ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസതടസം മൂലം മരണപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ നാം പത്രമാധ്യമങ്ങളില്‍ വായിച്ചിരുന്നുവല്ലോ. വേനലടുത്തതോടെ കടുത്ത ജലക്ഷാമം നേരിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ജലസ്രോതസ്സുകളെല്ലാം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ആളുകള്‍. കിണറുകള്‍ വൃത്തിയാക്കി ഉപയോഗിക്കുന്ന കാലംകൂടിയാണിത്. എന്നാല്‍, അപകട സാധ്യതകള്‍ കണക്കിലെടുത്ത് കിണറുകള്‍ വൃത്തിയാക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കിണറാണെങ്കില്‍ അപകടസാധ്യത ഏറെയാണ്. അതിനാല്‍ നല്ല മുന്നൊരുക്കങ്ങളോടെ മാത്രമേ കിണറുകള്‍ വൃത്തിയാക്കുവാനായി ഇറങ്ങാവൂ. കിണറ്റില്‍ ഇറങ്ങുന്നതിന് മുന്‍പ് മുന്‍കരുതലുകള്‍ എടുക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഓര്‍ക്കാന്‍

  • കിണറ്റില്‍ ഇറങ്ങുന്നതിനുമുന്‍പ് ഏതെങ്കിലും വിളക്കു കത്തിച്ചു കിണറ്റില്‍ ഇറങ്ങണം 
  • വിളക്ക് അണയുകയാണെങ്കില്‍ മതിയായ ഓക്സിജന്‍ ലഭിക്കുന്നില്ലെന്നു മനസ്സിലാക്കാം.
  • ഓക്സിജന്‍ കുറവുള്ള കിണറുകളില്‍ ഇറങ്ങുമ്പോള്‍ത്തന്നെ അപകടം തിരിച്ചറിയാന്‍ കഴിയും.
  • വിഷവാതക സാന്നിധ്യമുള്ള കിണറുകളില്‍ പച്ചപ്പ് ഉണ്ടാവുകയില്ല.
  • ശ്വാസമെടുക്കാനുളള ബുദ്ധിമുട്ട് അനുഭവപ്പെടുക, തലപെരുപ്പ്, തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തിരിച്ചുകയറണം. അല്ലെങ്കില്‍ കരയിലുള്ളവര്‍ ഇറങ്ങാതെ തന്നെ കയറ്റാനുള്ള സംവിധാനമൊരുക്കിയിരിക്കണം
  • കിണറ്റില്‍ ഓക്സിജന്‍ ലഭിക്കാന്‍ മരച്ചില്ല പലതവണ മുകളിലേക്കും താഴേയ്ക്കും ഇറക്കുകയും കയറ്റുകയും വേണം.
  • വെള്ളം കോരി കിണറ്റിലേക്കു പലതവണ ഒഴിച്ചാലും ഓക്സിജന്‍ ലഭിക്കും.
  • വലിയവടം ഉപയോഗിച്ചു വേണം കിണറ്റില്‍ ഇറങ്ങേണ്ടത്. അത്യാവശ്യഘട്ടങ്ങളില്‍ ഉടനെ ആളിനെ മുകളില്‍ കയറ്റാന്‍ കഴിയുന്ന വിധത്തില്‍ വടവുമായി ബന്ധം വേണം. കിണറ്റില്‍ ഇറങ്ങുന്നതിനുമുന്‍പ് സമീപത്തെ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കണം.
  • കിണറ്റിനടിയില്‍ വിഷവാതകം ശ്വസിച്ച് ഒരാള്‍ വീണാല്‍ അയാളെ രക്ഷിക്കാനിറങ്ങുന്നത് അപകടകരമാണ്. ഏതു സാഹചര്യത്തിലും കരയിലുള്ളവര്‍ക്ക് ഇറങ്ങിയ ആളുമായി ബന്ധമുണ്ടായിരിക്കണം. അപകടമുണ്ടായാല്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കണം.
  • വിഷവാതകം ശ്വസിച്ചാല്‍ ഉടന്‍തന്നെ ചിലപ്പോള്‍ മരണം സംഭവിക്കാം.

Content Highlight: well cleaning, well cleaning death, well cleaning service, Death while cleaning well