ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ച് 1988 മാര്‍ച്ച് 30-ന് ചന്ദ്രശേഖരന്റെ ശരീരത്തില്‍ അമ്മ സര്‍വമംഗളയുടെ വൃക്ക പ്രവര്‍ത്തിച്ചുതുടങ്ങി. ഇപ്പോള്‍ 33 വര്‍ഷങ്ങള്‍ക്കുശേഷം ചന്ദ്രശേഖരന് വയസ്സ് 65, അമ്മയ്ക്ക് 93-ഉം. അമ്മ നല്‍കിയ വൃക്കയുടെ കരുത്തില്‍ ഈ പ്രായത്തില്‍ ചന്ദ്രശേഖരന്‍ മാരത്തണ്‍ ഓടി ഒന്നാമതായി.
കഴിഞ്ഞവര്‍ഷം അബുദാബിയില്‍നടന്ന സ്‌പെഷ്യല്‍ വേള്‍ഡ് ഒളിമ്പിക് ഗെയിംസില്‍ 11 കിലോമീറ്റര്‍ മാരത്തണിലൂടെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡിലേക്കാണ് ഓടിക്കയറിയത്. ബുക്കുകളിലിടംപിടിക്കാത്ത നേട്ടങ്ങളുടെ ഉടമകളാണിവര്‍. ഇന്ത്യയില്‍ ഏറ്റവും പ്രായംകൂടിയ അവയവദാതാവാണ് സര്‍വമംഗള. വൃക്ക സ്വീകരിച്ച് ഏറ്റവും കാലം പിന്നിട്ട ദക്ഷിണേന്ത്യയിലെ രണ്ടുപേരില്‍ ഒരാളാണ് ചന്ദ്രശേഖരന്‍.
വൃക്കരോഗികളുടെ ക്ഷേമത്തിനായി 33 വര്‍ഷംമുമ്പ് ആരംഭിച്ച കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകയാണ് സര്‍വമംഗള. ഇതിന്റെ ചെയര്‍മാനാണിപ്പോള്‍ മകന്‍. ബ്രിട്ടണ്‍ ആസ്ഥാനമാക്കിയുള്ള ഗ്ലോബല്‍ കിഡ്‌നി ഫൗണ്ടേഷന്റെയും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കിഡ്‌നി പേഷ്യന്‍സിന്റെയും ഇന്ത്യന്‍ അംബാസഡറുമാണ് ചന്ദ്രശേഖരന്‍.
കോളേജ് അധ്യാപകനായിരുന്ന വി.ജി. വാരിയരുടെയും സര്‍വമംഗളയുടെയും നാലാമത്തെ മകനാണ് ചന്ദ്രശേഖരന്‍.
ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ വിവരം അമ്മയും മകനും അറിയുന്നത് ശനിയാഴ്ച ഗുരുവായൂരിലെ വില്ലയിലിരുന്നായിരുന്നു.
അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ട കോവിഡ് കാലത്ത് അതു സംഘടിപ്പിച്ചുകൊടുക്കുന്നതില്‍ വ്യാപൃതനായിരുന്നു ചന്ദ്രശേഖരന്‍. കോവിഡ് പോരാളികളെ കണ്ടെത്തി പുരസ്‌കാരം നല്‍കി ആദരിക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍. വന്‍കിട ആശുപത്രിയില്‍നിന്ന് ജനറല്‍ മാനേജരായി വിരമിച്ച വി.ജി. ചന്ദ്രശേഖരന്‍ പിന്നീട് പൂര്‍ണസമയ സേവനപാതയിലാണ്
Content Highlights: Organ donation, Kidney transplant man completes 33 years of healthy life, Health