ഓട്ടോറിക്ഷയിലും വീട്ടിലെത്തി രോഗിയെ പരിചരിക്കും; ഇത് പട്ടാമ്പിയുടെ സ്വന്തം ജനകീയഡോക്ടർ


വി. ഹരിഗോവിന്ദൻ

പട്ടാമ്പിയില്‍ ഡോ. കെ. രാമന്‍നമ്പീശന്റെ 'കേശവത്ത്' എന്ന വീടിന്റെ പടി കോവിഡ് കാലത്തും തുറന്നുകിടന്നു.

ഡോ. കെ. രാമൻനമ്പീശൻ വീട്ടിലെ ക്ലിനിക്കിൽ

പാലക്കാട്: കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എം.ബി.ബി.എസിന് പഠിക്കുന്ന കാലം. ബേപ്പൂരില്‍ കോളറ പടര്‍ന്നുപിടിച്ചു. അന്നത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ ഇടപെടലുകളുമെല്ലാം മനസ്സിലുണ്ടായിരുന്നു. അന്നേ മനസ്സില്‍ കുറിച്ചിട്ടു, ചികിത്സയില്‍ രോഗിയാണ് പ്രധാനം. ആ ഓര്‍മ ഇപ്പോഴുമുള്ളതുകൊണ്ട് പട്ടാമ്പിയില്‍ ഡോ. കെ. രാമന്‍നമ്പീശന്റെ 'കേശവത്ത്' എന്ന വീടിന്റെ പടി കോവിഡ് കാലത്തും തുറന്നുകിടന്നു. ബെല്ലടിക്കുന്നവര്‍ക്കായി ക്ലിനിക്കിന്റെ വാതില്‍തുറന്നു. 54 വര്‍ഷമായി നമ്പീശന്‍ഡോക്ടറുടെ ഈ പതിവുകള്‍ക്കൊന്നും മാറ്റമില്ല. രാവിലെയും വൈകീട്ടും ക്ലിനിക്കില്‍ ഡോക്ടറുണ്ടാവും.

''ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍പറ്റാത്ത രോഗികളുണ്ടാവും. രോഗിയുടെ ബന്ധുക്കള്‍ക്ക് ചെറിയസഹായം ഡോക്ടര്‍മാരില്‍നിന്ന് കിട്ടിയാല്‍ വലിയ ആശ്വാസമായിരിക്കും...''- നമ്പീശന്‍ഡോക്ടര്‍ പറയുന്നു. കോവിഡ് കാലത്തിന് മുമ്പുവരെ സ്‌കൂട്ടറിന്റെയോ ബൈക്കിന്റെയോ പിന്നിലിരുന്ന് ഡോക്ടര്‍ വീടുകളിലെത്തി. ഇപ്പോള്‍ ഇരുചക്ര വാഹനത്തിന്റെ പിന്നിലിരിക്കാന്‍ ചെറിയ പേടിയുണ്ട്. അതുകൊണ്ട് ഓട്ടോറിക്ഷ കൊണ്ടുവന്നാലും പോവും. സ്‌പെഷ്യാലിറ്റികളുടെ കാലത്ത് പട്ടാമ്പിയുടെ ജനകീയഡോക്ടറാണ് നമ്പീശന്‍ഡോക്ടറെന്ന ഡോ. കെ. രാമന്‍നമ്പീശന്‍.1945-ല്‍ ചാലിശ്ശേരി പെരുമണ്ണൂരിലാണ് ജനനം. 1967-ല്‍ എം.ബി.ബി.എസ്. പാസായി. 1968-ല്‍ മെഡിക്കല്‍കോളേജില്‍ത്തന്നെ ട്യൂട്ടറായി. അക്കാലത്ത് ഉപരിപഠന സൗകര്യം തിരുവനന്തപുരം ഉള്‍പ്പെടെ ഏതാനും സ്ഥലങ്ങളിലേ ഉള്ളൂ. പഠനംകഴിഞ്ഞ് സമ്പാദിച്ചുതുടങ്ങേണ്ടത് അത്യാവശ്യമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോയാല്‍ ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ പ്രാക്ടീസ് കിട്ടുമെന്ന് പലരും പറഞ്ഞുകേട്ടാണ് അങ്ങോട്ടുമാറുന്നത്.

കണ്ണൂര്‍ജില്ലയിലെ ചക്കരക്കല്ല്, പിണറായി, ഗുരുവായൂര്‍ കിഴക്കേനടയിലെ ഡിസ്‌പെന്‍സറി, പാണ്ടിക്കാട്, ചാലിശ്ശേരി, പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിലെല്ലാം ജോലിയെടുത്തു. പാലക്കാട് ഡി.എം.ഒ. ആയും സേവനമനുഷ്ഠിച്ചു. 2000-ത്തില്‍ എറണാകുളംജില്ലാ മെഡിക്കല്‍ ഓഫീസറായാണ് വിരമിച്ചത്. ഓങ്ങല്ലൂര്‍ പി.എച്ച്.സി.യില്‍ ജോലിയെടുക്കുമ്പോഴാണ് പട്ടാമ്പിയില്‍ സ്ഥലംവാങ്ങി പട്ടാമ്പിക്കാരനാവുന്നത്. 22 വര്‍ഷമായി പട്ടാമ്പിയിലുണ്ട്.

കവിതപൂത്ത കാലം

പെരുമണ്ണൂരില്‍ വേണാട്ടുമനയുടെ വക എസ്.ആര്‍.വി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വി.ആര്‍. രാമന്‍നമ്പൂതിരിയെന്ന നമ്പൂതിരിമാഷും ഇ.പി. നീലകണ്ഠന്‍മാഷും കുട്ടികളെ ഓട്ടന്‍തുള്ളല്‍ കവിതകളൊക്കെ ചൊല്ലിച്ചിരുന്നു. കുട്ടിയായിരുന്ന രാമനും തുള്ളല്‍ കവിതകളൊക്കെ പഠിച്ചുചൊല്ലി. യു.പി. ക്ലാസില്‍ സിറിയന്‍ ക്രിസ്ത്യന്‍ സ്‌കൂളിലെത്തിയപ്പോള്‍ മലയാളംപഠിപ്പിച്ച ജനാര്‍ദനന്‍ നായരും നീലകണ്ഠന്‍നമ്പൂതിരിയും കവിതക്കമ്പത്തിന് തുടക്കമിട്ടു. കുമാരനാശാന്റെ ലീല, നളിനി, ചണ്ഡാലഭിക്ഷുകി തുടങ്ങിയവയെല്ലാം അക്കാലത്താണ് പഠിച്ചത്.

ചാലിശ്ശേരി ഗവ. ഹൈസ്‌കൂളിലെത്തുമ്പോഴേക്കും ആ സ്ഥാനം വി.കെ. അശോകന്‍, പരമേശ്വര അയ്യര്‍ എന്നീ അധ്യാപകര്‍ ഏറ്റെടുത്തു.

പി.യു.സി. പഠനത്തിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജിലെത്തിയപ്പോള്‍ പ്രഗല്ഭരായ സൂര്യനാരായണ എഴുത്തച്ഛനും ആര്‍.രാമചന്ദ്രനുമായിരുന്നു അധ്യാപകര്‍. ആറാംക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠിപ്പിച്ച ഇട്ടി അന്നം ടീച്ചറും ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച ബഷീര്‍ അഹമ്മദ് മാഷും ഇംഗ്ലീഷ് കവിതകളുടെ ലോകത്തും എത്തിച്ചു. കഥകളിയോടായിരുന്നു പിന്നീട് കമ്പം.

വിരമിച്ചശേഷമാണ് ചെറുകവിതകള്‍ കുറിച്ചുതുടങ്ങിയത്. ആദ്യമാദ്യം ഇവ സാമൂഹികമാധ്യമത്തില്‍ ഇട്ടു. ഇതുവരെ അക്ഷരശ്ലോകം ചൊല്ലലില്‍ പങ്കെടുത്തിട്ടില്ലെങ്കിലും അത്തരത്തിലാണ് രചനകള്‍. ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരിയും കുണ്ടൂര്‍ക്കുന്ന് ഹൈസ്‌കൂളിലെ അധ്യാപകന്‍ അത്തിപ്പറ്റ രവിയുമൊക്കെ അപ്പപ്പോള്‍ ഡോക്ടറുടെ കൃതികള്‍ പരിശോധിച്ചു. കവിതയെഴുത്ത് കുറേക്കൂടി സന്തോഷമായി ജീവിതത്തെ മുന്നോട്ടുനയിക്കുന്നു എന്നുമാത്രമാണ് എഴുത്തിനെക്കുറിച്ച് ചോദിച്ചാല്‍ പറയുക.

അക്ഷരശ്ലോകസാഗരം, ചെങ്ങന്നൂര്‍ സ്‌തോത്രങ്ങള്‍ എന്നീ കൃതികള്‍ ഇതിനകം പുസ്തകങ്ങളായി. ഭാര്യ സുമതി, മക്കള്‍ ലണ്ടനില്‍ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റായ അപര്‍ണ, കംപ്യൂട്ടര്‍ എന്‍ജിനിയറായ ഭാരതി എന്നവരടങ്ങുന്നതാണ് കുടുംബം.

Content Highlights: dr k ramannambeesan, patients friendly doctor from pattambi palakkad, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented