കോവിഡ് സുഖപ്പെട്ടാലും കുറച്ചുദിവസം ചില ശാരീരിക വിഷമതകള്‍ ഉണ്ടാകാം. നാല് ആഴ്ച കഴിഞ്ഞിട്ടും ക്ഷീണം, കിതപ്പ്, ശ്വാസതടസ്സം, ചുമ, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, തളര്‍ച്ച, പേശികള്‍ക്ക് ബലക്കുറവ്, തലകറക്കം, കഴുത്തുവേദന, നടുവേദന, പേശികളില്‍ വേദന, തലവേദന, ശ്രദ്ധക്കുറവ്, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അഥവാ ലോങ് കോവിഡിന്റെ ഭാഗമാകാം.

ആദ്യം വിശദ പരിശോധന

കോവിഡനന്തര ശാരീരിക ബുദ്ധിമുട്ടുകളുള്ളവരില്‍ ഫിസിയോതെറാപ്പിക്കു മുമ്പ് വിശദമായ ഫിസിയോ തെറാപ്പി അസസ്‌മെന്റ് അനിവാര്യമാണ്. അടിസ്ഥാന വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം കോവിഡ്കാല രോഗവിവരങ്ങള്‍, പരിശോധനകള്‍, ചികിത്സാസംബന്ധമായ വിവരങ്ങള്‍, മുമ്പ് ഉണ്ടായിരുന്ന അസുഖങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍, ഇപ്പോഴനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ വിശകലനം ചെയ്യുന്നു.

വിശദമായ ശരീരപരിശോധനയിലൂടെ വ്യക്തിയുടെ ശ്വാസകോശ വികാസം, നെഞ്ചില്‍ കഫത്തിന്റെ സാന്നിധ്യം, ശ്വാസം തിങ്ങല്‍, ശരീരവേദന, തരിപ്പ്, സന്ധിചലനത്തിലും പേശീബലത്തിലും വന്നിട്ടുള്ള മാറ്റങ്ങള്‍, സംവേദനം, ബാലന്‍സ് പ്രശ്നങ്ങള്‍, നടക്കുവാനുള്ള കഴിവ്, ദൈനംദിനചര്യകള്‍ ചെയ്യുന്നതിലെ സ്വയംപര്യാപ്തത തുടങ്ങിയവ മനസ്സിലാക്കുന്നു. വ്യായാമശേഷി വിശകലനം ചെയ്യുന്നതിന് രക്തത്തിലെ ഓക്സിജന്റെ അളവ് പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയുള്ള 6 മിനിറ്റ് നടത്ത പരിശോധന സഹായിക്കുന്നു.

hamstring stretching using theraband
തുടയുടെ പിറകുവശത്തെ ഹാംസ്ട്രിങ് മസില്‍ സ്‌ട്രെച്ച് ചെയ്യാനുള്ള വ്യായാമം.  തെറാബാന്‍ഡ് ഉപയോഗിച്ച് ചിത്രത്തില്‍ കാണുന്ന വിധം കാല്‍ ഉയര്‍ത്തുക. 

ശാരീരികവേദനകള്‍ അകറ്റാന്‍

അസുഖം നിമിത്തമുള്ള കിടപ്പും വിശ്രമവും പ്രവര്‍ത്തനക്കുറവും കാരണം സന്ധി ചലനങ്ങളിലെ പിടിത്തവും പേശികള്‍ ചുരുങ്ങുന്നതും കോവിഡനന്തരമുള്ള ശാരീരികവേദനകള്‍ക്ക് പ്രധാന കാരണമാണ്. സന്ധികളെ അതിന്റെ പൂര്‍ണമായ രീതിയില്‍ ചലിപ്പിക്കുവാന്‍ മൊബിലിറ്റി വ്യായാമങ്ങള്‍ സഹായിക്കുന്നു. പേശികള്‍ക്ക് സംഭവിക്കുന്ന ചുരുങ്ങലുകള്‍ക്കും വലിച്ചിലിനും അവയെ നിവര്‍ത്തുവാന്‍ സഹായിക്കുന്ന സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ സഹായകരമാണ്.

മോഡല്‍: ഹരിപ്രിയ| ഫോട്ടോ: എന്‍.എം. പ്രദീപ്
ചിത്രത്തില്‍ കാണുംവിധം കിടന്നതിന് ശേഷം നടുഭാഗം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക

പേശീബലത്തിന്

പേശികളെ ശക്തിപ്പെടുത്തുന്നതിന് സ്ട്രങ്ത് ട്രെയിനിങ് സഹായിക്കുന്നു. ചെറിയ ഭാരങ്ങള്‍ (വെയ്റ്റ് കഫ് അല്ലെങ്കില്‍ ഡംമ്പല്‍ അരക്കിലോഗ്രാം, ഒരു കിലോഗ്രാം) എന്നിവ ഉപയോഗിച്ചോ തെറാബാന്‍ഡുകള്‍ (ആദ്യം ലോ റെസിസ്റ്റന്‍സ്- മഞ്ഞ, ചുവപ്പ്, പച്ച എന്നിങ്ങനെ കുറഞ്ഞ തടസ്സം പ്രദാനം ചെയ്യുന്നവ) ഉപയോഗിച്ചോ വ്യായാമങ്ങള്‍ തുടങ്ങാം. പേശിബലം വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ഭാരവും (വെയ്റ്റ് കഫ്, ഡംമ്പല്‍ രണ്ട് കിലോഗ്രാം, മൂന്ന് കിലോഗ്രാം, തെറാബാന്‍ഡ് - ഉയര്‍ന്ന തടസ്സം പ്രദാനം ചെയ്യുന്ന നീല, കറുപ്പ് എന്നിവ) ഉപയോഗിക്കാം. ആദ്യം ഓരോ വ്യായാമങ്ങളും പത്ത് എണ്ണം വീതമുള്ള ഒരു സെറ്റും, ക്രമേണ ഓരോ വ്യായാമങ്ങളും പത്ത് എണ്ണം വീതമുള്ള രണ്ട് സെറ്റും ചെയ്യാവുന്നതാണ്.

തോള്‍സന്ധിയുടെ പിറകിലെ പേശികളെ സ്‌ട്രെച്ച് ചെയ്യാനുള്ള വ്യായാമം
തോള്‍സന്ധിയുടെ പിറകിലെ പേശികളെ സ്‌ട്രെച്ച് ചെയ്യാനുള്ള വ്യായാമം. ചിത്രത്തില്‍ കാണുന്ന വിധം ഒരു കൈ കൊണ്ട് മറുകൈയില്‍ പിടിച്ച് പരമാവധി സ്‌ട്രെച്ച് ചെയ്യുക. രണ്ടുവശവും ഇതേപോലെ ആവര്‍ത്തിക്കുക.

ബാലന്‍സ് ട്രെയിനിങ്

ശരീരനിയന്ത്രണത്തെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പലതരത്തില്‍ ഉണ്ട്. പെര്‍ട്ടര്‍ബേഷന്‍ എക്‌സര്‍സൈസ്, അഥവാ ശരീരത്തെ മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും ചലിപ്പിച്ച് കൊണ്ടുള്ള വ്യായാമക്രമങ്ങള്‍, ട്രങ്ക് റൊട്ടേഷന്‍, അഥവാ ശരീരത്തെ ഇരുവശങ്ങളിലേക്കും തിരിച്ചുകൊണ്ട് ചെയ്യുന്ന വ്യായാമക്രമങ്ങള്‍ എന്നിവ സഹായിക്കുന്നു. കണ്ണാടിയുടെ സഹായത്തോടെ ചെയ്യുന്ന നടത്ത പരിശീലന വ്യായാമങ്ങളും ബാലന്‍സ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്രദമാണ്. വ്യക്തിയുടെ കാഴ്ച താത്കാലികമായി മറച്ചുകൊണ്ട് ചെയ്യുന്ന ബാലന്‍സ് വ്യായാമങ്ങളും തെറാപ്പ്യുട്ടിക്ക് ബോള്‍, ബാലന്‍സ് ബോര്‍ഡ് പോലെയുള്ള ചലിക്കുന്ന പ്രതലങ്ങള്‍ക്ക് മുകളില്‍ ചെയ്യുന്ന വ്യായാമങ്ങളും, ചലനസമയത്തെ ബാലന്‍സിനെ (ഡൈനാമിക്ക് ബാലന്‍സ്) മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു.

ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താനുള്ള സൈഡ് ബെന്‍ഡ് വ്യായാമം
ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താനുള്ള സൈഡ് ബെന്‍ഡ് വ്യായാമം. ഒരു കൈ ഉയര്‍ത്തി ഒരു വശത്തേക്ക് പരമാവധി വളയ്ക്കുക. രണ്ട് വശവും ഇതേ പോലെ ചെയ്യണം

ശാരീരികക്ഷമതയ്ക്ക്

ശരീരത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തങ്ങള്‍, ഊര്‍ജനില എന്നിവ മെച്ചപ്പെടുത്തുന്നതിനും ഏയ്‌റോബിക് വ്യായാമങ്ങള്‍ സഹായകരമാണ്. നടത്തം, സൈക്‌ളിങ്, ജോഗിങ്, ട്രെഡ്മില്‍, ഡാന്‍സിങ്, സ്‌കിപ്പിങ്, നീന്തല്‍ എന്നിവ മികച്ച ഏയ്‌റോബിക് വ്യായാമങ്ങളാണ്.

ബാലന്‍സ് ബോര്‍ഡ് ഉപയോഗിച്ച് ബാലന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമം
ബാലന്‍സ് ബോര്‍ഡ് ഉപയോഗിച്ച് ബാലന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള വ്യായാമം

ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയ്ക്കനുസരിച്ച് ശാരീരികക്ഷമത കൈവരിക്കുന്നതിന് തിരഞ്ഞെടുക്കേണ്ട വ്യായാമം, കാഠിന്യം, തരം, തോത്, ദൈര്‍ഘ്യം എന്നിവ നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം വ്യക്തിയുടെ പ്രായത്തിനനുസരിച്ചുള്ള പരമാവധി ഹൃദയനിരക്ക്, ശരീരത്തെ ബാധിച്ചിരിക്കുന്ന വ്യത്യസ്ത അസുഖങ്ങള്‍ക്കോ അവസ്ഥകള്‍ക്കോ അനുസൃതമായി വ്യായാമത്തിലൂടെ എത്തിച്ചേരാവുന്ന ഉയര്‍ന്ന ഹൃദയനിരക്ക് എന്നിവ ശാസ്ത്രീയമായ രീതിയില്‍ കണ്ടെത്തേണ്ടതുണ്ട്.

 

കാല്‍മുട്ടും ഇടുപ്പും മടക്കുന്ന സ്‌ട്രെച്ചിങ് വ്യായാമം
കാല്‍മുട്ടും ഇടുപ്പും മടക്കുന്ന സ്‌ട്രെച്ചിങ് വ്യായാമം. കൈകള്‍ കൊണ്ട് കാല്‍മുട്ടില്‍ പിടിച്ച് പരമാവധി സ്‌ട്രെച്ച് ചെയ്യുക. രണ്ട് കാലും ഇതുപോലെ ചെയ്യുക.

വേണം മനസ്സിനും വ്യായാമം

കോവിഡാനന്തരം തലച്ചോറിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത തലങ്ങളില്‍ ബാധിക്കപ്പെടാം. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ്, ശ്രദ്ധ, ഓര്‍മ എന്നിവയാണ് ഇവയില്‍ പ്രധാനം. ശാരീരികവ്യായാമങ്ങള്‍ മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഉത്കണ്ഠ, വിഷാദം എന്നിവ അകറ്റാനും ശാരീരികവ്യായാമങ്ങള്‍ സഹായിക്കുന്നു. ഇതോടൊപ്പം ബുദ്ധിയും ചിന്തയും ഉപയോഗിച്ച് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വായന, പസിലുകള്‍ക്ക് ഉത്തരം കണ്ടുപിടിക്കല്‍, വേര്‍ഡ്, നമ്പര്‍ ഗെയിമുകള്‍, വിവിധ ഹോബികളിലേര്‍പ്പെടുന്നത് എന്നിവ നല്ലതാണ്.

കാര്യങ്ങള്‍ ഓര്‍മിച്ച് ചെയ്യാന്‍ സ്വയം പ്രാപ്തിനേടുന്നതും (ഉദാഹരണം അലാം സെറ്റ്ചെയ്ത് കാര്യങ്ങള്‍ ഓര്‍മിച്ച് ചെയ്യുന്നത്), ഒരുദിവസത്തെ വ്യത്യസ്ത കാര്യങ്ങള്‍ ചെറിയ നോട്ടുകളായി കുറിച്ച് ഓര്‍ത്ത് ചെയ്യാന്‍ ശ്രമിക്കുന്നത് ഒക്കെ പ്രോത്സാഹിപ്പിക്കാം. ദൈനംദിനപ്രവൃത്തികള്‍ പടിപടിയായി ചെയ്യാന്‍ പരിശീലിപ്പിക്കുന്നതും നല്ലതാണ്. കോവിഡനന്തര ശാരീരികപ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ വ്യായാമങ്ങളും പ്രവര്‍ത്തനനിരതമായ ജീവിതശൈലിയും ശീലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ശ്വസന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍

പൊസിഷനിങ്

ശ്വസന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, ഫിസിയോതെറാപ്പിയുടെ ഭാഗമായി ശാസ്ത്രീയരീതികളില്‍ കിടത്തുകയോ ഇരുത്തുകയോ ചെയ്യുന്നതിനെ പൊസിഷനിങ് എന്ന് പറയുന്നു.

പ്രോണ്‍ പൊസിഷനിങ്: 12-16 മണിക്കൂര്‍ വരെ കമിഴ്ത്തി കിടത്തുന്ന രീതി. ശരീരത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാനും ശ്വസന അധ്വാനം കുറയ്ക്കാനും ഉപകരിക്കുന്നു.

പോസ്ച്ചുറല്‍ ഡ്രെയിനേജ് ആന്‍ഡ് പെര്‍ക്കഷന്‍: നെഞ്ചിനുള്ളിലെ കഫത്തെ ഒഴിവാക്കുന്നതിനുള്ള ഫിസിയോതെറാപ്പി. പ്രത്യേക രീതിയില്‍ കിടത്തുകയോ ഇരുത്തുകയോ ചെയ്ത്, ഭൂഗുരുത്വ ബലവും ചെസ്റ്റിന് മുകളില്‍ നല്‍കുന്ന പ്രത്യേക ചലനങ്ങളും മര്‍ദവും ഉപയോഗപ്പെടുത്തിയാണ് ചെയ്യുന്നത്.

ശ്വസന വ്യായാമങ്ങള്‍

ഡയഫ്രമാറ്റിക്ക് ബ്രീത്തിങ്: മലര്‍ന്നുകിടക്കുക. കാല്‍മുട്ടുകള്‍ക്ക് അടിയില്‍ ഒരു തലയണവയ്ക്കുക. ഇനി വലതുകൈ നെഞ്ചിന് മുകളിലും ഇടതുകൈ വയറിന് മുകളിലും വെയ്ക്കുക. അയഞ്ഞ് കിടന്നുകൊണ്ട് ആദ്യം ഉള്ളിലുള്ള ശ്വാസം വായിലൂടെ ഊതിവിടുക. ഇനി ശ്വാസം മൂക്കിലൂടെ സാവകാശം വലിച്ചെടുക്കുക, ഒപ്പം വയറ് ഭാഗം ബലൂണ്‍പോലെ വീര്‍ക്കാന്‍ അനുവദിക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ തോളിനും, നെഞ്ചിനും ചലനങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഡയഫ്രമാറ്റിക് ബ്രീത്തിങ്‌
ഡയഫ്രമാറ്റിക് ബ്രീത്തിങ്

ശ്വാസം വിടുമ്പോള്‍ കൈകൊണ്ട് വയറിന് മുകളില്‍ മര്‍ദംകൊടുത്തുകൊണ്ട് പുറത്തേക്കുള്ള നിശ്വാസത്തെ സഹായിക്കുക. ഈ വ്യായാമം ദിവസേന 5 മുതല്‍ 6 പ്രാവശ്യം വരെ രണ്ടുനേരം ചെയ്യുക.

പഴ്‌സ്ഡ് ലിപ് ബ്രീത്തിങ് എക്‌സര്‍സൈസ്: നിവര്‍ന്നിരിക്കുക. ശ്വാസം ഒന്ന്, രണ്ട് എന്ന് എണ്ണുന്ന സമയംകൊണ്ട് മൂക്കിലൂടെ ഉള്ളിലേക്ക് വലിച്ചെടുക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്തശേഷം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്ന് എണ്ണുന്ന സമയംകൊണ്ട് ചുണ്ടുകള്‍ ചൂളം വിളിക്കുന്ന ആകൃതിയില്‍ പിടിച്ച് ശ്വാസം സാവകാശം ഊതി വിടുക.

പഴ്‌സ്ഡ് ലിപ് ബ്രീത്തിങ് എക്‌സര്‍സൈസ്‌
പഴ്‌സ്ഡ് ലിപ് ബ്രീത്തിങ് എക്‌സര്‍സൈസ്

ശ്വാസം എടുക്കുന്ന സമയത്തിന്റെ ഇരട്ടി സമയം കൊടുത്ത് സാവകാശമാണ് ശ്വാസം വിടേണ്ടത്. ദിവസേന 5 മുതല്‍ 6 പ്രാവശ്യം വരെ രണ്ട് നേരം ചെയ്യുക.

ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

 1. കോവിഡ് രോഗമുക്തി നേടിയതിനുശേഷം ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും വിശ്രമിച്ചശേഷം മാത്രമേ ഫിറ്റ്‌നസ്സ് വ്യായാമങ്ങള്‍ തുടങ്ങാവൂ. 
 2. വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിലെ ഓക്‌സിജന്‍ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ പരിശോധിച്ച് 95 ശതമാനത്തിന് മുകളിലാണെന്ന് ഉറപ്പുവരുത്തുക.
 3. വളരെ പതിയേ മാത്രം വ്യായാമങ്ങളുടെ കാഠിന്യം വര്‍ധിപ്പിക്കുക. 
 4. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ വര്‍ക്ക്ഔട്ടുകള്‍ ചെയ്യുമ്പോള്‍ ആദ്യഘട്ടത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യായാമവും വിശ്രമവും 1:2 എന്ന അനുപാതത്തില്‍ ക്രമപ്പെടുത്തുന്നത് ഉചിതമായിരിക്കും. 
 5. ആദ്യദിനങ്ങളില്‍ 20-30 മിനിറ്റുകളുടെ ഒരു സെഷനില്‍ തന്നെ വാം അപ്പ്, ബ്രീത്തിങ് എക്‌സര്‍സൈസ്, ജനറല്‍ സ്‌ട്രെച്ചിങ്, ഫിറ്റ്‌നെസ്സ്, സ്‌ട്രെങ്ത് ട്രെയ്‌നിങ്, കൂള്‍ഡൗണ്‍ എക്‌സര്‍സൈസുകള്‍ ഉള്‍പ്പെടുത്താം. 

  Physiotherapy

 6. ഭാരം ഉയര്‍ത്തുക, ബാന്‍ഡ് വലിക്കുക തുടങ്ങിയ വ്യായാമങ്ങള്‍ ആദ്യദിവസങ്ങളില്‍ ചെയ്യരുത്. ബലം പിടിച്ച് ചെയ്യുന്ന വ്യായാമങ്ങള്‍ ഒഴിവാക്കുക. 
 7. കിതപ്പ്, ശ്വാസംമുട്ടല്‍, ക്ഷീണം, തളര്‍ച്ച, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വ്യായാമം ഉടനെ നിര്‍ത്തുക. 
 8. ആസ്ത്മ തുടങ്ങിയ അസുഖമുള്ളവര്‍ 'പഴ്‌സ്ഡ് ലിപ്' ശ്വസനവ്യായാമങ്ങള്‍ സ്ഥിരമാക്കാന്‍ ശ്രമിക്കുക. 
 9. ഉചിതമായ വ്യായാമങ്ങള്‍ക്കായി ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുക. 
 10. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രമേ വ്യായാമങ്ങള്‍ ചെയ്യാവൂ. 

'ഉന്നതി' 

കോവിഡനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഫിസിയോതെറാപ്പി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രോജക്റ്റാണ് 'ഉന്നതി'. കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ്‌സ് കോഡിനേഷന്‍(KAPC) നടപ്പിലാക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പദ്ധതിയാണിത്.

തയ്യാറാക്കിയത്:
റാഷിജ് എം.
ഫിസിയോതെറാപ്പിസ്റ്റ്
ജില്ലാ ആശുപത്രി തിരൂര്‍

ദീപു എസ്. ചന്ദ്രന്‍
ഫിസിയോതെറാപ്പിസ്റ്റ്
ജനറല്‍ ആശുപത്രി മഞ്ചേരി

Content Highlights: Physiotherapy management for Post Covid health problems, Health, Covid19, Physiotherapy

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്