'പശുവിനെ തീറ്റാൻ പൊയ്ക്കൂടെ എന്ന് ചോദിച്ചവരുണ്ട്!' ശമ്പളവും സുരക്ഷയും ഇല്ലാത്തതിനെക്കുറിച്ച് നഴ്സ്


By ജോബിന ജോസഫ്‌

3 min read
Read later
Print
Share

സിസ്റ്റർ മിനി | Photo: Special Arrangements

ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ യാത്രകളിൽ തനിച്ചായിപ്പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് മനുഷ്യരെല്ലാം. ഒരോ ജീവനും ജനിച്ചുവീഴുന്നതും അവസാന ശ്വാസമെടുക്കുന്നതും കാണാൻ വിധിക്കപ്പെട്ടവരും രോഗിയുടെ അതിജീവനയാത്രയിൽ കൂടെനിൽക്കാൻ വിധിക്കപ്പെട്ടതുമായ വിഭാഗമാണ് നഴ്‌സുമാർ. അതിജീവനത്തിന്റെ ആദ്യചുവടുകളിലും അവരൊപ്പമുണ്ടാകും. അസുഖങ്ങളോടുള്ള മൽപ്പിടുത്തത്തിന്റെ ഒടുക്കം രോഗിയുടെ വിജയം തങ്ങളുടേതു കൂടിയായി കരുതി സംതൃപ്തിയടയുന്നവരാണ് നഴ്‌സുമാർ.

എല്ലാ ദിവസവും ലോകം അവരുടെ സേവനത്തിനു കീഴിലാണെങ്കിലും മേയ് 12 എന്ന ദിവസം അവർക്കായി മാത്രം നാം മാറ്റിവെച്ചിരിക്കയാണ്. കമ്മ്യൂണിറ്റി ക്ലിനിക്കുകൾ മുതൽ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം വരെ, ആരോഗ്യമേഖലയിലെ നട്ടെല്ലാണ് നഴ്സുമാർ. സ്റ്റാറ്റസുകളിലും പോസ്റ്റുകളിലും മാലാഖമാരുടെ പരിവേഷം ചാർത്തിക്കൊടുത്തതുകൊണ്ട് മാത്രം നഴ്‌സുമാരോടുള്ള നമ്മുടെ കടമ അവസാനിച്ചോ? ഇന്ത്യക്കാരായ നഴ്‌സുമാരിൽ 70 ശതമാനവും മലയാളികളാണ്. ഇതിൽത്തന്നെ, പ്രതിവർഷം യോഗ്യതനേടുന്ന നഴ്‌സുമാരിൽ വലിയൊരു ശതമാനവും വിദേശത്തേക്കു പലായനം ചെയ്യുന്നവരുമാണ്. കുറ്റ്യാടി മൈക്രോ ഹെൽത്തിലെ നഴ്‌സായ മിനിക്ക് ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായമുണ്ട്.

നീണ്ട 17 വർഷമായി ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലുമായി മാറിമാറി ജോലി ചെയ്യുകയാണ് മിനി. ഒപ്പം, ആറു കൊല്ലമായി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും ഭാഗമാണ്. പ്ലസ് ടൂ കഴിഞ്ഞ് തനിക്ക് നഴ്‌സിങ് പഠിക്കണമെന്ന് പറഞ്ഞ് കല്പറ്റയിലെ സെബാസ്റ്റ്യൻ ഡോക്ടറുടെ അടുത്തെത്തിയപ്പോൾ, രോഗികൾ നിങ്ങളെ ഉപദ്രവിച്ചേക്കും. മാത്രമല്ല, രക്തവും മലവും മൂത്രവുമെല്ലാം എടുക്കേണ്ടിവരും. ഇതൊക്കെ നിങ്ങൾക്ക് പറ്റുമോ എന്നു ചോദിച്ചപ്പോൾ, രണ്ടാമതൊന്ന് ആലോചിക്കാതെ ഉറപ്പായും പറ്റും എന്ന് പറഞ്ഞ മിനിക്ക് ഇന്ന് പക്ഷേ ഇതൊന്നുമല്ല പേടി. ഇന്നുവരെ മാസം 15,000 രൂപയിൽ കൂടുതൽ ശമ്പളം അവർ കൈപ്പററിയിട്ടില്ല. ഇതിലും ഭേദം പശുവിനെ തീറ്റാൻ പൊയ്ക്കൂടെ എന്നു ചോദിക്കുമ്പോഴൊക്കെ ഈ ജോലി മനസ്സിന് നൽകുന്ന സന്തോഷവും സംതൃപ്തിയും മാത്രമാണ് അവരെ പിടിച്ചുനിർത്തിയത്. ധാരാളം പേർ നഴ്‌സിങ് പഠിക്കാനായി കടന്നുവന്ന കാലമൊക്കെ കഴിഞ്ഞു. ഇന്നിപ്പോൾ ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങുന്ന കുട്ടികൾ ഈ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറാവില്ല. അതവരുടെ നിലനിൽപിന്റെ പ്രശ്‌നമാണ്. മാത്രമല്ല, ഏത് ഹോസ്പിറ്റലിലാണ് നഴ്‌സുമാർക്ക് ഇന്ന് പേടിയില്ലാതെ ജോലി ചെയ്യാനാവുക? യുവഡോക്ടർക്ക് സംഭവിച്ചതിന്റെ നടുക്കത്തിലാണിപ്പോഴും. കുറച്ചുവർഷങ്ങൾക്കുമുമ്പ് ഇത്തരത്തിലൊരു സുരക്ഷിതത്വമില്ലായ്മയൊന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല. കുട്ടികൾ യു.കെ.യിലേക്കും ഓസ്‌ട്രേലിയയിലേക്കും പോകുന്നതിന് അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. അവർക്ക് സുരക്ഷിതമായ തൊഴിലന്തരീക്ഷം ഒരുക്കിക്കൊടുക്കാതെ എങ്ങനെ അവർ ജോലി ചെയ്യും? എല്ലാവരും പുറംരാജ്യത്തേക്കു പോയിക്കഴിയുമ്പോൾ വയസ്സാകുന്നവരെയൊക്കെ പരിചരിക്കാൻ ഇനി ഹിന്ദിക്കാരെയോ മറ്റോ ഏർപ്പാടാക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.- മിനി പറയുന്നു.

ഒരിക്കൽ ലൂക്കീമിയ ബാധിച്ച ഒരു കുട്ടിയേയും കൊണ്ട് ഒരമ്മ ചികിത്സ തേടിയെത്തിയിരുന്നു. കൂടെ അനിയനെയും കൂട്ടും. ആഴ്ചയിൽ നാല് ദിവസവും കുട്ടികളേയും കൊണ്ട് ആശുപത്രിയിലായിരുന്നു അവർ. മൂത്ത കുട്ടിയുടെ അസുഖത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെടുന്നതിനു മുമ്പേ ഇളയ കുട്ടിക്കും കാൻസർ സ്ഥിരീകരിച്ചു. അന്ന് ആ അമ്മയുടെ ദു:ഖമൊക്കെ കണ്ടപ്പോൾ മനസ്സിന് താങ്ങാനാവുന്നതിലും അധികമായിരുന്നു. പാലിയേറ്റീവിന്റെ ഭാഗമായി പോകാൻ തുടങ്ങിയതോടെ മരണം മാത്രം മുന്നിൽക്കണ്ട് കിടക്കുന്ന ഒരുപറ്റം ആളുകളായി ലോകം. അവിടെ പ്രതീക്ഷകൾക്കും അത്ഭുതങ്ങൾക്കുമല്ല സ്ഥാനം, പരിചരണത്തിനും കരുതലിനും മാത്രമാണ്.

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നവർ പലവിധ വേദനകളാലും പ്രശ്‌നങ്ങളാലും ബുദ്ധിമുട്ടുന്നവരാണ്. നമുക്കുമുണ്ട് പ്രശ്‌നങ്ങൾ. എങ്കിലും രോഗികളെ കാണുമ്പോൾ നമ്മുടെ പ്രശ്‌നങ്ങളൊക്കെ നാം മറക്കും, ചിരിക്കും. മുമ്പൊരിക്കലും കണ്ടിട്ടുള്ളവരായിരിക്കില്ല അവർ. എങ്കിലും നമ്മുടെ ആ ചിരിയാണ് പലരുടെയും ആശ്വാസം. 'എപ്പോഴും പുഞ്ചിരിക്കുന്ന സിസ്റ്റർ' എന്നായിരുന്നു വാർഡിൽ ഞാൻ അറിയപ്പെട്ടിരുന്നത്. നമ്മുടെ പ്രശ്‌നങ്ങളൊക്കെ മറന്ന് പുഞ്ചിരിയും കരുതലും മാത്രം നൽകിയാലും ഒരു വിഭാഗത്തിന് എന്നും പുച്ഛം മാത്രമാണ് നഴ്സുമാരെ. ഡോക്ടർ ഉപദേശം നൽകുകയും നഴ്‌സ് പരിചരിക്കയുമാണ് ചെയ്യുന്നത്. എത്ര ആത്മാർഥമായി ജോലി ചെയ്താലും എന്നെ ആദ്യം പരിശോധനയ്ക്ക് കയറ്റിയില്ല, എത്ര നേരമായി, നിങ്ങൾക്ക് പണം മാത്രമാണ് വലുത് എന്ന ആക്ഷേപങ്ങൾ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യും. ഇതൊക്കെയാണെങ്കിലും ഉള്ള കാലമത്രയും നഴ്‌സായിത്തന്നെ ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം - മിനി പറഞ്ഞവസാനിപ്പിക്കുന്നു.

മാലാഖമാരെന്നോ സൂപ്പർഹ്യൂമൻസ് എന്നൊക്കെയോ ഉള്ള പരിവേഷങ്ങളല്ല, അവർ സാധാരണ മനുഷ്യന്മാരാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങളും അർഹതപ്പെട്ട വേതനവും തൊഴിൽസംതൃപ്തിയും അവർക്കും അവകാശപ്പെട്ടതാണെന്നു മനസ്സിലാക്കി ആ മേഖലയിൽ ശക്തമായ ഇടപെടൽ നടത്തിയാൽ മാത്രമേ നമ്മുടെ ആരോഗ്യമേഖല കരുത്തുറ്റതാകൂ.

Content Highlights: nurse mini shares her 17 years nursing experience and talks on nurses migration

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
disease x
Premium

4 min

കോവിഡിനേക്കാൾ മാരകമായേക്കാം, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ?

May 28, 2023


sanitary napkin

5 min

സാനിറ്ററി മാലിന്യങ്ങളുടെ പ്രശ്‌നങ്ങളും പ്രതിവിധിയും; ആര്‍ത്തവ ശുചിത്വ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

May 28, 2023


menstruation

4 min

ആരോഗ്യകരമാകണം ആര്‍ത്തവകാലം | ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം

May 28, 2023

Most Commented