കോവിഡിനൊപ്പമുള്ള നമ്മുടെ ജീവിതം തുടങ്ങിയിട്ട് ഒന്നരവര്‍ഷത്തോളമാകുന്നു. കോവിഡ് 19 രോഗബാധയോടൊപ്പം തന്നെ നമ്മള്‍ കരുതിയിരിക്കേണ്ട മറ്റൊരു പ്രധാന അവസ്ഥയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രമും. കോവിഡ് മുക്തരായ 10 ശതമാനം പേരിലെങ്കിലും ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള അനുബന്ധമായ ചില ശാരീരിക പ്രശ്‌നങ്ങളെ ചേര്‍ത്തുകൊണ്ടാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന് പറയുന്നത്. അല്ലെങ്കില്‍ രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന അവസ്ഥ ചെറുതല്ലാത്ത ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസാരവത്ക്കരിക്കാന്‍ ആരും തയ്യാറാകരുത്. 

പോസ്റ്റ് കോവിഡ് രോഗികളില്‍ കാണപ്പെടുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്വാസകോശ സംബന്ധമായ രോഗങ്ങളു, ഹൃദയസംബന്ധമായ രോഗങ്ങളും വൃക്ക, മസ്തിഷ്‌കം, കുടല്‍, ത്വക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ടുമാണ്.

പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് വൈറസ് ശ്വാസകോശത്തെ ബാധിച്ചവരില്‍ സ്‌കാറിങ് അഥവാ കട്ടിപിടിക്കല്‍ ഉണ്ടാവുന്നതായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു എന്നുമാണ്. അതോടൊപ്പം നാഡീവ്യൂഹം, ഹൃദയധമനീവ്യൂഹം, വൃക്ക, ദഹനേന്ദ്രിയവ്യൂഹം എന്നിങ്ങനെ ഒട്ടുമിക്ക ശരീരവ്യൂഹങ്ങളെയും വൈറസ് ബാധിച്ച് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.

പോസ്റ്റ് കോവിഡ് രോഗാവസ്ഥകളില്‍ മഹാഭൂരിപക്ഷവും അതീവ ഗൗരവതരമായവയല്ല. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ശ്വാസകോശം ചുരുങ്ങല്‍, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, രക്തം കട്ടപിടിക്കുക, ഹൃദയാഘാതം, പ്രമേഹം, എന്നിവയുമുണ്ടാകാം.

പോസ്റ്റ് കോവിഡ് സിന്‍ഡ്രം വളരെ ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. എന്തെന്നാല്‍ രക്തക്കുഴലുകളില്‍ ചെറിയ തോതില്‍ രക്തം കട്ടപിടിക്കാന്‍ കൊറോണ വൈറസുകള്‍ കാരണമാകുന്നുണ്ട്. വളരെ ചെറിയ തരികളാണ് (microthrombi) രൂപം കൊള്ളുന്നതെങ്കിലും അവ രക്തക്കുഴലുകളിലൂടെ പല സ്ഥലങ്ങളിലെത്തി അടിഞ്ഞ് വലുതായി ആ ഭാഗത്തെ തകരാറിലാക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളാണെങ്കില്‍ ഹൃദയാഘാതത്തിനും കാരണമാകും. ശ്വാസകോശം വൃക്ക, കരള്‍ പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളെല്ലാം ഈ തരത്തില്‍ അപകടത്തിലാക്കാം. രക്തക്കുഴലുകളില്‍ അടിയുന്ന തരികള്‍ എത്രത്തോളമുണ്ടെന്നതും അത് എത്രനാള്‍ നിലനില്‍ക്കുന്നുവെന്നതും രോഗതീവ്രത നിശ്ചയിക്കുന്ന ഘടകങ്ങളാണ്. കൊറോണ വൈറസ് ശരീരത്തില്‍ നിന്ന് പോയാലും ഈ പ്രശ്‌നങ്ങള്‍ നിലനിന്നെന്നു വരാം. അതിനെ ഗൗരവമായി തന്നെ സമീപിക്കേണ്ടി വരികയും മികച്ച ചികിത്സ തേടുകയും വേണം.

സാധാരണയായി കണ്ടുവരുന്ന ബുദ്ധിമുട്ടുകള്‍ 

മാനസികാരോഗ്യത്തെ ബാധിക്കാം: ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ, അകാരണമായ ഭയം എന്നിവ ഉണ്ടാകാം.
പേശികളെയും അസ്ഥികളെയും ബാധിക്കാം: സന്ധിവേദന, പേശീവേദന, തളര്‍ച്ച, അകാരണമായ ക്ഷീണം എന്നിവ ഉണ്ടാകാം.
നാഡീവ്യവസ്ഥ: പക്ഷാഘാതം, തലവേദന, ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍, ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, സംഭ്രമം, ഉറക്കക്കുറവ്, ബ്രെയിന്‍ ഫോഗിങ് എന്നിവ ഉണ്ടാകാം.
ശ്വസന വ്യവസ്ഥ: ദീര്‍ഘകാലം നില്‍ക്കുന്ന വരണ്ട ചുമ, നെഞ്ചുവേദന, ശ്വാസതടസ്സം, പള്‍മണറി ഫൈബ്രോസിസ്, പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ ടെന്‍ഷന്‍, എംബോളിസം എന്നിവ ഉണ്ടാകാം.
രക്തചംക്രമണ വ്യവസ്ഥ: ഹൃദയത്തെ ഗുരുതരമായി ബാധിക്കാം. വളരെ നീണ്ടകാലം കിതപ്പ് അനുഭവപ്പെടാം. ഹൃദയസ്തംഭനം, മയോകാര്‍ഡൈറ്റിസ്, കാര്‍ഡിയോ മയോപ്പതി എന്നിവ ഉണ്ടാകാം.
മറ്റ് പ്രശ്‌നങ്ങള്‍: കരള്‍, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ കണ്ടുവരാറുണ്ട്. 

ഓര്‍ക്കുക, ഇക്കാലയളവില്‍ കോവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസുകള്‍ ശരീരത്തില്‍ നിന്നും പൂര്‍ണമായും മാറുകയും അതോടൊപ്പം സങ്കീര്‍ണമായ അനുബന്ധ രോഗാവസ്ഥ കുറച്ചുകാലമെങ്കിലും നീണ്ടു നില്‍ക്കുന്നതായി കണ്ടുവരുന്നു.

പോസ്റ്റ് കോവിഡ് സിന്‍ഡ്രം ബാധിതരില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാറില്ല. അതോടൊപ്പം തന്നെ അവര്‍ രോഗം പകര്‍ത്താറുമില്ല. പ്രായഭേദമെന്യേ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ഏവരേയും ബാധിക്കുകയും ചെയ്യാം.

കോവിഡ് രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ധാരാളം വെള്ളം കുടിക്കുക.
  • പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടിന്‍ എന്നിവ അടങ്ങിയ സമീകൃതഭക്ഷണം കഴിക്കുക. 
  • പുകവലി, മദ്യപാനം, തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. 
  • ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക.
  • നഷ്ടമായ ശ്രദ്ധ, ചിന്താശേഷി എന്നിവ വീണ്ടെടുക്കുന്നതിന് ദിവസവും പസിലുകള്‍, മെമ്മറി ഗെയിമുകള്‍ എന്നിവ പരീക്ഷിക്കുക. 
  • നിങ്ങളുടെ മനസ്സിനെയും ബുദ്ധിയെയും ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ രൂപപ്പെടുത്തുക.

പ്രവര്‍ത്തനവേഗത കുറയ്ക്കുക 
 
കോവിഡ് ചികിത്സ കഴിഞ്ഞ നിങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങളുടെ പഴയ ശീലത്തിലേക്ക് ക്രമേണ മാറുന്നതിന് മതിയായ സമയം നല്‍കുക. നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയെ സാരമായി ആക്രമിച്ച ഒരു രോഗത്തെയാണ് നിങ്ങള്‍ നേരിട്ടതെന്ന് മനസ്സിലാക്കി ജീവിതത്തിലേക്ക് പതിയെ തിരിച്ചെത്തുക. 

ശ്വസനശേഷി വര്‍ധിപ്പിക്കുന്ന ശാസ്ത്രീയമായ വ്യായാമങ്ങള്‍ ചെയ്യുക. ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. ടെസ്റ്റ് നെഗറ്റീവ് ആയാലും ഒരാഴ്ച കൂടി ക്വാറന്റീന്‍ തുടരണം. തുടര്‍ന്നുള്ള ഒരു മാസം, കഴിയുമെങ്കില്‍ മൂന്ന് മാസം നന്നായി ആരോഗ്യ ശ്രദ്ധിക്കണം. തുടര്‍ന്നും പള്‍സ് ഓക്‌സിമീറ്റര്‍ റീഡിങ് പരിശോധിച്ച് 94 ന് മുകളില്‍ ഓക്‌സിജന്‍ നില ഉണ്ടെന്ന് ഉറപ്പുവരുത്തണം. കോവിഡ് ഭേദമായ ശേഷവും ഒരാഴ്ചയെങ്കിലും പരിപൂര്‍ണമായ വിശ്രമം അത്യാവശ്യമാണ്. അവശത നീണ്ടുനില്‍ക്കുന്നവര്‍ ഡോക്ടര്‍മാരുടെ സേവനം തേടണം. 

ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം പോലുള്ള രോഗമുള്ളവര്‍ കോവിഡിന് ശേഷം രോഗം മോശമാവാതിരിക്കാന്‍ കരുതല്‍ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനത്തിന് പോകാന്‍ പാടുള്ളൂ. രോഗമുക്തിക്ക് ശേഷം രണ്ടാഴ്ച കഴിഞ്ഞുള്ള ഫോളോഅപ്പ് വേണം. കൂടാതെ കിതപ്പ്, വിമ്മിഷ്ടം, നെഞ്ചുവേദന എന്നിവ തുടര്‍ന്നും അനുഭവപ്പെടുകയാണെങ്കില്‍ മൂന്നുമാസം കൂടുമ്പോള്‍ ഇ.സി.ജി., ശ്വാസകോശ ശേഷി പരിശോധന, മറ്റ് പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചുരുക്കമായെങ്കിലും ചില പരിശോധനകളും നടത്തേണ്ടതായി വന്നേക്കാം. അതിന് ഒരു പള്‍മണോളജിസ്റ്റിനെ സമീപിക്കണം. 

മൂന്നുമാസം കൂടുമ്പോഴുള്ള ഫോളോ അപ്പ് പ്രായോഗികമല്ലാത്തവരില്‍ ആദ്യ മൂന്നുമാസം കഴിഞ്ഞ് പിന്നെ ആറുമാസം എന്ന രീതിയില്‍ രണ്ടുമൂന്നു വര്‍ഷത്തേക്കെങ്കിലും ഫോളോ അപ്പും പഠനങ്ങളും നടത്തേണ്ടതുണ്ട്. 

സംസ്ഥാനത്ത് കോവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണിത്. അത് പരമാവധി ഉപയോഗപ്പെടുത്തുക. സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനവും ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. 

കോവിഡനന്തര രോഗം കുട്ടികളില്‍

കുട്ടികളില്‍ കാണുന്ന കോവിഡനന്തര രോഗത്തിനെതിരെ അതിജാഗ്രത വേണം. ഹൃദയമടക്കമുള്ള അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം(എം. ഐ.എസ്.സി.) എന്നറിയപ്പെടുന്ന രോഗമാണ് കോവിഡ് ബാധിതരായ കുട്ടികളില്‍ കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാവും. കോവിഡ് ബാധിച്ച് രണ്ടാഴ്ചമുതല്‍ ഒരുമാസം വരെ കഴിഞ്ഞാണ് രോഗലക്ഷണം കാണപ്പെടുന്നത്. കോവിഡ് വൈറസിനോടുള്ള ശരീര പ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണമാണ് രോഗകാരണമെന്ന് കരുതുന്നു. അതുകൊണ്ടുതന്നെ അവഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. 

ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

പനി, വയറുവേദന, ഛര്‍ദി, തൊലിപ്പുറത്ത് ചുവന്നപാടുകള്‍, തളര്‍ച്ച, അമിതമായ ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വാസം, കണ്ണുകളിലെ ചുവപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഹൃദയത്തെയാണ് രോഗം കാര്യമായി ബാധിക്കുക. ഹൃദയത്തിന്റെ രക്തം പമ്പുചെയ്യാനുള്ള കഴിവ് കുറയും. അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. തലച്ചോര്‍, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും രോഗംതകരാറിലാക്കും.

ലക്ഷണംം കാണിക്കാതെ കോവിഡ് ബാധിച്ച കുട്ടികള്‍ക്കും കോവിഡനന്തര രോഗബാധയുണ്ടാവും. അതിനാല്‍ കോവിഡാനന്തര രോഗലക്ഷണങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിച്ച് തുടക്കത്തിലേ ചികിത്സ ഉറപ്പാക്കണം.

വേണം കൂടുതല്‍ കരുതല്‍

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമായിട്ടില്ല. അതിനാല്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുസ്ഥലങ്ങളില്‍  കുട്ടികളെ ഒപ്പം കൂട്ടാതിരിക്കുക. പുറത്തുപോയിവരുന്ന മുതിര്‍ന്നവര്‍ മുഖാവരണവും സാനിറ്ററൈസറും സോപ്പും കൃത്യമായി ഉപയോഗിക്കണം.

പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. കോവിഡ് അല്ലേ..പേടിക്കണ്ട ചെറിയൊരു ജലദോഷപ്പനി വന്നു പോകുമെന്ന്. പക്ഷേ നാം മനസ്സിലാക്കേണ്ടത് രോഗം വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നത്.

കോവിഡ് മുക്തരായാലും അവശത പോസ്റ്റ് കോവിഡ് രൂപത്തില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുണ്ട്.അതിനാല്‍ തന്നെ കോവിഡിനെതിരെയുള്ള നമ്മുടെ വജ്രായുധങ്ങളായ മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസേഷന്‍, സാമുഹ്യ അകലം ഇവ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുക. വാക്‌സിന്‍ എന്ന ബ്രഹ്മാസ്ത്രം കിട്ടുന്ന മുറയ്ക്ക് എടുക്കാന്‍ ശ്രദ്ധിക്കുക.

(കൊല്ലം ഏഴുകോണ്‍ ഇ.എസ്.ഐ.സി. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: Post Covid Syndrome kids and others, Health, Multi system Inflammatory Syndrome, Covid19