ഴിഞ്ഞദിവസം പെരുമഴയത്ത് കോഴിക്കോട് അങ്ങാടിയില്‍ വന്നിറങ്ങുമ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയുണ്ട് നാട്. ജനങ്ങള്‍ നിപ്പഭീതിയിലാണ് എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ചുറ്റുപാടുമുള്ളവര്‍ മാസ്‌ക് ധരിച്ചിരിക്കുന്നു. ബസ് സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോയില്‍ കയറിയപ്പോള്‍ ആ ഡ്രൈവറും അങ്ങെത്തുവോളം സംസാരിച്ചത് നിപ്പയെക്കുറിച്ചുതന്നെ. മക്കള്‍ക്ക് പെരുന്നാളിന് ഉടുപ്പുവാങ്ങാനൊന്നും പോകുന്നില്ലെന്നും ഉള്ളതൊക്കെ കഴിച്ചു വീട്ടില്‍തന്നെ കൂടുകയാണെന്നുമെല്ലാം ഇത്തിരി നേരംകൊണ്ട് ആ മനുഷ്യന്‍ പറഞ്ഞുവെച്ചു..

ചെറുതല്ലാത്തരീതിയില്‍ ജനജീവിതം സ്തംഭിപ്പിക്കാന്‍ സാധിച്ച ഇത്തിരിക്കുഞ്ഞന്‍ ഭീകരന്‍ വൈറസിനെക്കുറിച്ച് ഓര്‍ത്തുകൊണ്ടാണ് നിപ്പ ക്യാമ്പ് നടക്കുന്ന അതിഥിമന്ദിരത്തില്‍ ചെന്നിറങ്ങുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്‌നേഹക്ഷണം സ്വീകരിച്ച് ഇന്‍ഫോക്ലിനിക് പ്രവര്‍ത്തകര്‍ നിപ്പ സെല്‍ സന്ദര്‍ശിക്കാന്‍ ചെന്നതായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ആരോഗ്യകേരളത്തിന്റെ എഴുത്തും ചിന്തയും നെയ്‌തെടുക്കുന്നതില്‍ പങ്കുവഹിക്കുന്ന ഞങ്ങള്‍ക്ക് ആ കൂടിക്കാഴ്ച പകര്‍ന്ന ഊര്‍ജം വലുതാണ്. അവരോടൊപ്പം ചെലവഴിച്ച മണിക്കൂറുകള്‍തന്ന തിരിച്ചറിവുകള്‍ ഒരു കുറ്റാന്വേഷണകഥപോലെ തോന്നിച്ചു.

ശൂന്യതയില്‍നിന്ന് ഒരു രോഗം നിര്‍ണയിക്കപ്പെട്ടത് മാത്രമായിരുന്നില്ല, അതിനു കാരണം. മറിച്ച്, ഇതിനു മുന്‍പ് തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ മൂന്നിടത്ത് മാത്രം വന്നിട്ടുള്ള വളരെ അടുത്തകാലത്ത് കണ്ടെത്തിയ ഒരു രോഗം, മെഡിക്കല്‍ പുസ്തകങ്ങളില്‍പ്പോലും കാര്യമായൊന്നും പറഞ്ഞിട്ടില്ലാത്ത ഒന്ന്, ചികിത്സ തുടങ്ങുന്നതുമുതല്‍ മുന്നില്‍ വന്നുചേരുന്ന ലക്ഷണങ്ങളും അവസ്ഥകളും പുതിയത്, പടര്‍ന്നുപിടിക്കുന്ന രോഗസ്വഭാവം തുടങ്ങി എല്ലാം വേദനിപ്പിക്കുന്ന അവസ്ഥ. ഇനിയിപ്പോള്‍, നിപ്പയെ പ്രതിരോധിക്കുന്നതും നേരത്തേ കണ്ടെത്തുന്നതും ചികിത്സനല്‍കുന്നതും സംബന്ധിച്ച് ഒരു പാഠം എഴുതുന്നെങ്കില്‍, അത് നമ്മളില്‍നിന്നായിരിക്കും പിറവികൊള്ളുക എന്ന് പറയത്തക്ക അനുഭവജ്ഞാനം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍കൊണ്ട് ആരോഗ്യകേരളം ഏറെ വിഷമത്തോടെ സ്വായത്തമാക്കി.

മേയ് ഇരുപതിന് നിപ്പ വൈറസാണ് രോഗകാരണം എന്ന് തിരിച്ചറിയും മുന്നേതന്നെ ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വന്നുചേര്‍ന്ന വിപത്തിനെ നേരിടാന്‍വേണ്ട സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നതില്‍ വ്യാപൃതരാകുകയും ചെയ്തിരുന്നു. പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് മാതൃകാപരമായിത്തന്നെ നമ്മള്‍ ഈ രോഗത്തെ നിയന്ത്രണവിധേയമാക്കിവരുന്നു.

ഒരപകടമുണ്ടാകുമ്പോള്‍ ആരും മാറിനില്‍ക്കില്ലെന്നും മനുഷ്യജീവന്റെ പവിത്രതയ്ക്ക് എത്രത്തോളം വിലമതിക്കുന്നു എന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നിച്ചു തീരുമാനിച്ചു പ്രവര്‍ത്തിച്ചുകാണിച്ച ദിവസങ്ങള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്.

സെപ്റ്റംബര്‍ 1998 മുതല്‍ മേയ് 1999 വരെയാണ് മലേഷ്യയിലും സിംഗപ്പൂരിലും നിപ്പ വൈറസ് 265 മനുഷ്യജീവനുകളെ ഇല്ലാതാക്കിയത്. 'ഹെന്‍ഡ്ര വൈറസ് പോലൊരു വൈറസ്' എന്ന് അവ്യക്തതയോടെ വിളിച്ചുവന്നിടത്തുനിന്ന് 'നിപ്പ വൈറസ്' എന്ന പാരാമിക്‌സോവൈറസ് കുടുംബാംഗത്തെ കണ്ടുപിടിച്ചതും അവയെ കണ്ടെത്തിയ സ്ഥലപ്പേര് ചേര്‍ത്തുവിളിച്ചു തുടങ്ങിയതും ഇതുപോലൊരു കഥയാണ്. 2001 മുതല്‍ 2011 വരെയുള്ള കാലത്ത് ബംഗ്‌ളാദേശില്‍ 150 മരണങ്ങളും 2001 ജനുവരിയില്‍ ബംഗാളില്‍ 45 മരണങ്ങളും ഉണ്ടാക്കിയിട്ടേ നിപ്പ വൈറസ് അടങ്ങിയുള്ളൂ.

ഇനിയും മറക്കരുതാത്ത പാഠങ്ങള്‍

വ്യക്തിശുചിത്വം പാലിക്കുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഛര്‍ദിക്കുമ്പോഴുമെല്ലാം ഉണ്ടാകുന്ന തുള്ളികള്‍ ശ്വസിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുതന്നെയാണ് മാസ്‌കിന്റെ പ്രസക്തി. ലാഘവത്തോടെ മാസ്‌കില്‍നിന്നും മാറിനടക്കാറായിട്ടില്ല, പ്രത്യേകിച്ച് ആശുപത്രികളില്‍ പോകുന്നവരും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും. രോഗിയെ പരിപാലിച്ചശേഷം കൈ നന്നായി സോപ്പിട്ട് നാല്‍പ്പത് സെക്കന്‍ഡ് കഴുകുക, ഹാന്‍ഡ് റബ് ഉപയോഗിക്കുക എന്നിവയെല്ലാം തുടരണം. ഹസ്തദാനവും ആലിംഗനവുമെല്ലാം തത്കാലത്തേക്ക് ഒഴിവാക്കണം.

രോഗം പകര്‍ന്ന സാഹചര്യമുണ്ടായ മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി, സി.ടി. സ്‌കാന്‍ മുറിക്കുമുന്നിലെ ഇടുങ്ങിയ ഇടംപോലെയുള്ള സ്ഥലങ്ങളില്‍ വായുസഞ്ചാരമുണ്ടാക്കണം. മറ്റ് ആശുപത്രികളില്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങള്‍ക്ക് 'മെഡിക്കലില്‍ പോവാം' എന്നുപറഞ്ഞ് വണ്ടിപിടിക്കുന്ന രീതിയില്‍ ഇനിയെങ്കിലും മാറ്റമുണ്ടാവണം. റഫറല്‍ സിസ്റ്റം ശക്തിപ്പെടണം. ചുറ്റുപാടും കഴിവുറ്റ ഡോക്ടര്‍മാര്‍ ഉണ്ടെന്നിരിക്കേ, രോഗജന്യമായ സാഹചര്യങ്ങള്‍ വര്‍ധിക്കാന്‍ അനുവദിക്കരുത്.

ഡോക്ടര്‍മാര്‍ക്കുപോലും അജ്ഞാതമായ ഒരു രോഗം പൊട്ടിപ്പുറപ്പെടുകയും അത് പതിനേഴ് മരണങ്ങളുണ്ടാക്കുകയുംചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടുന്നത് സ്വാഭാവികം മാത്രം. പക്ഷേ, ഇതിനിടയിലും പൊരുതിനിന്ന, വീടുകളില്‍ ഓടിയൊളിക്കാന്‍ സാധിക്കാതെപോയ ഡോക്ടര്‍മാര്‍ മുതല്‍ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ വരെയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ കര്‍മവും ധര്‍മവുമെന്ന ആരാധന നിറവേറ്റുകയായിരുന്നു. പെരുമഴയത്ത് നിപ്പരോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ കൃത്യമായി നശിപ്പിക്കാന്‍ ട്രോളി ഉന്തുന്ന രണ്ടു മനുഷ്യരുടെ പടം ആയിരങ്ങളുടെ കണ്ണുനനയിച്ചു. അങ്ങനെ ഒരുപാട് പേര്‍ ചേര്‍ന്നാണ് നിപ്പയെ കാഴ്ചയ്ക്കപ്പുറമെത്തിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്നത്.

ഇനിയുള്ളത്, രോഗമുണ്ടാകാമെന്ന് സംശയിച്ച് രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ അവരുടെ വീട്ടിലുള്ളവര്‍ ഉള്‍പ്പെടുന്ന കോണ്ടാക്ടുകളെ മാനസികമായി ഒറ്റപ്പെടുത്താതിരിക്കുക എന്നതാണ്. അവരെ ഫോണില്‍ വിളിക്കുന്നതിനോ അവരോട് സംസാരിക്കുന്നതിനോ മടിക്കരുത്. നാളെ ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞ് അവര്‍ സമൂഹത്തിലേക്ക് വരുമ്പോള്‍ അവരെ 'മാരകരോഗികളായി' മുദ്രകുത്തരുത്. ഇപ്പോള്‍തന്നെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരെ പേരുപറഞ്ഞ് നിപ്പ രോഗികളായി മുദ്രകുത്തുന്ന വാട്സാപ്പ് മെസേജുകള്‍ വരെയുണ്ട്. മനുഷ്യത്വരാഹിത്യത്തിന്റെ ഉദാഹരണമാണിത്.

കുറച്ചു ദിവസങ്ങളായി നമുക്ക് നിപ്പ പോസിറ്റീവ് കേസുകള്‍ കിട്ടാതായിത്തുടങ്ങിയിരിക്കുന്നു. ഈ മാസാവസാനംവരെ ഇങ്ങനെപോയാല്‍ നമുക്ക് ഈ കരിനിഴല്‍ നീങ്ങിയെന്ന് ഉറപ്പിക്കാം. അതുവരെ ജാഗരൂകരായേ മതിയാകൂ. കോഴിക്കോടോ മലപ്പുറമോ ആര്‍ക്കും യാത്രക്ക് സുരക്ഷിതമല്ലാത്ത അവസ്ഥയില്ല, ഈ നാടുകളിലെ ഭക്ഷണം രോഗംവരുത്തില്ല. ഞങ്ങള്‍ ചെറിയൊരു വിഷമത്തിന്റെ അവസാനഘട്ടത്തിലാണെന്നുമാത്രം. ലോകാരോഗ്യസംഘടനപോലും ''localised'  ഒരിടത്ത് മാത്രം ഒതുങ്ങുന്നത് എന്നാണ് ഈ ഔട്ട്ബ്രേക്കിനെ വിശേഷിപ്പിച്ചത്.

വ്യാജപ്രചാരണങ്ങളിലോ വെറുംവാക്കുകളിലോ വീഴാതെ നമ്മള്‍ ഇത്രയുംനാള്‍ പിടിച്ചുനിന്നു. പൂജ്യത്തില്‍നിന്നും തുടങ്ങി പൂജനീയമായ അവസ്ഥയിലെത്തി. കര്‍മപഥത്തില്‍വെച്ച് ഇടനെഞ്ചില്‍ വെടിയേറ്റുമരിച്ച റസാന്‍ അല്‍ നജ്ജാറിനും എബോള രോഗികളെ പരിചരിച്ചതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട ലൈബീരിയന്‍ നഴ്സ് സലോം കര്‍വയ്ക്കുമൊപ്പം ലോകാരോഗ്യസംഘടന നമ്മുടെ ലിനി സിസ്റ്റര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നു. സ്വന്തം ജീവന്‍ മറന്നും അവരെപ്പോലുള്ളവരാണ് നമുക്ക് നിപ്പയില്‍നിന്ന് മോചനം നേടിത്തരുന്നത്. ഇനിയും ജാഗ്രതയുണ്ടാകണം. നിപ്പ മാറി നന്മകള്‍ വരട്ടെ.