ഒമിക്രോണ്‍ പടരുന്നു: തയ്യാറെടുപ്പുകള്‍ അനിവാര്യം


ഡോ. എസ്.എസ്. സന്തോഷ് കുമാര്‍

3 min read
Read later
Print
Share

വളരെ വേഗം പടരുന്നതാണ് ഒമിക്രോണ്‍ എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒന്നര-രണ്ടു ദിവസം മതി കേസുകള്‍ ഇരട്ടിയാകാന്‍

ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പട്‌നയിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുന്നു| ഫോട്ടോ: എ.എൻ.ഐ.

മിക്രോണ്‍ വിദേശരാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലും കേരളത്തിലും എത്തിയിരിക്കുകയാണ്. കൊടുങ്കാറ്റിനായി കാത്തിരിക്കാന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. നിലവില്‍ ഒമിക്രോണിനെ സംബന്ധിച്ച നിഗമനങ്ങളിലെത്താനും പ്രതിരോധമാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താനും വിദേശരാജ്യങ്ങളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളെയാണ് അടിസ്ഥാനമാക്കേണ്ടിയിരിക്കുന്നത്. ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ഇംഗ്‌ളണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഒമിക്രോണ്‍ പകര്‍ച്ചയിലും മറ്റു കാര്യങ്ങളിലും പ്രതീക്ഷിച്ചതുപോലെത്തന്നെയാണ് മുന്നോട്ടുപോകുന്നതെങ്കിലും സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം നിലവില്‍ പ്രവചനാതീതമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇത് നാം കണ്ടതാണ്. രോഗം പടരുമ്പോള്‍മാത്രമേ അത് സമൂഹത്തില്‍ ഏതുതരത്തിലൊക്കെയുള്ള പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയൂ.

വളരെ വേഗം പടരുന്നതാണ് ഒമിക്രോണ്‍ എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒന്നര-രണ്ടു ദിവസം മതി കേസുകള്‍ ഇരട്ടിയാകാന്‍. ഇതിനു മുമ്പുള്ള രണ്ടു വകഭേദങ്ങളെക്കാളും വേഗമേറിയതാണിത്. കാട്ടുതീപോലെ പടരാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഡിസംബര്‍ ആദ്യം യു.കെ.യില്‍ 46,000 കേസുണ്ടായിരുന്നത് 73,000 ആകാന്‍ രണ്ടാഴ്ചമാത്രമേ വേണ്ടിവന്നുള്ളൂ. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ജനസംഖ്യ ഒരു വെല്ലുവിളി

വൈറസ് ബാധിക്കുന്നവരില്‍ രോഗാവസ്ഥ ഗുരുതരമാകുന്നില്ലെന്നതും സ്ഥിരീകരിച്ച കാര്യമാണ്. രോഗബാധിതരില്‍ അധികമൊന്നും ഇതുവരെ അതിഗുരുതരാവസ്ഥയില്‍ എത്തിയിട്ടില്ല. ഒരേസമയത്ത് രോഗം വരുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ആശുപത്രി പ്രവേശനത്തിന്റെ കാര്യം വരുമ്പോള്‍ ഇന്ത്യപോലെ ജനസംഖ്യ വളരെ കൂടുതലുള്ളതും ആശുപത്രികളുടെ എണ്ണം താരതമ്യേന കുറവുള്ളതുമായ ഇടങ്ങളില്‍ പ്രശ്‌നമായേക്കാം. വലിയൊരു തരംഗമുണ്ടായി ഒട്ടേറെ ആളുകളെ രോഗം ഒരേസമയം ബാധിച്ചാല്‍ ആശുപത്രിയിലെത്തുന്നത് ഒരു ശതമാനമാണെങ്കില്‍പ്പോലും അത് ആശുപത്രി സംവിധാനങ്ങളുടെ താളംതെറ്റിച്ചേക്കാം. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ നാം നേരിട്ട പ്രതിസന്ധിയുടെ ഒരു രണ്ടാം പതിപ്പായി ഇതു മാറാതെ നോക്കേണ്ടതുണ്ട്. ഗുരുതരാവസ്ഥ ഏറ്റവും കുറഞ്ഞ കാറ്റഗറി 'എ' ആണെങ്കില്‍പ്പോലും വീട്ടില്‍ പരിചരിക്കാന്‍ ആളില്ലാതെ വന്നാല്‍ രോഗികള്‍ക്ക് ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നേക്കാം. ഇത് ആശുപത്രികളില്‍ തിരക്ക് വര്‍ധിപ്പിക്കാനിടയാക്കും. അതിനനുസരിച്ചുവേണം പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍.വാക്ലിന്‍ എടുത്തവര്‍ക്കും ഒമിക്രോണ്‍ പിടിപെടുന്നുണ്ടെന്നത് ശരിയാണ്. ഡെന്മാര്‍ക്കിലും മറ്റും രണ്ടു ഡോസും എടുത്തവര്‍ക്കുപോലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗതീവ്രത കുറവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടായേക്കാം. ക്ഷീണംപോലുള്ള പ്രശ്‌നങ്ങള്‍ രോഗികളെ വിശ്രമത്തിലേക്ക് തള്ളിവിടും. മാത്രമല്ല, വീട്ടിലുള്ള മറ്റുള്ളവര്‍ക്കും അയല്‍ക്കാര്‍ക്കും രോഗം പകരും. ഇത് പുറത്തേക്കു പടര്‍ന്നായിരിക്കും വലിയൊരു തരംഗംതന്നെ ഉണ്ടാകുക.

രോഗപ്പകര്‍ച്ചയുടെ വേഗം തന്നെയാണ് ഇവിടെ പ്രശ്‌നം. രോഗികള്‍ക്ക് വീട്ടിലുള്ള പരിചരണമോ പ്രാഥമിക പരിചരണകേന്ദ്രങ്ങളിലെ ചികിത്സയോ മതിയാകുമെങ്കിലും ഒരു വീട്ടിലെ എല്ലാവര്‍ക്കും രോഗം വരുകയോ അയല്‍പക്കക്കാരിലേക്കുകൂടി പകരുകയോ ചെയ്താല്‍ ഏറ്റവും അടിസ്ഥാനപരമായ പരിചരണംപോലും ചിലപ്പോള്‍ ലഭ്യമാക്കാനാകാതെ വന്നേക്കാം. പരിചരിക്കാനുള്ള ആളുകളുടെ എണ്ണം താരതമ്യേന കുറവാണെന്നതാണ് കാരണം.

പ്രോട്ടോകോള്‍ തയ്യാറാക്കണം

ആഘോഷങ്ങള്‍, യോഗങ്ങള്‍, സത്കാരങ്ങള്‍ തുടങ്ങി ആളുകള്‍ കൂടുന്ന പരിപാടികളില്‍നിന്നാണ് ഒമിക്രോണ്‍ ഏറ്റവുമധികം പകര്‍ന്നിരിക്കുന്നത്. അത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ എല്ലാവരിലേക്കും പകര്‍ന്നേക്കാം. അങ്ങനെ വൈറസ് വീടുകളിലെത്തുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. അതുകൊണ്ടുതന്നെ അത്തരം പരിപാടികളുടെ കാര്യത്തില്‍ കൃത്യമായ പ്രോട്ടോകോള്‍ നിശ്ചയിക്കേണ്ടതുണ്ട്.

സമ്പര്‍ക്കവിലക്കും സമ്പര്‍ക്കം കണ്ടെത്തലുമൊന്നുമല്ല ഇക്കാര്യത്തില്‍ പ്രധാനം. സംശയമുള്ള സ്ഥലങ്ങളില്‍നിന്നു വരുന്നവരെ പ്രത്യേകം പരിശോധിച്ചും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയുമാണ് ഇപ്പോള്‍ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനുമപ്പുറമാണ് ഒമിക്രോണ്‍ എന്നാണ് രോഗം വന്ന രാജ്യങ്ങള്‍ തെളിയിക്കുന്നത്. ജനങ്ങളെ മുഴുവനും പരിശോധിച്ചാല്‍ ചിലപ്പോള്‍ വൈറസ് വ്യാപനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ കിട്ടിയേക്കാം. നിലവില്‍ യാത്രചെയ്തുവരുന്ന ചെറിയൊരു വിഭാഗത്തെ മാത്രം പരിശോധിക്കുന്നതിനാലാണ് എണ്ണം വളരെ കുറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ചെറിയൊരു വിഭാഗത്തിലേക്കു മാത്രമായി ശ്രദ്ധതിരിക്കുമ്പോള്‍ നാം കാണാത്ത മേഖലകളില്‍ രോഗം പകരുകയും പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും.

പെട്ടെന്നു പടരുന്ന മഹാമാരികളില്‍, ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുന്നതിന് ചെലവും മനുഷ്യവിഭവശേഷിയും വളരെ കൂടുതലായി വേണ്ടിവരും. അതുകൊണ്ട് ക്ലിനിക്കല്‍ ലക്ഷണങ്ങള്‍വെച്ച് രോഗം സ്ഥിരീകരിച്ച് മുന്നോട്ടുപോകുകയാണ് നല്ലത്. ഗുരുതരമായ രോഗമുണ്ടാകുന്നവരെ മാത്രം ടെസ്റ്റ് ചെയ്യുകയെന്നതിലേക്കാണ് ലോകരാഷ്ട്രങ്ങള്‍ നീങ്ങുന്നത്, അതാണ് അഭികാമ്യവും. ഒന്നോ ഒന്നരയോ മാസത്തിനുള്ളില്‍ ഒമിക്രോണ്‍ തരംഗം ഇന്ത്യയില്‍ മൂര്‍ച്ഛിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. അതിന്റെകൂടി അടിസ്ഥാനത്തില്‍വേണം പ്രതിരോധനടപടികള്‍ തയ്യാറാക്കാന്‍.

രോഗീപരിചരണത്തിന് സന്നദ്ധരെ വേണം

വളരെ പെട്ടെന്ന് പടരുകയും ഒട്ടേറെപ്പേരിലേക്ക് ഒരേസമയം എത്തുകയും തീവ്രത താരതമ്യേന കുറവായിരിക്കുകയും ചെയ്യുന്ന ഒരു പകര്‍ച്ചപ്പനിയായി ഒമിക്രോണിനെ കാണാം. ഹോം കെയറും സി.എഫ്.എല്‍.ടി.സി. പരിചരണവും കുറേക്കൂടി ശക്തിപ്പെടുത്തേണ്ടിവരും. കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വീടുകളിലും സി.എഫ്.എല്‍.ടി.സി.കളിലും ഏര്‍പ്പെടുത്തേണ്ടിവരും. ഏതുതരക്കാര്‍ക്ക് രോഗം വന്നാലും നേരിടാനും പരിചരിക്കാനും തയ്യാറായി നില്‍ക്കുന്നവരുണ്ടാകണം. രോഗമില്ലാത്തവരോ രോഗം വന്നുപോയവരോ ആയ ചെറുപ്പക്കാരെ രോഗീപരിചരണത്തിനായി നിയോഗിക്കേണ്ടിവരും. വാക്‌സിനെടുക്കാനുള്ള ചെറുപ്പക്കാര്‍ക്കായിരിക്കും ഒമിക്രോണ്‍ പ്രധാനമായും ബാധിക്കുക എന്നതുകൂടി പരിഗണിച്ചുവേണം തയ്യാറെടുപ്പുകള്‍. കൂട്ടതല്‍പ്പേര്‍ക്ക് പരിശീലനം കൊടുക്കുകയാണ് ഇതിനാവശ്യം. ഇവര്‍ക്ക് രോഗത്തില്‍നിന്ന് അകന്നുനില്‍ക്കാനുതകുന്ന സുരക്ഷാമാര്‍ഗങ്ങളും അവലംബിക്കണം. വളരെ പെട്ടെന്നു വന്നുപോകുന്ന രോഗമായതിനാല്‍ നാലോ ആറോ ആഴ്ച മാത്രമേ ഇത് നീണ്ടുനില്‍ക്കാനുള്ള സാധ്യതയുള്ളൂ. ആ സമയത്ത് പരിചരണത്തിന് പരിശീലനം ലഭിച്ചവരുടെ എണ്ണം കൂടുതലായി ഉണ്ടാകണമെന്നുമാത്രം. ഗുരുതരമായവര്‍ക്കുള്ള ചികിത്സയുടെ ഉപകരണം മാത്രമായിരിക്കണം ടെസ്റ്റിങ്. ആശുപത്രിസംവിധാനങ്ങള്‍ നിലവില്‍ നല്ലരീതിയിലുണ്ട്. ഈ സ്ഥിതിയില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരീക്ഷണം നടത്തി ദ്രുതഗതിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങണം.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടായ ലേഖകന്‍ കോവിഡ് മുംബൈ മിഷന്റെ തലവനായിരുന്നു)

Content Highlights: Omicron spreads- Preparations to combat omicron- Covid19-Corona virus, Health

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cholesterol

1 min

ചീത്ത കൊളസ്‌ട്രോള്‍ കൂടിയോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

Oct 2, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023

Most Commented