രാജ്യത്തെ പോളിയോ വിമുക്ത രാജ്യമായി നിലനിര്‍ത്തുകയും ലോകത്തെ പോളിയോ വിമുക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ വര്‍ഷം ജനുവരി 19 ന് പള്‍സ് പോളിയോ ദിനത്തിനുള്ളത്. അഞ്ചുവയസ്സു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ രോഗത്തിനെതിരായ തുള്ളിമരുന്ന് ഒരേ ദിവസം നല്‍കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
 
ഒരു കുഞ്ഞു ജനിച്ച് അധികം വൈകാതെ തന്നെ പോളിയോ തുള്ളിമരുന്ന് നല്‍കുന്നുണ്ട്. ഇതുവഴി ആ കുഞ്ഞിന് പോളിയോ രോഗത്തില്‍ നിന്ന് വ്യക്തിഗത സംരക്ഷണം ലഭിക്കുന്നു. എന്നാല്‍ പള്‍സ് പോളിയോ ദിനത്തില്‍ തുള്ളിമരുന്ന് എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ ദിവസം ലഭിക്കുമ്പോള്‍ അത് സമൂഹത്തിന് മുഴുവന്‍ ഒന്നിച്ച് പ്രതിരോധം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ ഈ പ്രതിരോധ വാക്‌സിനില്‍ നിന്ന് ആരും മാറിനില്‍ക്കരുത്. പള്‍സ് പോളിയോ ദിനമായ ജനുവരി 19 ന് അങ്കണവാടികള്‍, സ്‌കൂള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ലൈബ്രറികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം പോളിയോ തുള്ളിമരുന്ന് വിതരണം ഉണ്ടായിരിക്കും. 

എന്താണ് പോളിയോ രോഗം

പ്രധാനമായും ചെറിയ കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് പോളിയോ മയലറ്റിസ്. പിള്ളവാതം എന്നും ഇത് അറിയപ്പെടുന്നു. പനി, ഛര്‍ദി, വയറിളക്കം, പേശീവേദന എന്നിവയാണ് പോളിയോയുടെ പ്രധാന ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളുടെ മരണത്തിനോ അവര്‍ക്ക് സ്ഥിരമായി അംഗവൈകല്യമുണ്ടാകാനോ ഇത് കാരണമാകാം. 
പോളിയോ വൈറസ് ആണ് രോഗകാരി. ടൈപ്പ് 1, 2, 3 എന്നിങ്ങനെ മൂന്നു തരത്തിലുള്ള വൈറസുകളുണ്ട്. ഇവ കുടലുകളിലാണ് കാണപ്പെടുന്നത്. അവ അവിടെ പെരുകുകയും തുടര്‍ന്ന് കേന്ദ്രനാഡീവ്യൂഹം, മാംസപേശികള്‍, ഞെരമ്പുകള്‍ എന്നിവയെ ബാധിക്കുകയുമാണ് ചെയ്യുന്നത്. കുടലുകളില്‍ പെരുകുന്ന പോളിയോ വൈറസ് മലത്തിലൂടെ പുറത്തുവന്ന് വെള്ളത്തില്‍ കലരുമ്പോള്‍ ആ രോഗാണുക്കള്‍ പരിസരമാകെ വ്യാപിക്കും. അതിനാല്‍ ശുചിത്വക്കുറവും തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനവും രോഗവ്യാപനത്തിന് കാരണമാകും. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്. 

വാക്‌സിന്‍ എങ്ങനെ പോളിയോ രോഗത്തെ തടയുന്നു?

രോഗം ബാധിച്ചാല്‍ കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിന്‍ വഴി മാത്രമേ രോഗത്തെ തടയാനാകൂ. ഫിസിയോതെറാപ്പിയിലൂടെയും മറ്റും കുറച്ച് ആശ്വാസം നല്‍കാമെന്നല്ലാതെ രോഗം ഭേദമാക്കാനാവില്ല. പോളിയോ വാക്‌സിന്‍ രണ്ടുതരത്തിലുണ്ട്. കുത്തിവെക്കുന്ന തരത്തിലുള്ളതും (ഐ.പി.വി.), വായിലൂടെ തുള്ളിമരുന്നായി (ഒ.പി.വി.) നല്‍കുന്നതും. 

ഐ.പി.വി.

പോളിയോ വൈറസുകളെ കൊന്ന് അവയുടെ സ്‌ട്രെയിനില്‍ നിന്നും തയ്യാറാക്കുന്നതാണ് ഐ.പി.വി. അഥവ ഇനാക്ടിവേറ്റഡ് പോളിയോ വാക്‌സിന്‍. 1955 ൽ ഡോ. ജോനാസ് സാല്‍ക്ക് ആണ്  ഇത് വികസിപ്പിച്ചത്.  ഇനാക്ടീവേറ്റഡ് (ചത്ത പോളിയോ വൈറസ് അടങ്ങിയ) കുത്തിവെക്കുന്ന പോളിയോ വാക്‌സിന്‍ (ഐ.പി.വി.) ആയിരുന്നു അത്. ഇത് പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. 

polio vial
ഓറല്‍ പോളിയോ വാക്‌സിന്‍ വയല്‍
Photo: WHO

ഒ.പി.വി.

ജീവനുള്ള പോളിയോ വൈറസുകളെ അവയുടെ ശക്തികുറച്ച് അഥവാ ദുര്‍ബലപ്പെടുത്തിയാണ് (attenuated) ഒ.പി.വി.(ഓറല്‍ പോളിയോ വാക്‌സിന്‍) തയ്യാറാക്കുന്നത്. ഇതാണ് പള്‍സ് പോളിയോ ദിനത്തില്‍ തുള്ളിമരുന്നായി നല്‍കുന്നത്. 
ടൈപ്പ് 1,3 എന്നീ പോളിയോ വൈറസ് സ്‌ട്രെയിനുകളില്‍ നിന്നാണ് ഈ വാക്‌സിന്‍ തയ്യാറാക്കുന്നത്. ഇവ രണ്ടു തുള്ളിയാണ് വായില്‍ ഇറ്റിച്ചു നല്‍കുക. ഇവ നല്‍കാന്‍ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നില്ല. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഹെല്‍ത്ത് വളണ്ടിയര്‍മാര്‍ക്ക് നല്‍കാം. ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ ഫലപ്രദവും നല്‍കാന്‍ എളുപ്പവുമാണ് തുള്ളിമരുന്ന് രീതിയിലുള്ള വാക്‌സിന്‍. 1961ൽ ഡോ. ആര്‍ബര്‍ട്ട് സാബിന്‍ ആണ് ഇത്തരത്തിൽ ജീവനുള്ള ഓറല്‍ പോളിയോ വാക്‌സിന്‍ (Live Oral Polio Vaccine) വികസിപ്പിച്ചത്. 

രോഗത്തെ വാക്‌സിന്‍ പ്രതിരോധിക്കുന്നത് ഇങ്ങനെ

ഐ.പി.വി. വഴിയോ ഒ.പി.വി. വഴിയോ ശരീരത്തിലെത്തുന്ന ഈ ദുര്‍ബല വൈറസുകള്‍ കുടലുകളിലേക്കാണ് എത്തുക. അവിടെ വെച്ച് അവ പെരുകും. തുടര്‍ന്ന് ഇവ രക്തത്തിലേക്ക് പ്രവേശിക്കും. എന്നാല്‍ ദുര്‍ബലമാക്കപ്പെട്ടവ ആയതിനാല്‍ ഇവയ്ക്ക് പോളിയോ രോഗമുണ്ടാക്കാനുള്ള കഴിവില്ല. പക്ഷേ ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്ന ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ പോളിയോ രോഗത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികളെ നിര്‍മ്മിക്കും. ഈ ആന്റിബോഡികള്‍ പോളിയോക്ക് കാരണമാകുന്ന 'വൈല്‍ഡ് വൈറസുകളെ' നശിപ്പിക്കും. അതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച ആള്‍ രോഗബാധയേല്‍ക്കാതെ സുരക്ഷിതനായിരിക്കും. ജനനം മുതല്‍ അഞ്ചു വയസ്സുവരെ ലഭിക്കുന്ന ഈ വാക്‌സിന്‍ വഴി ജീവിതകാലം മുഴുവന്‍ സംരക്ഷണം ലഭിക്കുമെന്നതാണ് പ്രത്യേകത.
 
സാധാരണയായി കുഞ്ഞ് ജനിച്ചാലുടന്‍ നല്‍കുന്ന ബി.സി.ജി. കുത്തിവെപ്പിന് ഒപ്പം സീറോ ഡോസ് പോളിയോ വാക്‌സിന്‍ (ജനിച്ച ഉടനെ നല്‍കുന്ന ഡോസ്‌ )കൂടി നല്‍കാറുണ്ട്. തുടര്‍ന്ന് ഒന്നരമാസം കഴിഞ്ഞാല്‍ ഒരു മാസത്തെ ഇടവേളയില്‍ മൂന്ന് ഡോസ് വാക്‌സിനും നല്‍കും. ഒന്നര വയസ്സിലാണ് ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കുക. ചികിത്സാപട്ടിക പ്രകാരം പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ തുള്ളിമരുന്ന് നല്‍കണം. 

ശ്രദ്ധിക്കേണ്ടത്

പോളിയോ വാക്‌സിന്‍ മൈനസ് 20 ഡിഗ്രി സെന്റിഗ്രേഡിലാണ് സൂക്ഷിക്കേണ്ടത്. ഒരു വര്‍ഷം വരെ ഇവ കേടുകൂടാതെ സൂക്ഷിക്കാം. വാക്‌സിന്‍ വയലില്‍ (മരുന്നിന്റെ ബോട്ടില്‍) വാക്‌സിന്‍ വയല്‍ മോണിറ്റര്‍ ഉണ്ട്. അതിനാല്‍ മരുന്ന് ഉപോഗിച്ചതിന്റെ അളവ് കൃത്യമായി അറിയാനാകും. വേണ്ടത്ര തണുപ്പില്‍ സൂക്ഷിക്കാതിരിക്കുക, വാക്‌സിനില്‍ എന്തെങ്കിലും കലക്കം ഉള്ളതായി തോന്നുക എന്നിവയുണ്ടെങ്കില്‍ ആ വാക്‌സിന്‍ ഉപയോഗിക്കരുത്. 

മറ്റ് മരുന്നുകള്‍ കഴിക്കുമ്പോള്‍ വാക്‌സിന്‍ നല്‍കാമോ?

വയറിളക്കമോ ഛര്‍ദിയോ ഉള്ളപ്പോഴും പോളിയോ വാക്‌സിന്‍ നല്‍കാം. വാക്‌സിന്‍ കൊടുക്കുന്ന കുട്ടികള്‍ക്ക് മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നുകളും നല്‍കാം. ജനിച്ച ഉടന്‍ വാക്‌സിന്‍ കൊടുത്ത കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ വാക്‌സിന്‍ നല്‍കണം. വാക്‌സിന്‍ കൊടുത്തു കഴിഞ്ഞാലുടന്‍ മുലപ്പാല്‍ നല്‍കാം. എന്നാല്‍ വാക്‌സിന്‍ കൊടുത്ത് അരമണിക്കൂര്‍ നേരത്തേക്ക് ചൂടുള്ള പാല്‍, വെള്ളം എന്നിവ നല്‍കരുത്. 

നിര്‍മ്മാര്‍ജനം ചെയ്തിട്ടും വാക്‌സിന്‍ എന്തിന്

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏറ്റവും ഭയാനകമായ രോഗമായിരുന്നു പോളിയോ. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് പോളിയോ ബാധ മൂലം തളര്‍ന്ന് കിടപ്പിലായത്. 1950-1960 കാലത്ത് പോളിയോയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിന്‍ ലഭ്യമായതോടെ പോളിയോ രോഗം നിയന്ത്രണത്തിലായിത്തുടങ്ങി. 1970 കളില്‍ പ്രതിരോധ വാക്‌സിനുകളുടെ കൂട്ടത്തിലേക്ക് പോളിയോ വാക്‌സിനും ലോകത്താകമാനമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഓരോ രാജ്യവും പ്രതിരോധ കുത്തിവെപ്പുകളുടെ പട്ടികയിലേക്ക് പോളിയോ വാക്‌സിനെയും ലഭ്യമാക്കി. 

2011 ല്‍ പശ്ചിമ ബംഗാളിലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്ത് ഇതുവരെ വേറെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലാകട്ടെ 2000 ല്‍ മലപ്പുറത്താണ് രോഗം അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും നൈജീരിയയിലുമൊക്കെ പോളിയോ കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിയോ വൈറസുകള്‍ക്ക് രാജ്യാതിര്‍ത്തികള്‍ ബാധകമല്ലല്ലോ. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ കുറച്ചു കാലം കൂടി പള്‍സ് പേളിയോ പദ്ധതി തുടരേണ്ടതുണ്ട്. 2014 മാര്‍ച്ച 27 ന് ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. എങ്കിലും ലോകത്ത് നിന്നും പോളിയോ രോഗത്തിന് കാരണമാകുന്ന വൈല്‍ഡ് വൈറസിനെ പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യുന്നതു വരെ പള്‍സ് പോളിയോ പരിപാടി തുടരേണ്ടതുണ്ട്. 

ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനീഷിയേറ്റീവ്

2005 ഓടെ ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതായിരുന്നു ലക്ഷ്യത്തോടെ 1988 ലാണ് ആഗോള പോളിയോ നിര്‍മ്മാര്‍ജന പരിപാടി(ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനിഷ്യേറ്റീവ്) ആരംഭിച്ചത്. ആ സമയത്ത് ലോകത്താകമാനമായി ഓരോ ദിവസവും ആയിരത്തിലധികം കുട്ടികളാണ് പോളിയോ ബാധിച്ച് തളര്‍ച്ച നേരിട്ടുകൊണ്ടിരുന്നത്. ടൈപ്പ് 1,2,3 എന്നിങ്ങനെയുള്ള മൂന്നുതരം രോഗാണുക്കളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍, ആഗോള പോളിയോ നിര്‍മ്മാര്‍ജന പരിപാടിയെത്തുടര്‍ന്ന് 1999 ന് ശേഷം ലോകത്ത് എവിടെയും ടൈപ്പ് 2 വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് നിര്‍മ്മാര്‍ജനം ചെയ്തതായി 2015 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചു. ടൈപ്പ് 3 വൈറസ് 2012 നവംബറിലാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് നിര്‍മ്മാര്‍ജനം ചെയ്തതായി 2019 ഒക്ടോബറിലും പ്രഖ്യാപിച്ചു. 

പ്രധാന നാഴികക്കല്ലുകള്‍

1931: സര്‍ മക്ഫര്‍ലെയിന്‍ ബര്‍ണറ്റ് (Sir Macfarlane Burnet), ഡെയിം ജീം മക്‌നമാര (Dame Jeam MacNamara) എന്നിവര്‍ ടൈപ്പ് 1,2,3 എന്നീ പോളിയോ വൈറസുകളെ തിരിച്ചറിഞ്ഞു. 

1948: തോമസ് വെല്ലര്‍ (Thomas Weller), ഫ്രെഡറിക് റോബിന്‍സ് (Frederick Robbins) എന്നിവര്‍ ജീവനുള്ള കോശങ്ങളില്‍ പോളിയോ വൈറസുകളെ വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചു. ആറുവര്‍ഷത്തിന് ശേഷം ഈ കണ്ടെത്തലിന് ഇരുവര്‍ക്കും നോബല്‍ പുരസ്‌ക്കാരം ലഭിച്ചു. 

Jonas salk
ഡോ. ജോനാസ് സാല്‍ക്ക് 
Photo: Wikipedia

1955: ഡോ. ജോനാസ് സാല്‍ക്ക് (Dr. Jonas Salk) പോളിയോയ്ക്ക് എതിരായ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചു. കുത്തിവെക്കുന്ന തരത്തിലുള്ള വാക്‌സിനായിരുന്നു അത്. ഇനാക്ടീവേറ്റഡ് (ചത്ത പോളിയോ വൈറസ് അടങ്ങിയ) കുത്തിവെക്കുന്ന പോളിയോ വാക്‌സിന്‍ (ഐ.പി.വി.) ആയിരുന്നു അത്.

1961: ഡോ. ആര്‍ബര്‍ട്ട് സാബിന്‍ (Dr. Albert Sabin) ജീവനുള്ള ഓറല്‍ പോളിയോ വാക്‌സിന്‍ (Live Oral Polio Vaccine) വികസിപ്പിച്ചു. ഇതോടെ ലോകരാജ്യങ്ങള്‍ അവരുടെ ദേശീയ പ്രതിരോധ വാക്‌സിന്‍ പദ്ധതിയില്‍ ഈ വാക്‌സിന്‍ വളരെ പെട്ടെന്ന് ഉള്‍പ്പെടുത്തി. 

1974: ലോകത്തെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന തരത്തില്‍ ഒരു എക്‌സ്പാന്‍ഡഡ് ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം രൂപീകരിക്കുന്നതിനുള്ള പ്രമേയം വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി പാസ്സാക്കി. 

1988: രണ്ടായിരമാണ്ടോടു കൂടി പോളിയോരോഗം ലോകത്തുനിന്ന് നിര്‍മ്മാര്‍ജനം ചെയ്യാനുള്ള പ്രമേയം വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി പാസ്സാക്കി. ഗ്ലോബല്‍ പോളിയോ ഇറാഡിക്കേഷന്‍ ഇനീഷിയേറ്റീവിനും അന്ന് തുടക്കമിട്ടു. 

1991: ലോകാരോഗ്യസംഘടനയുടെ അമേരിക്കന്‍ മേഖലയില്‍ അവസാനമായി പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ പെറുവിലെ ജുനിനില്‍ മൂന്നു വയസ്സുകാരനിലാണ് അവസാനമായി പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 

1994: ലോകാരോഗ്യസംഘടനയുടെ ഭാഗമായ അമേരിക്ക പോളിയോ മുക്തമായതായി പ്രഖ്യാപിച്ചു. 

1996: പോളിയോ വാക്‌സിന്‍ പദ്ധതിക്കായി ആഫ്രിക്കയില്‍ കിക്ക് പോളിയോ ഔട്ട് ഓഫ് ആഫ്രിക്ക എന്ന ക്യാമ്പയിന്‍ നെല്‍സണ്‍ മണ്ഡേല ആരംഭിച്ചു. 

1997: ലോകാരോഗ്യസംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖലയില്‍ നിന്നുള്ള അവസാന പോളിയോ കേസ് കമ്പോഡിയയില്‍ നിന്നുള്ള 15 മാസം പ്രായമുള്ള പെണ്‍കുട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

1998: യൂറോപ്യന്‍ മേഖലയില്‍ അവസാനമായി വൈല്‍ഡ് പോളിയോ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് തുര്‍ക്കിയിലാണ്. വാക്‌സിനെടുക്കാത്ത രണ്ടേ മുക്കാല്‍ വയസ്സുള്ള ആണ്‍കുട്ടിയിലാണ് രോഗം കണ്ടെത്തിയത്.  

albert sabin
ഡോ. ആര്‍ബര്‍ട്ട് സാബിന്‍
Photo: Wikipedia

2000: ലോകാരോഗ്യസംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ഈ മേഖലയിലെ 55 കോടി കുട്ടികള്‍ക്ക് ഓറല്‍ പോളിയോ വാക്‌സിന്‍ ലഭ്യമായി. 

2002: ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖല പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. 

2005: പുതിയ മോണോവാലന്റ് ഓറല്‍ പോളിയോ വാക്‌സിനുകള്‍ (mOPV) ലഭ്യമായി തുടങ്ങി. 

2011: ഇന്ത്യയില്‍ അവസാനത്തെ പോളിയോ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. 

2012: ടൈപ്പ് 3 പോളിയോവൈറസിന്റെ അവസാന കേസ് നവംബറില്‍ നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

2014: ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്ക് ഏഷ്യ പോളിയോ വിമുക്തമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. 


വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. രോഷ്‌നി ഗംഗന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യന്‍
ആസ്റ്റര്‍ മിംസ്, കോഴിക്കോട്

കേരള സംസ്ഥാന ആരോഗ്യവകുപ്പ്
ലോകാരോഗ്യസംഘടന

Content Highlights: pulse polio day, polio virus, polio vaccine