ആഗോളതലത്തില്‍ ഇന്ന് നേരിടുന്ന വലിയൊരു ആരോഗ്യപ്രതിസന്ധിയാണ് പൊണ്ണത്തടി. ഏകദേശം 650 മില്ല്യണ്‍ ആളുകള്‍ പൊണ്ണത്തടിയുടെ വിഷമതകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് 2016-ലെ ലോകാരോഗ്യസംഘടനയുടെ കണക്കെടുപ്പില്‍ വ്യക്തമാകുന്നത്. ഈ ജീവിതശൈലീ രോഗം ഹൃദയാഘാതം, പ്രമേഹം തുടങ്ങിയവയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. 

സന്തുലിതമായ ഭക്ഷണക്രമവും ആരോഗ്യപരമായ ജീവിതശൈലിയും പിന്തുടര്‍ന്ന് ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്താല്‍ പൊണ്ണത്തടി ഒരുപരിധിവരെ കുറയ്ക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍, അമിതമായി ഭക്ഷണം കഴിക്കുന്നതല്ല പൊണ്ണത്തടിക്കു കാരണമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയാണ് പൊണ്ണത്തടിക്ക് ആധാരമെന്ന് പഠനം വ്യക്തമാക്കുന്നു. 

ക്ലിനിക്കല്‍ ന്യൂട്രീഷന്‍ എന്ന അമേരിക്കന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനു മറ്റൊരുപോംവഴി തേടണമെതിലേക്കാണ് ഈ കണ്ടുപിടിത്തം വിരല്‍ ചൂണ്ടുന്നത്. ശരീരഭാരം വര്‍ധിക്കുന്നതിന്റെ ജൈവികകാരണങ്ങള്‍ മനസ്സിലാക്കുന്നതിന് ഊര്‍ജ സന്തുലിത മാതൃക സഹായിച്ചില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസറും ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ എന്‍ഡോക്രിനോളജിസ്റ്റുമായ ഡോ. ഡേവിഡ് ലഡ്‌വിങ് പറഞ്ഞു.

നിലവിലെ പൊണ്ണത്തടി വ്യാപനത്തിന് പ്രധാനകാരണം ആധുനിക ഭക്ഷണരീതിയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കാര്‍ബോ ഹൈഡ്രേറ്റും അന്നജവും അധികമായി അടങ്ങിയ ഭക്ഷണമാണ് നമ്മള്‍ കഴിക്കുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ചയാപചയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നു. ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും ശരീരഭാരം വര്‍ധിക്കുന്നതിനും പൊണ്ണത്തടിക്കും ഇത് കാരണമാകുന്നു-പഠനം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, തങ്ങളുടെ കണ്ടെത്തല്‍ ശരീരഭാരം കുറയ്ക്കുന്നതിനു എത്രത്തോളം ഫലപ്രദമാണെന്നു കണ്ടെത്താന്‍  കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകസംഘം വ്യക്തമാക്കി.

Content highlights: overeating is not the primary cause for obesity study reveals