2018 മേയ് 17
കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രി. സുരക്ഷിതമായി പൊതിഞ്ഞ രക്തസാമ്പിളുമായി കോഴിക്കോട് പന്തിരിക്കര സ്വദേശി സലാം മണിപ്പാലിലേക്ക് പുറപ്പെട്ടു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലടിക്കുന്ന മരുമകൻ മുഹമ്മദ് സാലിഹിന്റെ രക്തസാമ്പിളായിരുന്നു അത്. സാലിഹിന് പനിയാണെന്ന് മാത്രമേ സലാമിന് അറിയുമായിരുന്നുള്ളൂ. സാലിഹിന്റെ ചേട്ടൻ സാബിത്ത് ഇതേപോലെ ഒരു പനിവന്നാണ് രണ്ടാഴ്ച മുമ്പ് മരിച്ചതെന്നും അറിയാം. ചില ഊഹങ്ങളല്ലാതെ സാലിഹിനെ ചികിത്സിച്ച ഡോക്ടർമാർക്കും എന്താണ് അസുഖമെന്ന് വ്യക്തതയില്ല.
വൈകീട്ട് ആറരയോടെ കോഴിക്കോട്ടുനിന്ന് വോൾവോ ബസിൽ സലാം ഉഡുപ്പിയിലേക്ക് തിരിച്ചു. പുലർച്ചെ ആറരയോടെ മണിപ്പാൽ സർവകലാശാലയുടെ കീഴിലുള്ള വൈറസ് റിസർച്ച് സെന്ററിലെത്തി. രക്തസാമ്പിൾ നൽകുകയും ചെയ്തു. പരിശോധനാഫലം കോഴിക്കോട്ടെ ആശുപത്രിയിലെ ഡോക്ടർ അനൂപ് കുമാറിന് ഇ-മെയിലായി കിട്ടുമ്പോഴേക്കും സാലിഹ് മരിച്ചിരുന്നു. കേരളത്തിൽ നിപയാണെന്ന് സ്ഥിരീകരിക്കപ്പെട്ട ആദ്യ മരണം. മരുമകനെ അവസാന നോക്കുകാണാൻ തിരക്കിട്ട് ഉഡുപ്പിയിൽ നിന്ന് വണ്ടികയറിയ സലാമിന്റെ മനസ്സിൽ ആ ചോദ്യംമാത്രം ബാക്കി നിന്നു-' ഇത്തരമൊരു പരിശോധനയ്ക്ക് എന്തിന് കർണാടകവരെ പോകേണ്ടിവന്നു?'
19 വർഷം മുമ്പ്
1999 ഏപ്രിൽ അഞ്ച്
പകർച്ചവ്യാധികളെ തിരിച്ചറിയണമെങ്കിൽ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിലേക്ക് സാമ്പിൾ കൊടുത്തുവിട്ടിരുന്ന കാലം. ഇതിന് പ്രതിവിധിയായി ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (കെ.എസ്.ഐ.വി. ഐ.ഡി.) പ്രവർത്തനം തുടങ്ങി. കേരളത്തിൽത്തന്നെ പരിശോധനനടത്തി പകർച്ചവ്യാധികളെ അടിയന്തരമായി ചെറുക്കാനാകണം എന്നതായിരുന്നു ലക്ഷ്യം. വർഷം പരിശോധിച്ചിരുന്നത് 5000 സാമ്പിളുകൾവരെ.
ഇന്ന്
ഇനി ഇന്നത്തെ അവസ്ഥ - എട്ടുവർഷമായി ഡയറക്ടറുമില്ല, വൈറോളജിസ്റ്റുമില്ല. പരിശോധന നിലച്ചു. ആരോഗ്യവകുപ്പാകട്ടെ ആ വഴിക്ക് പോകുന്നുപോലുമില്ല. 'വൈറോളജി' ഇപ്പോൾ പേരിൽ മാത്രമേയുള്ളൂ. സംസ്ഥാന വ്യാപകമായി പകർച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തേണ്ട ഈ സ്ഥാപനത്തിന് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന 'ഭാരിച്ച' ജോലി ഇതാണ്-ആലപ്പുഴ നഗരസഭയിലെ കൊതുക് സാന്ദ്രതയെക്കുറിച്ച് പഠനം നടത്തൽ!
നമ്പർ വൺതന്നെ പക്ഷേ..
ആരോഗ്യരംഗത്ത് രാജ്യത്ത് നമ്പർ വൺ, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന സംവിധാനങ്ങൾ, ലോകത്തിന് തന്നെ മാതൃകയാകുന്ന ജനകീയ ആരോഗ്യ പ്രവർത്തനങ്ങൾ. കേരളത്തിന്റെ ആരോഗ്യ മോഡലിനെക്കുറിച്ച് ഉയർന്നുകേൾക്കുന്ന വായ്ത്താരികൾ ഏറെ. കേരളം ലോകനിലവാരത്തിലാണെന്ന് ഈയടുത്ത് കേന്ദ്രസർക്കാർ പുറത്തുവിട്ട 2015-16 ലെ കുടുംബ ആരോഗ്യ സർവേയും വ്യക്തമാക്കുന്നു. ശിശുമരണനിരക്ക് ആയിരത്തിൽ ആറ് മാത്രം. അതായത് അമേരിക്കയ്ക്ക് ഒപ്പം. ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യത്തിലും ഇതുതന്നെ സ്ഥിതി.
പക്ഷേ, പകർച്ചവ്യാധികൾ ഇപ്പോഴും നമ്മുടെ നേട്ടങ്ങളുടെ പട്ടികയ്ക്ക് പുറത്താണ്. പകർച്ചപ്പനി ബാധിച്ചവരുടെയും മരിക്കുന്നവരുടെയും എണ്ണം കുത്തനെ കൂടി. മരണനിരക്ക് കൂടുതലുള്ള നിപ ഉൾപ്പെടെയുള്ള രോഗങ്ങൾ പുതുതായി പ്രത്യക്ഷപ്പെട്ട് ഭീതിവിതയ്ക്കുന്നു. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പന്നിപ്പനിയും നിയന്ത്രിക്കാനാവുന്നില്ല. ഇതിനുപുറമെ, ജപ്പാൻ ജ്വരം, കുരങ്ങുപനി, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയവയും.
മാനംമുട്ടെ സ്പെഷ്യാലിറ്റി ആശുപത്രികൾ ഉയരുന്നുണ്ടെങ്കിലും അടിയന്തരഘട്ടങ്ങളിൽ നമ്മൾ പലപ്പോഴും പകച്ചുനിൽക്കുന്നു. ഞെട്ടിയുണരുമ്പോഴേക്കും ഒട്ടേറെ ജീവൻ നഷ്ടമായിരിക്കും. ഗവേഷണങ്ങളില്ല, പരിശോധിക്കാനും അതിൽനിന്ന് പാഠംപഠിച്ച് പ്രതിരോധം ആസൂത്രണം ചെയ്യാനും കേന്ദ്രങ്ങളുമില്ല. മാരക വൈറസുകളെ തിരിച്ചറിയാൻ സാമ്പിളുമെടുത്ത് കർണാടകത്തിലേക്ക് ഓടണം. അല്ലെങ്കിൽ മഹാരാഷ്ട്രയിലേക്ക്.
ആരോഗ്യം നോക്കും, അടികിട്ടിയാൽ മാത്രം
അടിക്കടിയുണ്ടാകുന്ന പകർച്ചവ്യാധികളിൽ കേരളം ഒന്നും പഠിക്കുന്നില്ലെന്നാണ് സത്യം. അടികിട്ടിയാൽ മാത്രം ഉണരുന്ന സ്ഥിതി. രോഗംവന്നാൽ മാത്രം നടപടി എന്നതിലേക്ക് ആരോഗ്യ കേരളം ചുരുങ്ങുകയാണ്. രോഗത്തിന്റെ കെടുതികൾ നീങ്ങുന്നതോടെ ഇടപെടലുകൾ നിർത്തും. പ്രതിരോധ പ്രവർത്തനങ്ങളും. പിന്നെ അടുത്ത വ്യാധികൾ പടിവാതിൽക്കലെത്തുമ്പോഴാണ് വീണ്ടും കണ്ണുതുറക്കുക.
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ ബാധതന്നെ ഉദാഹരണം. രോഗബാധിതരുടെയും സംശയിക്കുന്നവരുടെയും രക്തം മണിപ്പാൽ സർവകലാശാലയ്ക്ക് കീഴിലുള്ള ലാബിലാണ് പരിശോധനയ്ക്ക് അയച്ചത്. സമാന സൗകര്യങ്ങളുള്ള ലാബ് ആലപ്പുഴയിൽത്തന്നെയുണ്ട്. മെഡിക്കൽ കോളേജ് കാമ്പസിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഐ.വി.). നിപ ബാധിച്ച ആദ്യ ഒരാഴ്ച ഈ ലാബിനെ നമുക്ക് ഉപയോഗപ്പെടുത്താനായില്ല. നിപയുൾപ്പെടെയുള്ള മാരക വൈറസുകളെ തിരിച്ചറിയാൻ വിദഗ്ധപരിശീലനം ലഭിച്ചയാളുകൾ ഇല്ലാത്തതായിരുന്നു ഒന്നാമത്തെ കാരണം. ഒടുവിൽ പുണെയിലെ എൻ.ഐ.വിയിൽ നിന്നുള്ള സയന്റിസ്റ്റ് ഉൾപ്പെടെ രണ്ടുപേർ വരേണ്ടിവന്നു. പരിശോധന നടത്തുന്ന ടെക്നിഷ്യൻമാർ ഉൾപ്പെടെയുള്ളവർ നിർബന്ധമായും ധരിക്കേണ്ട അതിസുരക്ഷാ കിറ്റ് ഇല്ലാത്തതായിരുന്നു രണ്ടാമത്തെ കടമ്പ. ഇത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു. അപ്പോഴേക്കും നിപ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിട്ടിരുന്നു.
ആലപ്പുഴയിലെ എൻ.ഐ.വി.യിൽ നിന്ന് 10 കിലോമീറ്റർ ദൂരമേയുള്ളൂ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്. വൈറസിനെ കണ്ടെത്തുന്നത് പണ്ടേ നിർത്തി. ആലപ്പുഴയിലെ ആരോഗ്യ വകുപ്പ് പോലും ഇവിടേക്ക് സാമ്പിൾ അയച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ ആകെയുള്ളത് രണ്ട് ടെക്നിക്കൽ ജീവനക്കാർ. സർക്കാരും
ഈ സ്ഥാപനത്തെ ഉപേക്ഷിച്ചുകഴിഞ്ഞു.
നിപ വാർത്തകൾക്കിടെ തിരുവനന്തപുരത്തെ തോന്നയ്ക്കലിൽ അഡ്വാൻസ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ലാബ്, ഗവേഷണ കേന്ദ്രം എന്നിവയാണ് ലക്ഷ്യം. ആലപ്പുഴയിലെ സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിക്കൊണ്ട് 1999 ഏപ്രിൽ അഞ്ചിന് സർക്കാർ പുറത്തിറക്കിയ ഉത്തരവിലും ലക്ഷ്യമായി പറഞ്ഞതും ഇതൊക്കെത്തന്നെ. തോന്നയ്ക്കലിലെ പുതിയ ഗവേഷണ കേന്ദ്രത്തിന്റെ വരവോടെ ഊർധശ്വാസം വലിച്ചുകൊണ്ടിരുന്ന ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അകാലചരമമടയും. മുടക്കിയ കോടികളും വെള്ളത്തിലാകും.
ആശ്വാസം, ഇത്രയല്ലേ സംഭവിച്ചുള്ളൂ
കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള സർക്കാർ ആശുപത്രിയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി. മാസം ഒ.പി. ചികിത്സയ്ക്ക് മാത്രം 30,000 രോഗികൾ. കിഴക്കൻ മലയോര മേഖലയിലെ പ്രധാന ആശ്രയം. നിപ പിടിപെട്ടതറിയാതെ സൂപ്പിക്കടയിലെ സാബിത്ത് ആദ്യം ചികിത്സതേടിയത് ഈ ആശുപത്രിയിലാണ്. കേരളത്തെ കണ്ണീരിലാഴ്ത്തി മരണത്തിലേക്ക് മറഞ്ഞ നഴ്സ് ലിനി ജോലി ചെയ്തിരുന്നതും ഇവിടെത്തന്നെ. ആകെയുള്ളത് രണ്ട് ജനറൽ വാർഡുകൾ മാത്രം. പുരുഷൻമാർക്കും സ്ത്രീകൾക്കും ഒാരോന്നുവീതം. ഇത്രയും തിരക്കുള്ള ആശുപത്രിയിൽ ഇത്രയും പേരിലേക്ക് മാത്രമേ നിപ പടർന്നുള്ളൂ എന്നതുതന്നെ വലിയ കാര്യമെന്ന് ഇവിടത്തെ ജീവനക്കാർ പറയുന്നു.
നിപ ബധിച്ച് മരിച്ച സാലിഹിന്റെ ബന്ധു കല്ലൂർ മുഹമ്മദാലി പറയുന്നതു കൂടി കേൾക്കുക-'സാലിഹ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലായിരുന്നപ്പോഴാണ് അവന്റെ വാപ്പയ്ക്കും വാപ്പയുടെ സഹോദരഭാര്യയ്ക്കും പനി വന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് കൂടുതലായതിനാൽ മെഡിക്കൽ കോളേജിനെ ആശ്രയിക്കാൻ തീരുമാനിച്ചു. ആശുപത്രി അധികൃതരോട് സംസാരിച്ചപ്പോൾ ഐ.സി.യുവിൽ ഒഴിവില്ലെന്നായിരുന്നു മറുപടി. അതുകൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റാനാകാഞ്ഞത്. അത് ഒരുകണക്കിന് നന്നായി. ഇല്ലെങ്കിൽ വല്ല വാർഡിലേക്കോ മറ്റോ മാറ്റി കൂടുതൽ പേരിലേക്ക് പകർന്നേനെ'.
കേരളത്തിലെ വലിയൊരു വിഭാഗം സർക്കാർ ആശുപത്രികളിലെയും അവസ്ഥ ഇങ്ങനെതന്നെ. പകർച്ച വ്യാധികളെ ചെറുക്കേണ്ട കേന്ദ്രത്തിൽനിന്ന് തന്നെ അവ പടരുന്ന സ്ഥിതി. ഇത്തരമൊരു പ്രതിസന്ധി മുൻകൂട്ടി കാണാനാവാത്തതുതന്നെ പ്രധാന പ്രശ്നം. നിപ വൈറസ് വന്ന ഘട്ടത്തിൽ മെഡിക്കൽ കോളേജ് ആയിട്ടുപോലും രോഗം പടരാതിരിക്കാൻ രോഗികളെ ഒറ്റയ്ക്ക് പാർപ്പിക്കുന്ന ഐസൊലേഷൻ വാർഡ് ഇല്ലായിരുന്നു. പിന്നീട് താത്കാലികമായി സജ്ജമാക്കി. എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡ് തുടങ്ങുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനംവന്നതുതന്നെ ആദ്യമരണം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം. പകർച്ച രോഗങ്ങളിൽ നിന്ന് സുരക്ഷ നൽകുന്ന എൻ-95 മാസ്കുപോലും സ്റ്റോക്കില്ലായിരുന്നു. ആരോഗ്യരംഗത്ത് ഒന്നാമൻ എന്ന് മേനിനടിക്കാമെങ്കിലും അടിയന്തര സാഹചര്യം നേരിടാൻ കേരളം സജ്ജമല്ല എന്ന് അടിവരയിടുന്നതാണ് ഇവയൊക്കെ.
തുപ്പരുതേ, പാതകളിൽ
റോഡിലും പാതയോരങ്ങളിലും തുപ്പുന്നശീലം ഒഴിവാക്കുക, രോഗമുള്ളപ്പോഴും ഇല്ലാത്തപ്പോഴും
നിപക്കാലത്ത് ശ്രദ്ധിക്കാൻ
വ്യക്തിശുചിത്വം, സാമൂഹികശുചിത്വം ശീലമാക്കണം. വ്യക്തികൾ, സംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ ചേർന്നാൽ നാട് വൃത്തിയാകും.
രോഗബാധ ഏതുമാകട്ടെ, ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോ കണം. പകർച്ചവ്യാധി പേടിച്ച് ചികിത്സതേടാതിരിക്കരുത്. പ്രത്യേകിച്ച് ഡെങ്കി, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയവ പിടിപെട്ടുവെന്ന് സംശയിക്കുന്നുണ്ടെങ്കിൽ.
കൈകൾ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് കഴുകുക. പ്രത്യേകിച്ച് പുറത്തുപോയിവന്നാൽ. ആശുപത്രി സന്ദർശിക്കുന്നവരും ആശുപത്രി ജീവനക്കാരും ഇത് കർശനമായി പിന്തുടരുക.
ഭക്ഷണം
വൃത്തിയുള്ള ഭക്ഷണം കഴിക്കുക, തട്ടുകടകളിലെ ശുചിത്വം ഉറപ്പാക്കുക.
ഡ്രൈഫ്രൂട്സ് കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇത്തരം പഴങ്ങളിൽ വൈറസ് ഏറെനേരം നിൽക്കില്ല. എങ്കിലും വൃത്തിയുണ്ടെന്ന് ഉറപ്പുവരുത്തുക.
പഴങ്ങൾ കഴുകിവൃത്തിയാക്കി കഴിക്കുക, വീണുകിടക്കുന്നതും കേടുവന്നതും ഒഴിവാക്കണം.
കടപ്പാട്: ഡോ. അബ്ദുൾഗഫൂർ, ചെന്നൈ അപ്പോളോ ആശുപത്രി അഡ്ജങ്ക്റ്റ് പ്രൊഫസർ
കുമിള പോലെ ആയുസ്സുള്ള പദ്ധതികളാണ് കേരളത്തിലെ ആരോഗ്യരംഗത്തിന്റെ വലിയ പോരായ്മ. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ കുറവ്. ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ മാത്രമാണ് ഇതിനുള്ള ചികിത്സയെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൂടുതല്‍ വായിക്കാം..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..