പ്രോസ്റ്റേറ്റ് വീക്കം പ്രോസ്റ്റേറ്റ് കാൻസറായി മാറാൻ സാധ്യതയുണ്ടോ?; ലക്ഷണങ്ങളും പരി​ഹാരങ്ങളും


Representative Image | Photo: Canva.com

പ്രോസ്റ്റേറ്റ് വീക്കത്തെക്കുറിച്ചുള്ള സംശയത്തിന് മറുപടി നൽകുകയാണ് ആലപ്പുഴ ​ഗവ.മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാ​ഗം പ്രൊഫസറായ ഡോ. ബി. പദ്മകുമാർ.

ചോദ്യം

എനിക്ക് 59 വയസ്സുണ്ട്. പ്രമേഹമില്ല. അമിത ബി.പിക്ക് മരുന്ന് കഴിക്കുന്നുണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും ബുദ്ധിമുട്ടുമുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കാനും തോന്നുന്നു. പ്രോസ്റ്റേറ്റ് വീക്കമാണെന്നാണ് ഡോക്ടർ പറഞ്ഞത്. മരുന്ന് കഴിക്കുന്നുണ്ട്. പക്ഷേ കുറവു തോന്നുന്നില്ല. പ്രോസ്റ്റേറ്റ് വീക്കം പ്രോസ്റ്റേറ്റ് കാൻസറായി മാറാൻ സാധ്യതയുണ്ടോ? ഇനി എന്താണ് ചെയ്യേണ്ടത്?

ജനാർദനൻ

ഉത്തരം

മധ്യവയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്നതാണ് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ. പ്രോസ്റ്റേറ്റ് ​ഗ്രന്ഥിക്ക് വലുപ്പം കൂടുന്ന പ്രോസ്റ്റേറ്റ് വീക്കമാണ് ഏറ്റവും സാധാരണ പ്രശ്നം. ഇതോടൊപ്പം താങ്കൾക്കുള്ളതുപോലെ മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും ഉണ്ടാകുന്നത് പ്രോസ്റ്റേറ്റിനുണ്ടാകുന്ന അണുബാധയെ തുടർന്നുണ്ടാകുന്ന പ്രോസ്റ്റൈറ്റിസ് മൂലമാകാം. കൃത്യമായ മരുന്നു ചികിത്സയിലൂടെ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാനാവും.

രാത്രിയിലുണ്ടാകുന്ന മൂത്രപ്രശ്നങ്ങളാണ് പ്രോസ്റ്റേറ്റ് വീക്കത്തിന്റെ പ്രധാന ലക്ഷണം. രാത്രിയിൽ പലതവണ മൂത്രമൊഴിക്കാനായി എഴുന്നേൽക്കേണ്ടി വരുന്നു. കൂടാതെ മൂത്രമൊഴിച്ചുതുടങ്ങാൻ താമസമുണ്ടാവുക, മൂത്രം പോകുന്നതിന്റെ ശക്തി കുറയുക, മൂത്രമൊഴിച്ചു കഴിഞ്ഞാലും മൂത്രം മുഴുവൻ പോയി തീർന്നില്ല എന്ന തോന്നൽ, അൽപനേരം പോലും മൂത്രം പിടിച്ചുനിർത്താൻ പറ്റാതെ വരിക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

പ്രോസ്റ്ററ്റൈറ്റിസ് എന്ന, പ്രോസ്റ്റേറ്റ് ​ഗ്രന്ഥിയിലെ നീർക്കെട്ടിന് പലകാരണങ്ങളുണ്ട്. ഏറ്റവും പ്രധാനം അണുബാധ തന്നെ. പ്രോസ്റ്റേറ്റ് വീക്കമുള്ളവരിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രോസ്റ്റേറ്റ് വീക്കത്തെത്തുടർന്ന് മൂത്രസഞ്ചി പൂർണമായി ഒഴിഞ്ഞുപോകാതെ എപ്പോഴും കുറച്ച് മൂത്രം കെട്ടിക്കിടക്കുന്നത് അണുബാധയുണ്ടാക്കാം. കൂടുതൽനേരം മൂത്രം പിടിച്ചുനിർത്തുന്നത് ശീലമാക്കിയവർ,മൂത്രം പോകാനായി കത്തീറ്റർ ഇടേണ്ടിവന്നവർ, ദീർഘനേരം ജോ​ഗിങ്, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നവർ തുടങ്ങിയവർക്കും പ്രോസ്റ്ററ്റൈറ്റിസ്സുണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടെക്കൂടെ അടിവയറിൽ വേദന, സ്ഖലനസമയത്ത് വേദന, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കലരുക തുടങ്ങിയവയാണ് പ്രോസ്റ്ററ്റൈറ്റിസ്സിന്റെ ലക്ഷണങ്ങൾ.

മൂത്രപരിശോധന, മലദ്വാരത്തിലൂടെ വിരൽകടത്തിയുള്ള പരിശോധന, അൾട്രാസൗണ്ട് സ്കാൻ, മൂത്രമൊഴിക്കലിന്റെ വേ​ഗവും മർദവും അളക്കുക തുടങ്ങിയവയിലൂടെ പ്രോസ്റ്റേറ്റ് വീക്കം കണ്ടുപിടിക്കാം. കൂടാതെ രക്തപരിശോധന നടത്തി പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്റെ(പി.എസ്.എ) അളവുനോക്കുന്നത് കാൻസർ സാധ്യത കണ്ടുപിടിക്കാൻ സഹായിക്കും. പ്രോസ്റ്ററ്റൈറ്റിസിന്റെ കാരണം കണ്ടെത്താനായി മൂത്രം കൾച്ചർ ചെയ്ത് പരിശോധിക്കേണ്ടതായി വരാം.

പ്രോസ്റ്റേറ്റ് ​ഗ്രന്ഥിവീക്കമുള്ളവർക്ക് രണ്ടുതരത്തിലുള്ള മരുന്നുകളാണ് നൽകാറുള്ളത്. പ്രോസ്റ്റേറ്റിന്റെ മൃദുപേശികൾക്കും ക്യാപ്സ്യൂളിനുമൊക്കെ അയവുനൽകുന്ന ആൽഫാബ്ലോക്കർ മരുന്നുകളാണ് സാധാരണയായി ഉപയോ​ഗിക്കുന്നത്. ഹൈപ്പർ ടെൻഷന്റെ പ്രശ്നമുള്ള താങ്കൾക്ക് ബി.പി.യും കുറയ്ക്കുന്ന ഫൈവ് ആൽഫ റിഡക്ടേസ് ഇൻഹിബിറ്റർ മരുന്നുകൾ ​ഗുണം ചെയ്യും. മരുന്നുകൾ കൊണ്ട് മാറാത്ത അവസ്ഥയിൽ സർജറി വേണ്ടിവരും.

പ്രോസ്റ്ററ്റൈറ്റിസിന്റെ ചികിത്സയ്ക്ക് ആന്റിബയോട്ടിക്കുകളും ആൽഫാബ്ലോക്കർ മരുന്നുകളുമാണ് മരുന്നുകളുമാണ് ഉപയോ​ഗിക്കുന്നത്. പതിവിൽ നിന്നു വിരുദ്ധമായി മൂന്നുനാലുമാസം വരെയൊക്കെ ആന്റിബയോട്ടിക്കുകൾ നൽകേണ്ടി വരും.

പ്രോസ്റ്റേറ്റ് വീക്കം എപ്പോഴും കാൻസറായി മാറണമെന്നില്ല. പി.എസ്.എ ടെസ്റ്റിലൂടെ കാൻസർ സാധ്യത കണ്ടുപിടിക്കാം. പ്രോസ്റ്റേറ്റ് വീക്കത്തോടൊപ്പം പ്രോസ്റ്ററ്റൈറ്റിസ് കൂടി ഉള്ളതുകൊണ്ടായിരിക്കണം താങ്കളുടെ രോ​ഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാത്തത്. ദിവസും 8-10 ​ഗ്ലാസ് വെള്ളം കുടിക്കുക. മൂത്രം കൂടുതൽനേരം പിടിച്ചു നിർത്താതിരിക്കുക. ശാരീരിക ശുചിത്വം പാലിക്കുക. ഒപ്പം ഒരു യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ പരിശോധനകളും നടത്തുക.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: prostatitis symptoms causes and treatment, prostate cancer treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented