വൈറസ് എന്ന സൂക്ഷ്മാണുവിനുമുന്നിൽ മുട്ടുമടക്കി മനുഷ്യകുലം എന്നേക്കുമായി ഇല്ലാതാകുമോ?


ജോസഫ്‌ ജോൺ

സാംക്രമികരോഗങ്ങൾക്ക് മനുഷ്യന്റെ പരിണാമത്തിൽ പങ്കുണ്ട് എന്ന ആശയം ആദ്യമായി മുന്നോട്ടുെവച്ചത് ജെ.ബി.എസ്. ഹാൾഡൺ ആയിരുന്നു

Representative Image | Photo: Gettyimages.in

നുഷ്യന്റെ പൂർവികർ ഒരുസമയത്ത് പ്രകൃതിയാൽ തിരഞ്ഞെടുക്കപ്പെട്ടവരോ അല്ലെങ്കിൽ ഭേദമാക്കപ്പെട്ടവരോ ആണ്. ഈ പ്രക്രിയയ്ക്ക് നിർണായകസംഭാവന നൽകിയവരാണ് വൈറസുകൾ! സാംക്രമികരോഗങ്ങൾക്ക് മനുഷ്യനെയും അവന്റെ പ്രതിരോധത്തെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആരംഭംവരെയും മനുഷ്യന്റെ ആയുർദൈർഘ്യം 20 മുതൽ 25 വയസ്സുവരെമാത്രമായി നിലനിന്നു. തുടർന്ന് അണുക്കളാണ് രോഗം ഉണ്ടാക്കുന്നതെന്ന റോബർട്ട് കൊച്ചിന്റെ (1843-1910) കണ്ടെത്തൽമുതൽ ലൂയി പാസ്ചർ (പാസ്‌ചുറൈസേഷൻ) തുടങ്ങി എഡ്‌വേഡ്‌ ജെന്നർ (വാക്സിൻ), അലക്സാണ്ടർ ഫ്ലെമിങ് (ആന്റിബയോട്ടിക്സ്‌) എന്നിവരുടെ കണ്ടെത്തലുകളിലൂടെ രോഗാണുക്കളെയും അവയുടെ വളർച്ചയും നിയന്ത്രണരീതികളും മനുഷ്യർ മനസ്സിലാക്കി. ഇപ്പോഴും ആ മനസ്സിലാക്കൽ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നു. സാംക്രമികരോഗങ്ങൾക്ക് മനുഷ്യന്റെ പരിണാമത്തിൽ പങ്കുണ്ട് എന്ന ആശയം ആദ്യമായി ­മുന്നോട്ടുെവച്ചത് ജെ.ബി.എസ്. ഹാൾഡൺ (1964) ആയിരുന്നു.

മനുഷ്യനെ ഏറ്റവും കൂടുതൽ കാലം കുഴക്കിയ രോഗം മലേറിയയായിരിക്കണം. ആഫ്രിക്കൻ വൻകരയിൽ ഇന്നും മലേറിയ നിലനിൽക്കുന്നു. എങ്കിലും മലേറിയയെ അതിജീവിക്കാൻ മനുഷ്യരിൽ ചിലർക്ക് സാധിച്ചു. ഹീമോഗ്ളോബിനിൽ വന്ന ഉത്‌പരിവർത്തനങ്ങൾ കാരണം മനുഷ്യർ അതിജീവിക്കുകതന്നെ ചെയ്തു. ക്ഷയരോഗത്തിന് മനുഷ്യപൂർവികരുമായി ഏകദേശം അഞ്ചുലക്ഷം വർഷത്തെ പരിചയമുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യകോശങ്ങളിലെ പല സംവേദനസ്വീകാരികളും ക്ഷയരോഗമുണ്ടാക്കുന്ന ബാക്ടീരിയയോട്‌ പെട്ടെന്നുതന്നെ പ്രതികരിക്കുന്നവയും പ്രതിരോധസംവിധാനങ്ങളെ വേഗത്തിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നവയുമാണ്. മനുഷ്യചരിത്രത്തിൽ സംഭവിച്ചിട്ടുള്ള അനേകം മഹാമാരികൾ പ്ലേഗ് (ബി.സി. 430 മുതൽ), മഞ്ഞപ്പനി (1793), ഫ്ളൂ (1790), വസൂരി (1870-1874 ) സ്പാനിഷ് ഫ്ലൂ (1918-1920) പോളിയോ (1916), എയ്ഡ്‌സ്‌ (1981), എബോള (2014-2019), സാർസ് (2003), മെർസ് (2012) മനുഷ്യരുടെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ മഹാമാരികളെല്ലാം സൂക്ഷ്മാണുക്കളാൽ ഉണ്ടായവയാണെന്നും അവയിൽത്തന്നെ പലതിനും പ്രോട്ടോ സോവൻസ്‌ ബാക്ടീരിയകൾ തുടങ്ങി വൈറസുകൾവരെയാണ് കാരണമെന്നും മനസ്സിലാക്കാം. എങ്കിലും, മഹാമാരികളെയെല്ലാം മനുഷ്യൻ അതിജീവിച്ചു.

മനുഷ്യപരിണാമത്തിൽ വൈറസിനുള്ള പങ്ക്

മനുഷ്യജനിതകഘടനയുടെ 45 ശതമാനത്തിലധികവും എന്റോജീനസ്‌ റിട്രോ വൈറസുകൾ അല്ലെങ്കിൽ ഇതിനോട് സാമ്യമുള്ള റിട്രോ എലമെന്റ്‌സുകൾ ആണെന്നാണ് പഠനം പറയുന്നത്‌. ഇത് കൂടിക്കലർന്ന രീതിയിൽ ജനിതകഘടനയിൽ ഉൾച്ചേർന്നിരിക്കുന്നു. എലികളിലെയും ജനിതകഘടന സൂചിപ്പിക്കുന്നത് വൈറസ് ജനിതകം അവയിലും അധികമുണ്ടെന്നാണ്. അതായത്, വൈറസുകൾ കോശങ്ങൾക്കുള്ളിൽ കടന്നുകൊണ്ട് ജനിതകഘടനയെ മാറ്റാൻ ശ്രമിക്കുന്ന ജീവികളായതിനാൽ പരിണാമപ്രക്രിയയെ വേഗത്തിലാക്കുന്നു. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ, പരിണാമമെന്ന പ്രക്രിയ കരുതപ്പെടുന്നതുപോലെ കോശത്തിനുപുറത്തുള്ള സമ്മർദങ്ങൾകൊണ്ട് മാത്രമല്ല. കോശത്തിനുള്ളിൽ വിശേഷിച്ചും ജനിതകഘടനയിൽത്തന്നെ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട്‌ വൈറസുകൾ ചെയ്യുന്ന പ്രവൃത്തികൾക്ക് വലിയ പ്രാധാന്യമുണ്ടെന്നുവരുന്നു.

ഉദാഹരണത്തിന് സിൻകൈറ്റിന് ജീനുകൾ റിട്രോ വൈറസുകൾ സംഭാവനചെയ്തതാണ്. സസ്തനികളുടെ ഗർഭത്തെ പൊതിഞ്ഞിരിക്കുന്നതൊലിയുടെ രൂപവത്‌കരണത്തിന് സഹായകമാകുന്ന ഈ ജീനുകൾ, മനുഷ്യഭ്രൂണം നമ്മുടെതന്നെ പ്രതിരോധവ്യവസ്ഥ തള്ളിക്കളയാതെ സംരക്ഷിക്കുന്നതിനുംകൂടി ഉപകരിക്കുന്നു. ചിമ്പാൻസിയുടെ ശരീരത്തിൽനിന്ന്‌ മനുഷ്യനെ വ്യത്യസ്തനാക്കുന്ന 30 ശതമാനത്തിലധികം പ്രോട്ടീനുകളും സംഭാവനചെയ്തിരിക്കുന്നത് വൈറസുകളാണ്. ഇതിനെല്ലാം പുറമേ മനുഷ്യന്റെ പ്രതിരോധവ്യവസ്ഥ ഉണ്ടായിവന്നതിൽ വൈറസുകൾക്ക് നിർണായകപങ്കുണ്ട്‌. ചില പ്രത്യേക എൻസൈമുകൾ ഉത്‌പാദിപ്പിക്കാൻ ആവശ്യമായ ജീനുകളുടെ 70 ശതമാനവും വൈറസുകളുടെ സംഭാവനയാണ്. ഏകദേശം 550 മില്യൺ വർഷംമുമ്പായിരിക്കണം ഇത്തരത്തിൽ വൈറസ്‌ ജനിതകഘടന മനുഷ്യന്റെ ജനിതകഘടനയിലേക്ക്‌ ഉൾച്ചേർന്നിട്ടുണ്ടാവുക. മനുഷ്യർ അതതുകാലഘട്ടങ്ങളെ അതിജീവിച്ചുവന്നതിൽ ഇത്തരത്തിലുള്ള ജീവിവർഗങ്ങൾ തമ്മിലുള്ള ജീൻ കൈമാറ്റങ്ങൾക്ക്‌ വലിയ പങ്കുണ്ട്. ഒരുപക്ഷേ, 550 മില്യൺ വർഷംമുമ്പേതന്നെ ഇത്തരത്തിലുള്ള ജീൻ കൈമാറ്റങ്ങൾ നടന്നിട്ടുണ്ടാവാം. എന്നിരുന്നാലും, അവയിൽ പലതും ഉത്‌പരിവർത്തനങ്ങൾകൊണ്ട് ഇല്ലാതായിക്കാണും.

മനുഷ്യശരീരത്തിന് വിറ്റാമിൻ സി നിർമിക്കാനാവില്ല. മനുഷ്യനുമാത്രമല്ല ആൾക്കുരങ്ങുഗണത്തിൽവരുന്ന (കുരങ്ങുകൾ, ചിമ്പാൻസി, ഗൊറില്ല) ഒന്നിനും വിറ്റാമിൻ സി ശരീരത്തിൽ സ്വന്തമായി നിർമിക്കാനാവില്ല. ഇതിനുകാരണം, വൈറസറുകൾ മനുഷ്യന്റെ ജനിതകഘടനയിൽ വരുത്തിയിരുക്കുന്ന ഉത്‌പരിവർത്തനങ്ങളാണ്. വിറ്റാമിൻ സിയുടെ ഉത്‌പാദനത്തിന്റെ അവസാനഘട്ടത്തിൽ ആവശ്യമായ ഒരു എൻസൈം ഉണ്ടാക്കുന്നതിൽനിന്ന്‌ മനുഷ്യശരീരത്തെ തടഞ്ഞുകൊണ്ട് വിറ്റാമിൻ സി നിർമാണം അസാധ്യമാക്കിയിരിക്കുന്നു. അതിനാൽ മനുഷ്യശരീരത്തിലുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ശരീരത്തിന് കഴിയുന്നില്ല. ഇത് കാൻസർപോലുള്ള രോഗങ്ങളുണ്ടാകുന്നതിന് കാരണമാകും. മറ്റൊരർഥത്തിൽ, പ്രകൃതിയുടെ സ്വാഭാവികമായ നിർധാരണത്തിന് മനുഷ്യനെ പൂർണമായും വിട്ടുകൊടുത്തുകൊണ്ട് പരിണാമത്തെ കൂടുതൽ അനുവദിക്കുകയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.

വൈറസുകളും പ്രതിരോധവ്യവസ്ഥയും

കോവിഡ്‌പോലുള്ള മഹാമാരികളെ പ്രതിരോധിക്കാൻ പ്രാപ്തിയുണ്ടോ മനുഷ്യന്‌? അല്ലെങ്കിൽ വൈറസ് എന്ന സൂക്ഷ്മാണുവിനുമുന്നിൽ മുട്ടുമടക്കി മനുഷ്യകുലം എന്നേക്കുമായി ഇല്ലാതാകുമോ? സൂക്ഷ്മാണുക്കളായതിനാലും ജനിതകഘടന വളരെ ചെറുതായതിനാലും മനുഷ്യരെ അപേക്ഷിച്ച്‌ ഏറെ സവിശേഷതകളുണ്ട്‌ വൈറസറുകൾക്ക്‌- വേഗത്തിലുള്ള ഉത്‌പരിവർത്തനങ്ങൾ, അതിവേഗമുള്ള വളർച്ചനിരക്ക്, ദിവസങ്ങൾക്കുള്ളിൽത്തന്നെ ലക്ഷക്കണക്കിന് എന്നതോതിൽ വർധിക്കാനുള്ള കഴിവ്, ഒരു ജീവിയിൽനിന്ന്‌ അതിവേഗത്തിൽ മറ്റൊന്നിലേക്കെത്താനുള്ള കഴിവ് എന്നിങ്ങനെ. ഇതിൽ ഏറ്റവും പ്രധാനം ഉത്‌പരിവർത്തനങ്ങൾക്കുള്ള ശേഷിയാണ്. വിശേഷിച്ചും കൊറോണപോലുള്ള ആർ.എൻ.എ. വൈറസുകൾക്ക് ഉത്‌പരിവർത്തനങ്ങൾ വളരെ വേഗത്തിൽ സംഭവിക്കും.

മനുഷ്യന്റെ പ്രതിരോധവ്യവസ്ഥ പൂർണതയുള്ള ഒന്നാണെങ്കിലും (Innate Immuntiy, Specific immuntiy) അതിലെ ഏറ്റവും വലിയ പരിമിതി പുതിയ രോഗാണുക്കൾക്കെതിരേ പ്രതിരോധമാർജിക്കാനെടുക്കുന്ന സമയമാണ്. ഒരു സമയം കഴിയുമ്പോൾ എല്ലാ അണുക്കൾക്കെതിരേയും മനുഷ്യർ പ്രതിരോധശേഷിയാർജിക്കും. മനുഷ്യനെന്ന പുതിയ ആതിഥേയനോട് (host) പൊരുത്തപ്പെടാൻ (Adaptation) വൈറസുകളെടുക്കുന്ന സമയം ഓരോകാലത്തും പ്രധാനപ്പെട്ട ഒന്നാണ്. പക്ഷേ, ആ സമയത്തിനുള്ളിൽ വലിയൊരളവ് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സൂക്ഷ്മാണുക്കളിൽ അടിക്കടിയുണ്ടാവുന്ന ഉത്‌പരിവർത്തനങ്ങൾ ചെറുതല്ലാത്ത വെല്ലുവിളിയാണ്. വാക്സിനുകൾ ഉണ്ടാക്കാനുള്ള സാധ്യതകളെപ്പോലും ഇത്‌ പ്രതിസന്ധിയിലാക്കുന്നു.

എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ- സി.എ.ബി.സി.യിലെ ശാസ്ത്രജ്ഞനാണ് ലേഖകൻ

Content Highlights: pandemic vs epidemic, antibiotics for virus, viral diseases

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


England vs India 5th Test Birmingham day 1

2 min

സെഞ്ചുറിയുമായി പന്ത്, നിലയുറപ്പിച്ച് ജഡേജ, ആദ്യദിനം ഇന്ത്യയ്ക്ക് സ്വന്തം

Jul 1, 2022

Most Commented