പാൽ കുറഞ്ഞതിനോ കുഞ്ഞ് കരയുന്നതിനോ അമ്മയെ കുറ്റപ്പെടുത്തരുത്; പ്രസവാനന്തര മാനസികപ്രശ്നങ്ങളെ അറിയാം


അനു സോളമന്‍

പ്രസവശേഷം ചിലരിൽ വിഷാദം, ആത്മഹത്യാപ്രവണത, കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ശ്രമം എന്നിവ ഉണ്ടായെന്ന് വരാം

Representative Image | Photo: Gettyimages.in

പ്രസവശേഷം സ്ത്രീകളിൽ പലതരം മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള ഹോർമോൺ വ്യതിയാനങ്ങളും മാനസിക സംഘർഷങ്ങളുമെല്ലാം ചേർന്നാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇതിനെത്തുടർന്ന് പ്രസവശേഷം ചിലരിൽ വിഷാദം, ആത്മഹത്യാപ്രവണത, കുഞ്ഞിനെ ഉപദ്രവിക്കാനുള്ള ശ്രമം എന്നിവ ഉണ്ടായെന്ന് വരാം. ഇത്തരം പ്രശ്‌നങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.
പ്രസവാനന്തര മാനസികപ്രശ്‌നങ്ങൾ ഉണ്ടാകുന്നവരിൽ പ്രസവശേഷം സ്വന്തം കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാൻ കാരണമാകും. അമ്മയും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം മോശമാവാനും ഇത് ഇടയാക്കിയേക്കും. ഇതുമൂലം അമ്മയ്ക്ക് അവരിൽ നിന്ന് ലഭിക്കുന്ന പിന്തുണ നഷ്ടമാവുന്നു. പ്രസവാനന്തര മാനസിക പ്രശ്‌നങ്ങൾ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പത്തെയും നിയന്ത്രിക്കും. ഇത് പിന്നീട് അമ്മ-കുഞ്ഞ് ബന്ധത്തിന് പ്രശ്‌നമുണ്ടാക്കുന്നു.

പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം.

പോസ്റ്റ്പാർട്ടം ബ്ലൂസ്കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലാണ് പോസ്റ്റ്പാർട്ടം ബ്ലൂസ് (Postpartum Blues/ Baby Blues/Materntiy Blues)എന്നറിയപ്പെടുന്ന ഈ അവസ്ഥ പ്രത്യക്ഷപ്പെടുന്നത്. സാധാരണയായി പത്തുദിവസങ്ങൾക്കുള്ളിൽ ഇത് പ്രത്യേക ചികിത്സയൊന്നും കൂടാതെ തന്നെ മാറാറുണ്ട്. പ്രസവസമയത്തെ ശാരീരിക അവസ്ഥകൾ, സമ്മർദങ്ങൾ, ഹോർമോണുകളുടെ താളംതെറ്റ എന്നിവയെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാണ്. പ്രസവം കഴിഞ്ഞ 85 ശതമാനം പേരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

ലക്ഷണങ്ങൾ

 • കൂടെക്കൂടെയുള്ള കരച്ചിൽ
 • ഇടയ്ക്കിടെ മാറി മാറി വരുന്ന അനിയന്ത്രിതമായ സന്തോഷം
 • ദേഷ്യം
 • ഉത്കണ്ഠ
കുടുംബത്തിന്റെയും പങ്കാളിയുടെയും കരുതലും പിന്തുണയും കൊണ്ട് പൊതുവേ ചികിത്സയൊന്നും കൂടാതെ തന്നെ രണ്ടാഴ്ച കൊണ്ട് ഈ രോഗാവസ്ഥ മറികടക്കാറുണ്ട്. എന്നാൽ രണ്ടാഴ്ചയിൽ കൂടുതൽ ബേബി ബ്ലൂസ് നീണ്ടുനിന്നാൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടയായേക്കാം.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ

കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണിത്. കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലോ ഏതാനും ആഴ്ചകൾക്കുള്ളിലോ ലക്ഷണങ്ങൾ കാണാം. പതിനഞ്ച് ശതമാനം ആളുകളിൽ ഈ അവസ്ഥ കാണാറുണ്ട്. ഗർഭാവസ്ഥയിലോ അതിന് മുൻപോ വിഷാദരോഗമുണ്ടായവർക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ആദ്യത്തെ പ്രസവ സമയത്ത് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉണ്ടായവർക്ക് അടുത്ത പ്രസവ സമയത്ത് വീണ്ടും ഉണ്ടാകാനുള്ള സാധ്യത അമ്പത് ശതമാനത്തോളമുണ്ട്.

ലക്ഷണങ്ങൾ

 • എപ്പോഴുമുള്ള സങ്കടം
 • ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോട് പോലും തോന്നുന്ന താത്പര്യമില്ലായ്മ
 • കഠിനമായ ക്ഷീണം, തളർച്ച
 • ഉറക്കമില്ലായ്മ
 • വിശപ്പില്ലായ്മ
 • പ്രതീക്ഷ നശിച്ച അവസ്ഥ
 • ഒപ്പം ആരുമില്ലെന്ന തോന്ന
 • സ്വയം മതിപ്പ് ഇല്ലായ്മ
 • മരണത്തെക്കുറിച്ചുള്ള ചിന്തകൾ
 • കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള ആധി
 • അമ്മയെന്ന രീതിയിൽ താൻ ഒട്ടും പോര എന്ന തോന്നൽ
പരിഹാരം

ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ കാണണം. ഉടൻ ചികിത്സ നൽകുന്നത് മൂലം ഈ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കും. കൗൺസലിങ്ങും മരുന്നുകൾ നൽകിയുള്ള ചികിത്സയും ഇതിനായി ഉപയോഗിക്കാം.

പോസ്റ്റ്പാർട്ടം സൈക്കോസിസ്

ഗുരുതരമായ ഒരു മാനസികരോഗാവസ്ഥയാണിത്. ആയിരം അമ്മമാരിൽ ഒരാൾക്ക് എന്ന തോതിൽ ഈ രോഗാവസ്ഥയുണ്ടാകും. കുഞ്ഞ് ജനിച്ച് രണ്ടാഴ്ച മുതൽ മൂന്ന് മാസം വരെയുള്ള സമയത്ത് ഈ പ്രശ്‌നം ഉണ്ടാകാം. ലക്ഷണങ്ങൾ പെട്ടെന്നാണ് മാറിമറിയുക. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ കുഞ്ഞിനെ ഉപദ്രവിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ സാധ്യതയുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടണം. കുടുംബത്തിൽ മാനസിക രോഗങ്ങൾ ഉണ്ടായിട്ടുള്ളവർ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ

 • പെട്ടെന്നുണ്ടാകുന്ന ഭയം
 • അകാരണമായ സംശയങ്ങൾ
 • അസ്വാഭാവികമായ പെരുമാറ്റങ്ങൾ
 • ഉന്മാദാവസ്ഥ
 • മറ്റുള്ളവർ തന്നെയോ കുഞ്ഞിനെയോ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന തോന്ന
 • പരസ്പര ബന്ധമില്ലാത്ത സംസാരം
 • പേടിപ്പെടുത്തുന്ന സംസാരങ്ങൾ ചുറ്റും നിന്നും അശരീരിയായി കേൾക്കുന്നുവെന്ന തോന്ന
 • കുഞ്ഞിനെ മുലയൂട്ടാനും പരിചരിക്കാനും ഭയം
 • കുഞ്ഞ് തന്റേതല്ലെന്നും ദുഷ്ടശക്തിയാണെന്നും തോന്നുക
 • അക്രമാസക്തയാവുക
അപകടസാധ്യത കൂടുതലുള്ളവർ

 • ഗർഭാവസ്ഥയിലോ അതിന് മുൻപോ എന്തെങ്കിലും തരത്തിലുള്ള മാനസിക രോഗമുണ്ടായിട്ടുള്ളവർ
 • അടുത്ത ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ മാനസിക രോഗമുണ്ടെങ്കി
 • ഉത്കണ്ഠ കൂടുതലുള്ളവർ
 • ഗർഭധാരണത്തെയും പ്രസവത്തെയും കുറിച്ച് ആശങ്കകളുള്ളവർ
 • അമ്മയാവാൻ മാനസികമായി തയ്യാറല്ലാതെ അപ്രതീക്ഷിതമായി ഗർഭിണിയായവർ
 • ഗർഭാവസ്ഥയിൽ വിധവകളായവരും വിവാഹമോചിതരായവരും
 • ജനിച്ച കുഞ്ഞ് മരണപ്പെടുന്നതും ചാപിള്ളയെ പ്രസവിക്കുന്നവരും
 • ദാമ്പത്യപ്രശ്‌നങ്ങളുള്ളവരും പ്രിയപ്പെട്ടവരുടെ പിന്തുണയില്ലാത്തവരും
 • കുഞ്ഞ് കൃത്യമായി ഉറങ്ങാതിരിക്കുക, ഇടയ്ക്കിടെ കരയുക, കൃത്യമായി മുലകുടിക്കാതിരിക്കുക എന്നീ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ
 • ആവശ്യത്തിന് വിശ്രമവും ഉറക്കവും ലഭിക്കാത്ത അമ്മമാർ
 • സാമ്പത്തിക-സാമൂഹിക പിന്തുണ ഇല്ലാത്തവർ
പരിഹാരം

ഈ രോഗാവസ്ഥയിൽ പലപ്പോഴും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാവുന്ന സാഹചര്യമുണ്ടാകാനിടയുണ്ട്. ഇക്കാര്യം കുടുംബാംഗങ്ങൾ ശ്രദ്ധിക്കാതെ പോകാം. മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ഇവിടെ ആവശ്യമാണ്. മാനസികരോഗ വിദഗ്ദ്ധന്റെ സേവനവും ഗുണം ചെയ്യും.

വേണം അറിവ്

കുഞ്ഞ് പിറക്കുന്നതോടെ അമ്മയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. കുഞ്ഞിന്റെ പരിചരണം, മുലയൂട്ടൽ , ഉറക്കമില്ലായ്മ, ദൈനംദിന കാര്യങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം അമ്മമാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടെങ്കിൽ ഈ പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കാനാവും. അതിനാൽ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് നേടലാണ് ആദ്യം വേണ്ടത്. ഗർഭിണിയും പങ്കാളിയും കുടുംബാംഗങ്ങളുമെല്ലാം പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

 • മാനസികമായും ശാരീരികമായും തയ്യാറെടുത്ത ശേഷം മാത്രം ഗർഭധാരണത്തിനായി ശ്രമിക്കുക.
 • കുഞ്ഞ് ജനിച്ചാൽ കുഞ്ഞിന്റെയും അമ്മയുടെയും പരിചരണത്തിൽ അച്ഛനും പങ്കാളിയാവണം. ഇത് അമ്മയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും
 • പ്രസവത്തിന് ശേഷം ആവശ്യത്തിന് വിശ്രമിക്കുക. നന്നായി ഉറങ്ങുക.
 • പ്രസവശേഷം മിതമായ വ്യായാമം, സമീകൃതാഹാരം എന്നിവയും ഉറപ്പുവരുത്തുക.
 • കുഞ്ഞിനെയും അമ്മയെയും കുറിച്ച് മറ്റുള്ളവർ പറയുന്ന കമന്റുകൾ (ഉദാ: കുഞ്ഞിന് നിറം പോര, തടിയില്ല, അമ്മയ്ക്ക് മുലപ്പാൽ കുറവാണ്, തടികൂടി, സൗന്ദര്യം കുറഞ്ഞു, ഇത്ര ഭക്ഷണം കഴിക്കരുത് തുടങ്ങിയ കാര്യങ്ങൾ) കേൾക്കാൻ നിൽക്കരുത്. അത്തരത്തിൽ കമന്റ് പറയുന്നവരെ അകറ്റിനിർത്തുക.
 • എന്തെങ്കിലും ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഡോക്ടറോട് സംസാരിക്കുക.
 • കുഞ്ഞ് ജനിച്ചാൽ കുഞ്ഞിനെ മാത്രമാണ് എല്ലാവരും ലാളിക്കുന്നതും പരിഗണിക്കുന്നതും. പലപ്പോഴും അമ്മയെ ആരും കാര്യമായി പരിഗണിക്കാറില്ല. കുഞ്ഞിനൊപ്പം അമ്മയെ കൂടി പരിഗണിക്കുക.
 • പാൽ കുറഞ്ഞതിനോ കുഞ്ഞ് കരയുന്നതിനോ അമ്മയെ കുറ്റപ്പെടുത്തരുത്.
 • പ്രസവശേഷം പങ്കാളിയുടെ പിന്തുണ ഉറപ്പാക്കണം. കുഞ്ഞിന് മാത്രമായി ശ്രദ്ധ നൽകാതെ പ്രസവിച്ചുകിടക്കുന്ന ഭാര്യയ്ക്ക് കൂടി ഭർത്താവിന്റെ സ്‌നേഹ വാത്സല്യങ്ങൾ ഉറപ്പാക്കണം.
 • എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടെങ്കിൽ പങ്കാളിയോട് തുറന്ന് സംസാരിക്കുക. കൂട്ടുകാരോടോ ഗൈനക്കോളജിസ്റ്റിനോടോ പ്രശ്‌നങ്ങൾ പങ്കുവയ്ക്കാം.
 • കുഞ്ഞിനെ ഉപദ്രവിക്കാനോ സ്വയം മുറിപ്പെടുത്താനോ തോന്നിയാൽ സൈക്യാട്രിസ്റ്റിനെ കാണാൻ മടിക്കരുത്.
മറച്ചുവയ്ക്കരുത്

പലപ്പോഴും പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെ കൃത്യമായി ചികിത്സിക്കാതെ മൂടിവയ്ക്കാനാണ് പലരും ശ്രമിക്കുക. ഇക്കാര്യമറിഞ്ഞാൽ മാനസികരോഗിയാണെന്ന് സമൂഹം കരുതുമോ എന്ന ഭയമാണ് ഈ പ്രശ്‌നത്തിന് കാരണം. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പ്രശ്‌നം ഗുരുതരമാവുമെന്ന് അവർ ചിന്തിക്കുന്നില്ല.
അതിനാൽ തന്നെ ആദ്യമായി മാതാപിതാക്കളാകുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ ബോധവത്ക്കരണം ആശുപത്രികളിൽ നിന്ന് തന്നെ നൽകേണ്ടതുണ്ട്. ഗൈനക്കോളജിസ്റ്റിന് ഇക്കാര്യത്തി സഹായിക്കാനാവും. പ്രസവശേഷമുള്ള മാനസിക പ്രശ്‌നങ്ങൾ പലപ്പോഴും ഗൈനക്കോളജിസ്റ്റുകൾ തിരിച്ചറിഞ്ഞ് സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് അയക്കുന്നതാണ് പതിവ്. ഇതുവഴി വളരെ പെട്ടെന്ന് ചികിത്സ ലഭിക്കാനും പ്രശ്‌നം പരിഹരിക്കാനും സാധിക്കും. എന്നാൽ പലപ്പോഴും ഗൈനക്കോളജിസ്റ്റുകൾ നിർദേശിച്ചാൽ പോലും മാനസികാരോഗ്യ വിദഗ്ദ്ധനെ കാണാൻ മടികാണിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മാനസിക രോഗത്തിനുള്ള മരുന്ന് സ്ഥിരമായി കഴിക്കേണ്ടി വരുമെന്ന ചിന്തയാണ് ഇതിന് കാരണം. എന്നാൽ പ്രസവാനന്തര മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ രോഗം പൂർണമായും ഭേദമാവുകയും മരുന്ന് നിർത്താവുന്നതുമാണ്. മുലയൂട്ടിക്കഴിഞ്ഞ ഉടൻ ആണ് മരുന്ന് കഴിക്കേണ്ടത്. മുലയൂട്ടുന്നതിന് തൊട്ടുമുൻപ് മരുന്ന് കഴിക്കരുത്.

കടപ്പാട്

ഡോ. ജ്യോതി കെ.എസ്.
അഡീഷണ
പ്രൊഫസർ
സൈക്യാട്രി വിഭാഗം, ഗവ. മെഡിക്കൽ കോളേജ് തൃശ്ശൂർ

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: postpartum depression symptoms and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented