Representative Image| Photo: Canva.com
'പ്രസവത്തിനിടെ യുവതി മരിച്ചു'
പ്രതീക്ഷയോടെ കുഞ്ഞിനായി കാത്തിരിക്കുന്ന കുടുംബങ്ങളെ നിരാശപ്പെടുത്തുന്ന ഇത്തരം വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. പ്രസവമടുക്കുന്നതു വരെയും മറ്റൊരു ശാരീരിക പ്രശ്‌നങ്ങളും ഇല്ലാതിരുന്ന ഗർഭിണികളുടെ മരണത്തിനു പിന്നിലെ കാരണമോർത്ത് ആശങ്കപ്പെടുന്നവരുമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരവസ്ഥയാണ് പെരിപാർട്ടം കാർഡിയോ മയോപ്പതി. ഗർഭകാലത്തിന്റെ അവസാന മാസമോ അതല്ലെങ്കിൽ പ്രസവത്തിന് ശേഷമുള്ള ആദ്യ അഞ്ചു മാസത്തിനുള്ളിലോ ആകാരണമായി ഹൃദയത്തിന്റെ പേശികൾക്കു തളർച്ച സംഭവിക്കുന്ന അസുഖമാണിത്. ഇതുമൂലം ഹൃദയത്തിന് വേണ്ടവിധത്തിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതെവരികയും ഹാർട്ട് ഫെയിലിയർ സംഭവിക്കുകയും ചെയ്യുന്നു. ഇതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന അമ്മമാർക്ക് ഗർഭാവസ്ഥയിൽ ഹൃദയപേശികൾക്ക് തളർച്ച ഉണ്ടാകാൻ സാധ്യതയുള്ള മറ്റെല്ലാ കാരണങ്ങളും പരിശോധിച്ച് പരിഹരിച്ചതിനു ശേഷവും ഹാർട്ട് ഫെയിലിയർ ഉണ്ടാവുകയാണെങ്കിൽ അതിനർഥം ആ രോഗിക്ക് പെരിപാർട്ടം കാർഡിയോ മയോപ്പതി ആകാം എന്നുള്ളതാണ്.
ഹൃദയ അറകൾ വികസിക്കുകയും പേശികൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിന്റെ ഇടതു വെൻട്രിക്കിളിൽനിന്ന് രക്തം പുറംതള്ളുന്നതിന്റെ ശതമാനം കുറയുന്നു. അത് രക്തപ്രവാഹം കുറയുന്നതിന് കാരണമാകുന്നു. ഇത് ശരീരത്തിലെ അവയവങ്ങളിലേക്കുള്ള മതിയായ ഓക്‌സിജൻ ലഭ്യമാക്കാൻ ഹൃദയത്തിന് കഴിയാതെ വരികയും അതുവഴി ശ്വാസകോശത്തെയും കരളിനെയും ശരീരത്തിലെ മറ്റു പ്രവർത്തനങ്ങളെയും ബാധിക്കുകയും ചെയ്യും.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെക്കുകയാണ് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ആയ ഡോ. ജോമി വടശ്ശേരിൽ ജോസ്
Also Read
എപ്പോഴെല്ലാമാണ് ഇത് സംഭവിക്കുന്നത്? ഈ ഘട്ടത്തിൽ അമ്മയുടെ ജീവൻ അപകടത്തിലാകുന്നതിനൊപ്പം കുഞ്ഞിനും പ്രശ്‌നമുണ്ടാകുമോ?
ഇന്ത്യൻ കണക്കുകൾ അനുസരിച്ച് ശരാശരി 1340 ഗർഭിണികളിൽ ഒരാൾക്കെന്ന നിലയ്ക്കാണ് പേരിപ്പാർട്ടം കാർഡിയോമയോപതി സംഭവിക്കുന്നത്. ഗർഭകാലത്ത് ഹൈപ്പർടെൻഷൻ ഉള്ളവരിൽ, അല്ലെങ്കിൽ പ്രീ എക്ലാംസിയ(ബി.പി. കൂടുന്നതിനോടൊപ്പം ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളെയും ഗുരുതരപ്രശ്നങ്ങൾ ബാധിക്കുന്ന അവസ്ഥയാണിത്), സന്നി അഥവാ എക്ലാംസിയ തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഈ അവസ്ഥ സംജാതമാകാം. ഒരു പ്രസവത്തിൽ പെരിപാർട്ടം കാർഡിയോമയോപ്പതി ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത പ്രസവത്തിനും ഇതിനു സാധ്യതയുണ്ട്.
സാധാരണയായി ഗർഭാവസ്ഥയിൽ ഹാർട്ട് ഫെയിലിയർ ഉണ്ടാവുന്നത് വാൽവിന്റെ തകരാറുകൊണ്ടോ ഹൃദയത്തിലുണ്ടാകുന്ന വൈറൽ ഇൻഫെക്ഷൻ(myocarditis) കൊണ്ടോ, ജന്മനാ ഉള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടോ അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ സംബന്ധമായോ രക്തക്കുഴലുകളിലെ പ്രശ്നം കാരണമോ ആണ് സംഭവിക്കുന്നത്. ഇതെല്ലാം ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പേരിപാർട്ടം കാർഡിയോ മയോപതി നിർണയിക്കുക.
അമ്മയ്ക്ക് ഹാർട്ട് ഫെയിലിയർ ഉണ്ടായാൽ അത് കുഞ്ഞിനെയും ബാധിക്കാം. ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞ് ശരീരത്തിലെ അവയവങ്ങളിലേക്ക് രക്തചംക്രമണം കുറഞ്ഞ് ബി.പി. കുറയുന്ന അവസ്ഥയും ഓക്സിജൻ മതിയായ രീതിയിൽ രക്തത്തിൽ അലിഞ്ഞു തീരാത്ത അവസ്ഥയുമൊക്കെ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഘടകങ്ങളാണ്.
പെരിപാർട്ടം കാർഡിയോമയോപ്പതി ആണെന്ന് തിരിച്ചറിയുന്നത് എങ്ങനെ? അതിനുള്ള പരിശോധനകൾ എന്തെല്ലാം?
ക്ലിനിക്കൽ എക്സാമിനേഷൻ, ഇ.സി.ജി, എക്കോ, രക്തപരിശോധന ഒക്കെ തുടങ്ങിയവയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. പരിശോധന നടത്തി ഹൃദയത്തിന്റെ പമ്പിങ് കുറയുന്നതും അതിനു പിന്നിലെ കാരണങ്ങളും കണ്ടുപിടിക്കും. ഹാർട്ട് ഫെയിലിയർ ആണോ എന്ന് നിർണയിക്കാനുള്ള ബിഎൻപി(BNP), എൻടിപ്രോബിയൻപി(NT pro BNP) തുടങ്ങിയ ടെസ്റ്റുകൾ ചെയ്ത് അളവുകൾ വ്യത്യാസം വന്നാൽ രോഗനിർണയം നടത്താം.
ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ
- കിടക്കുമ്പോൾ ശ്വാസംമുട്ടൽ,
- മലർന്നു കിടക്കാൻ കഴിയാതിരിക്കുക,
- ഉറക്കത്തിനിടെ പെട്ടെന്ന് ശ്വാസം മുട്ടി എഴുന്നേൽക്കുക,
- ചുമച്ചു തുപ്പുന്നതിൽ കുറേശ്ശെ രക്തത്തിന്റെ അംശം കാണുക,
- സാധാരണ ഗർഭവസ്ഥയിൽ കാണുന്നതിനേക്കാൾ അമിതമായി കാലുകളിൽ നീര് കാണപ്പെടുക,
- ക്രമാതീതമായ ക്ഷീണവും കിതപ്പും അനുഭവപ്പെടുക എല്ലാം ലക്ഷണങ്ങളാണ്.
സാധാരണ ഹാർട്ട് ഫെയിലിയറിനു നൽകിവരുന്ന ചികിത്സാരീതികൾ തന്നെയാണ് ഇവിടെയും സ്വീകരിക്കുന്നത്. മതിയായ ഓക്സിജൻ നൽകുക, ബി.പി കുറവാണെങ്കിൽ അത് കൂട്ടാനുള്ള മരുന്ന് നൽകുക, ശ്വാസകോശത്തിൽ നീരു വന്നുനിറയുന്നുണ്ടെങ്കിൽ അത് വലിച്ചുകളഞ്ഞ് മൂത്രത്തിലൂടെ ഒഴുക്കിക്കളയാനുള്ള മരുന്നുകൾ , ഹൃദയത്തിന്റെ പമ്പിങ് കൂട്ടാനുള്ള മരുന്ന് തുടങ്ങിയവയാണ പ്രാഥമിക ഘട്ടത്തിൽ നൽകുക. പ്രസവത്തിനു മുമ്പാണ് ഈ അവസ്ഥ ഉണ്ടാകുന്നതെങ്കിൽ സാധാരണ നൽകിപ്പോരുന്ന ചില മരുന്നുകൾ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ നൽകാറില്ല. ഈ അസുഖത്തിന് ഗർഭാവസ്ഥയിൽ കാണുന്ന പ്രൊലാക്റ്റിൻ എന്ന ഹോർമോണുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനാൽ Bromocriptine എന്ന മരുന്നും ചില രോഗികളിൽ നൽകിവരാറുണ്ട്.
ചികിത്സാനന്തര ജീവിതം
പെരിപാർട്ടം കാർഡിയോമയോപ്പതിയുടെ അപകടനില തരണം ചെയ്‌താൽ ചികിത്സയിലൂടെ ഹൃദയത്തിന്റെ പമ്പിങ് അടുത്ത ചില മാസങ്ങൾക്കുള്ളിൽ സാധാരണ നിലയിൽ എത്തുകയാണ് പതിവ്. പക്ഷേ ചിലരിൽ അത് പൂർണമായും സാധാരണനിലയിൽ എത്താതെയും വരാം. ആദ്യഗർഭകാലത്ത് പെരിപാർട്ടം കാർഡിയോമയോപ്പതിയിലൂടെ കടന്നുപോയവർ ആണെങ്കിൽ രണ്ടാമത്തെ ഗർഭധാരണത്തിനു മുമ്പ് കാർഡിയോളജിസ്റ്റിനെ കണ്ട് ഉപദേശം തേടിയിരിക്കണം. ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞുപോയ അവസ്ഥ പരിഹരിച്ച് സാധാരണ നിലയിലേക്ക് എത്തിയതിനു ശേഷം മാത്രമേ രണ്ടാമത്തെ ഗർഭധാരണത്തിലേക്ക് പ്രവേശിക്കാവൂ.
Content Highlights: peripartum cardiomyopathy causes symptoms and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..