ശുദ്ധ ജലം, ഇത്തിരി പഞ്ചസാര, ഒരിത്തിരി ഉപ്പ്.. ഇത് മൂന്നും ചേര്‍ന്നുണ്ടാകുന്ന ലായനി വയറിളക്ക രോഗ ചികിത്സയിലുണ്ടാക്കിയ മാജിക് അറിയണമെങ്കില്‍ വയറിളക്കരോഗങ്ങളുടെ ചരിത്രത്തിലേക്ക് കൂടി പോകണം. ലോക ഒ.ആര്‍.എസ് ദിനമായ ജൂലൈ 29ന് ഒ.ആര്‍.എസിനെ കുറിച്ച് അല്‍പം ചരിത്രം.

കോളറയും മറ്റു വയറിളക്ക രോഗങ്ങളും വഴി ഉണ്ടാകുന്ന നിര്‍ജ്ജലീകരണവും, ലവണ നഷ്ടവും നിരവധി പേരുടെ ജീവനെടുത്തിരുന്ന ഒരു കാലം. ആ സമയത്താണ് 1964 ല്‍ യു എസ് ആര്‍മിയിലെ ക്യാപ്റ്റന്‍ ഫിലിപ്സ്, ഗ്ലുക്കോസും ഉപ്പുവെള്ളവും ചേര്‍ന്ന മിശ്രിതം കോളറ രോഗികളില്‍ വിജയകരമായി പരീക്ഷിക്കുന്നത്. ഇതിനെത്തുടര്‍ന്ന് നടന്ന പരീക്ഷണങ്ങളാണ് ആധുനിക ഒ.ആര്‍.എസ് ലായനി (ഓറല്‍ റീ ഹൈഡ്രേഷന്‍ സൊല്യുഷന്‍)യുടെ ആവിര്‍ഭാവത്തിന് കാരണമാകുന്നത്.

1971 ലെ ഇന്ത്യാ-പാക് യുദ്ധം. കല്‍ക്കട്ടയിലെ പ്രശസ്ത ഫിസിഷ്യന്‍ ഡോ.ദിലീപ് മെഹനലബിസ് അതിര്‍ത്തി ഗ്രാമത്തിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവര്‍ത്തനനിരതനായിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ കോളറ ബാധിതരാണ്. കുഴിഞ്ഞ കണ്ണുകളും, വലിച്ചു വിട്ടാല്‍ വളരെ പതുക്കെ മാത്രം ചുളിഞ്ഞ് നിവരുന്ന തൊലിയുമുള്ള നിരവധി ആളുകള്‍ തങ്ങള്‍ കടുത്ത നിര്‍ജ്ജലീകരണത്തിന്റെ പിടിയിലാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

ചികിത്സിക്കാനുള്ള ഐ.വി. ഫ്ളൂയിഡ്സ് തീര്‍ന്നുകൊണ്ടിരിക്കുന്നു. മരണം കാത്തു കിടക്കുന്ന രോഗികളുടെ ദൈന്യവും തന്റെ നിസ്സഹായാവസ്ഥയും ഡോ.ദിലീപിനെ ചുട്ടുപൊള്ളിച്ചു. പെട്ടെന്നാണ് നേരത്തേ വായിച്ചറിഞ്ഞ ഓറല്‍ റീ ഹൈഡ്രേഷന്‍ തെറാപ്പിയെ പറ്റി അദ്ദേഹം ഓര്‍ത്തത്. വേഗം തന്നെ വൃത്തിയാക്കിയ വലിയ വീപ്പകളിലും കന്നാസുകളിലുമെല്ലാം ഉപ്പും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം തയ്യാറാക്കപ്പെട്ടു. അവശരായ കോളറ ബാധിതര്‍ക്ക് അത് ആവശ്യാനുസരണം കുടിക്കാന്‍ നല്‍കി. ഫലം അത്ഭുതാവഹമായിരുന്നു. ഐ.വി. ഫ്ളൂയിഡ്സ് നല്‍കി ചികിത്സിച്ച മറ്റ് അഭയാര്‍ത്ഥി ക്യാമ്പുകളിലെ കോളറ മരണനിരക്ക് 30 ശതമാനമായിരുന്നു. എന്നാല്‍ മൂവായിരത്തിലേറെ കോളറ രോഗികള്‍ക്ക് ഓ.ആര്‍.എസ് നല്‍കി ചികിത്സിച്ച ഡോ. ദിലീപിന്റെ ക്യാമ്പില്‍ മരണനിരക്ക് കേവലം 3.6 ശതമാനം മാത്രം!

ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ 1971ലെ ആ യുദ്ധം അങ്ങിനെ ഓ.ആര്‍.എസിന്റെ യുദ്ധവീര്യവും തെളിയിച്ച ക്ലിനിക്കല്‍ ട്രയലായി മാറി.

ഇതേത്തുടര്‍ന്നു 1978 ല്‍ ലോകാരോഗ്യ സംഘടന ഒ.ആര്‍.എസ് ഉള്‍പ്പെടുത്തിക്കൊണ്ടു വയറിളക്ക രോഗ നിര്‍മാര്‍ജന പരിപാടിക്ക് തുടക്കമിട്ടു. വയറിളക്കം കൊണ്ടുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ 93 ശതമാനം കുറവ് വരുത്തിക്കൊണ്ട്, മനുഷ്യരാശിക്കും വൈദ്യശാസ്ത്രത്തിനും വലിയൊരു മുതല്‍ക്കൂട്ടായി മാറുകയായിരുന്നു ഈ കുഞ്ഞു പൊടിപ്പാക്കറ്റ്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രയോക്താക്കള്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ ഉത്സുകരാണ് എന്നൊരു വിമര്‍ശനം നമ്മുടെ നാട്ടില്‍ പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ സാധാരണ ഒട്ടുമിക്ക വയറിളക്ക രോഗങ്ങള്‍ക്കും ആന്റി ബയോട്ടിക്കുകളോ, നിര്‍ജ്ജലീകരണം കടുക്കുന്ന അവസരങ്ങളില്‍ അല്ലാതെ ഐ.വി ഫ്‌ളൂയിഡ് ചികിത്സയോ വേണ്ട പകരം ക്ഷമയോടെ നിര്‍ദ്ദേശാനുസരണം പാനീയ ചികിത്സ ചെയ്താല്‍ മതിയാവും എന്ന് പറയുമ്പോ വിരോധാഭാസം എന്ന പോലെ പലരുടെയും മുഖം ചുളിയുന്നത് കാണാം.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നാണ് ഈ അത്ഭുത 'മരുന്ന്'. ദശലക്ഷക്കണക്കിന് ജീവനുകളാണ് ഇത് മൂലം രക്ഷപ്പെട്ടിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെ നിഷ്‌കര്‍ഷയ്ക്കനുസരിച്ച് നിര്‍ദ്ദിഷ്ട അളവില്‍ ഉപ്പും പഞ്ചസാരയും മറ്റു ലവണങ്ങളും ചേര്‍ന്ന ഈ മിശ്രിതമുപയോഗിച്ചുള്ള പാനീയ ചികിത്സ ഇപ്പോഴും ജീവന്‍ രക്ഷിക്കുന്ന ഇടപെടലുകളുടെ പട്ടികയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നു.

'പോകും തോറും കുടിക്കുക' എന്നതാണ് വയറിളക്ക ചികിത്സയുടെ പ്രധാന മുദ്രാവാക്യം. നിര്‍ജ്ജലീകരണം തടയുക എന്നുള്ളതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കിയ തിളപ്പിച്ചാറിയ വെള്ളം, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം എന്നിവ ഉപയോഗിച്ചു നിര്‍ജലീകരണം തടയാം. കൂട്ടത്തില്‍ അത്യുത്തമം നമ്മുടെ ഓ ആര്‍ എസ് ലായനി തന്നെ. വയറിളക്ക രോഗികളില്‍ മാത്രമല്ല, പൊള്ളലേറ്റ് നിര്‍ജലീകരണം സംഭവിച്ച രോഗികള്‍ക്കും ഒ.ആര്‍.എസ് ഉപയോഗിക്കാവുന്നതാണ്.

എന്താണ് ഒ.ആര്‍.എസ്?

സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസിയം ക്ലോറൈഡ് , ഗ്ലൂക്കോസ് എന്നിവയുടെ മിശ്രിതമാണ് നമുക്ക് പാക്കറ്റില്‍ കിട്ടുന്നത്.ഒരു ലിറ്റര്‍ ലായനിയില്‍ 2.6 ഗ്രാം സോഡിയം ക്ലോറൈഡ്, 2.9 ഗ്രാം സോഡിയം സിട്രേറ്റ്, 1.5 ഗ്രാം പൊട്ടാസിയം ക്ലോറൈഡ്, 13.5 ഗ്രാം ഗ്ലൂക്കോസ് എന്നിങ്ങനെയാണ് കണക്ക്. സോഡിയം സിട്രേറ്റ് നു പകരം സോഡിയം ബൈകാര്‍ബണെറ്റും ,ഗ്ലൂക്കോസിനു പകരം സുക്രോസും ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ഒആര്‍എസ് ലായനി നിര്‍മ്മിക്കാം?

6 ടീസ്പൂണ്‍ (25.2 ഗ്രാം) പഞ്ചസാര, 0.5 ടീസ്പൂന്‍ (2.9 ഗ്രാം) ഉപ്പ് എന്നിവ ഒരു ലിറ്റര്‍ ശുദ്ധജലവുമായി മിക്സ് ചെയ്ത് ഒആര്‍എസ് ലായനി നിര്‍മിക്കാം.
തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും ചേര്‍ത്ത് വീട്ടില്‍ തന്നെ ഓ ആര്‍ എസ് ലായനിക്കു പകരം ഉണ്ടാക്കാവുന്നതാണ്.

പാനീയ ചികിത്സ എങ്ങനെ ?

കുട്ടികള്‍ക്ക് ഓ ആര്‍ എസ് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നല്‍കുന്ന രീതിയാണ്, നിര്‍ദ്ദേശിക്കപ്പെട്ട ഇടവേളകളില്‍ ചെറിയ അളവായി നല്‍കുകയാണ് വേണ്ടത്. ഒറ്റയടിക്ക് കുഞ്ഞുങ്ങളെ കുടിപ്പിച്ചാല്‍ അധിക അളവില്‍ ചെല്ലുന്ന ദ്രാവകം ഛര്‍ദ്ദിച്ച് പോവാനുള്ള സാധ്യതയാണ് ഏറുക.

  • വയറിളക്കത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയം മുതല്‍ ഒ.ആര്‍.എസ് കൊടുത്തു തുടങ്ങാവുന്നതാണ്.
  • കലക്കി വച്ച ലായനി ഒരു ദിവസത്തിനുള്ളില്‍, അഥവാ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഡ്രോപ്പറോ, സിറിഞ്ചോ ഉപയോഗിച്ചു ഒആര്‍എസ് നല്‍കാവുന്നതാണ്.
  • വയറിളക്കമുള്ള മുതിര്‍ന്ന കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കലക്കി വച്ച ലായനി ഇടവിട്ട് കൊടുക്കാവുന്നതാണ്.
  • കുട്ടികള്‍ക്ക് ഓ.ആര്‍.എസ് കൊടുക്കുന്നതിനു കണക്കുണ്ട്. ശരീരഭാരത്തിന്റെ ഓരോ കി.ഗ്രാമിനും 10 മില്ലി എന്ന കണക്കിന് ഓരോ തവണ വയറിളകി പോയിക്കഴിഞ്ഞും ഓ.ആര്‍.എസ് കൊടുക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സബ്ന എ ചമ്പാട്, ഡോ. സുനില്‍ പി.കെ ഇന്‍ഫോക്ലിനിക്ക്

Content Highlight: How to make ORS at Home