പ്രായം കൂടുന്നതിന് അനുസരിച്ച് മുട്ടുവേദനയെക്കുറിച്ച് പറയാത്തവർ ചുരുക്കമായിരിക്കും. മുട്ടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം. മുട്ടുകളിലെ തേയ്മാനം, നീർവീക്കം എന്നിവയൊക്കെയാണ് വേദനയുടെ കാരണങ്ങൾ. കൈകൾ, ഇടുപ്പ്, നട്ടെല്ല് എന്നിവിടങ്ങളിലൊക്കെ ഈ പ്രശ്നം വരാമെങ്കിലും തേയ്മാനം കൂടുതലായും ഉണ്ടാവുക കാൽമുട്ടുകളിലാണ്. ശരീരഭാരം ഏറ്റവും കൂടുതൽ വഹിക്കേണ്ടിവരുന്നത് മുട്ടുകൾക്കാണ് എന്നതുകൊണ്ടാണിത്. ചലനത്തിന്റെ ഒരോ നിമിഷത്തിലും മുട്ടുകൾ ശരീരഭാരം വഹിക്കേണ്ടിവരുന്നു. ഓടുമ്പോൾ, ചാടുമ്പോൾ, പടികൾ കയറുമ്പോൾ, ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഒക്കെ ശരീരഭാരത്തിന്റെ പല മടങ്ങ് മുട്ടുകൾക്ക് താങ്ങേണ്ടിവരുന്നുണ്ട്.

സാവകാശം പുരോഗമിക്കുന്ന രോഗമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. കാലക്രമേണ തേയ്മാനവും നീർക്കെട്ടും വന്ന് നടക്കുന്നതിനും മടക്കുന്നതിനും പ്രയാസപ്പെടും.

മുട്ട് തേയ്മാനത്തെ പൊതുവേ പ്രായംചെന്നവരുടെ രോഗമായാണ് കണക്കാക്കാറുള്ളത് എങ്കിലും ഇപ്പോൾ മധ്യവയസ്സിൽതന്നെ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ജീവിതശൈലിയിൽ വന്ന തെറ്റായ രീതികൾ തന്നെയാണ് ഇതിന് കാരണം.

തേയ്മാനം പ്രായം കൂടുമ്പോൾ വരുന്ന രോഗമല്ലേ എന്ന് കരുതരുത്. എല്ലിന്റെ കരുത്ത് കൂട്ടാനും അതുവഴി തേയ്മാനം തടയാനുമുള്ള കാര്യങ്ങൾ ചെറുപ്പത്തിൽതന്നെ തുടങ്ങണം. ശരീരഭാരം നിയന്ത്രിച്ച് ഊർജസ്വലമായ ജീവിതം നയിക്കണം. ആരോഗ്യകരമായ ഭക്ഷണം ശീലിക്കണം. ഇതെല്ലാം ഭാവിയിൽ എല്ലിനെ സംരക്ഷിച്ചുനിർത്താൻ സഹായിക്കും. ചെറുപ്പത്തിൽ നടത്തുന്ന ഈ ആരോഗ്യനിക്ഷേപമാണ് പിന്നീടുള്ള ജീവിതത്തിന് കരുത്ത് പകരുക എന്ന് ഓർക്കണം.

മുട്ടിൽ സംഭവിക്കുന്നത്

അസ്ഥികൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗമാണ് സന്ധി. രണ്ട് അസ്ഥികളും പരസ്പരം കൂട്ടിയുരസാതെ അനായാസം പ്രവർത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ സന്ധിയിലുണ്ട്. കാൽമുട്ടിന്റെ കാര്യമെടുത്താൽ, ഇത് സങ്കീർണമായ സന്ധിയാണെന്ന് പറയാം.

തരുണാസ്ഥി (Cartilage), സൈനോവിയൽ ദ്രാവകം, ബർസ,സ്നായുക്കൾ എന്നിവയെല്ലാം ഒത്തുചേരുന്നുണ്ട്. ഇവയുടെയൊക്കെ സംയോജിത പ്രവർത്തനത്തിലൂടെയാണ് യാതൊരു ബുദ്ധിമുട്ടും കൂടാതെ സന്ധി ചലിപ്പിക്കാൻ നമുക്ക് സാധിക്കുന്നത്. രണ്ട് അസ്ഥികൾ ചേരുന്ന ഭാഗത്ത് പരസ്പരം ഉരയാതിരിക്കാൻ അല്പം വിടവ് ഉണ്ടാകും. ഈ അസ്ഥികളുടെ അറ്റത്ത് സംരക്ഷണകവചമായി, ഷോക് അബ്സോർബർ പോലെ തരുണാസ്ഥിയുണ്ട്. ഇതിന് ഇലാസ്റ്റിക് സ്വഭാവമുണ്ട്. സന്ധികളിൽ വരുന്ന സമ്മർദങ്ങളെ നിയന്ത്രിച്ചുകൊണ്ടുപോകാൻ തരുണാസ്ഥി സഹായിക്കും.

ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ തുടക്കത്തിൽ കാൽമുട്ടിലെ തരുണാസ്ഥിയിൽ ചെറിയ പൊട്ടലും വിള്ളലുമൊക്കെയാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്ഷതങ്ങൾ കാരണം തരുണാസ്ഥിയുടെ പുറത്ത് അസ്ഥികൾതെളിഞ്ഞുകാണാൻ തുടങ്ങും. അപ്പോൾ തരുണാസ്ഥിയിലെ സൈനോവിയൽ ദ്രാവകവുമായി എല്ലുകൾ സമ്പർക്കത്തിലാവും. ഇതിന്റെ അനന്തരഫലമായി സന്ധിയിൽ നീർക്കെട്ട് രൂപപ്പെടും. വേദനയും അനുഭവപ്പെട്ട് തുടങ്ങും.

സന്ധീദ്രവവും മറ്റ് ഘടകങ്ങളും ചേർന്ന് സന്ധിയിൽ പശിമ നൽകുന്നുണ്ട്. സന്ധികളുടെ ശരിയായ പ്രവർത്തനത്തിന് ഇത് ആവശ്യമാണ്. തരുണാസ്ഥിയിൽ കേടുപാടുകൾ വരുന്നതോടെ ഈ പശിമ നഷ്ടമാവുകയും നീർക്കെട്ടും വേദനയും വരികയും ചെയ്യും.

തരുണാസ്ഥിക്ക് ക്ഷതം സംഭവിക്കുന്നതോടെ എല്ലുകൾ തമ്മിലുള്ള കൃത്യമായ അകലം കുറയാൻ തുടങ്ങും. തരുണാസ്ഥിയിൽ ഉണ്ടായ ക്ഷതത്തിന്റെ തോത് അനുസരിച്ച് എല്ലുകൾ തമ്മിൽ അകലമില്ലാതായി, പരസ്പരം ഉരയാനും തുടങ്ങും. ഇതും കടുത്ത വേദനയ്ക്ക് ഇടയാക്കും. നടക്കുമ്പോഴും ജോലിചെയ്യുമ്പോഴുമെല്ലാം വേദന കൂടുന്നത് എല്ലുകൾ പരസ്പരം ഉരയുന്നതു കൊണ്ടാണ്.

സ്വയം പരിഹരിക്കപ്പെടുന്നില്ല

തരുണാസ്ഥിയിൽ ക്ഷതങ്ങൾ സംഭവിച്ചാൽ ശരീരത്തിന് സ്വയം അത് പരിഹരിക്കാൻ സാധിക്കില്ല. വളരെ പതുക്കെ മാത്രം വളരുന്ന കോശങ്ങളാണ് തരുണാസ്ഥിയിലേത്. മാത്രമല്ല ഇവിടെ രക്തയോട്ടം കുറവുള്ള ഭാഗവുമാണ്. അതുകൊണ്ട് തരുണാസ്ഥിയിൽ പൊട്ടലുണ്ടായ ഭാഗങ്ങളിലേക്ക് സാധാരണ അസ്ഥികൾ വളരുന്ന അവസ്ഥ വരും. ഇതാണ് ഓസ്റ്റിയോ ഫൈറ്റ്സ്.

കാരണങ്ങൾ

പ്രായം, കാൽമുട്ടിൽ ഏൽക്കുന്ന പരിക്കുകൾ, കാലിലെ ഘടനാപരമായ പ്രശ്നങ്ങൾ, അണുബാധ, പാരമ്പര്യം, മുട്ടിന് അമിതഭാരം ഏൽക്കേണ്ടിവരുന്നത്, വ്യായാമക്കുറവ്, അമിത വണ്ണം തുടങ്ങിയവ പ്രധാന കാരണങ്ങളാണ്.

ലക്ഷണങ്ങൾ

മുട്ടുമടക്കിയിരുന്ന ശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ മുട്ടിന് പിടിത്തവും വേദനയും, രാവിലെ എഴുന്നേൽക്കുമ്പോൾ മുട്ടിന് പിടിത്തം അനുഭവപ്പെടുക, ജോലിചെയ്യുമ്പോഴും നടക്കുമ്പോഴും മുട്ടിന് വേദന; എന്നാൽ കുറച്ച് നേരം വിശ്രമിക്കുമ്പോൾ ആശ്വാസം തോന്നുകയും ചെയ്യുക, മുട്ടിൽ നീർക്കെട്ട്, നടക്കുമ്പോൾ മുട്ടിനുള്ളിൽനിന്ന് ശബ്ദം, കാലിന് ബലക്കുറവ്.

തേയ്മാനം വന്നവർ നടക്കാമോ?

കാൽമുട്ടിൽ തേയ്മാനം വന്നാൽ പിന്നെ നടക്കാതെ ഒരിടത്ത് വിശ്രമിക്കാനാണ് പലരും ശ്രമിക്കുക. എന്നാൽ ഇത് സ്ഥിതി മോശമാക്കുകയാണ് ചെയ്യുന്നത്. വ്യായാമമില്ലാതിരുന്നാൽ കാലിലെ പേശികൾ ശോഷിക്കും. ബലക്കുറവ് വരും. ഡോക്ടറുടെ നിർദേശപ്രകാരം അനുയോജ്യമായ ലഘുവ്യായാമങ്ങൾ തിരഞ്ഞെടുക്കാം.

ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ള വ്യക്തികൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ വ്യായാമങ്ങൾ തിരഞ്ഞെടുക്കാവൂ. തേയ്മാനം കൂടുതലുണ്ടെങ്കിൽ സന്ധിയ്ക്ക് സമ്മർദം ഉണ്ടാക്കുന്ന വ്യായാമങ്ങൾ ഒഴിവാക്കണം.

ചികിത്സ

രോഗിയുടെ പ്രായം, രോഗതീവ്രത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണ് ചികിത്സ നിർണയിക്കുന്നത്. ഇതോടൊപ്പം ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ, ഭക്ഷണരീതികൾ തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണം.

ജീവിതശൈലി മാറ്റങ്ങൾ

അമിതവണ്ണം കുറയ്ക്കുക. അമിത ശരീരഭാരം മുട്ടിനെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന കാരണമാണ്. ശരീരഭാരം താങ്ങുന്നതിൽ ഏറ്റവും പ്രധാന സന്ധിയാണ് കാൽമുട്ട്. അതുകൊണ്ട് അമിതഭാരം കാരണം കാൽമുട്ടിലെ തരുണാസ്ഥിക്ക് സാവകാശം ക്ഷതം വരാനും കാലക്രമത്തിൽ സങ്കീർണമാകാനും സാധ്യതയുണ്ട്. ആരോഗ്യകരമായ ശരീരഭാരത്തെക്കാൾ ഓരോ കിലോഗ്രാം കൂടുമ്പോൾ തന്നെ മുട്ടുകളിൽ തേയ്മാനസാധ്യതയും കൂടുന്നുണ്ട്. അതുകൊണ്ട് ശരീരഭാരം ആരോഗ്യകരമായ അളവിൽ നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം.
തേയ്മാനം നിയന്ത്രിച്ചുനിർത്താൻ വ്യായാമത്തിന് വളരെയധികം പ്രധാന്യമുണ്ട്. വ്യായാമം ചെയ്ത് ഊർജസ്വലമായി ജീവിതം നയിക്കുമ്പോൾ എല്ലുകളുടെ കരുത്തും കൂടുന്നുണ്ട്. അതുകൊണ്ടുതന്നെ തേയ്മാന സാധ്യത കുറയുന്നു.

തരുണാസ്ഥികളിലെ കോശങ്ങൾ ഹയലൂറോണിക് ആസിഡ് ഉത്‌പാദിപ്പിക്കുന്നുണ്ട്. തരുണാസ്ഥിക്കുള്ള പോഷണമാണിത്. ഹയലൂറോണിക് ആസിഡ് കുറയുന്നത് സന്ധികളിൽ പശിമകുറയാനും തേയ്മാനം കൂടാനും സാധ്യത കൂട്ടും. നന്നായി വ്യായാമം ചെയ്യുന്ന വ്യക്തിയിൽ ഹയലൂറോണിക് ആസിഡ് നല്ലരീതിയിൽ ഉത്‌പാദിപ്പിക്കപ്പെടും. അതുകൊണ്ടുതന്നെ ആരോഗ്യമുള്ള തരുണാസ്ഥി നിലനിൽക്കുകയും ചെയ്യും. വ്യായാമം ചെയ്യുന്നവരിൽ സന്ധികൾക്ക് കരുത്തുകൂടും. അതുകൊണ്ട് സന്ധികളിൽ പരിക്കിനുള്ള സാധ്യതയും കുറയും.

മരുന്നുകൾ

നീർക്കെട്ട് തടയാനുള്ള മരുന്നുകളും വേദനസംഹാരികളും ഓസ്റ്റിയോ ആർത്രൈറ്റിസിനുള്ള പരിഹാരമല്ല. എന്നിരുന്നാലും വേദന കുറയ്ക്കാൻ ഇത്തരം മരുന്നുകൾ ഉപയോഗിക്കാറുണ്ട്. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ഇത്തരം മരുന്നുകൾ ഉപയോഗിക്കാവൂ.

വിസ്കോ സപ്ലിമെന്റ്: തരുണാസ്ഥികൾക്കുള്ള പോഷകം നൽക്കുന്നത് സൈനോവിയൽ കോശങ്ങളാണ്. ഇവ ഉത്‌പാദിപ്പിക്കുന്ന ഹയലൂറോണിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. എന്നാൽ പ്രായം കൂടുമ്പോൾ മുട്ടിന്റെ ചലനം കുറയുകയും ഹയലൂറോണിക് ആസിഡിന്റെ ഉത്‌പാദനം കുറയുകയും ചെയ്യും. അതോടെ തരുണാസ്ഥിക്ക് കേടുപാടുകൾ വരാനുള്ള സാധ്യത കൂടും. ഇത് പരിഹരിക്കാൻ ഹയലൂറോണിക് ആസിഡ് സംയുക്തങ്ങൾ ഇഞ്ചക്ഷൻ രൂപത്തിൽ തരുണാസ്ഥിയിൽ എത്തിക്കുന്നു. ഇത് വഴി തേയ്മാനം പുരോഗമിക്കുന്നത് താമസിപ്പിക്കാൻ സാധിക്കും.

ശസ്ത്രക്രിയ രീതികൾ

മറ്റ് മാർഗങ്ങളിലൂടെ മുട്ട് തേയ്മാനം നിയന്ത്രിച്ചുനിർത്താൻ കഴിയാതെ വരുകയും ബുദ്ധിമുട്ട് കൂടുകയും ചെയ്യുമ്പോഴുള്ള പരിഹാര മാർഗമായാണ് ശസ്ത്രക്രിയയെ കണക്കാക്കുന്നത്. ഈ രംഗത്ത് ഒട്ടേറെ പുതിയ രീതികൾ ഇതിനകം വന്നുകഴിഞ്ഞു.

കാർട്ടിലേജ് റീപ്ലേസ്മെന്റ്

തേയ്മാനം കാരണം മുട്ടിന്റെ ഘടനയിൽ മാറ്റം വരുന്നതിനുമുൻപാണ് ഈ ചികിത്സ ഏറെ ഫലപ്രദമാകുന്നത്. കാർട്ടിലേജ് റീപ്ലേസ്മെന്റ് (തരുണാസ്ഥി മാറ്റിവെക്കൽ) തന്നെ പല തരത്തിലുണ്ട്.

  • ശരീരത്തിലെ കൂടുതൽ ഭാരം വഹിക്കേണ്ടതില്ലാത്ത ഭാഗങ്ങളിലെ ആരോഗ്യമുള്ള തരുണാസ്ഥി എടുത്ത് കേടുവന്ന ഭാഗത്ത് വെച്ചുപിടിപ്പിക്കുന്ന രീതിയുണ്ട്.
  • രോഗിയുടെ തരുണാസ്ഥിതന്നെ ലാബിൽ വളർത്തിയെടുത്ത് സന്ധിയിൽ വീണ്ടും കുത്തിവെക്കുന്നു. ആർത്രോസ്കോപ് വഴി തരുണാസ്ഥി കോശങ്ങൾ ശേഖരിച്ച ശേഷം ലാബിൽ വളർത്തിയെടുത്ത് ആ കോശങ്ങളെ തരുണാസ്ഥിയിൽവെച്ചുപിടിപ്പിക്കുകയാണ് ചെയ്യുക.
  • അസ്ഥിമജ്ജയിലെ മൂലകോശങ്ങൾ ആർത്രൈറ്റിസ് ബാധിച്ച സന്ധിയിൽ കുത്തിവെക്കുകയും അതുവഴി പുതിയ തരുണാസ്ഥി രൂപപ്പെടുത്തുകയും ചെയ്യാം.

ഓസ്റ്റിയോട്ടമി

പ്രായം കുറഞ്ഞവരിലാണ് ഓസ്റ്റിയോട്ടമി കൂടുതൽ ഫലപ്രദമാകുന്നത്. തേയ്മാനം കാരണം സന്ധികളിൽ എല്ലിന് ഒരു ഭാഗത്തേക്ക് ചരിവ് വരാം. അസ്ഥിയുടെ ഒരു ഭാഗം ഉയർന്നും മറ്റേഭാഗം താഴ്ന്നുമിരിക്കും. അപ്പോൾ സമ്മർദം മുട്ടിന്റെ ഒരു ഭാഗത്ത് മാത്രമായി വരും. ഇത് പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് ഓസ്റ്റിയോട്ടമി. സന്ധിയിലെ എല്ലിന്റെ തള്ളിനിൽക്കുന്ന ഭാഗം ഒരേ നിരപ്പിലാക്കുകയാണ് ചെയ്യുന്നത്. മുട്ട് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ വൈകിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു.

മുട്ട് സന്ധി മാറ്റിവെയ്ക്കൽ

തരുണാസ്ഥി പൂർണമായും കേടുവരുകയും മരുന്നുകൊണ്ടും മറ്റും നിയന്ത്രിച്ചുനിർത്താൻ കഴിയാതെ വരുകയും പരസഹായം കൂടാതെ നടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുമ്പോഴാണ് മുട്ട് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ തീരുമാനിക്കുന്നത്. സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ഉണ്ടായ മുന്നേറ്റങ്ങൾ അതിന്റെ വിജയസാധ്യത വളരെയേറെ വർധിപ്പിച്ചിട്ടുണ്ട്. കേടുവന്ന തരുണാസ്ഥിയാണ് മാറ്റിവെക്കുന്നത്. വളരെ ചെറിയ മുറിവിലൂടെ തന്നെ ശസ്ത്രക്രിയ ചെയ്യാൻ ഇപ്പോൾ സാധ്യമാണ്. മാത്രമല്ല ആസ്പത്രിവാസം പരമാവധി കുറയ്ക്കാനും ഇപ്പോൾ സാധിക്കുന്നു.

ഭക്ഷണത്തിലെ മാറ്റങ്ങൾ

സന്ധികളുടെ ആരോഗ്യത്തിൽ ഭക്ഷണത്തിനും പ്രധാന പങ്കുവഹിക്കാനുണ്ട്. ശരീരഭാരം വർധിക്കാതെ പോഷകങ്ങളുള്ള സമീകൃതമായ ഭക്ഷണരീതി പാലിക്കണം.

  • മീൻ, അവക്കാഡോ, നട്സ് എന്നിവയിലെ ഓമേഗ3 ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  • ഇലക്കറികൾ, ബ്രോക്കോളി, വെണ്ടയ്ക്ക, പാൽ, പാലുത്‌പന്നങ്ങൾ തുങ്ങിയവയിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം പ്രധാനമാണ്.
  • വിറ്റാമിൻഡിയും എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. നിശ്ചിത സമയം വെയിൽ കൊള്ളുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻഡി ലഭിക്കും.
  • ഗ്ലൂക്കോസമീൻ (Glucosamine), കോൺഡ്രോയിറ്റീൻ (Chondroitin) എന്നിവയും തരുണാസ്ഥിയുടെ കരുത്തിന് ആവശ്യമാണ്. ചെമ്മീൻ തുടങ്ങിയ തോടുള്ള കടൽജീവികളുടെ മാംസത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

(തിരുവനന്തപുരം എസ്.കെ. ഹോസ്പിറ്റലിലെ ട്രോമ & ജോയിന്റ് റീപ്ലേസ്മെന്റ് സർജനും കൺസൾട്ടന്റുമാണ് ലേഖകൻ)

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Osteoarthritis causes symptoms and treatments, Health, Bone Health, Knee Replacement