ലോക വൃക്കദിനമായ മാര്‍ച്ച് 14-ന് ആണ് കണ്ണപുരം ചുണ്ടയിലെ എം.വി.നാരായണന്റെയും പ്രസന്നയുടെയും മുപ്പത്തിയൊന്നാം വിവാഹവാര്‍ഷികദിനം. നാരായണന്റെ വൃക്ക പ്രവര്‍ത്തിക്കാതായപ്പോള്‍ തന്റെ വൃക്ക പകുത്തുനല്‍കി പ്രസന്ന. ജോലിയില്‍നിന്ന് സ്വയം വിരമിച്ചാണ് അവര്‍ അതിന് തയ്യാറായത്.
ഗണിതശാസ്ത്ര അധ്യാപകനായും പ്രിന്‍സിപ്പലായും വിവിധ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചാണ് നാരായണന്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് 2011-ല്‍ വിരമിച്ചത്. പിന്നീട് നാട്ടില്‍ കാര്‍ഷികരംഗത്ത് സജീവമായി. കര്‍ഷകരുടെ നാട്ടുകൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിച്ചു. ആയിടയ്ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
പരിഹാരം ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ മാത്രമായിരുന്നു. എന്തു വേണമെന്ന ചോദ്യത്തിനുമുന്നില്‍ ഉത്തരം ഒരുപാടുണ്ടായിരുന്നു. മകനും മകളും ഭാര്യയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യന്മാരും നാരായണന് വൃക്ക നല്‍കാന്‍ തയ്യാറായി രംഗത്തെത്തി.അവരെയെല്ലാം പിന്തിരിപ്പിക്കാന്‍ മാഷ് ഒരുപാട് പാടുപെടേണ്ടിവന്നു. എന്നാല്‍ പ്രസന്നയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു.
തപാല്‍ വകുപ്പിലെ ജോലിയില്‍നിന്ന് സ്വയം വിരമിച്ച് അവര്‍ ഭര്‍ത്താവിന് വൃക്ക നല്‍കാന്‍ ആസ്പത്രിയിലെത്തി. ഒടുവില്‍ 2017-ല്‍ കോഴിക്കോട് ആസ്പത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ഇന്ന് രണ്ടുപേരും സാധാരണ ജോലികള്‍ചെയ്ത് വീട്ടില്‍ സ്വസ്ഥമായി കഴിയുന്നു.
കൃഷിയോടുള്ള നാരായണന്റെ അഭിനിവേശം വാക്കുകളിലൊതുങ്ങില്ല. ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ദേഹം അത് നടപ്പാക്കി കാണിച്ചുകൊടുത്തതാണ്. മാതൃഭൂമി സീഡ് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ സ്‌കൂളിലെത്തിക്കുന്നതിന് നാരായണന്റെ പങ്ക് മറക്കാനാകാത്തതാണ്. വിദ്യാഭ്യാസമേഖലയിലും മാസ്റ്ററുടെ നേതൃത്വം മാതൃകാപരമായിരുന്നു.
കൃഷിയെ കൂടെക്കൂട്ടി ടെന്‍ഷനില്ലാതെ പെന്‍ഷന്‍ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ വീട്ടില്‍ ഇരുവരും. വീടിന്റെ മുറ്റത്തും തൊടിയിലുമൊക്കെയായി പച്ചക്കറിയിനങ്ങള്‍ തഴച്ചുവളരുകയാണ്. അവയ്ക്ക് വെള്ളമൊഴിച്ചും വളം നല്‍കിയും രണ്ടുപേരും കഴിയുന്നു. മകന്‍ ഡോ. ശ്രീലാല്‍ ചണ്ഡീഗഢില്‍ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥിയാണ്. മകള്‍ ശ്രീലക്ഷ്മി അരവിന്ദ് ന്യൂഡല്‍ഹിയില്‍ ജോലിചെയ്യുന്നു.
Content Highlight: MV Narayanan and Prasanna, World Kidney Day, Kidney Disease, Kidney Donation