പള്ളുരുത്തി (കൊച്ചി): അവിശ്വസനീയമാണ് രാജീവിന്റെ ജീവിതം. കരിഞ്ഞുപോയെന്ന് കരുതിയ ചില്ലകൾ, തളിർത്തുപൂത്ത് ഒടുവിൽ പൂമരമായി മാറിയതുപോലെയാണത്. ആറുമാസം തികച്ച് ഈ മനുഷ്യൻ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയത് 21 വർഷം മുമ്പാണ്. എന്നാൽ പാലിയേറ്റീവ് പ്രവർത്തകർ രാജീവിന്റെ ജീവിതം തിരിച്ചുകൊണ്ടുവന്നു. അതേ പാലിയേറ്റീവ് പ്രവർത്തനവുമായി കേരളം മുഴുവൻ സഞ്ചരിക്കുകയാണ് രാജീവിപ്പോൾ.

21 വർഷം മുമ്പ് മുപ്പതാം വയസ്സിൽ മരത്തടി കയറ്റി വന്ന വാഹനം രാജീവിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. തലയും രണ്ടു കൈകളും മാത്രം പുറത്ത്. ബാക്കിയൊക്കെ വണ്ടിയുടെ അടിയിൽ. ആശുപത്രിയിലെത്തുമ്പോൾ, നെഞ്ചിന് താഴെ സ്പർശനശേഷി പോലുമില്ല. ഇപ്പോഴും നെഞ്ചിനുതാഴെ എന്ത് സംഭിച്ചാലും രാജീവ് അറിയുന്നില്ല. ഇതിനിടയിൽ പല ശസ്ത്രക്രിയകൾ. രണ്ടുവർഷം പൂർണമായും കട്ടിലിൽത്തന്നെ കിടന്നു. ആ സമയത്താണ് പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന ചിലർ രാജീവിനെ കാണാനെത്തിയത്. ‘എനിക്ക് ജീവിച്ചേ പററൂ. അതിന് കട്ടിലിൽനിന്ന് എഴുന്നേൽക്കാതെ മാർഗമില്ല’. ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് രാജീവ് പറയുന്നതിങ്ങനെയാണ്. ആദ്യം കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. പിന്നെ വീൽചെയറിലേക്ക് സ്വയം മാറാൻ പഠിച്ചു. മൂത്രം ഒഴിക്കുന്നതിനുള്ള കുഴൽ സ്വയം ശരീരത്തിൽ ഘടിപ്പിക്കാൻ പഠിച്ചു. പാലിയേറ്റീവ് പ്രവർത്തകർ അതിനൊക്കെ സഹായിച്ചു. എല്ലാത്തിനും പിന്തുണയുമായി നിഴലുപോലെ അമ്മ കൂടെ നിന്നു.

ഇന്ന് രാജീവ് സംസ്ഥാനത്തെതന്നെ ഏറ്റവും തിരക്കുള്ള പാലിയേറ്റീവ് പ്രവർത്തകനാണ്. തണൽ പാലിയേററീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റിയുടെ എറണാകുളം ജില്ലാ സെക്രട്ടറി, കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോതമംഗലം പീസ് വാലിയുടെ വൈസ് ചെയർമാൻ ഇങ്ങനെ ഒട്ടേറെ സ്ഥാനങ്ങളിൽ രാജീവുണ്ട്.

നടന്നുകയറിയ കനൽവഴികളെക്കുറിച്ച് രാജീവ് സംസാരിക്കുമ്പോൾ, ഏതൊരു കിടപ്പുരോഗിയും അറിയാതെ എഴുന്നേറ്റുപോകും. നാടിന്റെ പല ഭാഗത്തുനിന്നും രാജീവിന്റെ ഫോണിലേക്ക് വിളികൾ വരുന്നു. ചലനമില്ലാത്ത ശരീരം ഒരു പ്രശ്മല്ലെന്ന് രാജീവ് പറയുന്നു.

Content highlights: palliative care person rajeev, paliative care day