
Image credit: Getty
അമേരിക്കയിലെ ബോസ്റ്റണില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. ഷീബ തോമസ് കോവിഡിന്റെ മാനസിക, സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ലോകത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യമാണ് അമേരിക്ക. എന്താണ് പൊതുവില്‍ അവിടെയുള്ള ഇന്ത്യന്‍ വംശജരുടെ, പ്രത്യേകിച്ച് മലയാളികളുടെ മാനസികാവസ്ഥ?
മിക്ക അമേരിക്കന്‍ മലയാളികളിലും നിരാശയും നിസ്സഹായാവസ്ഥയും ഇച്ഛാഭംഗവും നിഴലിക്കുന്നുണ്ട്. അതോടൊപ്പം ജോലി നഷ്ടപ്പെടുമോ, അത്യാവശ്യ സേവനങ്ങള്‍ മുടങ്ങുമോ, കുട്ടികളുടെ ഭാവി എന്താവും തുടങ്ങിയ ആശങ്കകള്‍ അവര്‍ക്കുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഡോക്ടര്‍മാരും നഴ്സുമാരും പിരിമുറുക്കത്തിലാണ്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയോ എന്ന തോന്നല്‍ മലയാളികള്‍ക്ക് പൊതുവേയുണ്ട്.
ദുരന്തങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോഴാണ് നമ്മള് പിറന്ന നാടിനേയും ബന്ധുക്കളേയും മറ്റും കൂടുതല്‍ ഓര്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുണ്ടോ?
നാട്ടിലെ ബന്ധുക്കളെ കാണാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ആഗ്രഹമുണ്ട്.എന്നാല്‍ അമേരിക്കിയില്‍ സ്ഥിരതാമസമാക്കിയ മലയാളികളെ സംബന്ധിച്ച് തിരിച്ചുപോക്ക് ഒരിക്കലും സാധ്യമല്ല. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ അവര്‍ അഭിനന്ദിക്കുന്നു. ഉയര്‍ന്ന സാക്ഷരതയും ആരോഗ്യ അവബോധവുമാണ് നേട്ടങ്ങള്‍ക്കു പിന്നിലെന്ന് തിരിച്ചറിയുന്നു.

കോവിഡ് കാലഘട്ടത്തില്‍ വ്യക്തികളുടേയും സമൂഹത്തിന്റേയും മാനസികാരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കും?
ഒരു വ്യക്തിയുടെ മാനസിക ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് മുഖ്യപരിഗണന നല്‍കുന്നത്. പ്രശസ്ത മനഃശ്ശാസ്ത്രജ്ഞന് മാസ്ലൊയുടെ വീക്ഷണത്തില്‍ ആവശ്യങ്ങളുടെ മുന്‍ഗണനാ ക്രമത്തില്‍ ആഹാരം, കുടിവെള്ളം, വസ്ത്രം, പാര്‍പ്പിടം, ഉറക്കം എന്നിവ പരമപ്രധാനമാണ്. ഇവയുടെ അഭാവത്തില്‍ മാനസികവും വൈകാരികവുമായ വളര്‍ച്ചയും സുരക്ഷിത ബോധവും സാധ്യമല്ല. അതുകൊണ്ട് വ്യക്തിയുടെ മാനസിക, വൈകാരിക, ശാരീരിക ക്ഷേമം നിലനിര്‍ത്താന്‍ വ്യക്തികേന്ദ്രികൃത ശ്രദ്ധ എല്ലാ തലത്തിലും അനിവാര്യമാണ്. വ്യായാമം, യോഗ, ധ്യാനം മുതലായവ ശീലിക്കുന്നത് നല്ലതാണ്.
സമൂഹത്തിന്റെ ആരോഗ്യത്തിന് കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവണം. പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍, തീവ്രവാദി ആക്രമണം തുടങ്ങിയവ ഉണ്ടാവുമ്പോള്‍ ജാതി, മത, രാഷ്ട്രീയ ചിന്താഗതികള്‍ മറന്ന് ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ദുരിതത്തിലകപ്പെടുന്നവര്ക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നല്കാന് സമൂഹത്തിന് ബാധ്യതയുണ്ട്.
അടച്ചിടല്‍ ഏതെല്ലാം വിധത്തില്‍ ജനങ്ങളുടെ മനോനിലയെ ബാധിക്കും?
അടച്ചിടല്‍ മനുഷ്യന്റെ സാമൂഹിക, വൈകാരിക, സാമ്പത്തിക മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. സാമൂഹികമായി ഒറ്റപ്പെടുമ്പോള്‍ മനുഷ്യന് നിസ്സഹായനാവും. അന്യതാബോധം അവനെ വേട്ടയാടും. സാമൂഹിക ജീവിയായ മനുഷ്യന് സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന വരുമ്പോള്‍ അവന്റെ മനോമണ്ഡലത്തില്‍ ഇരുട്ടു പരക്കുന്നു. ഈ കോവിഡ് കാലഘട്ടം സ്വന്തം മനസ്സിന്റെ ഉള്ളറകളിലേക്ക് തീര്‍ഥയാത്ര നടത്താനുള്ള അവസരമായി കാണണം.
ക്വാറന്റീന് കഴിഞ്ഞ് പുറത്തിറങ്ങുന്ന വ്യക്തികള്‍ക്ക് സ്വാഭാവികമായും നിരാശാബോധവും ഒറ്റപ്പെട്ട മാനസികാവസ്ഥയും ഉണ്ടാവും. ഇവര്‍ സമൂഹത്തിലേക്ക് തിരിച്ചുവരാന്‍ വെമ്പല്‍ കൊള്ളൂം. കോവിഡിന് മുന്‍പുള്ള സാമൂഹികാവസ്ഥയിലേക്ക് തിരിച്ചെത്താന്‍ സമയമെടുക്കും എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം.
രോഗമുക്തിയിലും രോഗങ്ങള്‍ വരാതിരിക്കുന്നതിലും ശുഭാപ്തി വിശ്വാസത്തിന് എത്രത്തോളം പ്രസക്തിയുണ്ട്?
നമ്മുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ക്രിയാത്മക മനോഭാവവും ശുഭപ്രതീക്ഷയും രോഗപ്രതിരോധ ശേഷി ഉണര്ത്തുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ഓരോ നിമിഷവും ആത്മസംതൃപ്തിയോടെ ജീവിക്കുക എന്നാതിയിരിക്കണം നമ്മുടെ ലക്ഷ്യം. സാമൂഹിക അകലം പാലിക്കുമ്പോള്‍ത്തന്നെ സഹജീവികളുടെ ദുഖത്തില്‍ പങ്കുചേരുകയും വേണം.
കോവിഡാനന്തര ലോകത്ത് ആരോഗ്യ മേഖലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും?
കോവിഡ് പ്രതിരോധത്തിന് മുന്‍നിരയില്‍നിന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ഏറ്റവുമധികം സമ്മര്‍ദത്തിന് ഇരകളാവുന്നത്. ആരോഗ്യരംഗത്ത് ടെലിമെഡിസിന്‍ സംവിധാനം വ്യാപകമാവും. ആരോഗ്യപ്രവര്‍ത്തകര്‍ സമൂഹത്തില്‍ താരമാവും. അവര്‍ക്ക് വൈകാരികമായും ധാര്‍മ്മികമായും കൈത്താങ്ങ് നല്‍കണം. അവരുടെ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കണം.
ലോക്ഡൗണ്‍ കുടുംബബന്ധങ്ങളെ എങ്ങനെ ബാധിക്കും?
കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ലോക്ഡൗണ്‍. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാവാന് സാഹായകരമാവും. ഇത് ലോക്ഡൗണിനുശേഷവും തുടരാനും സാധ്യതയുണ്ട്.
കോവിഡ് പോലുള്ള മഹാദുരന്തങ്ങള്‍ നേരിടുന്നതില്‍ ഓരോ രാജ്യത്തിന്റേയും സമീപനവും മനോഭാവവും വ്യത്യസ്തമായിരിക്കും. ഇക്കാര്യത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം?
വ്യക്തികേന്ദ്രീകൃത താല്പര്യങ്ങള്ക്കും പ്രതിച്ഛായക്കും മുഖ്യപരിഗണന കൊടുക്കുന്ന രാജ്യമാണ് അമേരിക്ക. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് പരിമിതിയുണ്ട്. ലോക്ഡൗണില്‍ പുറത്തിറങ്ങരുതെന്ന നിയന്ത്രണം എല്ലാ സാഹചര്യങ്ങളിലും അമേരിക്കയില്‍ സ്വീകാര്യമല്ല. ഇന്ത്യയില്‍ അവസ്ഥ വ്യത്യസ്തമാണ്. നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ജനത ഉള്‍ക്കൊള്ളുന്നു. ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തില്‍ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് നല്ല അവബോധമുണ്ട്. കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാനായത് ഇതുകൊണ്ടാണ്.
(മലയാളിയായ ഷീബ ബോസ്റ്റണ്‍ അസംപ്ഷന്‍ കോളേജില്‍നിന്ന് മാസ്റ്റേഴ്സ് ബിരുദവും ബ്രിട്ടനിലെ ആന്റിയോക് സര്‍വ്വകലാശാലയില്‍നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്)
Content Highlights: Psychological changes of American malayalees during Covid19 CoronaVirus outbreak, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..