കോവിഡിന്റെ രണ്ടാം വകഭേദം എല്ലാ നിയന്ത്രണങ്ങളെയും വകഞ്ഞ് മാറ്റി കുതിച്ചുകൊണ്ടിരിക്കുകയാണല്ലോ. ആദ്യഘട്ട വ്യാപനത്തിൽ ഗർഭിണികളെ അത്രത്തോളം വലിയരീതിയിൽ ബാധിച്ചിരുന്നില്ലെങ്കിലും രണ്ടാം തരംഗത്തിൽ ഗർഭിണികളേയും ബാധിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ചെറിയ ശ്വാസതടസ്സം, ക്ഷീണം, ഛർദ്ദി, ഓക്കാനം പോലുള്ള ചില ലക്ഷണങ്ങൾ കോവിഡിനും ഗർഭിണികൾക്കും പൊതുവായുള്ളവയായതിനാൽ പെട്ടെന്ന് വേർതിരിച്ചറിയുക പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മുൻകരുതലുകളെടുക്കണം. പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിലും കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും പോസറ്റീവാകുന്ന കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗർഭിണികൾ റിസൽട്ട് നെഗറ്റീവായി കഴിഞ്ഞാലും കുറച്ച് ദിവസം കൂടി റിസൽട്ട് പോസറ്റീവ് ആണ് എന്ന രീതിയിലുള്ള മുൻകരുതലുകൾ നിലനിർത്തണം.

കോവിഡുമായി ബന്ധപ്പെട്ട് ഗർഭിണികളിൽ ഉണ്ടാകുന്ന പൊതുവായ ചില സംശയങ്ങളും അവയക്കുള്ള ഉത്തരങ്ങളും

1) ഗർഭിണികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണോ?

ഗർഭിണികളല്ലാത്തവരെ അപേക്ഷിച്ച് ഗർഭിണികളെ കോവിഡ് കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ട് എന്ന രീതിയിലുള്ള പഠനഫലങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. എന്നാൽ ഗർഭിണികൾക്ക് പൊതുവെ, അവസാന ട്രൈമസ്റ്റുകളിലെത്തിയവർക്ക് (അവസാനത്തെ മൂന്ന് മാസം) പ്രതിരോധശേഷിയിൽ സ്വാഭാവികമായ കുറവ് അനുഭവപ്പെടും. സ്വാഭാവികമായും പകർച്ചവ്യാധികൾ എളുപ്പത്തിൽ പിടിപെടാനുള്ള സാധ്യത കൂടുതലായിരിക്കും. ആദ്യ ഘട്ടത്തിലേതിനെ അപേക്ഷിച്ച് രണ്ടാം തരംഗത്തിന് തീവ്രത കൂടുതലാണ് എന്നുള്ളതും ഗർഭിണികളെ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

2) ഗർഭസ്ഥ ശിശുവിനെ കോവിഡ് ബാധിക്കുമോ?

മാതാവ് കോവിഡ് ബാധിതയാണെങ്കിലും ഗർഭസ്ഥ ശിശുവിനെ കോവിഡ് ബാധിക്കാനുള്ള സാധ്യത ഇല്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പ്രസവാനന്തരം മുലയൂട്ടുമ്പോഴും മറ്റും രോഗവ്യാപനത്തിനുള്ള സാധ്യത നിലനിൽക്കുന്നുമുണ്ട്. അതിനാൽ മുലയൂട്ടുന്നതിന് മുൻപ് മാതാവ് കൈകളും സ്തനവും ശുചിയാക്കുകയും, മാസ്ക് ധരിക്കുകയും വേണം. നവജാത ശിശുവിനെ പരിചരിക്കാൻ കൂടെ നിൽക്കുന്നവരും മാസ്ക്, സാനിറ്റൈസർ മുതലായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. കുഞ്ഞിനെ പരിചരിക്കാൻ ഒരാൾ മാത്രം കൂടെ നിൽക്കുക. സന്ദർശകരെ കർശനമായി വിലക്കണം. അതുപോലെ തന്നെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ ഒഴിവാക്കണം.

3) കോവിഡ് ബാധിതയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?

കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചാൽ ലക്ഷണങ്ങൾ തീവ്രതയുള്ളതല്ലെങ്കിൽ വീട്ടിൽ വെച്ച് തന്നെ നിരീക്ഷണങ്ങളും ചികിത്സയും ചെയ്താൽ മതിയാകും. പനിക്കും, ശ്വാസതടസ്സത്തിനും, പേശീവേദനകൾക്കുമുള്ള ചികിത്സകൾ മാത്രമേ ഈ ഘട്ടത്തിൽ സാധാരണ ആവശ്യമായി വരാറുള്ളൂ. ആദ്യ ആറ് മാസങ്ങളിൽ ഗർഭിണികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവുമാണ്.

ലക്ഷണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തീവ്രത അനുഭവപ്പെട്ട് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സന്ദർശിച്ച് ചികിത്സ തേടണം. വയറിന് വലുപ്പം കൂടുതലുണ്ടാകുന്നതിനാൽ ശ്വാസതടസ്സത്തിനും മറ്റും സാധ്യത കൂടുതലാണ്. ഓക്സിജൻ നില 94 ശതമാനത്തിൽ കുറവാണെന്ന് കണ്ടാലും, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടും പനി മാറിയിട്ടില്ലെങ്കിലും ഉടൻ വൈദ്യസഹായം തേടണം. ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നതാണ് ഉത്തമം. നിർബന്ധമായും ക്വാറന്റൈന് വിധേയയാകണം.

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരു മരുന്നും കഴിക്കുകയോ, സ്വയം ചികിത്സ സ്വീകരിക്കുകയോ ചെയ്യരുത്. തുമ്മുകയും മറ്റും ചെയ്യുമ്പോൾ നിർബന്ധമായും ടിഷ്യു ഉപയോഗിക്കുകയും ഉപയോഗശേഷം ഡെസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുകയും പിന്നീട് സുരക്ഷിതമായി നശിപ്പിക്കുകയു ചെയ്യുക.

4) പ്രസവത്തെ ബാധിക്കാൻ സാധ്യതയുണ്ടോ?

ആദ്യ രണ്ട് ട്രൈമസ്റ്ററുകളിലുള്ളവരെ സംബന്ധിച്ച് (ഫസ്റ്റ് ട്രൈമസ്റ്റർ ആദ്യത്തെ മൂന്ന് മാസവും സെക്കന്റ് ട്രൈമസ്റ്റർ അത് കഴിഞ്ഞുള്ള മൂന്ന് മാസവും) കോവിഡ് 19 വലിയ ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാറില്ല. എന്നാൽ മൂന്നാമത്തെ ട്രൈമസ്റ്ററിലെത്തിയവരെ സംബന്ധിച്ച് (അവസാനത്തെ മൂന്ന് മാസം) കുറച്ച് കരുതലെടുക്കേണ്ടത് നിർബന്ധമാണ്. ഇത്തരം ഘട്ടങ്ങളിൽ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് ഒരുപോലെ പ്രാധാന്യം നൽകേണ്ടതാണ്. കോവിഡ് ബാധിതയായ ഗർഭിണിക്ക് ഓക്സിജൻ സാച്ചുറേഷനിൽ കുറവനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ സുഖപ്രസവത്തിന് കാത്തിരിക്കാതെ സിസേറിയൻ ചെയ്യേണ്ടി വന്നേക്കും.

5) മുലയൂട്ടൽ ചെയ്യാമോ?

കുഞ്ഞിന്റെ ജീവാമൃതമാണ് അമ്മയുടെ മുലപ്പാൽ. അത് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ല. കോവിഡ് ബാധിതയായതിനാൽ പ്രസവം നേരത്തെയാക്കുകയാണെങ്കിൽ ആദ്യ ദിവസങ്ങളിൽ കുഞ്ഞ് എൻ ഐ സി യു വിൽ ആകുവാൻ സാധ്യത കൂടുതലാണ്. കുഞ്ഞിനെ മുലയൂട്ടുമ്പോൾ അമ്മ പ്രാഥമികമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവനും പാലിച്ചിരിക്കണം. മാസ്ക്, സാനിറ്റൈസേഷൻ എന്നിവ നിർബന്ധമാണ്. കൈകളും സ്തനങ്ങളും കഴുകി വൃത്തിയാക്കണം.

പമ്പ് ഉപയോഗിച്ചാണ് പാൽ കൊടുക്കുന്നതെങ്കിൽ ഓരോ തവണയും പമ്പ് അണുവിമുക്തമാക്കണം. മുലയൂട്ടുന്ന സന്ദർഭങ്ങളിൽ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യരുത്.

6) ഗർഭിണികളുടെ പതിവ് പരിശോധനകൾ ചെയ്യാമോ?

കോവിഡ് വ്യാപന സമയമാണെങ്കിലും പതിവ് പരിശോധനകൾ മുടക്കുവാൻ പാടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വീടുകളിലെത്തി പരിശോധനകൾ നടത്താൻ സാധിക്കുന്ന ഹോം കെയർ സംവിധാനം മിക്കവാറും എല്ലായിടത്തും ലഭ്യമാണ്. കഴിയുന്നതും ഇത്തരം സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. സ്കാനിംഗിന് ആശുപത്രി സന്ദർശനം അത്യാവശ്യമായതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർവഹിക്കുക.

ഡോക്ടറുടെ പരിശോധനയ്ക്ക് പരമാവധി ടെലി കൺസൽട്ടേഷൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക. അത്യാവശ്യ ഘട്ടങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾക്കും ഡോക്ടർമാരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ സംസാരിക്കാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിക്കുക.

7) ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കാമോ?

സമീപ നാളുകൾ വരെ ഗർഭിണികൾക്ക് വാക്സിൻ നിർദേദ്ദേശിക്കപ്പെട്ടിരുന്നല്ല. എന്നാൽ സർക്കാറിന്റെ പുതിയ നിർദ്ദേശമനുസരിച്ച് ഗർഭിണികൾക്കും വാക്സിൻ സ്വീകരിക്കാവുന്നതാണ്. ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം സ്വീകരിച്ചശേഷം തീരുമാനമെടുക്കുന്നതായിരിക്കും നല്ലത്.

8) ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർക്ക് വാക്സിൻ സ്വീകരിക്കാമോ?

ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർക്ക് വാക്സിൻ സ്വീകരിക്കുന്നതിൽ ബദ്ധിമുട്ടുകളൊന്നുമില്ല എന്ന് മാത്രമല്ല നിർബന്ധമായും വാക്സിൻ സ്വീകരിക്കുകയും വേണം. വാക്സിൻ മൂലം ഗർഭധാരണത്തിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ സംഭവിക്കുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം ഗർഭധാരണത്തിനായി ശ്രമിക്കുന്നതായിരിക്കും നന്നാവുക.

9) വീട്ടിൽ മറ്റുള്ളവർക്ക് പോസറ്റീവായാൽ

വളരെ ശ്രദ്ധയോടെ വേണം ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. കഴിയുന്നതും കോവിഡ് വ്യാപനമില്ലാത്ത മറ്റിടത്തേക്ക് (ഭർത്താവിന്റെ വീട്, സ്വന്തം വീട്, അടുത്ത ബന്ധുക്കളുടെ വീട് മുതലായവ) താമസം മാറ്റുന്നതാണ് ഉചിതം. ഇതിന് സാധിക്കാത്തവർ രോഗബാധിതരുമായി സമ്പർക്കമില്ലാത്ത രീതിയിൽ വീടിന്റെ മുകൾ നിലയിലോ, ഏതെങ്കിലും ഒരു റൂമിലോ സ്വയം മാറിയിരിക്കുന്നത് നല്ലതാണ്. മറ്റുള്ളവർ ഉപയോഗിച്ച തൂവാല, തോർത്ത്, പാത്രങ്ങൾ, ഗ്ലാസ്സുകൾ, ഇരിപ്പിടം, ടോയ്ലറ്റ് മുതലായവയൊന്നും ഗർഭിണി ഉപയോഗിക്കരുത്. രോഗലക്ഷണം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറുമായി ചർച്ച ചെയ്യുക.

10) രോഗബാധിതരാവുകയാണെങ്കിൽ ഉണ്ടാകുവാനിടയുള്ള മറ്റ് ബുദ്ധിമുട്ടുകൾ?

കോവിഡുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ പലപ്പോഴും ഒറ്റയ്ക്കിരിക്കേണ്ടി വരുമ്പോഴും മറ്റുമുള്ള മാനസിക സമ്മർദ്ദവും ഉത്‌കണ്ടയും ഗർഭിണികളിൽ അധികരിക്കുവാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നിർബന്ധമായും സൈക്കോളിസ്റ്റിന്റെ കൗൺസലിംഗ് സ്വീകരിക്കുന്നത് നല്ലതാണ്.

സ്വസ്ഥമായ അന്തരീക്ഷം നിലനിർത്താൻ പരമാവധി ശ്രമിക്കണം. സന്തോഷം നൽകുന്ന സിനിമകൾ കാണുക, പുസ്തകങ്ങൾ വായിക്കുക, ഇഷ്ടമുള്ള ഹോബികൾ ചെയ്യുക മുതലായവയിൽ മുഴുകുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കും.

ഗർഭിണികൾ പൊതുവെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • അടിസ്ഥാനപരമായ മുൻകരുതലുകളായ മാസ്ക്, സാനിറ്റൈസേഷൻ, സാമൂഹ്യ അകലം മുതലായവ നിർബന്ധമായും പാലിക്കുക.
 • എപ്പോഴും ആഹ്ലാദവതിയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
 • ജോലിചെയ്യുന്നവരാണെങ്കിൽ വർക്ക് ഫ്രം ഹോം രീതി പിൻതുടരുക
 • സമയത്ത് കൃത്യമായ അളവിൽ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും വേണം.
 • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
 • മൾട്ടി വൈറ്റമിനുകൾ, ഫൈബർ, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക.
 • ഡോക്ടറുടെ നിർദ്ദേശാനുസരണമുള്ള ചെറിയ വ്യായാമങ്ങൾ തുടരുക.
 • സന്ദർശകരെ പരമാവധി ഒഴിവാക്കുക
 • ഗർഭിണിയും ഗർഭിണിയെ പരിചരിക്കുന്നവരും വീട്ടിനകത്തും നിർബന്ധമായും മാസ്ക് ഉപയോഗിക്കുക.
 • ഒരിക്കലും സ്വയം ചികിത്സ പാടില്ല.
 • ഗർഭകാലത്തും, പ്രസവത്തിന് ശേഷവുമുള്ള ചടങ്ങുകൾ എല്ലാം തന്നെ ഒഴിവാക്കുക.

(കോഴിക്കോട് ആസ്റ്റർ മിംസിലെ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സീനിയർ കൺസൽട്ടന്റാണ് ലേഖിക)

Content Highlights:Pregnancy and COVID-19What are the risks?