കൊറോണ ബാധിച്ച് ചികിത്സയിലാവുകയും, പിന്നീട് ഭേദമായിട്ടും പോസ്റ്റ് കോവിഡ് രോഗാവസ്ഥകാരണം മരണപ്പെടുകയും ചെയ്ത പ്രമുഖ യുവജന നേതാവിന്റെ വാര്‍ത്ത കൊറോണയുടെ വരാന്‍ പോകുന്ന മറ്റൊരു പ്രത്യാഘാതത്തിന്റെ സൂചനയാണ്. 

പോസ്റ്റ് കോവിഡ് രോഗങ്ങളാണ് കൊറോണയ്ക്കു ശേഷം ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന പ്രശ്‌നം. കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ പോസ്റ്റ് കോവിഡ് രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. കൊറോണയുടെ ഭീഷണിക്ക് തുല്യമാണ് പോസ്റ്റ് കോവിഡ് രോഗങ്ങളുടെ ഭീഷണിയും. 

പോസ്റ്റ് കോവിഡ് രോഗികളില്‍ കാണപ്പെടുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശ്വാസകോശ സംബന്ധമായ രോഗങ്ങളും, ഹൃദയസംബന്ധമായ രോഗങ്ങളും, ന്യൂറോളജി, വൃക്ക, കിഡ്നി-ഉദരസംബന്ധമായവയുമാണ്. ഇവയ്ക്കുള്ള കൃത്യമായ ചികിത്സകൂടി കോവിഡ് ചികിത്സയുടെ ഭാഗമായി ഒരുക്കേണ്ടിയിരിക്കുന്നു. പോസ്റ്റ് കോവിഡ് രോഗികളെ നിരീക്ഷിക്കാനും അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ഇനി തുടങ്ങേണ്ടതുണ്ട്‌. കോവിഡ് രോഗമുക്തരായവര്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയ പോസ്റ്റ് കോവിഡ് രോഗാവസ്ഥകളില്‍ നിന്ന് ഏറെക്കുറെ അകന്ന് നില്‍ക്കാം. 

കോവിഡ് രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ധാരാളം വെള്ളം കുടിക്കുക
 • പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക
 • ശ്വസനശേഷി വര്‍ദ്ധിപ്പിക്കുന്ന ശാസ്ത്രീയമായ വ്യായാമങ്ങല്‍ ചെയ്യുക
 • പുകവലി, മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം അവസാനിപ്പിക്കുക
 • ദിവസവും നിർബന്ധമായും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക
 • ചൂടുള്ള വെള്ളത്തില്‍ ആവി പിടിക്കുക
 • ചെറിയ വ്യായാമങ്ങള്‍ ചെയ്യുക

പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍

കോവിഡ് ബാധിതരാവുകയും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവാവുകയും ചെയ്താല്‍ തുടര്‍ന്ന് ഈ കാര്യത്തില്‍ അലസത പുലര്‍ത്തുന്നത് പൊതുവായ സമീപനമാണ്. എന്നാല്‍ ഇത് പാടില്ല എന്ന് നിര്‍ബന്ധമായും ഓര്‍ക്കുക.

കോവിഡ് മുക്തനായ ശേഷം തുടര്‍ന്നും ഏതെങ്കിലും സാഹചര്യത്തില്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മികച്ച പോസ്റ്റ് കോവിഡ് ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.

 • വിട്ടുമാറാത്ത ക്ഷീണം
 • ശരീരവേദന, സന്ധിവേദന
 • സ്ഥിരമായ വരണ്ട ചുമ
 • കിതപ്പ്
 • ഉറക്കക്കുറവും, ഉറക്കത്തിലെ താളം തെറ്റലും
 • താല്‍ക്കാലികമായി ഉണ്ടാകുന്ന മറവി
 • സങ്കടം, പേടി, വിഷാദരോഗം
 • തലവേദന
 • മുടികൊഴിച്ചില്‍
 • വിശപ്പില്ലായ്മ

പോസ്റ്റ് കോവിഡ് രോഗാവസ്ഥകളില്‍ മഹാഭൂരിപക്ഷവും അതീവ ഗൗരവതരമായവയല്ല. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ രോഗങ്ങളുടെ സ്വഭാവം കൈവിട്ടുപോകുവാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് പോസ്റ്റ് കോവിഡ് ലക്ഷണങ്ങളെ ഗൗരവമായി സമീപിക്കുകയും മികച്ച ചികിത്സ തേടുകയും വേണം

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കോവിഡ് നോഡല്‍ ഓഫീസറാണ് ലേഖകന്‍)

Content Highlights: post covid disease syndrome