പാർക്കിൻസൺസ് രോഗം; അപകടസാധ്യതകൾ തിരിച്ചറിയാം


ഡോ. അഷ്റഫ് വി.വി.

മസ്തിഷ്കത്തിന്റെ തകരാറിനുകാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം

Representative Image | Photo: Gettyimages.in

നുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് മസ്തിഷ്കം. ചിന്ത, ഓർമ്മ, ന്യൂറൽ ട്രാൻസ്മിഷൻ തുടങ്ങി അനവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് മസ്തിഷ്കമാണ്. അതുകൊണ്ടുതന്നെ ഈ അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലനാവസ്ഥയിൽ വലിയ പങ്കാണ് വഹിക്കുന്നത്. മസ്തിഷ്കത്തിന്റെ തകരാറിനുകാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം.

ഇംഗ്ലീഷുകാരനായ ഡോ. ജെയിംസ് പാർക്കിൻസൺസ് (1755-1824) ആണ് 1817- ൽ ആദ്യമായി “വിറയൽ വാതത്തെപ്പറ്റി ഒരുപന്യാസം” എന്നപേരിൽ ആറ് “വിറയൽ രോഗി”കളെ പഠിച്ച് വൈദ്യലോകത്തിന് ഈ രോഗം ഔപചാരികമായി പരിചയപ്പെടുത്തിയത്. പിൽക്കാലത്ത് ന്യൂറോളജിയുടെ സ്ഥാപകനായ ഷോൺ മാർതെൻ ഷാർക്കു ആണ് ഈ രോഗത്തിന് 1877-ൽ "മാലഡീ ദെ പാർക്കിൻസൺ” (പാർക്കിൻസണിന്റെ രോഗം) എന്ന് പേരിട്ട് വിളിച്ചത്.

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആൽഫാ സിന്യൂക്ലിൻ (a.Synuclein) എന്ന് പേരുള്ള ഒരുതരം ”ല്യൂവി ബോഡികൾ” (Lewy bodies) അടിയുന്നതിനെതുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലന രോഗമാണ് പാർക്കിൻസൺസ് രോഗം.

സങ്കീർണതകൾ

ഉറക്കമില്ലായ്‌മ, വിഷാദരോഗം, ഉത്കണ്ഠ, ആഹാരം ഇറക്കുവാനുള്ള ബുദ്ധിമുട്ട്, ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളിൽ അസാധാരണമാം വിധം ദൃഢമായി കാണപ്പെടുക (Rigidity), ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞു വരിക (Bradykinesia) എന്നിവയാണ് പാർക്കിൻസൺസ് രോഗത്തിന്റെ കാതലായ ലക്ഷണങ്ങൾ. നൈഗ്രോ സ്ട്രയേറ്റൽ പാത (Nigro-striatal pathway) എന്നറിയപ്പെടുന്ന മസ്തിഷ്ക നാഡീ പാതയിലെ കോശ സന്ധികളിൽ (Synapses) ഡോപ്പമിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ അളവ് കുറയുന്നതുമൂലമാണ് മുഖ്യമായും ഈ ചലന പ്രശ്നങ്ങൾ രോഗിയിൽ ഉണ്ടാകുന്നത്. മെഡുല്ല ഒബ്ലാംഗേറ്റ, മണം അറിയാൻ സഹായിക്കുന്ന ഒൾഫാക്ടറി ബഡ്സ് എന്നിവിടങ്ങളിൽ ല്യൂവി ബോഡികൾ അടിഞ്ഞു തുടങ്ങുന്ന ഘട്ടത്തിൽ ആരംഭിക്കുന്ന പാർക്കിൻസൺസ് രോഗം കാലക്രമേണ മിഡ് ബ്രെയിൻ, സബ്സ്റ്റാൻഷ്യ നൈഗ്ര എന്നിവിടങ്ങളിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും പടരുന്നു. ഇങ്ങനെ നാലാം ഘട്ടത്തിലെത്തുമ്പോൾ വ്യാപകമായ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. പാർക്കിൻസൺസ് രോഗി 5-6 എന്നീ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾക്ക് പൂർണമായും കീഴ്പ്പെടുന്നു.

പാർക്കിൻസൺസ് രോഗത്തിന്റെ യഥാർഥ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും, പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ പ്രതികരണങ്ങൾ ആവാം പാർക്കിൻസൺസിന് കാരണമായ ജൈവരാസതല മാറ്റങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് നിലവിലെ നിഗമനം. എന്നാൽ പാർക്കിൻസൺസ് രോഗത്തിന്റെ അടിസ്ഥാനമായ കോശാപചയത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള ഒട്ടനവധി ജനിതക വ്യതിയാനങ്ങൾ (Mutations) തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം അഞ്ച് ശതമാനം പാർക്കിൻസൺസ് രോഗം ജനിതകമായി പകർന്ന് കിട്ടുന്നതാണ്. പത്തിലധികം ജനിതകസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.

രോഗകാരണങ്ങൾ

രക്തബന്ധമുള്ളവരിൽ രോഗമുണ്ടായിരിക്കുക, കീടനാശിനികളുമായോ കളനാശിനികളുമായോ സമ്പർക്കം, ഹൈഡ്രോകാർബൺ ലായനികളുമായുള്ള സമ്പർക്കം, മസ്തിഷ്കത്തിന് ക്ഷതമുണ്ടാവുക തുടങ്ങി പലതും ഉയർന്ന പാർക്കിൻസൺസ് രോഗസാധ്യതയുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. എം.പി.ടി.പി. (മെഥൈൽ ഫീനൈൽ ടെട്രാഹൈഡ്രോ പൈറിഡിൻ) എന്ന മയക്കുമരുന്ന്, കാർബൺ മോണോക്സൈഡ് വാതകം, മാംഗനീസ് ലോഹം, സയനൈഡ് തുടങ്ങിയവകൊണ്ട് വിഷബാധ (toxicity) സംഭവിക്കുന്നവരിലും പാർക്കിൻസൺസ് രോഗസാധ്യത കൂടുതലാണ്. ഛർദ്ദി തടയാനോ വിഷാദരോഗം, ചിത്തഭ്രമം തുടങ്ങിയ മനോരോഗങ്ങൾ ചികിത്സിക്കാനോ ഉപയോഗിക്കുന്ന മരുന്നുകളും പാർക്കിൻസൺസ് രോഗത്തിന് കാരണമായേക്കാം.

പാർക്കിൻസൺസ് രോഗം 35 -85 വയസ്സുവരെ ഉള്ളവരിൽ കാണപ്പെടാമെങ്കിലും ശരാശരി 50-കളിൽ ആണ് രോഗം നിർണയിക്കപ്പെടുന്നത്. ജനിതക പാർക്കിൻസൺസ് രോഗം വരുന്ന വിഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ കാണുന്ന പ്രായം താരതമ്യേന കുറവാണ്. കുട്ടിക്കാലം മുതലെ ലക്ഷണങ്ങൾ കാണപ്പെടുന്ന അപൂർവ്വ പാർക്കിൻസൺസ് രോഗമാണ് ശൈശവ പാർക്കിൻസൺസ് (Juvenile Parkinson’s Diseaese). സാധാരണഗതിയിൽ പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ 10 മുതൽ 25 വർഷങ്ങളോളമാണ് രോഗിയുടെ ആയുർദൈർഘ്യം. ഇളംപ്രായത്തിൽ പാർക്കിൻസൺസ് പിടിപ്പെടുന്നവർ കൂടുതൽകാലം രോഗവുമായി ജീവിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗനിർണയവും ചികിത്സയും

പാർക്കിസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾക്ക് അടിസ്ഥാനപരമായ കാരണം ചില മസ്തിഷ്ക ഭാഗങ്ങളിൽ ഡോപ്പമിൻ കുറയുന്നതാണ്, എന്നതിനാൽ ഈ രോഗത്തിന്റെ ചികിത്സയിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കപ്പെടുന്നതും ഡോപ്പമിനെ പൂർവ്വനിലയിൽ എത്തിക്കാനുള്ള മരുന്നുകളാണ്. ഡോപ്പമിന്റെ തന്നെ വിവിധ വകഭേദങ്ങൾ മരുന്നുകളായി നൽകാറുണ്ട്. മസ്തിഷ്ക കോശസന്ധികളിൽ ഡോപ്പമിൻ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിൻ സ്വീകരണികളെ മറ്റ് വിധങ്ങളിൽ ഉത്തേജിപ്പിക്കുന്ന മരുന്നുകളും പാർക്കിൻസൺസ് രോഗചികിത്സയിൽ ഉപയോഗിക്കപ്പെടുന്നു. മസ്തിഷ്കത്തിലെ ഡോപ്പമിൻ നിർമ്മാണത്തെ ത്വരിതപ്പെടുത്തുവാൻ നേരിട്ട് തലച്ചോറിന്റെ ഭാഗങ്ങളെ ചെറു വൈദ്യുത സ്ഫുലിംഗങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കുന്ന ചികിത്സ രീതിയായ ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation) പലയിടത്തും ഇപ്പോൾ വ്യാപകമാണ്. ഡോപ്പമിൻ നിർമാണത്തിലേർപ്പെടുന്ന കോശങ്ങൾ നശിച്ചു പോകുന്നത് പൂർവ്വസ്ഥിതിയിൽ എത്തിക്കുന്നതിനായി ഡോപ്പമീനർജിക്, നാഡീകോശങ്ങളെ വളർത്തുന്ന “വിത്തുകോശ ചികിത്സയും” പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിലാണ്.

പാർക്കിൻസൺസ് ബാധിച്ച ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. അതിനാൽത്തന്നെ, ക്ഷമയോടെയുള്ള പരിചരണമാണ് ആവശ്യം. സൈക്യാട്രിസ്റ്, സൈക്കോതെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ഒക്യൂപേഷണൽ തെറാപ്പി തുടങ്ങിയവയുടെ സംയോജിതമായ ചികിത്സാരീതിയാണ് വേണ്ടത്. രോഗവുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ഉടനെത്തന്നെ വൈദ്യസഹായം തേടണം. അതുവഴി നിരവധി സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കും.

(കോഴിക്കോട് മേയ്ത്ര ഹോസ്‌പിറ്റലിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ന്യൂറോസയൻസസിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റാണ് ലേഖകൻ)

Content Highlights: Parkinson's disease Symptoms and causes, Health, Parkinson's Day 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

Most Commented