ബ്ലാക് ഫംഗസ്, ഉറക്കമില്ലായ്മ, കാഴ്ചക്കുറവ്; പേടിപ്പിച്ച് കോവിഡനന്തര ആരോ​ഗ്യപ്രശ്നങ്ങൾ


പി.ജി. വിജി

കോവിഡ് വെറുതെവന്ന് പോവുകയല്ല. പോകുമ്പോൾ ചിലതെല്ലാം അവശേഷിപ്പിച്ചാണ് പോകുന്നത്.

Representative image | Photo: ANI

പാലക്കാട്: കോവിഡിനെ ആർക്കാണ് പേടി എന്ന മട്ടിലാണ് പലരും. കോവിഡ് കണക്കുകളിൽ വന്ന കുറവുൾപ്പെടെ ഈ ജാഗ്രതക്കുറവിന് കാരണമായിട്ടുണ്ടെങ്കിലും കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. ഒരു ജലദോഷവും പനിയുമല്ലേ അത് വന്ന് ഭേദമായിക്കോളും എന്നുപറഞ്ഞ് കോവിഡിനെ നിസ്സാരവത്കരിക്കുന്നവർ അറിയണം, കോവിഡ് ബാധിതരിൽ പലരും മാസങ്ങൾക്കുശേഷവും അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞാൽ ഇത്തരത്തിൽ ചിന്തിക്കില്ല. കോവിഡ് വെറുതെവന്ന് പോവുകയല്ല. പോകുമ്പോൾ ചിലതെല്ലാം അവശേഷിപ്പിച്ചാണ് പോകുന്നത്.

ശരീരവേദന, നെഞ്ചുവേദന, നടക്കുമ്പോൾ കിതപ്പ്, തളർച്ച, വിട്ടുമാറാത്ത ക്ഷീണം, ചുമ, ശരീരഭാരം കുറയൽ, ശ്വാസതടസ്സം, ത്വഗ്‌രോഗങ്ങൾ തുടങ്ങി കോവിഡ് ബാധിതരുടെ ആരോഗ്യപ്രശ്നങ്ങൾ നീളുന്നു. കോവിഡ് ഭേദമായി ഒരുവർഷം പിന്നിട്ടിട്ടുപോലും ശാരീരിക ബുദ്ധിമുട്ടുകൾ വിട്ടുമാറാത്തവർ നിരവധിയാണ്.

കോവിഡ് ഗുരുതരമായി ബാധിച്ചവരെ മാത്രല്ല, ചെറിയരീതിയിൽ ലക്ഷണങ്ങളേതുമില്ലാതെ കോവിഡ് വന്നുപോയവർക്കും ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല. ചെറിയരീതിയിലുള്ള ബുദ്ധിമുട്ടുകൾമുതൽ നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് കോവിഡനന്തരം പലർക്കും അനുഭവപ്പെടുന്നത്. എന്നാൽ, ആർക്കെല്ലാം എന്തെല്ലാം അസുഖം ബാധിക്കുന്നു എന്നതിൽ കൃത്യമായ വ്യക്തതയില്ലെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

നിലയ്ക്കാത്ത ചുമ, പനി

കോവിഡ് ഭേദമായവരിൽ മിക്കവരിലും കാണുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നിലയ്ക്കാത്ത ചുമയും വിട്ടുമാറാത്ത പനിയും. കോവിഡ് നെഗറ്റീവായതിനുശേഷം ചുമ മാറുന്നില്ലെന്ന കാരണംപറഞ്ഞ് ഡോക്ടർമാരെ സമീപിക്കുന്നവർ നിരവധിയാണ്. ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, പ്രമേഹബാധിതരിൽ മറ്റ് ഗുരുതര പ്രശ്നങ്ങൾ, എല്ലുതേയ്മാനം തുടങ്ങി വിവിധ പ്രശ്നങ്ങളുമായെത്തുന്നവർ കൂടുതലാണെന്ന് ഡോ. പി. നീതുലക്ഷ്മി പറയുന്നു. കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഡോക്ടറും സാധാരണനിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കയാണ്. കോവിഡ് ബാധിച്ചസമയത്ത് ന്യൂമോണിയ കണ്ടെത്താത്തവരിൽപ്പോലും പിന്നീട് ന്യൂമോണിയ കാണപ്പെടുന്നുണ്ട്.

ഉറക്കമില്ലായ്മ, ക്ഷീണം

കോവിഡിനുശേഷം മറ്റ് ജോലികൾ ചെയ്യാനാവാത്തവിധം പലരിലും ക്ഷീണവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടും കാണപ്പെടാറുണ്ട്. കുറ്ച്ചുദിവസങ്ങൾക്കുശേഷം ഇത് ഭേദമാകുമെന്ന് പലരും കരുതും. ചിലർക്ക് ഇത് ഭേദമാകും. പലർക്കും കോവിഡിനുശേഷം പഴയരീതിയിൽ ഊർജ്വസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. എത്ര ക്ഷീണമുണ്ടെങ്കിലും ഉറങ്ങാനാകില്ലെന്ന് പരാതിപ്പെടുന്നവരും കുറവല്ല.

ശ്വാസതടസ്സം, കിതപ്പ്

കോവിഡിനുമുമ്പ് ദിവസവും നാലഞ്ച് കിലോമീറ്റർ നടന്നിരുന്നവർ പലർക്കും ഇപ്പോൾ പത്തടി നടക്കുമ്പോഴേക്കും കിതപ്പാണ്. പടികൾകയറാൻ അതിലേറെ ബുദ്ധിമുട്ടാണ്. കോവിഡനന്തരം ഈ പരാതി പറയാത്തവർ വളരെ കുറവാണെന്ന് ഡോക്ടർമാർതന്നെ സമ്മതിക്കുന്നു. ശ്വാസതടസ്സത്തെത്തുടർന്നും അല്ലാതെയും പലർക്കും കിതപ്പ് അനുഭവപ്പെടാറുണ്ട്. ഇത് നിത്യജീവിതത്തെയും ബാധിക്കുന്നു. കോവിഡ് ബാധിച്ചസമയത്ത് ഓക്സിജൻ നൽകേണ്ടിവന്നവരിൽ പലർക്കും രോഗം ഭേദമായതിനുശേഷം കുറ്ച്ചുകാലംകൂടി ഇത് ഉപയോഗിക്കേണ്ടിവരാറുണ്ട്.

ശരീരഭാരം കുറയൽ

കോവിഡ് ബാധിച്ചവരിൽ ചിലർക്ക് രോഗം ഭേദമായതിനുശേഷം ശരീരഭാരം പെട്ടെന്ന് കുറയുന്ന സാഹചര്യവുമുണ്ട്. കോവിഡ് ബാധിച്ച സമയത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സതേടേണ്ടി വന്നവരാണ് ഇവരിൽ ഭൂരിഭാഗവും.

ബ്ലാക് ഫംഗസ്

കോവിഡിനുശേഷം ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന്നാണ് ബ്ലാക് ഫംഗസ്. മ്യൂക്കോർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗൽ അണുബാധയാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു. കണ്ണ്, മൂക്ക് എന്നിവയ്ക്കുചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പുനിറം, പനി, തലവേദന, ചുമ, ശ്വാസതടസ്സം, മൂക്കിൽനിന്നുള്ള രക്തസ്രാവം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

ത്വഗ്രോഗങ്ങൾ

കോവിഡിന് ശേഷം മുഖക്കുരു, തൊലിപ്പുറത്തെ കുരുക്കൾ, ചുവന്നുതടിക്കൽ തുടങ്ങിയ ത്വഗ്രോഗങ്ങൾ ബാധിച്ചവരും കുറവല്ല. മുമ്പ് ത്വക്കിന് യാതൊരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലാത്തവർക്കും കോവിഡിനുശേഷം പലരീതിയിലുള്ള ത്വഗ്രോഗങ്ങൾ പിടിപെടുന്നുണ്ട്.

കാഴ്ചക്കുറവ്

കോവിഡിനുശേഷം ചെറിയശതമാനം ആളുകളിൽ കാഴ്ചക്കുറവും കണ്ടുവരുന്നുണ്ട്. ഇത്തരക്കാരോട് ഉടൻ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

ഭീതിയല്ല വേണ്ടത് ജാഗ്രത

കോവിഡ് പുതിയ വൈറസ്സായതിനാൽ ഏതെല്ലാംരീതിയിൽ ഇവ ബാധിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. അതിനാൽ കോവിഡ് ബാധിച്ചാലും രോഗബാധയ്ക്കുശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ഭീതികൂടാതെ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. തുടർച്ചയായ വൈദ്യസഹായം തേടുക, ഡോക്ടർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് പരിഹാരമാർഗങ്ങൾ.

പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളടക്കം എല്ലാ ആരോ​ഗ്യ സ്ഥാപനങ്ങളിലും വ്യാഴാഴ്ചകളിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നു. കോവിഡിന് ശേഷമുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇവയ്ക്ക് രോ​ഗികളുടെ ഭാ​ഗത്തുനിന്ന് വേണ്ടത്ര പ്രതികരണമില്ലാത്തതിനാൽ പിന്നീട് നിർത്തിവെച്ചു. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എല്ലാദിവസവും രാവിലെ എട്ടുമുതൽ ഒരുമണിവരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.

ഡോ. മേരിജ്യോതി വിൽസൻ,
കോവിഡ് ജില്ലാ നോഡൽ ഓഫീസർ


ആരോ​ഗ്യം വീണ്ടെടുക്കാൻ ആയുർവേദം

കോവിഡ് ബാധിച്ച് നെ​ഗറ്റീവ് ആയവർക്ക് ആരോ​ഗ്യം വീണ്ടെടുക്കുന്നതിനുള്ള മൂന്നുമാസം നീണ്ടുനിൽക്കുന്ന ആയുർവേദ വകുപ്പിന്റെ പ്രത്യേക ചികിത്സാപദ്ധതിയാണ് പുനർജനി. കോവിഡ് നെ​ഗറ്റീവായ ഒരാൾക്ക് അപ്പോഴുള്ള രോ​ഗാവസ്ഥയനുസരിച്ച് ഒരുമാസംമുതൽ മൂന്നുമാസം വരെയാണ് ഔഷധങ്ങൾ നൽകുന്നത്.

ഡോ.എസ് ഷിബു
ജില്ലാ മെഡിക്കൽ ഓഫീസർ
ഭാരതീയ ചികിത്സാ വകുപ്പ്

Content Highlights: post covid syndrome, post covid complications, post covid symptoms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented