ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചശേഷം പരിപൂര്‍ണമായി അതിനെ തള്ളിപ്പറഞ്ഞ് പിന്നാക്കം നടക്കുകയാണ് പലരും. മനുഷ്യര്‍ തെറ്റിദ്ധാരണകളുടെ വൈറസുകളാകുമ്പോള് വലിയ അപകടത്തിലേക്കാണ് സമൂഹം എത്തുക.
കുഞ്ഞുങ്ങളുടെ ദിവസത്തെക്കുറിച്ച് ഓര്‍ത്തിരിക്കുമ്പോഴാണ് ഒരു കുട്ടി മനസ്സിലേക്ക് കയറിവന്നത്. കഴിഞ്ഞ ആഴ്ച കേട്ട ഒരു വാര്‍ത്തയുടെ രൂപത്തിലാണ് ആ കുട്ടിയെക്കുറിച്ച് അറിഞ്ഞത്. വിവരവും വിദ്യാഭ്യാസവും സമ്പൂര്‍ണ സാക്ഷരതയും ആഘോഷിക്കുന്ന കേരളത്തിലും ഇങ്ങനെ നടക്കുമോയെന്ന് ഒരു ഞെട്ടലോടെ മാത്രം ഓര്‍മിക്കാന്‍ കഴിയുന്ന ഒരു സംഭവം. ന്യൂമോണിയ ബാധിച്ച കുഞ്ഞിന് ശരിയായ ചികിത്സ നല്‍കാതെ പച്ചവെള്ളവും തേനും മാത്രം നല്കി 'ചികിത്സിച്ചത്' കുഞ്ഞിന്റെ മരണത്തിനിടയാക്കി എന്നതായിരുന്നു ആ വാര്‍ത്ത.
സ്വന്തം കുഞ്ഞിന്റെ ദേഹം കളിക്കിടയിലൊന്ന് വീണ് പോറിയാല്‍ ഉരുകുന്ന മനസ്സുള്ള അമ്മയെ കണ്ട് ജീവിക്കുന്നതുകൊണ്ട് എങ്ങനെ ആ കുഞ്ഞിനു ചികിത്സ നിഷേധിക്കാന്‍ കഴിഞ്ഞുവെന്ന ചിന്തയായിരുന്നു മനസ്സില്‍. ഒന്നുകൂടി ആലോചിച്ചപ്പോള്‍ ചിലപ്പോള്‍ അറിവില്ലായ്മയാവാം യഥാര്‍ഥ പ്രതി. ആദ്യം നമുക്ക് ന്യൂമോണിയയെക്കുറിച്ച് അറിയാം. ശ്വാസകോശം എന്താണെന്ന് ചോദിച്ചാല്‍ സ്പോഞ്ചുപോലെയാണ് എന്നാവും ആദ്യ ഉത്തരം അല്ലേ? പിറകെ കയറിവരുന്നത് ആ സ്പോഞ്ച് പിഴിഞ്ഞ് ശരാശരി പുകവലിക്കാരന്റെ ശ്വാസകോശത്തിലെ കറ പുറത്തെടുക്കുന്ന സീനും.
രണ്ട് ശ്വാസകോശങ്ങളാണ് നമുക്കുള്ളത്. അതിന്റെ ഏറ്റവും ചെറിയ ഘടകങ്ങളായി ആല്‍വിയോളൈ എന്ന് വിളിക്കപ്പെടുന്ന ചെറിയ ചെറിയ വായു അറകളുണ്ട്. അവ ഒന്നുചേര്‍ന്ന് മുന്തിരിക്കുലകള്‍ പോലെയാണിരിക്കുക. അവയില്‍ അണുബാധയുണ്ടാകുന്ന അവസ്ഥയില്‍ നീരോ പഴുപ്പോ ഒക്കെ നിറയാം. ഓക്സിജനെ അകത്തേക്കെടുത്ത് കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തുവിടുകയാണ് പ്രാഥമികമായി ശ്വാസകോശം ചെയ്യുന്നത്. ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ കാരണമാണ് ന്യൂമോണിയ ഉണ്ടാവുന്നത്.
വില്ലന്‍ ഏതെങ്കിലും ഒരാളാവില്ല. ബാക്ടീരിയകളും ഫംഗസുകളും വൈറസുകളുമെല്ലാം തരംപോലെ സൗകര്യംപോലെ ന്യൂമോണിയയ്ക്ക് കാരണമാവുന്നുണ്ട്. കടുത്ത പനിയും ചുമയും കുളിരും വിറയലും ഒപ്പം തലവേദനയും ഛര്‍ദിയും വിശപ്പില്ലായ്മയുമെല്ലാം ന്യൂമോണിയയുടെ ലക്ഷണങ്ങളാണ്. ശ്വാസമെടുക്കുമ്പോഴും ചുമയ്ക്കുമ്പൊഴുമെല്ലാം കൂടുന്ന നെഞ്ചുവേദനയും ന്യൂമോണിയയുടെ ലക്ഷണമാവാം.
ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുള്ളവരും പക്ഷാഘാതം (സ്ട്രോക്ക്) സംഭവിച്ചവരും എഴുന്നേല്പിച്ചിരുത്താനാവാതെ കിടത്തി ഭക്ഷണം നല്കുന്ന കിടപ്പുരോഗികളുമെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷണശകലം ശ്വാസകോശത്തിലെത്തി അണുബാധയ്ക്കും ന്യൂമോണിയയ്ക്കും കാരണമാവാം. അതുപോലെ മറ്റ് ശ്വാസകോശരോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ന്യൂമോണിയയ്ക്ക് സാധ്യത കൂടുന്ന വിഭാഗത്തില്‍പ്പെടും. ആറും അറുപതും ഒരുപോലെയാണെന്ന് പറയുന്നതുപോലെ കുട്ടികളിലും വളരെ പ്രായമായവരിലും വരുന്ന ന്യൂമോണിയ പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു.
ചികിത്സയില്ലാത്ത ഒരു രോഗമല്ല ന്യൂമോണിയ എന്നതാണ് ആ കുട്ടിക്ക് സംഭവിച്ച ദുരന്തത്തിന്റെ ആക്കം കൂട്ടുന്നത്. രോഗലക്ഷണങ്ങളാണ് പ്രധാനമായും രോഗനിര്‍ണയത്തിനു സഹായിക്കുന്നത്. ഉറപ്പിക്കാനായി എക്സ്-റേയും ലബോറട്ടറി പരിശോധനകളും സഹായിക്കും. ചികിത്സ രോഗകാരണം അനുസരിച്ചാണ്. ബാക്ടീരിയയാണ് വില്ലനെങ്കില്‍ ആന്റി ബയോട്ടിക് മരുന്നുകള്‍ െവച്ച് അവനെ അടിച്ച് ചുരുട്ടി ചാക്കില്‍ കെട്ടി ശരീരത്തില്‍നിന്ന് പുറംതള്ളും. വൈറസാണെങ്കില്‍ സപ്പോര്‍ട്ടീവ് മരുന്നുകളും രോഗലക്ഷണങ്ങളില്‍നിന്ന് ആശ്വാസം കിട്ടാനുള്ള ചികിത്സയുമാണ് നല്‍കുക. എന്നുെവച്ചാല്‍ ഏതുതരം ന്യൂമോണിയയും കൃത്യമായ സമയത്ത് കണ്ടെത്തി ശരിയായ ചികിത്സ നല്കിയാല് രോഗം ഭേദമാക്കാമെന്ന് ചുരുക്കം. ചികിത്സിച്ചില്ലെങ്കില്‍ നമുക്കറിയാവുന്നതുപോലെ മരണത്തിനു വരെ കാരണമാവുന്നതും.
ശരിയായ ചികിത്സ
എന്താണ് ശരിയായ ചികിത്സ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ന്യൂമോണിയ ഉള്ള രോഗിക്ക് തേനും വെള്ളവും നല്‍കുന്നത് ശരിയായ ചികിത്സ അല്ല എന്ന് പറയുന്നത്? ശരിയായ ചികിത്സ എന്നത് ശാസ്ത്രീയമായ ചികിത്സയാണ്. അനുഭവമാണ് ഒരു ചികിത്സാരീതിയുടെ ഫലപ്രാപ്തിയില്‍ വിശ്വസിക്കാന്‍ കാരണമെന്നത് പറഞ്ഞുകേട്ടിട്ടുണ്ട്. അനുഭവമെന്നത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. നമുക്ക് മുന്‍പ് പറഞ്ഞ ന്യൂമോണിയയിലെ പനിയുടെ കാര്യം തന്നെ എടുക്കാം. ഒറ്റയ്ക്ക് താമസിക്കുന്ന ഒരാള്‍ക്ക് പനിവന്നെന്ന് കരുതുക. അയാള്‍ മടിയും ക്ഷീണവും കാരണം അന്ന് ഒന്നും ചെയ്യാതെ ഒന്നും ഉണ്ടാക്കിക്കഴിക്കാതെ കിടന്നുറങ്ങി. ആ പനി പിറ്റേദിവസമായപ്പോഴേക്ക് മാറുകയും ചെയ്തു. ഉടനെ അയാള്‍ തീരുമാനിക്കുകയാണ്, പനിക്ക് ചികിത്സ പട്ടിണികിടക്കലാണ് എന്ന്. ഇതാണ് അനുഭവംകൊണ്ട് തീരുമാനങ്ങളെടുക്കുന്ന രീതി. പനി ഒരു രോഗലക്ഷണമാണെന്ന് നമുക്കറിയാം. ഗൗരവമേറിയ എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായ പനിയെയാണ് ഇതുപോലെ പട്ടിണികിടന്ന് മാറ്റാന്‍ ശ്രമിക്കുന്നതെങ്കിലോ?
അവിടെയാണ് ശാസ്ത്രത്തിന്റെ രീതികളെ പിന്തുടരേണ്ടതിന്റെ ആവശ്യകത. ഒരു കാര്യം ശാസ്ത്രീയമാവണമെങ്കില് അത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ കഴിയുന്നതും തെളിയിക്കാന്‍ കഴിയുന്നതുമാവണം. പരിപൂര്‍ണമായും തെളിവുകളെ ആശ്രയിച്ചാവണം അത്. ഒരാള്‍ക്ക് കിട്ടിയ പരീക്ഷണഫലം മറ്റൊരാള്‍ക്ക് ആവര്‍ത്തിക്കാനും കഴിയണം. അങ്ങനെ വിവിധ സമയങ്ങളില്‍ വിവിധ കാലങ്ങളില്‍ വിവിധ ആളുകള്‍ നടത്തിയ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ആകത്തുകയാണ് ശാസ്ത്രം.
പട്ടിണി കിടന്നാല്‍ പനി മാറുമോ? ഏതൊക്കെ തരത്തിലുള്ള പനികളാണ് പട്ടിണി കിടന്നാല്‍ മാറുക? പനി വരുമ്പോള്‍ പട്ടിണി കിടക്കുന്നതുകൊണ്ട് ദോഷങ്ങളുണ്ടോ? പട്ടിണിയെക്കാള്‍ നല്ല ചികിത്സ പനിക്കുണ്ടോ? ഇതിനൊന്നും മറുപടി തരാന്‍ പട്ടിണിക്കാര്ക്ക് കഴിയില്ല. മറുപടികള്‍ക്കൊന്നും മുകളില്‍ പറഞ്ഞതുപോലെ തെളിവുകളുടെ പിന്തുണയുമുണ്ടാവില്ല. അത്തരം തെളിവുകളെ മാത്രം ആശ്രയിക്കുന്ന ഒരു ചികിത്സാരീതിയുണ്ട്. ആധുനിക വൈദ്യശാസ്ത്രം. യുക്തിഭദ്രമായ തെളിവുകള്‍ അടിസ്ഥാനമാക്കി, പുതിയ അറിവുകള്‍ കണ്ടെത്തി അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തി, തെറ്റുകള്‍ തിരുത്തി മുന്നേറുന്ന ചികിത്സാരീതി.
പക്ഷേ, ദൗര്‍ഭാഗ്യമെന്ന് പറയട്ടേ, ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചശേഷം പരിപൂര്‍ണമായി അതിനെ തള്ളിപ്പറഞ്ഞ് പിന്നാക്കം നടക്കുകയാണ് പലരും. അതിന്റെ ഫലം അനുഭവിക്കുന്നതോ, നിസ്സഹായരായ നമ്മുടെ കുഞ്ഞുങ്ങളും.
Content Highlights: Pneumonia Symptoms And Causes, Treatments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..