Representative Image | Photo: Gettyimages.in
ചികിത്സിച്ച് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കാത്ത അസുഖമാണ് പാര്‍ക്കിന്‍സണ്‍സ് എന്ന ധാരണ പൊതുവായുണ്ട്. ഇത്തരം ഒരു ധാരണ മനസ്സിലുണ്ടായിക്കഴിഞ്ഞാല് പാര്‍ക്കിന്‍സണ്‍സ് ബാധിതരായ വ്യക്തികള്‍ സ്വാഭാവികമായും ശക്തമായ മാനസിക സമ്മര്‍ദ്ദത്തിന് വഴിപ്പെടാറുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായതിനെ തുടര്‍ന്നുള്ള ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഒരു വശത്തും അനുബന്ധമായ മാനസിക സമ്മര്‍ദ്ദം മറുവശത്തുമാകുമ്പോള്‍ രോഗികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി മാറുകയും ചെയ്യുന്നു. ഗൗരവതരമായ ഈ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ 'പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരുടെ മാനസിക ആരോഗ്യം' എന്ന വിഷയം പ്രധാന മുദ്രാവാക്യമായി സ്വീകരിക്കാനിടയായത്.
വിവിധ തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ അനുഭവിക്കാറുണ്ട്. ഇത്തരം അവസ്ഥകളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും പൊതുസമൂഹത്തില്‍ ആവശ്യമായ അറിവും ബോധവത്കരണവും വ്യാപകമാക്കപ്പെടുകയും വേണം.
എന്താണ് പാര്‍ക്കിന്‍സണ്‍സ്?
തലച്ചോറിലെ സുപ്രധാനമായ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് പാര്‍ക്കിന്‍സണ്‍സ് എന്ന രോഗാവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്കാണ് പ്രധാനമായും ഇത്തരത്തില്‍ നാശം സംഭവിക്കുന്നത്. ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ അത്രകണ്ട് പ്രകടമാക്കപ്പെടാറില്ല. എന്നാല്‍ എഴുപത് ശതമാനത്തോളം നാശം സംഭവിച്ച് തുടങ്ങുമ്പോഴേക്കും ശക്തമായ രീതിയില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാക്കപ്പെടാം.
വിവിധ തരത്തിലുള്ള ലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ കാണപ്പെടാറുണ്ട്. വിറയല്‍, ചലനശേഷിയിലെ കുറവ്, പെട്ടെന്നുള്ള ഉറക്കം, ദീര്‍ഘനേരമുള്ള ഉറക്കം, വിഷാദരോഗികളെ പോലെയുള്ള പെരുമാറ്റം, പ്രതികരണശേഷിയിലെ കുറവ്, മന്ദത തുടങ്ങിയ അനേകം ലക്ഷണങ്ങള്‍ പാര്‍ക്കിന്‍സണ്‍സിനുണ്ട്. രോഗത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നതിനനുസരിച്ച് രോഗിയുടെ സ്വാഭാവികമായ പ്രതികരണശേഷം ഇല്ലാതാവുക, വിറയല്‍ കൂടുതല്‍ ശക്തമാവുക, മുഖചലനങ്ങളില്‍ നിര്‍വ്വികാരത പ്രകടമാവുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയവ സംഭവിക്കും.
രോഗനിര്‍ണയം
പൊതുവായ ചില രോഗലക്ഷണങ്ങള്‍ വിശകലനം ചെയ്ത് തന്നെ സാധാരണഗതിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗനിര്‍ണ്ണയം നടത്തുവാന്‍ വിദഗ്ദ്ധനായ ന്യൂറോളജിസ്റ്റിന് സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ സ്പെക്ട് സി.ടി. (SPECT CT), ഡാറ്റ് സ്കാന്‍ (DaT Scan) മുതലായവ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. പ്രാഥമിക വിശകലനങ്ങളിലൂടെ രോഗനിര്‍ണ്ണയം നടത്താന്‍ സാധിക്കാതെ വരുന്ന ഘട്ടങ്ങളില്‍ മാത്രമേ ഇത്തരം രീതികള്‍ സ്വീകരിക്കേണ്ടതായി വരാറുള്ളൂ. അതുപോലെ തന്നെ രോഗത്തിന് കാരണമായ ഘടകങ്ങളെ തിരിച്ചറിയാന്‍ ചില രക്തപരിശോധനകളും ആവശ്യമായി വരാറുണ്ട്. തലച്ചോറിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കേണ്ടി വരികയാണെങ്കില്‍ ചിലപ്പോള്‍ എം.ആര്.ഐ., പെറ്റ് സ്കാന്‍ മുതലായ ഇമേജിങ്ങ് പരിശോധനകളും നടത്താറുണ്ട്.
ചികിത്സ
പാര്‍ക്കിന്‍സണ്‍സ് രോഗം ചികിത്സയിലൂടെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്ന ഒന്നാണ്. പ്രധാനമായും മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് അനുവര്‍ത്തിക്കാറുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ, ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (DBS) മുതലായ ചികിത്സാ രീതികളും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ഡോപമിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വിദഗ്ദ്ധനായ ന്യൂറോളജിസ്റ്റിനെ സന്ദര്‍ശിച്ച് കൃത്യമായ രോഗവിവരങ്ങളും രോഗിയുടെ അവസ്ഥകളും സാഹചര്യങ്ങളും രോഗത്തിന്റെ അവസ്ഥയുമെല്ലാം പരിഗണിച്ചാണ് ചികിത്സ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
ജീവിതശൈലിയിലെ മാറ്റങ്ങളും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പ് വരുത്തല്‍ ഇതില്‍ പ്രധാനപ്പെട്ടതാണ്. ന്യൂട്രീഷ്യനുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, കൂടുതല്‍ നാരുള്ള ഭക്ഷണം, ധാരാളം അളവില്‍ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പേശികളുടെ ആരോഗ്യവും ശക്തിയും, ചലനാത്മകതയും ശരിയായി നിലനിര്‍ത്തുന്നതിനാവശ്യമായ വ്യായാമകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വിദഗ്ദ്ധനായ ഡോക്ടറുടേയും, ഫിസിയോതെറാപ്പിസ്റ്റിന്റെയും മേല്‍നോട്ടവും നിര്‍ദ്ദേശവും ഇതിനാവശ്യമാണ്.
ദൈനംദിന പ്രവര്‍ത്തികള്‍ രോഗി പരമാവധി സ്വയം നിര്‍വ്വഹിക്കുവാന്‍ ശ്രമിക്കണം. വസ്ത്രധാരണം, ഭക്ഷണം കഴിക്കല്‍, കുളി, എഴുത്ത് മുതലായവ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതര്‍ക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്ന കാര്യങ്ങളാണ്. ഒരു ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിന്റെ സേവനം ഇതിന് തേടാവുന്നതാണ്. യോഗ, തായ്-ചി, മസ്സാജിങ്ങ്, ധ്യാനം മുതലായവും ഗുണം ചെയ്യും.
രോഗിയുടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതും, ഈ വര്‍ഷത്തെ ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തിന്റെ മുദ്രാവാക്യവും രോഗബാധിതരായവരിലെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുക എന്നതാണ്. രോഗിയുടെ പൊതുവായ അവസ്ഥതന്നെ നിര്ജ്ജീവതയായതിനാല് മാനസികമായുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരായവരെ പരിചരിക്കുന്നവരും ബന്ധുക്കളും സുഹൃത്തുക്കളും ഈ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.
ഉത്കണ്ഠയും നിരാശയുമാണ് പാ൪ക്കിന്സണ്സ് ബാധിതരെ അലട്ടുന്ന പ്രധാന മാനസിക ബുദ്ധിമുട്ടുകള്‍. അസുഖബാധിതരായവരില് 50 ശതമാനത്തോളം പേര്‍ക്കും ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ടാല്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്ടറുടെ കൂടി നിര്‍ദ്ദേശം അനുസരിച്ച് ഉചിതമായ രീതിയില്‍ മാനസികാരോഗ്യത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ നടത്തണം. രോഗിയെ ചികിത്സിക്കുന്നവരാണ് ഇതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടത്. രോഗിയുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യവും ഉറപ്പ് വരുത്തണം. ഒരിക്കലും പരിചരിക്കുന്നവര്‍ക്ക് നിരാശവരുവാനോ, ദേഷ്യം, വെറുപ്പ് മുതലായ വികാരങ്ങള്‍ രോഗിയോട് പ്രകടിപ്പിക്കുവാനോ പാടില്ല. സ്വാഭാവികമായ നിരാശ ബാധിച്ചവര്‍ക്ക് ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ ദോഷകരമായി മാറുകയേ ഉള്ളൂ.
പാര്‍ക്കിന്‍സണ്‍സ് രോഗം ചിലപ്പോള്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിച്ചു എന്ന് വരില്ല, എന്നാല്‍ അത് ദൈനംദിന ജീവിതത്തെ കൂടുതല്‍ ദുഷ്കരമാക്കാത്ത രീതിയില്‍ കൈകാര്യം ചെയ്യുവാനുള്ള ചികിത്സാരീതികള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ് എന്ന് ഓര്‍മ്മിക്കുക, അത്തരം സൗകര്യങ്ങള്‍ രോഗിക്ക് ലഭ്യമാക്കുവാന്‍ പരമാവധി പരിശ്രമിക്കുക എന്നീ കാര്യങ്ങളാണ് ഈ ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ നമുക്ക് നിര്‍വഹിക്കാനുള്ളത്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസയൻസസ് ചെയർമാൻ ആണ് ലേഖകൻ)
Content Highlights: Parkinson's Diseases is not a untreated illness, Health, World Parkinson's Day 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..