ഒരു നിയോഗം പോലെ പാലിയേറ്റീവ് കെയറിന്റെ പടിവാതില്‍ക്കലെത്തിയതാണ് ഷീലാറാണി. നഴ്‌സിങ്ങ് പഠനം കഴിഞ്ഞപ്പോള്‍ കിട്ടിയ ജോലിയായിരുന്നു  ഇവര്‍ക്ക് സാന്ത്വന പരിചരണം. രോഗിയെക്കൂടാതെ കുടുംബവും ചികിത്സയുടെ ഭാഗമാകുന്നുവെന്നതാണ് പാലിയേറ്റീവ് കെയറിലെ ചികിത്സാരീതിയുടെ പ്രാധാന്യം.ഷീലാറാണിയെപ്പോലെ നിരവധിപ്പേര്‍ സാന്ത്വന പരിചരണം ജീവിതചര്യയാക്കി മാറ്റിയിട്ടുണ്ട്.

മാറാരോഗികളെയും കിടപ്പുരോഗികളെയും പരിചരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന സന്ദേശം നല്‍കാനാണ് ജനുവരി 15ന് പാലിയേറ്റീവ് കെയര്‍ ഡേ ആചരിക്കുന്നത്. ശമ്പളമായിക്കിട്ടിയ 3000 രൂപയേക്കാള്‍ താന്‍ സ്‌നേഹസ്പര്‍ശത്താല്‍ പരിചരിച്ച അശരണരായ രോഗികളുടെ കണ്ണീരില്‍ക്കുതിര്‍ന്ന നന്ദിവാക്കുകളെ നെഞ്ചോടു ചേര്‍ക്കുകയാണ് ഷീലാറാണി ഈ ദിനത്തില്‍

പാലിയേറ്റീവ് പരിചരണത്തില്‍ 2015 ല്‍ കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കിടങ്ങൂരിലെ പാലിയേറ്റീവ് പരിചരണ പദ്ധതിയിലെ അംഗമാണ് ഇവര്‍.  പഞ്ചായത്തിന്റെയും കൂടല്ലൂര്‍ കമ്യൂണിറ്റി ഹെല്ത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഗൃഹകേന്ദ്രീകരണ പരിചരണത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്.

palliative care day

കിടപ്പിലായ രോഗികളെ പരിചരിക്കുന്നത് മാത്രമാണോ സാന്ത്വന പരിചരണം? അങ്ങനെ നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റിപ്പോയി. രോഗിയുടെ കുടുംബത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതും പരിചരിക്കുന്നവരെ സഹായിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ദൈവികമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിട്ട് മനസ്സിന് സമാധാനം നല്‍കുകയെന്നതും സാന്ത്വന പരിചരണത്തിന്റെ ഭാഗമാണ്. ഷീലാറാണി ഏറ്റെടുത്ത ദൗത്യത്തില്‍ നമുക്ക് മറക്കാന്‍ കഴിയാത്ത മറ്റൊരു സംഗതി കൂടിയുണ്ട്. മരണം കാത്തുകിടക്കുന്ന രോഗികളെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടത്തി മരണത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയില്‍ നിന്നൊരു മോചനം കൂടി ഇവര്‍ ലക്ഷ്യം വെക്കുന്നു. അവസാന സമയത്ത് സ്വന്തം വീട്ടില്‍ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ മരിക്കാനുള്ള അവസരമാണ് സാന്ത്വന പരിചരണത്തിലൂടെ നല്‍കുന്നത്. 

palliative care

'ഈ തൊഴില്‍ ഏറ്റെടുത്ത ശേഷം പരിശീലനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ പലവീടുകളിലുമുള്ള രോഗികളെ കാണാന്‍ പോകേണ്ടി വന്നു. തിരിച്ച് വീട്ടിലെത്തിയാല്‍ രാത്രി ഉറങ്ങാനേ കഴിയാത്ത അവസ്ഥയായിരുന്നു. ഞാന്‍ ആണ് ഈ കിടക്കുന്ന രോഗിയെങ്കില്‍ എന്നെ ആരു പരിചരിക്കുമെന്ന തോന്നല്‍ എന്നെ വല്ലാതെ പിടിച്ചുലച്ചു. പല വീടുകളിലും തളര്‍ന്നു കിടക്കുന്ന  അമ്മമാരും ഉറ്റവരുമെല്ലാം തൊടാന്‍ പോലും അറയ്ക്കുന്ന സാഹചര്യത്തില്‍ മൂത്രത്തിലും വിസര്‍ജ്ജ്യത്തിലും കിടന്നു നിരങ്ങുന്ന കാഴ്ച അതിദയനീയമായിരുന്നു. വീട്ടിലുള്ളവര്‍ക്ക് അവരെ പരിചരിക്കാനും കഴുകി വൃത്തിയാക്കാനും തോന്നാത്ത അവസ്ഥ എന്തൊരു കഷ്ടമാണ്! മാസ്‌ക് ധരിക്കാതെ തന്നെ അവരുടെ മുറിയില്‍ കയറി ഞങ്ങള്‍ വ്യത്തിയാക്കുകയായിരുന്നു. ' ഷീലാറാണി ഓര്‍ത്തെടുക്കുന്നു. 

palliative care

അരയ്ക്ക് താഴോട്ട് തളര്‍ന്ന രോഗികള്‍ യഥാര്‍ത്ഥത്തില്‍ രോഗികളല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഷീലാറാണി. ഒന്നു തെന്നിവീണാല്‍ ആരും ഈ അവസ്ഥയിലെത്താം. ഇവരുടെ ദയനീയമായ അവസ്ഥ മനസ്സിലാക്കാന്‍ ഷീലാറാണിയും സുഹൃത്തുക്കളും അരയ്ക്കു താഴെ തളര്‍ന്ന രോഗികളുടെ സംഗമം തന്നെ നടത്തുകയുണ്ടായി. ആരോഗ്യ വകുപ്പ് അധികൃതരെയും  ജനപ്രതിനിധികളെയും ഈ സംഗമത്തില്‍ ഉള്‍പ്പെടുത്തി. തങ്ങളുടെ പഞ്ചായത്തില്‍  ഇത്രയും രോഗികളുണ്ടെന്ന യാഥാര്‍ത്ഥ്യം ജനപ്രതിനിധികള്‍ മനസ്സിലാക്കിയതും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ നല്‍കാന്‍ തുനിഞ്ഞിറങ്ങിയതും അപ്പോഴാണ്. 

അനുഭവങ്ങളിലൂടെയൊരു യാത്ര

palliative care

'ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഒരു അമ്മ ഇരുട്ടുമുറിയില്‍ കിടക്കുകയാണ്. രണ്ട് ആണ്‍മക്കളാണ് അവര്‍ക്ക്. അവരെ വളര്‍ത്തിയത് ഈ അമ്മ തന്നെയാണ്. ഭര്‍ത്താവ് മരിച്ചുപോകുകയും ചെയ്തു. ആണ്‍മക്കള്‍ രണ്ടുപേരും അമ്മ കിടക്കുന്ന മുറിയിലേക്ക് കയറാറില്ല. വെറുതെ ഒന്ന് വീട്ടില്‍ കയറി പ്രഷര്‍ പരിശോധിക്കാമെന്ന് കരുതിയ ഞങ്ങള്‍ ആ അമ്മയുടെ ദേഹത്ത് നിന്ന് പുതപ്പ് മാറ്റിയപ്പോള്‍ ഞെട്ടിപ്പോയി. ദേഹമാസകലം വിസര്‍ജ്ജനം ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്നു. കട്ടില്‍ മുഴുവന്‍ പുഴുവരിച്ചുകിടക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ ആ അമ്മയെ കുളിപ്പിച്ച് മറ്റൊരു കട്ടിലിലേക്ക് മാറ്റിക്കിടത്തി. നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു.  ആ ഒരു അനുഭവത്തിനു ശേഷം ഒരു രോഗിയെപ്പോലും  അടുത്ത് ചെന്ന് വിശദമായി പരിശോധിക്കാതെ ഒഴിവാക്കരുതെന്ന് ബോദ്ധ്യമായി. 

മറ്റൊരിക്കല്‍ കിടങ്ങൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധി ഞങ്ങളെ വിളിച്ചു പറഞ്ഞതു പ്രകാരം വഴിയരികില്‍ കിടക്കുന്ന ധര്‍മക്കാരനായ ഒരു വൃദ്ധനെ കാണാന്‍ ഞങ്ങള്‍ ചെന്നു. ചെന്നു നോക്കിയപ്പോള്‍ വഴിയരികില്‍ സകല വൃത്തികേടുകളും ശരീരത്തില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന ഒരു മനുഷ്യന്‍. ദുര്‍ഗന്ധം കാരണം ആരും അടുക്കുന്നില്ല. ഞങ്ങള്‍ അടുത്ത വീട്ടില്‍ച്ചെന്ന് സോപ്പ് വാങ്ങിക്കൊണ്ടു വന്നു. അയാളെ കുളിപ്പിച്ച് മാന്യമായി വസ്ത്രങ്ങളും ധരിപ്പിച്ചു.'

42 വര്‍ഷമായി നിലത്തിഴയുന്ന രോഗി

ഒരു വീട്ടില്‍ 42 വര്‍ഷമായി നിലത്തിഴയുന്ന രോഗിയെ ഞങ്ങള്‍ കാണാനിടയായി. അയാളുടെ ഫോട്ടോ ഞങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആ പടം കണ്ട പലരും സഹായഹസ്തവുമായി മുന്നോട്ടുവന്നു. ആ രോഗി ഇഴയാന്‍ ഉപയോഗിച്ചിരുന്ന  പലകക്കട്ടില്‍ പഴയതും  പ്രാണികള്‍ പറ്റിപ്പിടിച്ചതുമായിരുന്നു. അതിനു പകരം പുതിയൊരു കട്ടില്‍ ഒരാള്‍ വാങ്ങിക്കൊടുത്തു. സോഷ്യല്‍ മീഡിയയും രോഗികള്‍ക്ക് വേണ്ടി വളരെ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നുണ്ടെന്നതിന് തെളിവാണിത്. 

ഒരു രൂപ പോലും രോഗികളില്‍ നിന്ന് പ്രതിഫലം പറ്റാതെയാണ് ഷീലാറാണി സാന്ത്വന പരിചരണവുമായി രോഗികള്‍ക്കിടയിലെത്തുന്നത്. പഞ്ചായത്ത് തലത്തില്‍ വലിയൊരു തുക പാലിയേറ്റീവ് കെയറിന്റെ നടത്തിപ്പിനായി അനുവദിച്ചാല്‍ വന്‍തോതില്‍ അഴിമതിക്ക് കാരണമാകുമെന്ന് ഷീല  പറയുന്നു. മരിക്കാന്‍ പോകുന്ന രോഗിയുടെ പ്രാര്‍ത്ഥനയേക്കാള്‍ വലുതായൊന്നുമില്ലെന്ന് ഷീലാറാണിയെപ്പോലെയുള്ള നിരവധി പേര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.