-
ലോക്ഡൗണ്‍ കാലത്ത് ഏറെക്കാലം അടച്ചിട്ടതിനാല്‍ സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. കൃത്യമായി ക്ലോറിനേറ്റ് ചെയ്യുകയും വെള്ളം മാറ്റുകയും ചെയ്തതല്ലെങ്കില്‍ ജീവന്‍വരെ നഷ്ടമാവുന്ന അണുബാധയ്ക്ക് അത് കാരണമായേക്കാം. അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടാക്കുന്ന നിഗ്ലേറിയ ഫൗളേറി എന്ന അമീബ ഉണ്ടാവുന്നത് ഇത്തരം ഇടങ്ങളിലാണ്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബന്ധുവീട്ടിലെ നീന്തല്‍ക്കുളത്തില്‍ നിന്നാണ് അണുബാധയുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാധാരണഗതിയില്‍പ്രശ്‌നമുണ്ടാക്കാറില്ലെങ്കിലും നിഗ്ലേറിയ ഫൗളേറി അപകടകാരിയായി മാറാം.
ഇത് തലച്ചോറിനുള്ളില്‍ പ്രവേശിച്ചാല്‍ കൃത്യമായ ചികിത്സയില്ലാത്തതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യതകുറവാണ്. ലോകത്തുതന്നെ വളരെ അപൂര്‍വമാണ് ഈ രോഗബാധ. കേരളത്തില്‍ ഒന്നോരണ്ടോ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധന്‍ ജോ. അബ്ദുല്‍ റഊഫ് പറയുന്നു.
കുളങ്ങള്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടായേക്കാം. എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്യുകയും കൂടെക്കൂടെ വെള്ളംമാറ്റുകയും മാത്രമേ ഇത് തടയാനുള്ള വഴിയുള്ളൂ. നീന്തിക്കുളിക്കുമ്പോഴാണ് അണുബാധ ഉണ്ടാവുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലെ ശിശുരോഗവിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ. മോഹന്‍ദാസ് നായര്‍ പറയുന്നു. അമീബ മൂക്കില്‍കടന്നാല്‍ മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ തലച്ചോറിലെത്തും. വളരെപെട്ടെന്നുതന്നെ ആരോഗ്യവസ്ഥ മോശമാവുകയും ചെയ്യും. കുട്ടികളിലും കൗമാരക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. ശക്തിയായ പനി, ഛര്‍ദി, തലവേദന, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍.
കുളങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ സാധ്യമല്ലെങ്കിലും സ്വിമ്മിങ് പൂളുകളില്‍ അതിനുള്ള സംവിധാനങ്ങളുണ്ട്. എല്ലാദിവസവും ക്ലോറിനേഷന്‍ നിര്‍ബന്ധമായി നടത്തണം. ആയിരം ലിറ്ററിന് 250 ഗ്രാം എന്ന നിലയില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കണം.
അമീബയുടെ സാന്നിധ്യമുള്ള വെള്ളംകുടിച്ചാല്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാവില്ല. മൂക്കിലൂടെ മാത്രമേ ഉള്ളില്‍ പ്രവേശിക്കുകയുള്ളൂ. അതുകൊണ്ട് സ്വിമ്മിങ്പൂളുകളിലും കുളങ്ങളിലുമാണ് കൂടുതല്‍ ശ്രദ്ധവേണ്ടത്. ലോക്ഡൗണ്‍ കാലത്ത് പല കുളങ്ങളും ഉപയോഗിക്കാതെ കിടക്കുന്നുണ്ടാവും. അവിടങ്ങളില്‍ ക്ലോറിനേഷന്‍ നടത്താതെ കുളിക്കാന്‍ ഇറങ്ങുന്നത് അപകടരമാണ്.
Content Highlights: non-chlorinated swimming pools can be dangerous Naegleria fowleri, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..