കോവിഡ്-19 ഭീഷണിക്കിടെ നിപ വൈറസിനെക്കൂടി കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. തുടര്‍ച്ചയായി രണ്ടുവര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലാണ് കേരളത്തില്‍ നിപ റിപ്പോര്‍ട്ടു ചെയ്തത്. നിപ വൈറസ് വഹിക്കുന്ന വവ്വാലുകളുടെ പ്രജനനകാലമാണിത്. രോഗം വരുന്നത് തടയാന്‍ സര്‍വസജ്ജമായി ഇരിക്കണം -കുസാറ്റ് ബയോടെക്നോളജി വകുപ്പ് വൈറോളജി ലാബിലെ ഡോ. മോഹനന്‍ വലിയവീട്ടിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രമുഖ അന്താരാഷ്ട്ര ജേര്‍ണലായ 'വൈറസസി'ല്‍ പ്രസിദ്ധീകരിച്ചു. വിനോദ് സോമന്‍പിള്ള, ഗായത്രി കൃഷ്ണ, മോഹനന്‍ വലിയവീട്ടില്‍ എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. 

പ്രജനനകാലത്ത് വവ്വാലുകളില്‍ വൈറസുകളുടെ തോത് കൂടുതലായിരിക്കുമെന്ന് ഗവേഷണം നയിച്ച ഡോ. മോഹനന്‍ പറഞ്ഞു. വൈറസ് വാഹകരാണെങ്കിലും തനതായ പ്രതിരോധശേഷിയുള്ളതിനാല്‍ ഇവ വവ്വാലുകളെ ബാധിക്കാറില്ല. എന്നാല്‍, പ്രജനനകാലത്ത് അവയുടെ പ്രതിരോധശേഷി കുറയും. ഈ സമയത്ത് വവ്വാലുകളുടെ സ്രവങ്ങളില്‍ നിപ വൈറസ് കൂടുതലായിരിക്കും. ഇവയുമായി സമ്പര്‍ക്കത്തില്‍ വരുന്ന മധ്യവര്‍ത്തിയില്‍നിന്നാണ് മനുഷ്യരില്‍ രോഗംവരുക. 

മൂന്നു രാജ്യങ്ങളിലെ പഠനം 

മലേഷ്യയില്‍ വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍വന്ന പന്നികളില്‍നിന്നാണ് മനുഷ്യരിലേക്ക് രോഗംപടര്‍ന്നത്. ബംഗ്ലാദേശില്‍ ഈന്തപ്പനയുടെ നീരുകഴിച്ചവരില്‍നിന്നായിരുന്നു പകര്‍ച്ച. 
ഇന്ത്യയില്‍ ആദ്യംവന്നത് 2001-ല്‍ പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ആദ്യ രോഗിക്ക് എങ്ങനെ രോഗം വന്നുവെന്ന് കണ്ടെത്താനായില്ല. 2018-ല്‍ കോഴിക്കോട്ട് രോഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ കൃത്യമായ കാരണവും വ്യക്തമായിട്ടില്ല. ആദ്യ രോഗി മരിച്ചുപോയതാണ് കാരണം. പഴം ഭക്ഷണമാക്കിയ വവ്വാലിന്റെ കുഞ്ഞില്‍നിന്നോ അല്ലെങ്കില്‍ വവ്വാല്‍ ഭക്ഷിച്ച പഴത്തില്‍നിന്നോ ബാധിച്ചെന്നാണ് അനുമാനിക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടത് വവ്വാലുകളുടെ പ്രജനനകാലത്തായിരുന്നു. 

ആദ്യവരവിന്റെ അനുഭവപാഠം 

2019-ല്‍ നിപ രണ്ടാമതും കേരളത്തിലെത്തിയെങ്കിലും സര്‍ക്കാര്‍ മികച്ച രീതിയില്‍ ഇടപെട്ടത് ഇത് പടരാതിരിക്കാന്‍ സഹായിച്ചെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യരോഗിയെ ഐസൊലേറ്റ് ചെയ്തു. ഇയാളുമായി സമ്പര്‍ക്കത്തില്‍വന്ന മുന്നൂറോളംപേരെ പെട്ടെന്ന് നിരീക്ഷണത്തിലാക്കി. ആദ്യത്തെയാള്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ഈ ജാഗ്രത തുടരണമെന്നാണ് റിപ്പോര്‍ട്ടിന്റെ സാരാംശം. 

രണ്ടുതരം  

രണ്ടുതരം (സ്ട്രെയിന്‍) നിപ വൈറസാണുള്ളത്. നിപ വൈറസ്-ബി, നിപ വൈറസ്-എം എന്നിവ. ഇതില്‍ ബി-ക്കാണ് മരണനിരക്ക് കൂടുതല്‍. ഇന്ത്യയിലും ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തത് ഇതാണ്. മലേഷ്യയില്‍ നിപ-എം ആയിരുന്നു.

രോഗം വരാതെ തടയാം

  • വവ്വാലുകളുടെ ആവാസസ്ഥലങ്ങളില്‍നിന്ന് അകലംപാലിക്കണം
  • ഇവ കടിച്ചെന്ന് സംശയിക്കുന്ന പഴങ്ങള്‍ കഴിക്കരുത്
  • വ്യക്തിശുചിത്വം പാലിക്കണം
  • പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരുകാരണവശാലും കൈകൊണ്ട് തൊടരുത്
  • വനനശീകരണം വവ്വാലുകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയാണ്. ഇതോടെയാണ് ജനവാസ കേന്ദ്രങ്ങ ളിലേക്ക് ഇവ വ്യാപിച്ചത്.
  • കേരളത്തെപ്പോലെ ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.

Content Highlights: Nipah virus may hit study report, Health, Nipah