ഴിഞ്ഞ ഞായറാഴ്ചയും പുഷ്പലത പതിവുപോലെ വാക്സിനേഷന്‍ ജോലിതുടങ്ങി. രാവിലെമുതല്‍ നല്ല തിരക്കുണ്ടായിരുന്നു. ഇടയ്ക്ക് ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി അരമണിക്കൂര്‍ മാറ്റിവെച്ചു. 5.30-തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് കണക്കുനോക്കിയപ്പോള്‍ പുഷ്പലതയും ആദ്യമൊന്നു ഞെട്ടി. 893 പേര്‍ക്കാണ് ഏഴരമണിക്കൂറിനിടയില്‍ വാക്സിന്‍ നല്‍കിയത്. ഞായറാഴ്ച ജോലിക്ക് പൊതുവില്‍ ആളുകുറവായതിനാലാണ് ഇത്രയധികം എടുക്കേണ്ടിവന്നത്.

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സാണ് കെ. പുഷ്പലത. സംഭവം അടുത്ത സുഹൃത്തിനോടുമാത്രം പറഞ്ഞു. പിന്നീടാണു സംസ്ഥാനതലത്തില്‍ ഇത്രയും വാക്സിനേഷന്‍ ഒരാള്‍ ഒരുദിവസം നല്‍കിയിട്ടില്ലെന്ന വിവരം പുഷ്പലതയും അറിയുന്നത്. ജെ.പി.എച്ച്.എന്‍. സംഘടനയും ഇക്കാര്യം ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം വ്യക്തമാക്കി.

ഗാനഭൂഷണം പുഷ്പലത; നാല്‍പ്പതാം വയസ്സില്‍ നഴ്സ്

പ്രൊഫഷണല്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റ് കൂടിയായ പുഷ്പലത സ്വാതിതിരുനാള്‍ സംഗീത കോളേജില്‍നിന്നു ഗാനഭൂഷണം പാസായി. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയില്‍ നഴ്സാകാനുള്ള പഠനമാരംഭിച്ചു. പിന്നീട് നാല്‍പ്പതാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. നവംബറില്‍ പുഷ്പലതയുടെ രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാകും.

എ.ഡി.(ഓട്ടോഡിസേബിള്‍) സിറിഞ്ചുകളിലാണ് കോവാക്സിന്‍ ഡോസ് നല്‍കിയത്. അഞ്ചുമില്ലി കൃത്യമായെടുക്കാന്‍ ഇതു സഹായമായി. കൂടുതലളവില്‍ മരുന്നുവരാതിരിക്കാനുള്ള സംവിധാനവുമുണ്ട്. ഒരാള്‍ക്കു ശരാശരി 20- 30 നിമിഷത്തിനുള്ളില്‍ വാക്സിന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

Content Highlights: Nurse Pushpalatha vaccinates 893 persons within 7.30 hours, Health, Covid19, Covid Vaccine