തൃശ്ശൂർ: പ്രാണവായുലഭിക്കാതെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജനങ്ങൾ മരിക്കുമ്പോൾ തൃശ്ശൂരിൽനിന്ന് ഹൃദയംനിറയുന്ന ഒരു വാർത്ത. കോവിഡ് രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന ‘പ്രാണ’ പദ്ധതി ഗവ. മെഡിക്കൽ കോളേജിൽ യഥാർഥ്യമായി. സംസ്ഥാനത്താദ്യമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടപ്പാക്കിയ പദ്ധതി പൊതുജനപങ്കാളിത്തത്തോടെയാണ്‌ പൂർത്തിയായത്.

ആറുവാർഡുകളിൽ 500 കട്ടിലുകളിലാണ് പദ്ധതിവഴി ഓക്സിജൻ എത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തന്നെയാണ് ഇത് വിഭാവനംചെയ്തത്. ഒരു കട്ടിലിൽ ഓക്സിജൻ എത്തിക്കാനുള്ള ചെലവ് 12,000 രൂപയാണ്. കോവിഡ് മുക്തരായവർ, ജീവനക്കാർ, ഡോക്ടർമാർ, ബിസിനസുകാർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പദ്ധതിയിൽ പങ്കാളികളായി.

ഒരു കട്ടിൽ സംഭാവന നൽകിയവർ മുതൽ ഒരു വാർഡ് മുഴുവൻ സജ്ജീകരിക്കാൻ പണം നൽകിയ സുരേഷ് ഗോപി എം.പി. വരെ ഇതിലുണ്ട്. എട്ടുമാസത്തിനുള്ളിലാണ് പദ്ധതി യഥാർഥ്യമാക്കിയത്.

കോവിഡ് ചികിത്സയുടെ തുടക്കത്തിൽ സിലിൻഡർ മുഖേനയാണ് ഇവിടെ ഓക്സിജൻ എത്തിച്ചിരുന്നത്. ‘പ്രാണ’ പദ്ധതി നടപ്പാക്കിയതുവഴി കോവിഡ് വാർഡിൽ വേഗം ഓക്സിജൻ ലഭ്യമാക്കാനായി. ഇപ്പോൾ മെഡിക്കൽ കോളേജ് പണംമുടക്കി വാങ്ങുന്ന ഓക്സിജനാണ് പദ്ധതിവഴി രോഗികൾക്ക്‌ നൽകുന്നത്. ഓക്സിജൻ നിർമാണപ്ലാന്റിന്റെ പണി ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ഇതോടെ ഓക്സിജൻ ഈ പ്ലാന്റിൽനിന്ന്‌ ലഭ്യമാക്കും.

കേന്ദ്രസർക്കാർ അനുവദിച്ച 1.5 കോടി ചെലവഴിച്ചാണ് പ്ലാന്റ് നിർമിച്ചത്. ദിവസേന 250 യൂണിറ്റ് ഓക്സിജൻ ഉത്പാദിപ്പിക്കാനാകും. കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നാലും ഓക്സിജൻ പ്ലാന്റും ‘പ്രാണ’ പദ്ധതിയും ആശ്വാസമേകും.

Content Highlights: Prana- Bed to bed oxygen supply system in Thrissur Medical College, Health