Representative Image| Photo: Canva.com
പെരിന്തൽമണ്ണയിൽ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വിദ്യാർഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വനിതാ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാർഥികൾ നിരീക്ഷണത്തിലുമാണ്. രോഗം വ്യാപിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോറോവൈറസിനെക്കുറിച്ചും അതിന്റെ സങ്കീർണവശങ്ങളെക്കുറിച്ചും പരിശോധിക്കാം.
എന്താണ് നോറോ വൈറസ്?
നോർവാക്ക് വൈറസ് എന്നറിയപ്പെട്ടിരുന്ന നോറോവൈറസ്, ലോകത്തിലെ ഏറ്റവും സാധാരണമായ പകർച്ചവ്യാധി നോൺ ബാക്ടീരിയൽ ഗ്യാസ്ട്രോഎൻററിറ്റിസിന്റെ കാരണമാണ്. ഇത് കാലിസിവിറിഡേ വൈറസ് കുടുംബത്തിൽ പെടുന്നു.
നോറോവൈറസ് അണുബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
- ഓക്കാനം
- ഛർദ്ദി
- അതിസാരം
- വയറുവേദന
- നിർജ്ജലീകരണം
- പനി
- ശരീര വേദന
- തലവേദന
- കാപ്പി നിറത്തിലുള്ള ഛർദ്ദി
- ഛർദ്ദിയിൽ രക്തത്തിന്റെ അംശം
അണുബാധയേറ്റ് മൂന്നു മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു. ഒരു വ്യക്തിക്ക് രോഗലക്ഷണങ്ങൾ തുടങ്ങുന്നത് മുതൽ മാറിയ ശേഷം രണ്ടു ദിവസം വരെ മറ്റുള്ളവർക്ക് രോഗം പകരാൻ കഴിയും. സാധാരണയായി ലക്ഷണങ്ങൾ ഒരാഴ്ചയോളം നിലനിൽക്കുകയും സ്വയം നിയന്ത്രിതമാവുകയും ചെയ്യും.
അണുബാധയുടെ സാധ്യത പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ്. ശരീര സ്രവങ്ങൾ, ഛർദ്ദി അല്ലെങ്കിൽ മറ്റേതെങ്കിലും സ്രവങ്ങൾ എന്നിവയിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. ഇത് പകരുന്ന ഭക്ഷണ പദാർത്ഥങ്ങൾ കക്കയിറച്ചി, മലിനമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണ്.
നോറോവൈറസ് എങ്ങനെ കണ്ടുപിടിക്കാം?
ആർടിപിസിആർ ടെസ്റ്റ് ലഭ്യമാണ്
നോറോവൈറസ് അണുബാധ എങ്ങനെ ചികിത്സിക്കാം?
നോറോവൈറസ് അണുബാധയ്‌ക്ക് പ്രത്യേക മരുന്നോ വാക്‌സിനോ ലഭ്യമല്ല. നിർജ്ജലീകരണം തടയുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. ഇതോടൊപ്പം ഛർദ്ദി, വയറിളക്കം, പനി എന്നിവ തടയുന്നതിനുള്ള ചികിത്സയും നൽകണം.
നോറോവൈറസ് അണുബാധ എങ്ങനെ തടയാം?
- നന്നായി കഴുകിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.
- ശരിയായി പാകം ചെയ്ത ശേഷം മാത്രം കക്കയിറച്ചി, കടൽ മത്സ്യം മറ്റു ഭക്ഷണങ്ങൾ കഴിക്കുക
- വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിർബന്ധമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ടോയ്‌ലറ്റുകൾ ഉപയോഗിച്ചതിന് ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക.
- അസുഖം തുടങ്ങി രോഗലക്ഷണങ്ങൾ മാറി 2 ദിവസം വരെ രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക.
- വൈറസിനെ നശിപ്പിക്കാൻ 63 ഡിഗ്രി അല്ലെങ്കിൽ 140 F താപനിലയിൽ ഭക്ഷണം പാകം ചെയ്യുക
- തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
- കിണറുകൾ മറ്റു കുടിവെള്ള ശ്രോതസ്സുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത ശേഷം ഉപയോഗിക്കുക.
ഛർദ്ദിയും വയറിളക്കവും മൂലമുണ്ടാകുന്ന നിർജ്ജലീകരണമാണ് ഏറ്റവും സാധാരണമായ സങ്കീർണത. വൃക്കസംബന്ധമായ അല്ലെങ്കിൽ കരൾ സംബന്ധമായ മറ്റ് രോഗാവസ്ഥകളുള്ള ആളുകൾക്ക് നിർജലീകരണം മൂലം അവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സെപ്റ്റിസീമിയ, മെനിഞ്ജോ എൻസെഫലൈറ്റിസ് എന്നിവയാണ് മറ്റ് സങ്കീർണതകൾ.
Content Highlights: norovirus infection symptoms causes and complications
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..