തിവേഗത്തിലാണ് ജീനുകള്‍ അപഥസഞ്ചാരം നടത്തുന്നത്. അവയിലെ ഗൂഢ സംജ്ഞകള്‍  ഭൂഖണ്ഡാന്തരയാത്രകള്‍ നടത്തുന്നു. ചരിത്രം ചികഞ്ഞാല്‍ അതു കാണാം. മനുഷ്യന്‍ പുരോഗമിക്കുംതോറും യാത്രകളുടെ വേഗം കൂടുന്നു. മനുഷ്യന്‍ കണ്ടുപിടിച്ച യാത്രാപദ്ധതികളില്‍ കടന്നുകൂടി, സ്വയം മാറ്റത്തിന് വിധേയമായി മനുഷ്യനെ പിന്നാലെ ഓടിക്കാന്‍ തക്കവിധം ജീനുകള്‍ സദാ മാറിക്കൊണ്ടിക്കുന്നു. കോവിഡ് വൈറസ് ഇത്തരത്തിലൊരു നിരന്തരയാത്രയിലാണ് ഇപ്പോള്‍. വിമാനങ്ങളിലും കപ്പലുകളിലും തീവണ്ടികളിലും അവ സഞ്ചരിക്കുന്നു. യാത്രാമധ്യേ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. അവയെ പിടിക്കാന്‍ മനുഷ്യന്‍ അവന്റെ പിന്നാലെ കുതിക്കുന്നു. കുടിയേറ്റം നടത്തുന്ന മനുഷ്യര്‍, അവരുടെ വയറുനിറയ്ക്കാനായി കൂട്ടത്തോടെ കൂട്ടിലടച്ച് എത്തിക്കുന്ന മൃഗങ്ങള്‍/പക്ഷികള്‍ എന്നിവയിലൂടെ ജീനുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗൂഢഭാഷകള്‍ യഥേഷ്ടം സഞ്ചരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളിലായി ഇത്തരം ജനിതക സംജ്ഞകള്‍ കൂട്ടുപിണഞ്ഞ് സഞ്ചാരം നടത്തുന്നു. ദീര്‍ഘയാത്രയ്ക്കിടെ അവയ്ക്ക് മാറ്റം സംഭവിക്കുന്നു. വടക്ക് അമേരിക്കയില്‍ നിന്ന് കെ.എഫ്.സിയാക്കപ്പെടാനായി പുറപ്പെടുന്ന കോഴിയില്‍ കടന്നുകൂടിയ വൈറസ് തെക്ക് ചിലിയില്‍ എത്തുമ്പോഴേയ്ക്കും ആളാകെ മാറിക്കഴിഞ്ഞിട്ടുണ്ടാകും.

ഗംഗാതടങ്ങളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി പ്ലവങ്ങള്‍ ഭക്ഷിച്ച് കാഷ്ഠിച്ചു വിരസ ജീവിതം നയിച്ചു കിടക്കുകയായിരുന്നു കോളറ ബാക്ടീരിയകള്‍. വാരണാസിയില്‍ മുന്‍സിപ്പാലിറ്റി ഉണ്ടായതോടെ പൈപ്പുകളിലൂടെ ഗംഗാജലം കുടിവെള്ളമായി ഒഴുകി. പുഴയ്ക്കരികില്‍ തന്നെ നഗരമാലിന്യം കൊണ്ടിടുന്നതിനാല്‍ ബാക്ടീരിയകളുടെ വരവുംപോക്കും സുഗമമായി. കുഴല്‍ വെള്ളത്തിലൂടെ ബാക്ടീരിയകള്‍ മനുഷ്യന്റെവയറിലെത്തി രോഗമുണ്ടാക്കാന്‍ തുടങ്ങി. വാരണാസിയില്‍ മാത്രമല്ല, ഇത് ലോകത്തെമ്പാടും സംഭവിക്കുന്നുണ്ട്. മനുഷ്യനെപ്പോലെതന്നെ രോഗാണുക്കള്‍ക്കും അവയുടെ ചരിത്രഘട്ടങ്ങളുണ്ട്. ഇരുണ്ടയുഗവും സുവര്‍ണകാലവും പലായനകാലവും ക്ലാസിക്കല്‍ യുഗവുമെല്ലാം രോഗാണുക്കള്‍ക്കുമുണ്ട്. അവ, മനുഷ്യന്റെ അതേ ചരിത്രഘട്ടവുമായി യോജിക്കുമ്പോള്‍ രോഗവ്യാപനമുണ്ടാകുന്നു. ഗംഗാതടത്തിലെ കോളറയെ രോഗമാകെ വ്യാപിപ്പിക്കുന്നതില്‍ യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ആരും മനപ്പൂര്‍വം ചെയ്തതല്ല. മനുഷ്യന്‍ വളരുന്നതിനൊപ്പം രോഗാണുക്കളും വളരുകയാണ്. ഇന്‍ഫ്ളൂവന്‍സ, ടൈഫസ്, വസൂരി, അഞ്ചാംപനി എന്നീ രോഗങ്ങള്‍ ലോകമെമ്പാടും പടര്‍ന്നതിന് പിന്നില്‍ യൂറോപ്പിന്റെ കൊളോണിയല്‍ അധിനിവേശമാണ്. ചരിത്രപരമായി, ഇമ്മാതിരി പലായനമധ്യേയുള്ള മാറ്റങ്ങള്‍ സൂക്ഷ്മാണുക്കള്‍ക്ക് സംഭവിക്കുന്നുണ്ട്. അവ ഭൂഖണ്ഡാന്തരയാത്രകള്‍ നടത്തുന്നുണ്ട്. ഇപ്രകാരം ഒരു ജീവിവര്‍ഗത്തിലെ ജനിതക മാറ്റങ്ങള്‍ ചരിത്രപരമായും സ്ഥലാനുബന്ധമായും സംഭവിക്കുന്നതിനെക്കുറിച്ചുള്ള പഠനമാണ് ഫൈലോജിയോഗ്രഫി.
 
ഇത്തവണ ഫ്രണ്ട്ലൈന്‍ മാഗസിന്റെ മുഖഫീച്ചര്‍ റോബ് വാലസുമായുള്ള ദീര്‍ഘമായ ഇന്റര്‍വ്യൂവാണ്. നാമവിശേഷണമില്ലാതെ റോബ് വാലസ് എന്ന് പറഞ്ഞുപോയെങ്കിലും അദ്ദേഹത്തെ ഞാന്‍ അറിയുന്നത് ആദ്യമായാണ്. റോബ് വാലസ് ഒരു ഫൈലോജിയോഗ്രാഫര്‍ ആണ്. പൊതുവിജ്ഞാനദാഹിയും അന്വേഷണത്വരാവിലാസനുമായ എന്റെ, ആന്റിനയില്‍ മേല്‍പ്പറഞ്ഞ ഫൈലോജിയോഗ്രഫി പതിഞ്ഞിരുന്നില്ല. ഹാ കഷ്ടം! അറിവുള്ളവര്‍ ഉണ്ടെങ്കില്‍ അവരോട് കടുത്ത അസൂയ രേഖപ്പെടുത്തുന്നു. ഗംഭീരമാണ് ഇന്റര്‍വ്യൂ. അല്ലേലും ഫ്രണ്ട്ലൈന്‍ ഈയിടെയായി രണ്ടുംകല്‍പ്പിച്ച മട്ടാണ്. മഹത്തായ ആര്‍ഷ ഭാരത സംസ്‌ക്കാരത്തിന് രണ്ട് ഇടി കൊടുക്കാന്‍ കാണിക്കുന്ന ധൈര്യം അപാരം. അറബി നാട്ടില്‍ പോയി ലേബര്‍ ക്യാമ്പിന്റെ കക്കൂസില്‍ നിന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നതിന്റെ സുഖം അനുഭവിക്കണമെങ്കില്‍ സുഹൃത്തുക്കളേ ഫ്രണ്ട്ലൈന്‍ വായിക്കുക! തല്‍ക്കാലം വിപ്ലവം വിരേചനത്തില്‍ അവസാനിപ്പിക്കാം. മറ്റുമാര്‍ഗമൊന്നുമില്ല. മുട്ടാളന്‍മാര്‍ വീട്ടില്‍ റെയ്ഡിനെത്തും. 
  
അപ്പോ, ഫൈലോജിയോഗ്രഫിയിലേയ്ക്ക് വരാം. അമേരിക്കയിലെ എന്‍.ജി.ഒ ആയ അഗ്രോഇക്കോളജി ആന്റ് റൂറല്‍ ഇക്കണോമിക്സ് റിസര്‍ച്ച് കോര്‍പ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവല്യൂഷനറി ബയോളജിസ്റ്റും ഫൈലോജിയോഗ്രഫറുമാണ് റോബ് വാലസ്. കൃഷിയിലെ ശീലക്കേടുകളെക്കുറിച്ച് നിരന്തരം മനുഷ്യന്റെ ജാഗ്രത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇദ്ദേഹം. ആരും അത്രകണ്ട് ശ്രദ്ധിക്കായ്കയാല്‍, ലോകമെമ്പാടും കോര്‍പറേറ്റ് കൃഷിയിടങ്ങള്‍ വിസ്തൃതി കൂടി വരുന്നു. തദ്ദേശീയ ചെറുകൃഷിസ്ഥലങ്ങള്‍ ഇല്ലാതാകുന്നു. ഇതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി, വാലസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പുസ്തകമെഴുതി: ബിഗ് ഫാംസ് മേക് ബിഗ് ഫ്ളൂ. വനം നശിപ്പിച്ച് വന്‍കിട കോര്‍പ്പറേറ്റ് രീതിയിലുള്ള കൃഷി തുടങ്ങിയതാണ് ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസുകള്‍ പകരാന്‍ കളമൊരുക്കിയതെന്നാണ് വാലസിന്റെ സിദ്ധാന്തങ്ങളിലൊന്ന്. വിശദമാക്കാം.

സോയാബീന്‍ റിപ്പബ്ലിക്കുകള്‍

ഒരു രാജ്യത്തിന്റെ ഭൂമിവിനിയോഗ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് വന്‍കിട കോര്‍പ്പറേറ്റുകള്‍ കൃഷി വ്യാപിപ്പിക്കുകയാണ്. ഉദാഹരണത്തിന് തെക്കന്‍ അമേരിക്കയിലെ ബൊളീവിയ, പരാഗ്വേ, അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളുടെ അതിര്‍ത്തികള്‍ മായ്ച്ചുകൊണ്ട് സോയാബീന്‍, കരിമ്പ് കൃഷികള്‍ നടത്താന്‍ അതത് ഗവണ്‍മെന്റുകള്‍ അമേരിക്കന്‍ വന്‍കിട കോര്‍പറേറ്റ് അഗ്രോ കമ്പനികള്‍ക്ക് അനുവാദം കൊടുത്തിരുന്നു. ഇതിന്റെ ഫലമായി വ്യാപകമായി വനം വെട്ടിത്തെളിച്ചു. വിവിധദേശങ്ങളില്‍ നിന്ന് ഡ്രൈവര്‍മാരും പുല്ലുവെട്ടുന്നവരും നിര്‍മാണജോലി നടത്തുന്നവരുമെക്കെ ഇവിടെ എത്തിത്തുടങ്ങി തങ്ങളുടെ കമ്പനികള്‍ക്ക് വേണ്ടി ജോലി തുടങ്ങി. ഗുഹകളില്‍ അന്തര്‍മുഖരായി കഴിഞ്ഞിരുന്ന വവ്വാലുകളില്‍ ദശകങ്ങളായി വസിച്ചിരുന്ന വൈറസുകള്‍ അതിവേഗം ഈ തൊഴിലാളികളിലേയ്ക്കെത്തി. അവര്‍ അവധിയ്ക്ക് സ്വന്തം രാജ്യങ്ങളില്‍പോകുമ്പോള്‍ വൈറസും വിമാനങ്ങളില്‍ പറന്നു. വൈറസിന്റെ അതിവ്യാപനങ്ങള്‍ക്ക് സോയാബീന്‍ റിപ്പബ്ലിക്കുകള്‍ കാരണമാവുകയാണ്. ലോകമെമ്പാടും ഇത് കാണാം.

പന്നിപ്പനി അഥവാ നാഫ്റ്റ ഫ്ളൂ

നാഫ്റ്റ എന്നാല്‍ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ്. അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍തമ്മിലുള്ള സ്വതന്ത്രവാണിജ്യകരാറാണ് നാഫ്റ്റ. 2009-ലെ പന്നിപ്പനി (സൈ്വന്‍ ഫ്ളൂ)യെ നാഫ്റ്റ ഫ്ളൂ എന്നാണ് വാലസ് വിളിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യന്‍ പന്നിയെ വളര്‍ത്തുന്നുണ്ട്. അതെല്ലാം തദ്ദേശീയമായാണ്. ഒരുതരം നാട്ടിന്‍പുറ കൃഷി. എന്നാല്‍ നാഫ്റ്റ നിലവില്‍ വന്നതോടെ അമേരിക്കയിലെ കമ്പനികള്‍ മെക്സിക്കോയിലേയ്ക്ക് വന്‍തോതില്‍ പന്നിയെ ഇറക്കുമതി ചെയ്യുകയും മാംസവില്‍പ്പന കോര്‍പ്പറേറ്വത്ക്കരിക്കുകയും ചെയ്തു. സ്മിത്ഫീല്‍ഡ് പോലുള്ള വന്‍കിട കമ്പനികള്‍ രംഗത്തുവന്നതോടെ മെക്സിക്കോയിലെ പാവപ്പെട്ട പന്നിക്കര്‍ഷകര്‍ തോറ്റുപിന്‍മാറി. മെക്സിക്കോയില്‍ അമേരിക്കന്‍ ഇനം പന്നികള്‍ക്കായി ആയിരക്കണക്കിന് ഫാമുകള്‍ തുറന്നു. പന്നിയില്‍ ജനിതകമാറ്റം വന്ന വൈറസുകള്‍ മെക്സിക്കോയിലാകെ ബാധിച്ചു. മെക്സിക്കോയുടെ ഭരണനേതൃത്വത്തിന് സംഗതി മനസ്സിലായപ്പോഴേയുക്കും സൈ്വന്‍ ഫ്ളൂ ആഗോളപര്യടനം തുടങ്ങിയിരുന്നു. 
ഒരു പ്രത്യേക ആവാസവ്യവസ്ഥയില്‍ ഒരേയിനം ജീവിയെ മാത്രം വന്‍തോതില്‍ വളര്‍ത്തുന്നത് അവയുടെ രോഗപ്രതിരോധശേഷിയെ ബാധിക്കും. ഉദാഹരണത്തിന് ചിക്കന്‍ വിഭവ രംഗത്തുള്ള ഒരു കമ്പനിയ്ക്കായി  വളര്‍ത്തപ്പെടുന്ന പ്രത്യേക ഇനം കോഴികളില്‍ ഈ പ്രശ്നം നേരിടും. ദശകങ്ങളായി ഈ ഇനത്തില്‍ കൂടിച്ചേരലുകളുണ്ടാകില്ല. വൈറസിന് എളുപ്പത്തില്‍ കടന്നുകൂടാനും സമയമെടുത്ത് ജനിതകമാറ്റം വരാനും ഏറ്റവും ഉചിതമായ അന്തരീക്ഷമിതാണ്. 

കോവിഡിന്റെ ഫീല്‍ഡ് തിയറി

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരുപാട് സിദ്ധാന്തങ്ങളുണ്ട്. ചൈനയിലെ വുഹാനിലെ ലാബില്‍ നിന്ന് പുറത്തിറങ്ങിയ വൈറസ് എന്നതുള്‍പ്പെടെയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നു. എന്നാല്‍ റോബ് വാലസിന്റെ ഫൈലോജിയഗ്രഫി പഠനമനുസരിച്ച് കോവിഡ് വൈറസ് 2019-ല്‍ പൊടുന്നനെ ഉണ്ടായതല്ല. അപ്രകാരം പൊടുന്നനെ ഉണ്ടാകുന്നവയ്ക്ക് ഇത്രവേഗത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പടരാന്‍ കഴിയില്ല. വുഹാനിലെ ഇറച്ചിച്ചന്തയില്‍ നിന്നാണ് ഇത് പടരാന്‍ തുടങ്ങിയതെന്നവാദവും വാസ്തവമാകാന്‍ വഴിയില്ല. ആദ്യ ഘട്ട വൈറസ് ബാധയേറ്റവരില്‍ ഭൂരിഭാഗവും ഈ ചന്തയില്‍ പോയവരോ പോയവരുമായി നേര്‍ബന്ധം പുലര്‍ത്തിയവരോ അല്ല. ഫീല്‍ഡ് സിദ്ധാന്തം ശരിയാകാനാണ് സാധ്യത. അതായത് വര്‍ഷങ്ങളായി കോവിഡ് വൈറസ് വുഹാന്‍ പ്രദേശത്തെ, അല്ലെങ്കില്‍ ലോകത്ത് മറ്റ് ഏതെങ്കിലുമൊക്കെ മേഖലകളിലെ മനുഷ്യരില്‍ പാര്‍ത്തുവരുന്നു. കാട്ടിലെ കടവാവലില്‍ നിന്ന് മനുഷ്യനില്‍ എത്തിയ നാള്‍മുതല്‍ അവ നിരന്തരം പുനക്രമീകരിക്കുന്നു. പതിനായിരക്കണക്കിന് ശ്രമങ്ങള്‍ക്കുശേഷമാകാം മനുഷ്യന്റെ പ്രതിരോധവ്യവസ്ഥ തകര്‍ക്കാനുള്ള അവറ്റയുടെ ശ്രമം വിജയിച്ചത്. അപ്രകാരം ഒരുശ്രമത്തിലാവണം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് പകരാനുള്ള സൂത്രവാക്യം വൈറസ് പഠിച്ചെടുത്തത്. അത് സംഭവിച്ചത് വുഹാനിലാണെന്ന് മാത്രം 

പകര്‍ച്ചവ്യാധി വിദഗ്ധര്‍ക്ക് പിഴച്ചതെവിടെ ?

രോഗവ്യാപനത്തിന് കാരണം പാവപ്പെട്ടകര്‍ഷകരുടേയും പച്ചക്കറിവില്‍പ്പനക്കാരുടേയും തെരുവ് കച്ചവടക്കാരുടേയും തലയില്‍ കെട്ടിവയ്ക്കാനാണ് ലോകമെമ്പാടുമുള്ള പകര്‍ച്ചവ്യാധി വിദഗ്ധരുടെ(എപ്പിഡെമിയോളജിസ്റ്റുകള്‍) ശ്രമം. അതീവ ലോല മേഖലയായ വനാതിര്‍ത്തികളിലെ ആവാസവ്യവസ്ഥ തകിടം മറിച്ച് കുത്തക കമ്പനികളും വന്‍കിട തോട്ടമുടമകളും നടത്തുന്ന കൃഷിയാണ് പുത്തന്‍കൂറ്റുകാരായ വൈറസുകള്‍ വ്യാപിക്കുന്നതിനുള്ള അടിസ്ഥാനകാരണം എന്ന് ഇവര്‍ മറക്കുന്നു. ഇതേക്കുറിച്ച് ഗവേഷണം നടത്തുന്ന പ്രോജക്ടുകളെല്ലാം ഫണ്ട് ചെയ്തിട്ടുള്ളത് മേല്‍പ്പറഞ്ഞ തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ്. കൃഷിയുടെ കമ്പോളവത്ക്കരണമാണ് പ്രശ്നം. മുതലാളിത്തത്തിന്റെ ഉപസംവിധാനമാണത്. ജന്തുക്കളില്‍ നിന്ന് മനുഷ്യനിലേയ്ക്ക് രോഗാണുക്കള്‍ വരുന്നതിന്റെ കാരണം, കാടുകളിലേയ്ക്കുള്ള കൃഷിയുടെ വ്യാപനമാണ്. പ്രതിരോധം അവിടെ നിന്ന് തുടങ്ങിയാലെ ഭാവിയില്‍ ഇത്തരം ഭീഷണികള്‍ കുറയൂ. അത് ഉറക്കെ വിളിച്ചുപറയാണ്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ തയ്യാറാകണം-വാലസ് പറയുന്നു.  

അപ്പോള്‍, കോവിഡിന്റെ ഭാവി എന്ത് ?

കോവിഡിന് മികച്ച് ഭാവി കാണുന്നു. ഇത് ഉടനെ അസ്തമിക്കുന്ന ലക്ഷണമില്ല. ഇനിയും കോടിക്കണക്കിന് ജനങ്ങളിലേയ്ക്ക് വൈറസ് വ്യാപിക്കും. സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള പെരുമാറ്റങ്ങള്‍ ശീലമാക്കുന്നതിനൊപ്പം വാക്സിന്‍ ലഭ്യത വര്‍ധിപ്പിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. ഭൂമധ്യരേഖയ്ക്ക് വടക്കുള്ള, പ്രമാണിമാരായ രാജ്യങ്ങള്‍ ഇപ്പോഴും വാക്സിനുമേലുള്ള അവകാശം വിട്ടുകൊടുത്തിട്ടില്ല. വാക്സിന്‍ പേറ്റന്റ് മുക്തമാക്കണമെന്ന് അമേരിക്കന്‍ ജനത ആവശ്യപ്പെടുന്നു. എന്നാല്‍ ഭരണകൂടത്തിന് അതിന് കഴിയില്ല. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ഭരണമാണ് അമേരിക്കയില്‍. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ സാധുരാജ്യങ്ങള്‍ക്കു കൂടി എത്രയും വേഗം വാക്സിന്‍ നല്‍കണം. ഇപ്പോള്‍തന്നെ വൈറസ്, വാക്സിനെ പ്രതിരോധിക്കാനുള്ള മാറ്റങ്ങളുമായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന, സ്ഥിരവും കാര്യക്ഷമവുമായ നയങ്ങളാണ് ആവശ്യം. 

ഭാവിയെക്കുറിച്ച് ശിലാലിഖതങ്ങള്‍ ഒന്നുമില്ല. പക്ഷേ, ചരിത്രപരമായ വലിയ മുഹൂര്‍ത്തങ്ങള്‍ ഇനിയും നമുക്ക് മുന്നിലുണ്ടാകും. അവയെ നേരിടാന്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കണം. ആ തീരുമാനങ്ങളിലാണ് നമ്മുടെ ഭാവി.

Content Highlights: Health, Covid19, Rob Wallace