കൊറോണയുടെ ലക്ഷണങ്ങളിലൊന്നായി പ്രധാനമായും പറയുന്നത് ഗന്ധമറിയാനുള്ള കഴിവും രുചിയും നഷ്ടമാകുന്നതാണ്. എന്നാല്‍ രോഗം ഭേദമായി മാസങ്ങളോ ആഴ്ചകളോ കൊണ്ട് കഴിവ് തിരിച്ചു കിട്ടുകയും ചെയ്യും. പക്ഷേ പണ്ട് നിങ്ങള്‍ ആസ്വദിച്ചിരുന്ന പല മണങ്ങളും ഇപ്പോള്‍ നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ അത് പരോസ്മിയ എന്ന അവസ്ഥയാവാം എന്ന് വിദഗ്ധര്‍.

ലോകത്ത് 47 ശതമാനം പേരിലും കോവിഡ് ബാധയ്ക്ക് ശേഷം രുചിയും മണവും അറിയുന്നതില്‍ കാര്യമായ മാറ്റങ്ങള്‍ വന്നതായാണ് പുതിയ പഠനങ്ങള്‍. അതില്‍ പകുതിയിലധികവും പരോസ്മിയ ബാധയുടെ റിപ്പോര്‍ട്ടുകളാണ്. അതായത് നല്ല പനിനീര്‍ പൂവിന്റെ ഗന്ധം മാലിന്യകൂമ്പാരത്തിന്റെ ഗന്ധം പോലെ തോന്നുമെന്നാണ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ സ്‌മെല്‍ ആന്‍ഡ് ടേസ്റ്റ് സെന്റര്‍ ഡയറക്ടറായ ഡോ. റിച്ചാര്‍ഡ് ഡോട്ടി പറയുന്നത്. 

ഇത്തരത്തില്‍ ഗന്ധങ്ങളെ തിരിച്ചറിയാനാവാത്ത അവസ്ഥ ആളുകളുടെ നിത്യജീവിതത്തെ ഭീകരമായി ബാധിക്കുന്നതായും അദ്ദേഹം പഠനത്തില്‍ പറയുന്നുണ്ട്. പക്ഷേ പേടിക്കേണ്ട എന്നാണ് ഡോ.റിച്ചാര്‍ഡിന്റെ കണ്ടെത്തല്‍. മാസങ്ങള്‍ കൊണ്ട് ഈ അവസ്ഥയില്‍ നിന്ന കരകയറുന്നവരാണ് ഏറെയും. 

ആളുകളുടെ ഒത്തു ചേരല്‍, പ്രിയപ്പെട്ടവരുമായുള്ള നിമിഷങ്ങള്‍ എന്നിവയെല്ലാം ഇത്തരം അവസ്ഥയിലുള്ളവരെ ബാധിക്കും എന്ന് ഇംഗ്ലണ്ടിലെ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ. ഡ്യൂക്ക ബര്‍ഗെസ് പറയുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം, പ്രിയപ്പെട്ട ഷാംപൂ, പെര്‍ഫ്യൂം... ഇവയുടെ എല്ലാം ഗന്ധം ഒറ്റ ദിവസം കൊണ്ട് വെറുക്കപ്പെട്ട ഗന്ധങ്ങളായി മാറിയാലോ, ഇതാണ് പരോസ്മിയ അവസ്ഥയിലുള്ളവര്‍ക്ക് സംഭവിക്കുന്നത്. ഇവര്‍ക്ക് സ്വന്തം ശരീരഗന്ധം പോലും അസഹനീയമാകുന്നതായാണ് പഠനങ്ങളെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇംഗ്ലണ്ടിലും മറ്റും ഇത്തരം ആളുകള്‍ക്കായി തുടങ്ങിയ സപ്പോര്‍ട്ട് ഗ്രൂപ്പുകളില്‍ പതിനായിരകണക്കിന് ആളുകളാണ് ഇപ്പോള്‍ അംഗങ്ങളാകുന്നത്. സൗത്ത് അമേരിക്ക, സെന്‍ഡ്രല്‍ ഏഷ്യ, സൗത്ത് ആഫ്രിക്ക, ഇന്ത്യ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം ഇത്തരത്തില്‍ ഗന്ധം തിരിച്ചറിയാന്‍ കഴിയാത്ത നിരവധിപ്പേര്‍ ഇങ്ങനെ സപ്പോര്‍ട്ട് ഗ്രൂപ്പുകളെ തേടി എത്തുന്നുണ്ട്.

Content Highlights: parosmia, sense of smell distorted since recovering from Covid