പേരാമ്പ്ര സൂപ്പിക്കടയിൽ സാബിത്തിന്റെ മരണകാരണമെന്ത്?  വീട്ടുകാർക്കും നാട്ടുകാർക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. പകർച്ചപ്പനി ബാധിച്ചുള്ള മരണംതന്നെ. ചികിത്സിച്ച ഡോക്ടർമാരിൽ ചിലർ പ്രത്യേക വൈറസാണെന്ന സംശയം പറഞ്ഞു, പക്ഷേ, ഉറപ്പിക്കാനായില്ല. സാബിത്തിന്റെ മരണം ആരോഗ്യവകുപ്പാകട്ടെ അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. കേരളത്തിൽ ദിവസവും പനിയെത്തുടർന്ന് മരിക്കുന്ന പലരിൽ ഒരാളായിരുന്നു കഴിഞ്ഞ മേയ് അഞ്ചിന് മരിച്ച സാബിത്തും. മരണക്കണക്കിൽ സർക്കാരിന്റെ ഒരു പട്ടികയിലും പെടാത്തയാൾ. മേയ്‌ 17-ാം തീയതിവരെ അതായിരുന്നു സ്ഥിതി. 

സാബിത്തിന്റെ സഹോദരൻ സാലിഹും വാപ്പയും വാപ്പയുടെ സഹോദരന്റെ ഭാര്യയും സമാനമായ രോഗലക്ഷണം പ്രകടിപ്പിച്ചതോടെയാണ് കഥമാറിയത്. മൂവർക്കും നിപ സ്ഥിരീകരിച്ചു. സാബിത്തിൽ നിന്നാണ് നിപ വന്നതെന്നായിരുന്നു അനുമാനം. സാബിത്തിന്റെ മൃതദേഹം കൂടുതൽ പരിശോധനകൾ നടത്താതെ ഖബറടക്കയതിനാൽ സ്ഥിരീകരിക്കാൻ വേറെ വഴിയുമില്ലായിരുന്നു. മേയ് 25 വരെ സാബിത്തിനെ നിപ ബാധിച്ചവരുടെ കണക്കിൽപ്പെടുത്തിയില്ല. പിന്നീടാണ് ആ പട്ടികയിൽ ഇടംനൽകിയത്. അതും ലാബുകളിൽ സ്ഥിരീകരിക്കാനാകാതെ.മരണത്തിൽനിന്നുപോലും ഏറെ പഠിക്കാനുണ്ടെന്നാണ് നിപ കേരളത്തിന് നൽകുന്ന പ്രധാനപാഠം. മരണകാരണം കൃത്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന സംവിധാനം കേരളത്തിലെ ആരോഗ്യ രംഗത്തില്ല. ഉണ്ടായിരുന്നെങ്കിൽ സാബിത്തിന്റെ മരണശേഷം നിപ കൂടുതൽപേരിലേക്ക് പടരുന്നത് ഒഴിവാക്കാമായിരുന്നു. കുറേ ജീവൻ രക്ഷിക്കാനാകുമായിരുന്നു.

നിരീക്ഷണംതന്നെ കരുത്ത്
അമേരിക്കയിൽ വർഷങ്ങളായി ഒട്ടേറെ പേരുടെ മരണത്തിനിടയാക്കുന്ന വൈറസാണ് വെസ്റ്റ്‌നൈൽ. കൊതുകാണ് ഇതിന്റെ വാഹകർ. ഓർമ നഷ്ടപ്പെടൽ, തലചുറ്റൽ, പനി എന്നിവയാണ് ലക്ഷണങ്ങളായി പറയുക. പക്ഷേ, രോഗം പിടിപെട്ട 80 ശതമാനംപേരിലും ഈ ലക്ഷണങ്ങൾ പ്രകടമാകില്ലെന്നത് ഈ വൈറസിനെ ദുരൂഹമാക്കുന്നു. അമേരിക്കയിൽ ടെക്സസിലും ഒക്‌ലഹോമയിലും ഈ വൈറസ് ഇപ്പോഴും തലവേദനയായി തുടരുകയാണ്.ഇനി കേരളത്തിലേക്ക് വരാം. 2011-ൽ ഈ വൈറസ് ആദ്യമായി കേരളത്തിൽ കണ്ടെത്തി. ആലപ്പുഴയിലായിരുന്നു റിപ്പോർട്ട് ചെയ്തത്. ഏഴുവർഷങ്ങൾക്കുശേഷം ഈ ഏപ്രിലിൽ ആലപ്പുഴ ചേർത്തലയ്ക്കുസമീപം മൂന്നുപേർക്ക് വീണ്ടും വെസ്റ്റ്നൈൽ സ്ഥിരീകരിച്ചു. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കെത്തിയ സാമ്പിളിൽ നിന്നാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. എൻ.ഐ.വി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി മുൻകരുതൽ സ്വീകരിച്ചു. വെസ്റ്റ്നൈലിനെ പിടിച്ചുകെട്ടാനും സാധിച്ചു. 

വയനാട്ടിലും നിലമ്പൂരിലും റിപ്പോർട്ട് ചെയ്ത കുരങ്ങുപനിയുടെ കാര്യവും ഇങ്ങനെത്തന്നെ. നിരീക്ഷണസംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ നമുക്ക് കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. അതോടെ കുരുങ്ങുപനിയും നിയന്ത്രണ വിധേയമായി. 
സാമ്പിൾപരിശോധന, രോഗത്തിന്റെ കാരണം കണ്ടെത്തൽ, മുൻകരുതലും അടിയന്തര ഇടപെടലും. ഇതാണ്‌ വെസ്റ്റ് നൈലിനെയും കുരങ്ങുപനിയെയും നിലയ്ക്കുനിർത്താൻ കേരളത്തെ സഹായിച്ച മൂന്ന് ഘടകങ്ങൾ. ഈ സംവിധാനത്തിൽ വിള്ളൽ വീഴുകയോ ഏതെങ്കിലും കണ്ണി ഇഴചേരാതെ നിൽക്കുകയോ ചെയ്യുമ്പോൾ കേരളം പകർച്ചവ്യാധികൾക്ക് കീഴടങ്ങും. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതും.

കണക്കിൽനിന്ന് തുടങ്ങാം
പകർച്ചവ്യാധികൾ കുറച്ചുകൊണ്ടുവരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ പാളുന്നതിന്റെ തുടക്കം വൈദ്യശാസ്ത്രത്തിൽ നിന്നല്ല, ഗണിത ശാസ്ത്രത്തിൽ നിന്നാണ്. പിഴയ്ക്കുന്ന കണക്കുകളാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ശാപം.സംസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയിലമർന്ന കഴിഞ്ഞ മഴക്കാലം. ആരോഗ്യവകുപ്പ് ഊർജിതമായി പനി ബാധിതരുടെ കണക്ക് ശേഖരിക്കുന്ന സമയം. സംസ്ഥാനമൊട്ടാകെയുള്ള കണക്കുകൾ പക്ഷേ, ഒത്തുനോക്കുമ്പോൾ ആകെക്കൂടിയൊരു പൊരുത്തക്കേട്. ദിവസംതോറുമുള്ള കണക്കിൽ വലിയ ഏറ്റക്കുറച്ചിലുകൾ. വിശദപരിശോധനയിലാണ് കാര്യം പിടികിട്ടിയത്. ചില ആശുപത്രികൾ നൽകുന്നത് തട്ടിക്കൂട്ട് കണക്കായിരുന്നു. 

pic


സ്വകാര്യ ആശുപത്രികൾക്കുള്ള മുൻതൂക്കമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പ്രത്യേകത. നേട്ടവും അതുതന്നെ. സംസ്ഥാനത്ത് 65 ശതമാനം ആശുപത്രികളും സ്വകാര്യമേഖലയിലാണ്. 35 ശതമാനംമാത്രമാണ് സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ. ചികിത്സതേടിയെത്തുന്ന രോഗികളുടെ കാര്യത്തിലും ഏതാണ്ട് ഇതേ അനുപാതമാണ്. 
എന്നിട്ടും ഈ സ്വകാര്യ ആശുപത്രികളിലെ ചികിത്സയെക്കുറിച്ചും മരണങ്ങളെക്കുറിച്ചും സർക്കാരിന് വ്യക്തമായ ധാരണയില്ല. പകർച്ചപ്പനിയുടെ കാര്യത്തിൽ കേരളത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതും അവിടെയാണ്. എന്തുതരം പനിയെന്നോ എത്രപേർ ചികിത്സ തേടിയെന്നോ കൃത്യമായ കണക്ക് ലഭിക്കില്ല. ഈ പ്രശ്നം ഒഴിവാക്കാനായി ഇന്റഗ്രേറ്റഡ് സർവൈലൻസ് ഡെവലപ്‌മെന്റ് സിസ്റ്റം (ഐ.ഡി.എസ്.പി.) എന്ന സംവിധാനം കേന്ദ്രസർക്കാർ തുടങ്ങിയിരുന്നു. എന്നാൽ, ഇതും ഫലപ്രദമല്ല. പല ആശുപത്രികളും വിവരങ്ങൾ നൽകാത്തതാണ് കാരണം. ഇതിന്‌ മാറ്റംവന്നേ മതിയാകൂ.

വേണം ഡെത്ത് ഓഡിറ്റ്
അപൂർവ പനിമരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന അവസ്ഥ കേരളത്തിലുണ്ട്. മരണത്തെ കഴിഞ്ഞ അധ്യായമായി കാണുന്ന രീതിയാണ് നാം പതിറ്റാണ്ടുകളായി പിന്തുടരുന്നത്. എല്ലാ മരണവും കൃത്യമായി നിരീക്ഷിക്കുന്ന സംവിധാനം (ഡെത്ത് ഓഡിറ്റ്) ഇവിടെയില്ല. പനി ബാധിച്ച് മരിച്ചവർ എത്രയെന്ന കണക്ക് സർക്കാരിന്റെ പക്കലുണ്ട്. ചികിത്സതേടിയവരുടെ എണ്ണവും ശേഖരിക്കാറുണ്ട്. എന്നാൽ, എന്തുകാരണം കൊണ്ടാണ് പനി എന്നതിന് വ്യക്തമായ ഉത്തരം ചോദിച്ചാൽ മൗനം. ഡെങ്കിപ്പനി, ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള സ്ഥിരം പനികൾക്കപ്പുറത്തേക്കുള്ള കാരണങ്ങൾ തേടാൻ ആരും മിനക്കെടാറുമില്ല. സംസ്ഥാനത്തുണ്ടാകുന്ന 60 ശതമാനം പകർച്ചവ്യാധികൾക്കും പിന്നിലുള്ള രോഗകാരണം സർക്കാരിനും ആരോഗ്യ വകുപ്പിനും ഇന്നും അജ്ഞാതം. അതിനാൽത്തന്നെ പുതിയൊരു വൈറസിനെ തിരിച്ചറിയാനോ പകരാനിടയുള്ള സ്ഥലങ്ങളിൽ മുന്നൊരുക്കങ്ങൾ നടത്താനോ കഴിയുന്നില്ല. കൂടുതൽ പേരിലേക്ക് പകരുന്നതും തടയാനാകുന്നില്ല. കൈവിട്ടുപോകുന്ന ഘട്ടത്തിൽ മാത്രമായിരിക്കും ഇടപെടൽ തുടങ്ങുക. അതുതന്നെയാണ് നിപയുടെ കാര്യത്തിൽ സംഭവിച്ചതും. 

അറിഞ്ഞ് ചികിത്സിക്കണം
പകർച്ചപ്പനികൾക്ക് മിക്കതിനും നാം കാരണം കണ്ടെത്താറില്ല. അതുപോലെതന്നെയാണ് പനി മരണങ്ങളുടെ കാര്യത്തിലും. രണ്ടോ മൂന്നോ ജീവൻ നഷ്ടമായ ശേഷമാകും നാം കാരണം അന്വേഷിച്ചിറങ്ങുന്നത്. അതുതന്നെയാകട്ടെ ആ ഡോക്ടറുടെ താത്പര്യവും കഴിവും അനുസരിച്ചിരിക്കും. ഈ രീതി മാറ്റണം. പനിയുണ്ടായാൽ ഏത് വൈറസ് എന്ന് ഉടൻ തിരിച്ചറിയാൻ കഴിയണം-
ഡോ. സുൾഫി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി

കൃത്യതയില്ലാത്തതും അപൂർണവുമായ വിവരശേഖരണം തുടർഗവേഷണങ്ങൾ മുതൽ പ്രതിരോധപ്രവർത്തനങ്ങളെവരെ ബാധിക്കുന്നു.  ആസൂത്രണംതന്നെ താളംതെറ്റുന്നതിലേക്കാണ് ഇത് നയിക്കുന്നത്..

പാഠം പഠിക്കാത്ത ആരോഗ്യ കേരളം പരമ്പര വായിക്കാം-  

പാഠം പഠിക്കാത്ത ആരോഗ്യ കേരളം

പാഠം പഠിക്കാത്ത ആരോഗ്യ കേരളം; പഠിപ്പിക്കേണ്ടത് സർക്കാരിനെ 

ആ മനുഷ്യൻ നീ തന്നെ , നീയും തെറ്റുകാരന്‍ തന്നെ