കേണ്ടി വന്നാല്‍ എന്താണ് ചെയ്യേണ്ടത്?

തീര്‍ച്ചയായും ഇത് ഗൗരവമായി എടുക്കണം. എല്ലാ വന്യമൃഗങ്ങളുടെയും കടി കാറ്റഗറി മൂന്ന് ആയി പരിഗണിക്കണം. കടിയേറ്റ ഭാഗം ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവെക്കണം.

(ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Content Highlights: Rabies and rabies vaccination- How can you prevent rabies in people

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented