രോ രാത്രിയിലും പനിയുണ്ടെന്നു പറഞ്ഞ് ഓരോരുത്തരും വിളിക്കുമ്പോള്‍ അത് 'നിപ'യാകുമോ എന്ന പേടിയായിരുന്നു. എല്ലാം കൈവിട്ടുപോകുന്ന പോലെ. പക്ഷേ, ഭയം പുറത്ത് കാണിച്ചുകൂടാ.ഞാന്‍ തളര്‍ന്നാല്‍ എല്ലാവരും തളര്‍ന്നുപോവും...'-ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കേരളത്തിന് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മറുപേരാണ് ഇപ്പോള്‍ 'നിപ'.പൊതുജനാരോഗ്യ രംഗത്ത് യു.എന്‍. അംഗീകാരംവരെ നേടിക്കൊടുത്ത 'കേരള മോഡല്‍'. 2018-ല്‍ കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത 'നിപ' എന്ന മഹാവ്യാധി 2019-ല്‍ എറാണാകുളത്തെ പറവൂരിലേക്ക് എത്തിയപ്പോഴേക്കും നിപ പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ടുപോയിരുന്നു.

നിപയെ കീഴടക്കിയതിനു പിന്നില്‍ അരങ്ങിലും അണിയറയിലുമുണ്ടായിരുന്ന ഒെേട്ടറപ്പേരുടെ ജാഗ്രതയുണ്ട്, ഉറക്കമൊഴിച്ചുള്ള കാവലുകളുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുതല്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ചവരിലേക്കുവരെ നീളുന്ന കരുതലിന്റെ, സമര്‍പ്പണത്തിന്റെ ചങ്ങലയാണത്.

കൊച്ചിയില്‍ അപകടകാരിയായ വൈറസിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പേ പഴുതടച്ച ക്രമീകരണങ്ങളുമായി കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ആരോഗ്യ-സന്നദ്ധസേവാ പ്രവര്‍ത്തകരും രംഗത്തിറങ്ങിയിരുന്നു.

പേരാമ്പ്രയില്‍ നിന്ന് കൊച്ചിയിലേക്ക്

നിപ സമാന ലക്ഷണങ്ങളുമായി പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ വിദ്യാര്‍ഥി കൊച്ചിയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ, അനൗദ്യോഗികമായിത്തന്നെ സര്‍ക്കാര്‍തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പുണെ 'വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ നിന്നുള്ള ഫലത്തിനൊന്നും കാത്തുനിന്നില്ല. വിദ്യാര്‍ഥിക്ക് നിപയാണെന്ന് സ്ഥിരീകണം വന്നതിനുശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യമന്ത്രിയും ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ഉദ്യോഗസ്ഥരും നേരിട്ട് നേതൃത്വം നല്‍കി.

പ്രതിരോധം ഇങ്ങനെ

നിപ ബാധിച്ച യുവാവിന്റെ വീട് പറവൂരിലെ തുരുത്തിപ്പുറത്താണ്, പഠിച്ചിരുന്നത് തൊടുപുഴയിലും. അവിടെ ഒരുവീട്ടില്‍ സഹപാഠികള്‍ക്കൊപ്പമായിരുന്നു താമസം. പനി തുടങ്ങിയ കാലയളവില്‍ തൊഴില്‍ പരിശീലനത്തിനായി യുവാവ് തൃശ്ശൂരിലെ ഒരു സ്ഥാപനത്തില്‍ പോയിരുന്നു. ഇതനുസരിച്ച് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലായി ബോധവത്കരണം ഊര്‍ജിതമാക്കി. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്ന എല്ലാവരുടെയും പട്ടിക തയ്യാറാക്കി. ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് നിരീക്ഷണം തുടര്‍ന്നു. മൂന്ന് ജില്ലകളിലായി 330 പേരായിരുന്നു പട്ടികയിലുണ്ടായിരുന്നത്. പനിബാധിച്ച് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരെ 21 ദിവസത്തെ നിരീക്ഷണം കഴിഞ്ഞമുറയ്ക്ക് തിരികെ വീട്ടിലേക്ക് വിട്ടുകൊണ്ടിരുന്നു.

nipah
കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്ന പനിബാധിതര്‍

ഭീതിയല്ല, അതിജാഗ്രത

2018 ജൂണ്‍ അഞ്ചിനാണ് നിപ ഭീതിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡുകള്‍ അടച്ചുപൂട്ടിയത്. പേരാമ്പ്രയിലെ സൂപ്പിക്കട പലതരത്തിലും ഒറ്റപ്പെട്ടു. ജനങ്ങള്‍ വീടുപേക്ഷിച്ച് പോയി. കൊച്ചിയില്‍ ഭീതിയുടെ അത്തരമൊരു സാഹചര്യം ഒഴിവാക്കാനായിരുന്നു ആദ്യശ്രമം. 'ഭീതിയല്ല, അതിജാഗ്രതയാണ്' വേണ്ടതെന്ന തിരിച്ചറിവില്‍ത്തന്നെയാണ് ഉദ്യോഗസ്ഥര്‍ നീങ്ങിയത്.

ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുന്‍ഗണനാപ്പട്ടികയിലുള്ള, മരണനിരക്ക് ഏറ്റവും കൂടുതലുള്ള രോഗം. റിപ്പോര്‍ട്ട് ചെയ്ത സമയത്തുതന്നെ 17 പേരുടെ ജീവനെടുത്ത വൈറസിനെക്കുറിച്ച് കൂടുതല്‍ ഭീതിപരത്തിയാല്‍ സ്ഥിതി വഷളാകുമായിരുന്നു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളില്‍ നിന്നായി നാലായിരത്തോളം പേര്‍ക്ക്, ബോധവത്കരണവും പരിശീലനവും നല്‍കി. പുണെയില്‍ നിന്ന് 'ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റി ബോഡീസ്' കൊച്ചിയിലെത്തിച്ചെങ്കിലും ഈ മരുന്ന് ആര്‍ക്കും നല്‍കേണ്ട സാഹചര്യമുണ്ടായില്ല.

നടപ്പാക്കിയത് 'കോഴിക്കോട് മോഡല്‍'

നിപയെ നേരിട്ട കോഴിക്കോടിന്റെ വിജയമാതൃകയാണ് കൊച്ചിയിലും പ്രാവര്‍ത്തികമാക്കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ വലിപ്പച്ചെറുപ്പം നോക്കാതെ പ്രവര്‍ത്തിച്ചതാണ് നിപയെ പ്രതിരോധിക്കാന്‍ സഹായകമായത്. ദ്രുതഗതിയില്‍ വൈറസിനെ തുരത്താന്‍ സഹായകമായത് ഈ കൂട്ടായ്മയാണ്. ഓരോ വിഭാഗവും അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു.

പേരാമ്പ്രയില്‍ രോഗം പരത്തിയ ആദ്യരോഗിക്ക് ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിപ രോഗവ്യാപനം കൂടുന്നത്, ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലേക്ക് വരുമ്പോഴാണ്. ചുമയും ശ്വാസംമുട്ടലും വരുന്ന ആ രോഗിയില്‍ നിന്നാണ് കൂടുതല്‍ പ്രസരണം നടക്കുന്നത്.

ഇത്തവണ രോഗിക്ക് തലച്ചോറിനെയാണ് ബാധിച്ചതെന്ന വ്യത്യാസമാണുണ്ടായിരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കു പിന്നാലെ പോകാതെ, ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചായിരുന്നു നടന്നത്. കളക്ടറേറ്റ്, അവലോകനത്തിന്റെയും ഏകോപനത്തിന്റെയും കേന്ദ്രമായി. ദിവസവും യോഗങ്ങള്‍. വൈകുന്നേരങ്ങളില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടത്.

nipah
കൊച്ചി മെഡിക്കല്‍ കോളേജില്‍ സുരക്ഷാവസ്ത്രങ്ങളണിഞ്ഞ് എത്തിയ ഡോക്ടര്‍മാരും ജീവനക്കാരും

ഇവരെയും ഓര്‍ക്കണം

വൈറസ് ഭീതിപരത്തിയ നാളുകളില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെയും യുവാവിനെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആസ്പത്രിയിലെയും സെക്യൂരിറ്റി ജീവനക്കാരും ശുചീകരണ തൊഴിലാളികളും അറ്റന്‍ഡര്‍മാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്‍മാരും ഒരേമനസ്സോടെ പ്രവര്‍ത്തിച്ചു. പലരും അവധി പോലുമെടുക്കാതെയാണ് ജോലിചെയ്തത്. വൈറസ് ബാധ ഉണ്ടാവാതിരിക്കാന്‍ മുഖാവരണം ഉള്‍പ്പെടെ ശരീരം മുഴുവനും മൂടിയ വസ്ത്രങ്ങളണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്. മാസ്‌കും ൈകയുറയും ധരിച്ച നഴ്സുമാരും പി.ജി., ഹൗസ് സര്‍ജന്‍സ് ഡോക്ടര്‍മാരും ജാഗ്രതയോടെ രോഗികളെ പരിചരിച്ചു. ജീവനക്കാര്‍ക്കെല്ലാം മാസ്‌കുകള്‍ വിതരണം ചെയ്തു.

രോഗികളെ മൂന്നായി തരംതിരിച്ച് മൂന്ന് വാര്‍ഡുകളിലായി കിടത്തി. നഴ്സുമാര്‍ രോഗികളെ അതിസൂക്ഷ്മമായി പരിചരിക്കുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. സംശയം തോന്നുന്ന രോഗികളുടെ രക്തസാമ്പിളുകളും സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചു. രോഗികളുടെ ലാബ് പരിശോധനകള്‍ ഒട്ടും വൈകിക്കാതെ ടെക്നീഷ്യന്മാര്‍ ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക 'ഐസൊലേഷന്‍ വാര്‍ഡ്' ക്രമീകരിച്ച് രോഗികളെ അങ്ങോട്ട് മാറ്റി. എല്ലായിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തി. ശുചീകരണ തൊഴിലാളികള്‍ സുരക്ഷാകവചം ധരിച്ച് വാര്‍ഡുകള്‍ അണുവിമുക്തമാക്കി. രോഗം പകരാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കായിരുന്നു പ്രഥമ പരിഗണന.

ഒറ്റക്കെട്ടായി പറവൂര്‍

കോഴിക്കോട് പേരാമ്പ്രയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു കുടുംബം മാത്രമല്ല, ഒരു നാട് തന്നെയും ഒറ്റപ്പെട്ടിരുന്നു. എന്നാല്‍, ആദ്യംമുതലേ നിപയെ ചെറുത്ത് തോല്‍പ്പിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ നാടായ വടക്കേക്കര പഞ്ചായത്ത് നിവാസികള്‍. കടകള്‍ തുറന്നു... കുട്ടികള്‍ സ്‌കൂളില്‍ പോയി... അസ്വഭാവികമായി ഒന്നും സംഭവിക്കാതെ പറവൂര്‍ ജാഗ്രത പുലര്‍ത്തി. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ഒറ്റക്കെട്ടായി നാട്ടുകാര്‍ നിന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയുടെ വീടിന്റെ പരിസരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തി. വിദ്യാര്‍ഥിയുമായി സമ്പര്‍ക്കമുണ്ടായവരെ പ്രത്യേകം നിരീക്ഷിച്ചു.

ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ ബോധവത്കരണം നടത്തി. ഉറവിടം കണ്ടെത്താനായി പറവൂരില്‍ പരിശോധനകളും ഊര്‍ജിതമാക്കി. നീരീക്ഷണത്തിലിരുന്നവര്‍ വീടും കുടുംബവും ഉപേക്ഷിച്ച് ആശുപത്രിയില്‍ത്തന്നെ കഴിച്ചുകൂട്ടി. രോഗം ബാധിച്ചിട്ടും പതറാതെ പൊരുതി, ജീവിതത്തിലേക്ക് തിരിച്ചുവന്ന കൊയിലാണ്ടി സ്വദേശി അജന്യയുടെയും മലപ്പുറത്തുകാരന്‍ ഉബീഷിന്റെയും അതിജീവനം എല്ലാത്തിനും ഊര്‍ജം പകര്‍ന്നു.

കൃത്യമായി പാലിക്കപ്പെട്ട ചികിത്സാ പ്രോട്ടോക്കോള്‍

നിപയെ നേരിടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് വഴികാട്ടിയത് നിപയെക്കുറിച്ച് പരിചയമുള്ള ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ.). ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) നല്‍കിയ 'ചികിത്സാ പ്രോട്ടോക്കോള്‍'ആയിരുന്നു. കേന്ദ്ര സംഘങ്ങളുടെ വരവോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി.

'വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം രോഗം പടരുന്നത് തടയുകയാണ്' എന്ന ഐ.സി.എം.ആറിന്റെ നിര്‍ദേശമാണ് ഫലം കണ്ടത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്രസംഘം രൂപംനല്‍കുന്ന പദ്ധതികള്‍ കൃത്യമായി നടപ്പാക്കി.

പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍, ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങിയ കേന്ദ്ര സംഘങ്ങളൊക്കെ സഹായവുമായി എത്തി.

നിപ ഭീതിയകലുന്നു

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ കേരളം ആശ്വാസത്തിലായി, രോഗം മറ്റുള്ളവരിലേക്ക് പടരാതിരുന്നതോടെ നിപ പ്രതിരോധങ്ങള്‍ വിജയംകണ്ടു. മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ ആരും നീരീക്ഷണത്തില്‍ ഇല്ല. ഒരു മാസത്തിനിടെ നിപ സംശയിക്കത്തക്ക കേസുകളൊന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുമില്ല.

ഉറവിടം എവിടൈയന്നതിന് മാത്രം ഉത്തരമില്ല

നിപയുടെ യഥാര്‍ഥ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. പരിശോധനയ്ക്കായി ശേഖരിച്ച 'പഴംതീനി വവ്വാലു'കളില്‍ 16 എണ്ണത്തില്‍ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര സംഘം കണ്ടെത്തിയിരുന്നു. പറവൂരിലെ തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങളില്‍ നിന്ന് പഴംതീനി വവ്വാലുകളെ പരിശോധനയ്ക്കായി ജീവനോടെ പിടിച്ചിരുന്നു. രാത്രിയില്‍ വലവിരിച്ച് പോയശേഷം, രാവിലെ എത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഇവയെ ശേഖരിച്ചത്.

എന്നാല്‍, വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം എങ്ങനെ എത്തിയെന്നതിന് കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പേരാമ്പ്രയില്‍ നിപ ബാധിച്ചത് പഴംതീനി വവ്വാലുകളില്‍ നിന്നാണെന്ന് സ്ഥീരികരിച്ചെങ്കിലും ആരീതിയിലുള്ള പഠനങ്ങളൊന്നുംതന്നെ കാര്യമായി മുന്നോട്ടുപോയില്ല.

ഉറവിടംകണ്ടെത്തലും പ്രധാനം

വവ്വാലുകളില്‍ നിന്നാണ് മലേഷ്യയില്‍ ഈ രോഗം ആരംഭിക്കുന്നത്. വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും പന്നികളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പടരാം. മറ്റു രാജ്യങ്ങളില്‍ വവ്വാലുകളില്‍ നിന്ന് പകര്‍ന്ന അസുഖമായതിനാല്‍ കേരളത്തിലും അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവില്ല.

വൈറസ് ബാധയുള്ള വവ്വാലുകളുടെ സ്രവങ്ങള്‍ മനുഷ്യന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാമെന്ന് ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലെ ഡോ. അശ്വിന്‍ റായത്ത് പറയുന്നു.

nipah test
നിപ ടെസ്റ്റ് നടത്താന്‍ പൂണെ നാഷണല്‍ വൈറോളജി ലാബിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഒരുക്കിയ നിപ ടെസ്റ്റിങ് മെഷീന്‍

പി.സി.ആര്‍. മെഷീനും ആ മൂന്നുപേരും

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആംബുലന്‍സില്‍ എത്തിച്ച പനിബാധിതരുടെ സ്രവങ്ങള്‍ പരിശോധിക്കാനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 'നിപ ലാബ്' തയ്യാറാക്കിയിരുന്നു. സ്രവം എടുത്ത് ടെസ്റ്റ് ചെയ്യാനുള്ള പി.സി.ആര്‍. മെഷീനുകളും ഒരുക്കിയിരുന്നു.

പുണെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നുള്ള ഡോ. റീമയുടെ നേതൃത്വത്തില്‍ അനിത, ത്രിപര്‍ണ എന്നിവരാണ് നിപ ടെസ്റ്റിങ് മെഷീനുമായി ഊണും ഉറക്കവുമൊഴിഞ്ഞ് പ്രവര്‍ത്തിച്ചത്.

കോഴിക്കോട്ട് നിന്ന് കൊച്ചിയിലെത്തിയ ഡോ. ചാന്ദിനി, കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോ. ഗണേഷ് മോഹന്‍ തുടങ്ങി നിരവധിപേരുടെ ജാഗ്രതയാണ് ഫലംകണ്ടത്. ജില്ല പൂര്‍ണമായും നിപ വിമുക്തമായി എന്ന പ്രഖ്യാപനമാണ് ഇനി ബാക്കി.

Content Highlight: Nipah preventive measures Kochi, Nipah Kochi, Nipah Fight, Health Minister KK Shailaja