ജൂണ്‍ ആദ്യവാരത്തിന്റെ ആരംഭത്തില്‍, തീരെ തിരക്കില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന കോഴിക്കോട് ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റ്‌റില്‍ മലപ്പുറത്തേക്ക് ബസ് കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈജിപ്തില്‍ നിന്ന് ഷിമ വിളിക്കുന്നത്.  
'ഡോക്ടര്‍ സന്തോഷ്, എന്തൊക്കെ വിശേഷങ്ങള്‍? 
'ഹലോ ഷൈമ, സുഖമല്ലേ? 
'വളരെ ഭേദം.' 
കേരള കലാമണ്ഡലത്തില്‍ ഇന്ത്യന്‍ നാടകവേദിയെക്കുറിച്ച് ഗവേഷണം ചെയ്യുന്ന വിദ്യാര്‍ഥിയാണ് ഷിമ. അവരുടെ റിസര്‍ച്ച് ഗൈഡും എന്റെ സുഹൃത്തുമായ ഡോ: രാജാവാരിയര്‍ ഇക്കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ ഒരു ദിവസം വിളിച്ചുപറഞ്ഞു. 'സന്തോഷ്, എന്റെ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഈജിപ്തില്‍ പനി പിടിച്ചു കിടക്കുന്നു. കേരളത്തില്‍ നിന്ന് പോയ പനിയാണ്. അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക്  ഇവിടെയുള്ള ഒരു ഫിസിഷ്യനോട് സംസാരിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഒരാളെ തരപ്പെടുത്തി കൊടുക്കണം.

അന്നുതന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ഈജിപ്റ്റിലേക്ക് അയച്ചുകൊടുത്തു. രണ്ട് ഡോക്ടര്‍മാരും സംസാരിച്ചു. രണ്ടുപേരെയും പറ്റിച്ചുകൊണ്ട് ആര്‍ക്കും പിടികൊടുക്കാതെ ഷിമയുടെ പനി സ്വയം ശമിക്കുകയും ചെയ്തു. അവധിക്കാലം കഴിഞ്ഞ് മടങ്ങിവരാന്‍ ഒരുങ്ങുമ്പോഴാണ് കേരളത്തിലെ പുതിയ വിശേഷം ഷിമ അറിയുന്നത്. 

'ഡോക്ടര്‍ സന്തോഷ്, നിപ്പ വൈറസ് പടര്‍ന്നു പിടിച്ചിരിക്കുന്ന സ്ഥലത്തിനടുത്തല്ലേ താങ്കള്‍ താമസിക്കുന്നത്?'ആ ചോദ്യത്തിലെ യാദൃശ്ചികതയില്‍ എനിക്ക് കൗതുകം തോന്നി. കോഴിക്കോട് നഗരത്തില്‍ നിന്ന് 45 കി.മി അകലെ, നിപ്പരോഗം പൊട്ടിപ്പുറപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട്, സൂപ്പിക്കട, ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം, പേരാബ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പോയിട്ട്  ഞാന്‍ മടങ്ങിവരുന്ന വഴിയാണ്. യാത്രയ്ക്കിടയില്‍ ശ്രദ്ധയില്‍പ്പെട്ട പ്രധാനകാര്യങ്ങള്‍ മറന്നുപോകാതിരിക്കാന്‍ ഡയറിയില്‍ കുറിച്ചു വെയ്ക്കുന്നതിനിടയിലാണ് ഷിമ വിളിക്കുന്നത്. ലോകം നാം പ്രതീക്ഷിക്കുന്നതിലും ചെറുതായിപ്പോയതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. കോഴിക്കോടും ഈജിപ്റ്റും എത്രയടുത്താണ്‍ ചങ്ങരോത്ത് ഒരു മരം മുറിഞ്ഞുവീണാല്‍ അതിന്റെ ഒച്ച  ഈജിപ്തില്‍ കേള്‍ക്കും. തിരിച്ചും. 
'അതെ, ഷിമ. പക്ഷെ അതിനടുത്തല്ല.അതിനുള്ളില്‍.

ഞാന്‍ ജോലിചെയ്യുന്ന മലപ്പുറത്ത് നിപ്പരോഗം ബാധിച്ച നാലില്‍ മൂന്നുപേരും മരിച്ചുപോയ കാര്യം ഓര്‍ത്തുകൊണ്ട് ഞാന്‍ പറഞ്ഞു. മലപ്പുറം ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീനയും  ഡിസ്ട്രിക്ട്  സര്‍വിലെന്‍സ് ഓഫീസര്‍ ഡോ: മുഹമ്മദ് ഇസ്മയിലും ജില്ല മുഴുവന്‍ ഓടി നടക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പി.ജി വിദ്യാര്‍ഥികള്‍ നിപ്പ രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി എല്ലാവരെയും  ക്വാറന്റ്റൈന്‍ ചെയ്തിരിക്കുന്നു. 

'ഡോക്ടര്‍ സന്തോഷ്, ഭയം തോന്നുന്നു.'ഭയത്തിനുള്ളില്‍ സമാധാനത്തിന്റെ ഇടം കണ്ടെത്തുകയാണ് ഡോക്ടറുടെ ധര്‍മ്മം.'തലയ്ക്കുമുകളില്‍ പ്രകാശവലയമുള്ള ചിരിക്കുന്ന ബുദ്ധന്റെ ചിത്രം മറുപടിയെന്നവണ്ണം ഈജിപ്തില്‍ നിന്ന് വാട്‌സാപ്പില്‍ മണിമുഴക്കത്തോടെ വന്നുവീന്നു. 

'ഡോക്ടര്‍മാര്‍ അതിസാഹസികമായി ജോലിചെയ്യുകയാണ്. ഞാന്‍ വായിച്ചു.'ഡോക്ടര്‍മാര്‍ മാത്രമല്ല, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, നേഴ്‌സിംഗ് അസിസ്റ്റന്റ്‌റുമാര്‍, ക്ലീനിംഗ് സ്റ്റാഫ്, ഫീല്‍ഡ് ജീവനക്കാര്‍... അങ്ങനെ ഒരുപാട് പേര്‍.

'സത്യം പറയൂ, ഞാന്‍ കാര്യമായി ചോദിക്കുകയാണ്. ഇപ്പോള്‍ എന്താണ് അവസ്ഥ?ഷിമ, വൈറസിന്റെ വഴികള്‍ ആരോഗ്യവകുപ്പ് അടച്ചു കഴിഞ്ഞു. മേയ് 30 ന് ശേഷം പുതിയ പോസിറ്റീവ് കേസില്ല. 31ന് ശേഷം ആരും മരിച്ചിട്ടില്ല. രണ്ട് പേര്‍ സുഖം പ്രാപിച്ചുവരുന്നു. രോഗം പിന്‍വാങ്ങുകയാണ്.'

'ശരിക്കും? പക്ഷെ 2000 പേര്‍ നിരീക്ഷണത്തിലാണല്ലോ. അവരിലേക്ക് രോഗം പകര്‍ന്നു എന്നല്ലേ അര്‍ഥം?'
'അല്ല. നിപ്പ രോഗികളുമായി  സമ്പര്‍ക്കമുള്ളവര്‍  എന്ന് മാത്രമാണ് അര്‍ഥം. വൈറസ് അവരിലേക്ക് എത്തിയിരിക്കുന്നു എന്നതിനര്‍ത്ഥമില്ല.  ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ രോഗികളായിത്തീരാനുള്ള സാധ്യത തീരെ കുറവാണ്.'
'എന്തുകൊണ്ട്?

'ആയുസ്സു കുറഞ്ഞ ഭീകരനാണ് നിപ്പ. അത്ര പെട്ടെന്ന് പകരാന്‍ അതിന് ശേഷിയില്ല. പകരണമെങ്കില്‍ ഒരു കൈയ്യകലത്തിനുള്ളില്‍ രോഗിക്ക് മുഖാമുഖം നില്‍ക്കണം. അതും രോഗം മൂര്‍ച്ചിക്കുന്ന ഘട്ടത്തില്‍. രോഗിയുടെ തുപ്പലോ ഛര്‍ദ്ദിലോ നമ്മുടെ മേല്‍  തെറിച്ചു വീഴണം. രോഗിയുടെ രക്തമോ ശരീരദ്രവമോ നാം സ്പര്‍ശിക്കണം. ആദ്യത്തെ രോഗിയൊഴിച്ചു മിക്കവാറും എല്ലാവരേയും ഈ ഘട്ടത്തിന് മുന്‍പേ കണ്ടെത്താന്‍ കഴിഞ്ഞു. ഐ.സി.യുവില്‍ എത്തിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് വൈറസ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഞ്ചരിച്ചിരിക്കാന്‍ സാധ്യതയില്ല..'
'അപ്പോള്‍ ഇന്‍ഫ്‌ലുവെന്‍സ പോലെ നിപ്പ വായുവിലൂടെ പകരില്ല എന്നാണോ പറയുന്നത്?'
'അതെ.'
'ഞാന്‍ അങ്ങനെയല്ല വായിച്ചത്'
'എവിടെ വായിച്ചു?'
'ഈജിപ്തില്‍. ഓണ്‍ലൈനില്‍. കേരളത്തിലേക്ക് യാത്ര പാടില്ല എന്നാണവര്‍ പറയുന്നത്.'
'അത് തെറ്റാണ്'
'അപ്പോള്‍ എനിക്ക് അവിടേക്ക് വരാം.'
'തീര്‍ച്ചയായും. ഷിമക്ക് എവിടേക്കും പോകാം. കോഴിക്കോട്ടേക്കും പേരാമ്പ്രയിലേക്കും. വേണമെങ്കില്‍ സാബിത്തിന്റെയും സാലിഹിന്റെയും മൂസയുടെയും മറിയത്തിന്റെയും വീട് നില്‍ക്കുന്ന സൂപ്പികടയിലേക്കും. സാബിത്തിന്റെ ഉമ്മയും അനിയനും അവിടെയുണ്ട്. മറിയത്തിന്റെ മക്കളുണ്ട്.  അവരോട് സംസാരിക്കാം.' 
നന്ദി പറഞ്ഞുകൊണ്ട് ഷിമ സംഭാഷണം അവസാനിപ്പിച്ചു.  

nipah
ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

ബസ് സ്റ്റാന്റ് ഇപ്പോഴും തിരക്കൊഴിഞ്ഞു കിടക്കുന്നു. യാത്രക്കാരൊക്കെ വെളിച്ചത്തിന് കീഴില്‍ ഒതുങ്ങിക്കൂടി നില്‍ക്കുന്നു. ഇരുട്ടില്‍ വൈറസ്സുകള്‍ മറഞ്ഞിരിക്കുന്നതായി അവര്‍ ഭയക്കുന്നുവെന്ന് തോന്നി. ദീര്‍ഘനേരം ബസ്സ് കാത്തുനില്‍ക്കുന്നതിനിടയില്‍ മുന്‍പൊരിക്കലും കാത്തിരിപ്പ് സ്ഥലത്ത് ഇരിക്കാന്‍ എനിക്ക് സീറ്റ് കിട്ടിയിട്ടില്ല. ഇപ്പോഴിതാ മിക്ക കസേരകളും ഒഴിഞ്ഞുകിടക്കുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഷിമ എങ്ങനെയായിരിക്കും മനസ്സിലാക്കിയിരിക്കുക!  ഗൗരവമുള്ള ഒരു വിഷയത്തെ അമിതമായി ലളിതവത്ക്കരിച്ചുവോ എന്നെനിക്ക് സംശയം തോന്നി. ഞാന്‍ ഡയറിയില്‍ നോക്കി. ഇല്ല. തെറ്റിയിട്ടില്ല. വൈറസ് മനുഷ്യരെപ്പോലെയാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായി അവ പെരുമാറും. നിപ്പയുടെ ഉറവിടം എവിടെയും വവ്വാല്‍ തന്നെയാണ്. പക്ഷെ മലേഷ്യയിലെ പോലെയല്ല അത് ബംഗ്ലാദേശില്‍ പടര്‍ന്നുപിടിക്കുക. അതില്‍ നിന്ന് വ്യത്യസ്തമായിരിക്കും കേരളം. കാരണം രോഗസംക്രമണം വൈറസിനും മനുഷ്യനും അതിജീവനത്തിന്റെ പ്രശ്‌നമാണ്. ഏറ്റവും അനുയോജ്യമായ രീതി ഏതാണോ അതാണ് ഓരോ സ്ഥലത്തും സ്വീകരിക്കുക.

പക്ഷെ ഇക്കാര്യത്തില്‍ മനുഷ്യനുമേല്‍ പൂര്‍ണ്ണമായ അധികാരം സ്ഥാപിക്കാന്‍ കഴിയാതെ നില്‍ക്കുന്ന വൈറസാണ് നിപ്പ.  മാരകമാണ് അതിന്റെ പ്രഹരശേഷി. എങ്കിലും അതിനു ദീര്‍ഘകാലം മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കാനാവില്ല. ഷിമയോട് പറഞ്ഞപോലെ അതിവേഗം അവയ്ക്ക് പടര്‍ന്നു പിടിക്കാനും കഴിവില്ല. കാറ്റിനൊപ്പം സഞ്ചരിക്കാനോ വഴിവക്കില്‍ കാത്തുനില്‍ക്കാനോ ബസ്സിനുള്ളില്‍ ഒളിച്ചിരിക്കാനോ നിപ്പ വൈറസ്സിനറിയില്ല. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കൊപ്പം മരിച്ചവരുടെ വീട്ടില്‍ പോകാതിരിക്കുകയോ മറിയത്തിന്റെ മക്കളോട് സംസാരിക്കാതിരിക്കുകയോ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി ജീവനക്കാരെ കാണാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരു ഡോക്ടറായ എനിക്ക് പോലും കൃത്യമായി അത് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല.അത്ര ഉറപ്പോടെ ഷിമയോട് പറയാനും കഴിയുമായിരുന്നില്ല. 

ഇടവിട്ട് മഴ പെയ്തുകൊണ്ടിരുന്ന ഒരു ദിവസമാണ് കോഴിക്കോട്ട് നിന്ന് ഞാന്‍ കടിയങ്ങാട്ടേക്ക് പോകുന്നത്. ആരോഗ്യകേരളം കോഴിക്കോട് ഓഫീസിലെ കണ്‍സള്‍ട്ടന്റ് ദിവ്യ ഏര്‍പ്പാടാക്കി തന്ന ടാക്‌സിയിലാണ് യാത്ര. പോകുംവഴിയില്‍ മഴ കനത്തു. ഡ്രൈവര്‍ വിഷ്ണുവിന്റെ മുഖത്ത് ഒട്ടും ആശങ്കയില്ല.'സര്‍, ഈ റൂട്ടില്‍ ആദ്യമായാണ് ഇത്ര സ്വസ്ഥമായി വണ്ടിയോടിക്കുന്നത്.'

ശരിയാണ്. റോഡ് വിജനം. കടകള്‍ അടഞ്ഞു കിടക്കുന്നു. കോഴിക്കോട് നഗരത്തിലേക്ക് ആരും വരുന്നില്ല.ബസ്സുകള്‍ കാലിയായി ഓടുന്നു. പല സര്‍വ്വീസുകളും നിറുത്തി. മധ്യയുഗത്തിലെ പ്ലേഗ് ബാധിച്ച തെരുവുപോലെ പേരാമ്പ്ര ടൗണ്‍. ചങ്ങരോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജനെ ഒരിക്കല്‍ ഫോണ്‍ ചെയ്തിട്ടുള്ളത് മാത്രമാണ് ഇവിടെ ആകെയുള്ള പരിചയം. മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിജീഷ് ഭാസ്‌ക്കറിനെക്കുറിച്ച്  കേട്ടിട്ടുണ്ട്. 

nipah
പേരാമ്പ്ര താലൂക്ക് ആശുപത്രി കാഷ്വാലിറ്റി 

കടിയങ്ങാട് പലത്തിനുമുന്നേ വലത്തേക്ക് തിരിയുമ്പോള്‍ ആശുപത്രി. ആശുപത്രിയുടെ മുന്നിലെ മൈതാനത്തില്‍ ഉയരമുള്ള ഒരൊറ്റമരം. കനത്ത മഴയില്‍ നിറങ്ങള്‍ ചോര്‍ന്നു പോയിരിക്കുന്നു. കുട നിവര്‍ത്തി  ആശുപത്രിയിലേക്ക്  ഓടിക്കയറുമ്പോള്‍ വളരെക്കാലമായി പരിചയമുള്ള ചന്ദ്രന്‍ മുറ്റത്തുനില്‍ക്കുന്നു. കോഴിക്കോട്ടുകാരനായ  ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് ചന്ദ്രന്‍. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹായിക്കാനായി തല്‍ക്കാലം ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു.

ഹാ ! സന്തോഷമായി. എന്നേക്കാള്‍ സന്തോഷത്തില്‍ ചന്ദ്രനപ്പുറം ആശുപത്രിക്ക് അടുത്തുള്ള 'ഫ്രണ്ട്‌സ് ഹോട്ടല്‍' നടത്തിപ്പുകാരനായ ഉണ്ണികൃഷ്ണന്‍. തിരുവനന്തപുരത്തുകാരനായ ഒരു ഡോക്ടറെ ഉണ്ണി ആദ്യം പരിചയപ്പെടുകയാണ്. ഒപിയില്‍ ഡ്യൂട്ടി ഡോക്ടറുണ്ട്. 'ദിവസവും 300 ഒ.പിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50 പേര്‍ മാത്രമാണ് വരുന്നത്.' ഡോക്ടര്‍ പറഞ്ഞു. പുതിയ സാഹചര്യവുമായി ജനങ്ങള്‍ പൊരുത്തപ്പെട്ടു വരുന്നതെയുള്ളു. 

അതിനിടയില്‍ ഉണ്ണിയുടെ സന്തോഷം  നാട്യമായിരുന്നില്ലെന്ന് തെളിഞ്ഞു. രണ്ട് പ്ലേറ്റുകളില്‍ കയറി കപ്പയും മത്തിക്കറിയും ഉടന്‍ ആശുപത്രിയിലേക്ക് വന്നു. 
'കപ്പ എങ്ങനെയുണ്ട് സാര്‍.'
'നല്ല സോഫ്റ്റ്'
'ഞങ്ങളുടെ പറമ്പിലെ കപ്പയാണ്.'
'തിരുവനന്തപുറത്തു ഇത്ര നല്ല കപ്പയില്ല. രുചിയുള്ള മത്തിയുമില്ല.'
'സാര്‍ പുഴമീന്‍ കഴിക്കുമോ?
'പിന്നെന്താ!'
നല്ല കുമുകുമാ മണമുള്ള പൊരിച്ച പുഴമീന്‍ കപ്പയുടെ അടുത്തുവന്ന് വിനീതമായിരുന്നു.
'ഞങ്ങള്‍ക്ക് കഴിക്കാന്‍ വെച്ച മീനാണ്.'
പ്ലേറ്റില്‍ വീണ്ടും മീന്‍ വീഴുന്ന ശബ്ദം. കടിയങ്ങാട്ട് പുഴയില്‍ നിന്ന് പിടിച്ച പുഴമീനിന്റെ ഫോട്ടോ മൊബൈലില്‍ ഉണ്ണി കാണിച്ചു തരികയും ചെയ്തു. കപ്പ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഉണ്ണി സംസാരിച്ചു തുടങ്ങി. 
'സാര്‍, ഞങ്ങള്‍ക്കിവിടെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഹെല്‍ത്തുകാര്‍ ബോധവത്ക്കരണം തന്നിട്ടുണ്ട്. ഇങ്ങോട്ട് വരുന്നവര്‍ക്കാണ് പേടി. ബസ്സുകളൊക്കെ  ഇവിടെ നിറുത്താതെ പോവും. എങ്ങനെയെങ്കിലും ബസ്സില്‍ കയറിയാല്‍ ഇവിടെ നിന്നാണെന്ന് അറിയുമ്പോള്‍ അടുത്തിരിക്കുന്നവര്‍ എണീറ്റ് പോവും. കണ്ടക്ടര്‍ ടിക്കറ്റ് വാങ്ങാന്‍ വരില്ല. ആര്‍ക്കും കാര്യം നേരിട്ട് കാണേണ്ട. വാട്‌സാപ്പിലാണ് എല്ലാവര്‍ക്കും വിശ്വാസം.' 

ഭക്ഷണം കഴിഞ്ഞപ്പോള്‍  പ്രധാന ഡോക്ടര്‍ ബിനീഷും രാജനും പബ്ലിക് ഹെല്‍ത്ത് നേസ്‌ഴുമാരും വന്നു. എല്ലാവരും ഫീല്‍ഡിലായിരുന്നു. നിപ്പ പ്രതിരോധത്തിനിടയിലും ഇമ്മ്യൂണൈസേഷന്‍ ഉള്‍പ്പെടെയുള്ള പതിവ് ജോലികള്‍ മുടങ്ങാതെ നടക്കുന്നു. 'നിപ്പ സ്ഥിരീകരിച്ച ദിവസം മുതല്‍ ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലാണ്.'ഡോക്ടര്‍ ബിനീഷ് പറഞ്ഞു. 

എച്ച്. ഐ. രാജന്റെയും ജൂനിയര്‍ എച്ച്.ഐ രാജുവിന്റെയും നേതൃത്വത്തില്‍ മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരുടേയും കണ്ടുപിടിച്ചു ലിസ്റ്റ് തയ്യാറാക്കി.  മൊത്തം 106 പേര്‍. എവിടെയും മരണഭയം മാത്രം. ആരും പരസ്പരം മിണ്ടുന്നില്ല. കാണുന്നില്ല. മനുഷ്യര്‍ പരസ്പരം സംശയിക്കുന്ന അവസ്ഥ. പത്രങ്ങളിലൂടെയും ടിവിയിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും വരുന്ന വിവരങ്ങള്‍ അറിഞ്ഞ് ജനങ്ങള്‍ വീട്ടിനുള്ളിലും പുറത്തും മാസ്‌കും കെട്ടി ഇരിക്കുകയാണ്. വായുവിലൂടെ വൈറസ് സഞ്ചരിച്ചെത്തും എന്നാണ് പലരും കരുതിയത്. വൈറസ് അകത്തേക്ക് വരാതിരിക്കാന്‍ വീടിന്റെ ജനല്‍ അടച്ചു. വാതിലിന്റെ കുറ്റിയിട്ടു. സാബിത്തിന്റെ അയല്‍ക്കാര്‍ ഭയം സഹിക്കാന്‍ കഴിയാതെ സ്ഥലം വിട്ടു. കൂട്ടത്തോടെ മരിക്കാന്‍ പോവുകയാണെന്ന് എല്ലാവരും കരുതി. ആരോഗ്യപ്രവര്‍ത്തകര്‍ പോലും ആശങ്കയിലായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വിളിച്ചുകൂട്ടിയ ഫീല്‍ഡ് ലെവല്‍ ആരോഗ്യപ്രവര്‍ത്തകരോട് നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കാന്‍ ഐ.സി.എം.ആറിലെ ഡോ: ഭാസ്‌കരന്‍ എത്തുമ്പോള്‍ മിക്കവാറും എല്ലാവരും മാസ്‌ക്കും കെട്ടി ശ്വാസം പിടിച്ചിരിക്കുന്നതാണ് കാണുന്നത്.
'നിങ്ങളില്‍ ആര്‍ക്കെങ്കിലും പനിയുണ്ടോ? 
ഡോ: ഭാസ്‌കരന്‍ ചോദിച്ചു.
'ഇല്ല.'
'നിങ്ങള്‍ ആരെങ്കിലും നിപ്പ രോഗികളെ ചികില്‍സിച്ചോ?'
'ഇല്ല'
'പരിചരിച്ചോ?' 
'ഇല്ല.'
'അടുത്ത സമ്പര്‍ക്കമുണ്ടായോ?'
'ഇല്ല' 
'പിന്നെയെന്തിനാണ് ഇങ്ങനെ വായ്മൂടിക്കെട്ടി ഇരിക്കുന്നത്.'
അപ്പോള്‍ തന്നെ എല്ലാവരും മാസ്‌ക് അഴിച്ചുവെച്ചു.

നിപ്പരോഗസംക്രമണം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. 

18 ന്, പനിയുള്ളവരെ കണ്ടെത്താന്‍ ഫീല്‍ഡ് സര്‍വ്വേ 
19 ന്,  മെഡിക്കല്‍ ക്യാമ്പ്.  മന്ത്രിമാരായ ടി. പി. രാമകൃഷ്ണന്‍, എ. കെ. ബാലന്‍, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ: സരിത, പബ്ലിക് ഹെല്‍ത്ത് അഡീ. ഡയറക്ടര്‍: ഡോ: റീന,  ഡല്‍ഹിയില്‍ നിന്നുള്ള കേന്ദ്ര ടീമംഗങ്ങള്‍,  കോഴിക്കോട് ഡി.എം.ഒ ഡോ: ജയശ്രീ എന്നിവര്‍ വരുന്നു. 
20 ന്, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ: അരുണ്‍കുമാര്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു. മരിച്ചവരുമായി അടുത്തിടഴകിയവരുടെ രക്തം പരിശോധനക്ക് എടുക്കുന്നു. രോഗപ്രതിരോധത്തെക്കുറിച്ച് ബോധവത്ക്കരണം.
21 ന് ആരോഗ്യവകുപ്പ് മന്ത്രി. കെ.കെ. ശൈലജ ടീച്ചര്‍ ചങ്ങരോത്ത് സന്ദര്‍ശിക്കുന്നു. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ വിവിധവകുപ്പുകളുടെ പഞ്ചായത്ത് തല മീറ്റിങ്ങുകള്‍.
22 ന് രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ ലിസ്റ്റ് പൂര്‍ണ്ണമാവുന്നു. 
23 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മെഡിക്കല്‍ കോളേജ് ടീമിന്റെയും ആരോഗ്യചര്‍ച്ചകള്‍, ക്ലാസ്സുകള്‍.  ഡോ: കെ. പി അരവിന്ദനും ഡോ: ഖദീജ മുംതാസും ജനങ്ങളോട് സംസാരിക്കുന്നു.  

'രോഗനിരീക്ഷണത്തിലായവരുടെ ഉത്കണ്ഠയില്ലാതാക്കുകയായിരുന്നു പ്രധാനം. ടെന്‍ഷന്‍ താങ്ങാനാവാതെ ബി.പി കൂടി ആശുപത്രിയിലായവര്‍ വരെയുണ്ട്. ഞങ്ങള്‍ അവരെ എല്ലാ ദിവസവും സന്ദര്‍ശിക്കും. സംസാരിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ഒറ്റപ്പെട്ടുപോകുന്നതായിരുന്നു മറ്റൊരു കാര്യം. ഞങ്ങള്‍ അവരുടെ വീടുകളില്‍ പോകും. മാസ്‌ക് ധരിക്കാതെ തന്നെ പോകും.  രോഗാണു പകരുന്ന രീതി ആദ്യം തന്നെ ഞങ്ങള്‍ മനസിലാക്കിയിരുന്നു. ഒരു ദിവസം പോലും ഞങ്ങള്‍ വായമൂടിക്കെട്ടി നടന്നില്ല.രാജന്‍ പറഞ്ഞു. 

അതിനൊക്കെക്കെ ഫലമുണ്ടായി. ഭയത്തെ മാസ്‌കിന്റെ രൂപത്തില്‍ കെട്ടിവെച്ചു റോഡിലൂടെ നടന്നവരൊക്കെ  അതഴിച്ചുകളഞ്ഞു സ്വതന്ത്രരായി. അന്നഴിച്ചു കളഞ്ഞ ഭയം വഴിയില്‍ അവിടവിടെയായി ഇപ്പോഴും കിടക്കുന്നത് കാണാം.  

nipah

ആദ്യത്തെ രോഗിയായ സാബിത്ത് മരിച്ചതിന്റെ പിറ്റേന്ന് ഞായറാഴ്ചയായിട്ടുകൂടി ആശുപത്രിയില്‍ നിന്ന് ഡോ: ബിനീഷും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മൂസയുടെ വീട്ടില്‍ പോയിരുന്നു. മരണകാരണം ജപ്പാന്‍ ജ്വരമാണെന്നായിരുന്നു അവര്‍ അന്ന് കരുതിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ സാബിത്തിന്റെ മരണകാരണം വൈറല്‍ എന്‍സെഫലൈറ്റിസ് എന്നാണ് എഴുതിയിരുന്നത്. വൈറസ് മൂലമുള്ള മസ്തിഷ്‌ക്കജ്വരം. പൊതുജനാരോഗ്യ സംബന്ധമായി നോക്കുമ്പോള്‍ ജപ്പാന്‍ ജ്വരമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് ജാപ്പനീസ് എന്‍സെഫ ലൈറ്റിസ് പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മേയ് 9 വരെ അവര്‍ തുടര്‍ന്നു. രോഗകാരണം നിപ്പ വൈറസാണെന്ന് പിന്നീടാണ് അറിയുന്നത്. 

കടിയങ്ങാട് പാലത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സൂപ്പിക്കട. ജംഗ്ഷനില്‍ എത്തുമ്പോള്‍ ഇടത്തേക്ക് തിരിഞ്ഞു മുന്നോട്ടുപോകണം. വീണ്ടും ഇടത്തേക്ക് പോകുന്ന ചെറിയ വഴിയിലൂടെ പോയാല്‍  മൂസയുടെ വീട്ടിലെത്താം. വഴിയുടെ നേരെ എതിര്‍വശത്ത് റോഡിന്റെ വലതു വശത്ത് കാണുന്നതാണ് മൂസയുടെ സഹോദരി മറിയത്തിന്റെ വീട്. മരിക്കുമ്പോള്‍ മൂസക്ക് 60  വയസ്സ്, മറിയത്തിന് 56, സാലിഹിന് 28, സാബിത്തിന് 26..

ഞങ്ങള്‍ ചെല്ലുമ്പോള്‍ മൂസയുടെ വീടിനുമുന്നില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി കെട്ടിയിരുന്ന ടാര്‍പ്പോളിന്‍  മഴയത്ത് അഴിഞ്ഞു വീടിന്റെ മുഖപടം പോലെ വീണു കിടക്കുന്നു. ഒന്നിനു പുറകെ ഒന്നായി മൂന്ന് മരണങ്ങള്‍ നടന്ന വീടാണ്.  അയല്‍ക്കാരൊക്കെ  ഒഴിഞ്ഞുപോയി. മരവും ചെടിയും ഇലയുമൊക്കെ ഇപ്പോഴും അവിടെ നിശ്ചലമായി നില്‍ക്കുകയാണ്. 

മൂസയുടെ രണ്ടാമത്തെ മകന്‍ സാബിത്തിനെയാണ് വൈറസ് ആദ്യം ബാധിച്ചത്. മേയ് 2 ന് സാബിത്തിന് പനി ആരംഭിച്ചു. 4 ന് രോഗം കൂടി. ഛര്‍ദ്ദിച്ചു. കുറെക്കാലമായി അള്‍സറിന്റെ അസുഖമുള്ളയാളാണ് സാബിത്ത്. ഇലക്ട്രീഷനായ സാബിത്ത് ഗള്‍ഫില്‍ നിന്ന് തിരിച്ചുവരാന്‍ കാരണം അള്‍സറാണ്. എല്ലാ ഭക്ഷണവും സാബിത്തിനു പിടിക്കില്ല. ചിലപ്പോള്‍ ഛര്‍ദ്ദിക്കും. അതുകൊണ്ട് പണിയുണ്ടെങ്കിലും ഛര്‍ദ്ദിക്കുന്നത് അള്‍സര്‍ കൊണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ ആ സമയത്ത് ആരുമറിയാതെ നിപ്പ വൈറസ് സാബിത്തില്‍ നിന്ന് സഹോദരനായ സാലിഹിലേക്കും മൂസയിലേക്കും മൂസയുടെ സഹോദരി മറിയത്തിലേക്കും സംക്രമിക്കുകയായിരുന്നു. സാബിത്തിന്റെ ഉമ്മ മുഖാവരണം അണിഞ്ഞിരുന്നതുകൊണ്ട് വൈറസിന് അവരിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. സാബിത്തിനെ പരിചരിച്ചത് ജാബിറും ഫൈസലുമാണ്.  ആരെങ്കിലും ഛര്‍ദ്ദിക്കുന്നത് കണ്ടാല്‍ ഫൈസലിന് ഓക്കാനം വരും.  സാബിത്ത് ഛര്‍ദ്ദിച്ചപ്പോഴൊക്കെ ഫൈസല്‍ മുഖം തിരിച്ചു.  അങ്ങനെ ഫൈസലിന്റെ ശരീരത്തിനുള്ളിലേക്ക് രോഗാണുവിന് പോകാനായില്ല. 

മറിയത്തിന്റെ  മകനായ ജാബിറിന്റെ വിധി അതിശയകരമെന്നേ പറയാനാവു. സാബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കൊളേജിലേക്കും കൊണ്ടുപോയത് ജാബിറാണ്.  ജാബിറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാറിലേക്ക് സാബിത്തിനെ അദ്ദേഹം തോളില്‍ ചുമന്നു കൊണ്ടാണ് പോയത്.  യാത്രയില്‍  കാറിനു വേഗത കിട്ടാന്‍  ജാബിര്‍ എ.സി ഓഫുചെയ്തു. ഗ്ലാസ് താഴ്ത്തിയിട്ടു. പിന്നോട്ട് വീശുന്ന കാറ്റിന്റെ ശക്തിയില്‍ മുന്നിലിരിക്കുന്ന ജാബിറിന്റെ അരികിലെത്തുന്നതില്‍ വൈറസ് പരാജയപ്പെട്ടു. സാബിത്തിനെ മാത്രമല്ല, പിന്നീട് സാലിഹിനെയും മൂസയും മറിയത്തെയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതും ജാബിര്‍ തന്നെയാണ്. നാലുതവണയും കാറ്റിന്റെ ശക്തിയെ തരണം ചെയ്തു മുന്നിലേക്ക് പോകുവാന്‍ വൈറസിന് കഴിഞ്ഞില്ല.  

നാലാം തീയതി സബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പനി, തലവേദന, ശ്വാസംമുട്ടല്‍, ഛര്‍ദ്ദില്‍ എന്നിവയായിരുന്നു ലക്ഷണങ്ങള്‍. വീല്‍ ചെയറില്‍ തല ഒരു വശത്തേക്ക് ചരിച്ചു അവശനായി ഇരിക്കുകയായിരുന്ന സബിത്തിന്റെ രൂപം ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന് ഇപ്പോഴും ഓര്‍മ്മയുണ്ട്. മരിച്ചുപോയ നാലുപേര്‍ക്കും ഉണ്ടായിരുന്ന പൊതുലക്ഷണമായി മറിയത്തിന്റെ മകള്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് ശരീരവേദനയാണ്. പ്രത്യേകിച്ചും കാലിലെ വേദന.     

നാലാം തീയതി രാത്രി സാബിത്ത് കഴിഞ്ഞിരുന്നത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡിലായിരുന്നു. അപ്പോള്‍ അവിടെ ആകെ 11 രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമുണ്ട്. അന്നുരാത്രി, സാബിത്തില്‍ നിന്ന് നാല് പേരിലേക്ക്  രോഗാണു പകര്‍ന്നു. ഒരു രോഗി, ഒരു നേഴ്‌സ്, രണ്ടു കൂട്ടിരിപ്പുകാര്‍. രോഗികളുടെ കൂട്ടത്തില്‍ ഇസ്മയിലിനെ മാത്രമാണ് രോഗാണു പിടികൂടിയത്. അതിനു കാരണമുണ്ട്. ഇസ്മയില്‍ സാഹോദര്യത്തിന്റെ വ്യക്താവാണ്. ഇസ്മയിലിന് മറ്റുള്ളവരെ സഹായിക്കണം. അതിനായി  സ്വന്തം കിടക്കവിട്ട് മറ്റു രോഗികളുടെ അടുത്തേക്ക് പോകും. അങ്ങനെ ഇസ്മയില്‍ സാബിത്തിന്റെ അടുത്തെത്തിയിട്ടുണ്ടാവും. 90 വയസുകാരനായ കുപ്പയുടെ കൂട്ടിരിപ്പുകാരിയായിരുന്നു ജാനകി. സാബിത്ത് ഛര്‍ദ്ദിച്ചപ്പോഴൊക്കെ വൃത്തിയാക്കാനായി ജാനകി ഓടിച്ചെന്നു. അങ്ങനെ രോഗാണു അവരിലേക്ക് കടന്നു. ശ്വാസംമുട്ടലിന് ചികിത്സിക്കാന്‍ വന്ന ബാലന്റെ  കൂട്ടിരിപ്പുകാരനായിരുന്ന രാജനിലേക്കും വൈറസ് ഇങ്ങനെയാണ് എത്തിച്ചേരുന്നത്. അന്ന് ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി നെഴ്‌സായിരുന്നു ലിനി. ഡ്യൂട്ടി ഡോക്ടര്‍  വാര്‍ഡിലേക്ക് വരുമ്പോള്‍ കാണുന്നത് ഛര്‍ദ്ദിച്ചു കൊണ്ടിരിക്കുന്ന സാബിത്തിനു ബേസിന്‍ പിടിച്ചു കൊടുക്കുകയായിരുന്ന ലിനിയെയാണ്.  രോഗാണു അപ്പോഴാവാം ലിനിയിലേക്ക് പ്രവേശിക്കുന്നത്. മറിയത്തിനു സ്വന്തം മക്കളെക്കാള്‍ പ്രിയം സഹോദരന്റെ മക്കളെയായിരുന്നു. പേരാമ്പ്രയില്‍ അഡ്മിറ്റ് ചെയ്ത സാബിത്തിനെ കാണാന്‍ മറിയം രാത്രി ആശുപതിയിലേക്ക് പോയി. പനി വരുമ്പോള്‍ ഉച്ചില്‍ തേയ്ക്കാറുള്ള ഔഷധപ്പൊടി സാബിത്തിന്റെ ശിരസ്സില്‍ വെച്ചു. സബിത്തിനെ ഇറുകെ പുണര്‍ന്നു. ഉമ്മ വെച്ചു. ഒരു പക്ഷെ മറിയത്തിലേക്ക് രോഗാണു കടന്നത് അപ്പോഴായിരിക്കാം. 

അഞ്ചാം തീയതി സാബിത്തിന്റെ അവസ്ഥ കൂടുതല്‍ മോശമായി. രാവിലെ തന്നെ സാബിത്തിനെ ഡോക്ടര്‍  കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് റെഫര്‍ ചെയ്തു.  അന്ന് വൈകിട്ട് 5.45 ന് സാബിത്ത് മരണമടഞ്ഞു. അതിനിടയില്‍ സാബിത്തില്‍ നിന്ന് 10 പേരിലേക്ക് കൂടി വൈറസ് വ്യാപിച്ചു. 

സബിത്തില്‍ നിന്ന് മലപ്പുറം മൂര്‍ക്കനാടുകാരനായ വേലായുധനിലേക്ക് വൈറസ് കടക്കുന്നത് മെഡിക്കല്‍ കോളേജ് കാഷ്വാല്‍റ്റിയില്‍ വെച്ചാണ്. ഇസ്മയിലിനെ പോലെയായിരുന്നു വേലായുധന്‍. സഹോദര്യത്തിന്റെ വക്താവ്. മറ്റുള്ളവരെ സഹായിക്കാന്‍ മടിയില്ലാത്തയാള്‍. മലപ്പുറത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വന്ന  രോഗിയോടൊപ്പം വേലായുധന്‍  കാഷ്വാല്‍റ്റിയില്‍ നില്‍ക്കുമ്പോള്‍ സാബിത്തും അവിടെയുണ്ട്. വേലായുധന്‍ മലപ്പുറത്തേക്ക്  തിരിച്ചുപോയപ്പോള്‍ വൈറസസും കൂടെകൂടി.  ബ്ലഡ് ഷുഗര്‍ നിയന്ത്രിച്ചു നിറുത്താന്‍ മടിയുള്ള അറിയപ്പെടുന്ന ഒരു പ്രമേഹരോഗിയായിരുന്നു വേലായുധന്‍. വൃക്കകള്‍ക്ക് ചെറിയ തകരാറുമുണ്ട്. അങ്ങനെയുള്ള പ്രമേഹ രോഗികളില്‍ സാധാരണ കാണും പോലെയുള്ള 'വലിയൊരു പരു' വേലായുധനെ പിടികൂടി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ സര്‍ജന്‍ ഡോ: സജി മാത്യൂ വേലായുധനെ അഡ്മിറ്റ് ചെയ്തു. പ്രമേഹം നിയന്ത്രണത്തിലാക്കി. പരു കീറിഉണക്കി. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിന്റെ തലേന്ന് രാത്രി വേലായുധന് ചെറിയ പനി തുടങ്ങി. ഒപ്പം പരസ്പര ബന്ധമില്ലാത്ത സംസാരവും. പ്രമേഹവും വൃക്കരോഗവുമുള്ളതിനാല്‍ ശരിരത്തിലെ ലവണങ്ങളുടെ അനുപാതത്തില്‍ വ്യത്യാസമുണ്ടാകുന്നതിന്റെ ഫലമായുള്ള മസ്തിഷ്‌കരോഗമെന്നായിരുന്നു ഡോക്ടറുടെ നിഗമനം.  വേലായുധനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് റെഫര്‍ ചെയ്തു. അവിടെ വെച്ചു അദ്ദേഹം മരണമടഞ്ഞു. 

പെരുമാറ്റത്തില്‍ വ്യത്യാസമുള്ളതുകൊണ്ടും നിപ്പരോഗം പൊട്ടിപ്പുറപ്പെട്ടതുകൊണ്ടും ഒരു സ്വാഭാവിക പരിശോധന എന്ന രീതിയിലാണ് വേലായുധന്റെ രക്തം പരിശോധനക്ക് അയക്കുന്നത്. റിസള്‍ട്ട് വരുന്നത് മലപ്പുത്ത് വേലായുധന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് ശേഷം. നിപ്പ പോസിറ്റീവ്. വേലായുധനുമായി ബന്ധമുണ്ടായിരുന്നവരും ശവസംസ്‌ക്കാരത്തില്‍ പങ്കെടുത്തവരുമൊക്കെ പരിഭ്രാന്തിയിലായി. പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വെലായുധന് പനിയുണ്ടായ രാത്രിയില്‍ വാര്‍ഡില്‍ 40 ഓളം രോഗികളുണ്ടായിരുന്നു. അവരൊക്കെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു.  ആശുപത്രി അധികൃതര്‍ എല്ലാവരുടെയും ലിസ്റ്റ് തയ്യാറാക്കി ഫീല്‍ഡ് ലെവല്‍ ആരോഗ്യപ്രവര്‍ത്തകരുടെ മീറ്റിംഗ് വിളിച്ചുകൂട്ടി. വാര്‍ഡിലുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തി മൂന്നാഴ്ച നിരീക്ഷിക്കണം. അപ്പോഴേക്കും മലപ്പുറത്ത് രണ്ടു മരണങ്ങള്‍ കൂടി സംഭവിച്ചിരുന്നു. മുന്നിയൂരുള്ള സിന്ധുവും തെന്നലയിലുള്ള ഷാജിതയും.  വേലായുധനെപ്പോലെ സിന്ധുവിലേക്കും വൈറസ് കടക്കുന്നത് സാബിത്ത് കാഷ്വാല്‍റ്റിയിലുള്ളപ്പോഴാണ്. ഷാജിതയിലേക്ക് വൈറസ് പ്രവേശിക്കുന്നത് ഇടുങ്ങിയ സി.ടി സ്‌കാന്‍ റൂമിന്റെ മുന്നില്‍ വെച്ചും. സി.ടി സ്‌കാന്‍ എടുക്കാന്‍ സാബിത്തിനു ദീര്‍ഘസമയം അവിടെ ചെലവഴിക്കേണ്ടി വന്നിരുന്നു.  പെരുന്തല്‍മണ്ണയില്‍ വിളിച്ചുകൂട്ടിയ ഫീല്‍ഡ് ലെവല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ: അഹമ്മദ് അഫ്‌സലിനൊപ്പം ചെല്ലുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ചിലരുടെ മുഖത്തെങ്കിലും പരിഭ്രാന്തി ദൃശ്യമായിരുന്നു. 

സാബിത്തില്‍ നിന്ന് വൈറസ് പകര്‍ന്ന മറ്റ് ഏഴുപേര്‍ ഇവരാണ്. 
കോഴിക്കോട് നരിപ്പറ്റയില്‍ നിന്നുള്ള കല്യാണി
ചെക്യാട്ടുകാരനായ അശോകന്‍
പാലാഴിക്കാരായ മധുസൂദനന്‍, അബിന്‍ 
കൊടിയത്തൂരില്‍ നിന്ന് അഖില്‍ 
നെഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അജന്യ
ഷാജിതയുടെ ഭര്‍ത്താവായ ഉംബീഷ്
സ്‌കാന്‍ റൂമിലേക്കുള്ള ഇടുങ്ങിയ ഇടനാഴി, സ്‌കാന്‍ റൂമിന്റെ മുന്നിലെ കാത്തിരിപ്പ് സ്ഥലം, കാഷ്വാലിറ്റി, ഐ.സി.യു എന്നിവിടങ്ങള്‍ വെച്ചാണ് ഈ രോഗാണു പകര്‍ച്ച സംഭവിക്കുന്നത്.  

nipah

നിശബ്ദമായ ഈ രോഗസംക്രമണം തിരിച്ചറിഞ്ഞു തുടങ്ങുന്നത് മേയ് 16 മുതലാണ്. സാബിത്തിന്റെ സഹോദരന്‍ സാലിഹ് അന്നാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചേരുന്നത്. സഹോദരനായ സാബിത്ത് മേയ് 5 ന് സമാനമായ രോഗലക്ഷണങ്ങളോടെ മരണമടഞ്ഞത് നിര്‍ണ്ണായകമായ സൂചനയായി. മൃഗജന്യമായ ഒരു പകര്‍ച്ചവ്യാധിയുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. സാലിഹിനെ ഉടന്‍ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തു. ഡോക്ടര്‍മാര്‍ ബന്ധുക്കളോട് സംസാരിച്ചു. അവര്‍ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തു. പരിശോധനക്ക് രക്തവും ശരീരദ്രവവും ശേഖരിക്കാന്‍ കഴിയാത്തവണ്ണം സാലിഫ് അപ്പോള്‍ അവശനായിരുന്നു. രോഗപ്പകര്‍ച്ചയുടെ സവിശേഷത മനസിലാക്കിയിരുന്ന ഡോക്ടര്‍മാര്‍ വീട്ടില്‍ മറ്റാര്‍ക്കെങ്കിലും പനിയുണ്ടോ എന്നന്വേഷിച്ചു. മേയ് 13 ന്, പനിയുടെ തുടക്കത്തില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സാലിഹ് പോകുമ്പോള്‍ മൂസയും ഡോക്ടറെ കണ്ടിരുന്നു. മൂസക്ക് ശരീരവേദനയായിരുന്നു പ്രശ്‌നം.  മൂസയെ ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞു. സാലിഹിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം വീട്ടിലെത്തി നോമ്പുമുറിച്ച്, പള്ളിയില്‍ നിസ്‌ക്കരിച്ച്,  മൂസ അപ്പോള്‍ തിരിച്ചു വന്നതേയുള്ളു. 
'നിങ്ങള്‍ ഒരു കാര്യവുമില്ലാതെ എന്നെ പിടിച്ചുകൊണ്ടുപോവുകയാണ്.

മൂസ ബന്ധുക്കളോട് പരാതി പറഞ്ഞു. പക്ഷെ ആശുപത്രിയിലെത്തി രക്തമെടുക്കാനായി കാത്തിരിക്കുന്നതിനിടയില്‍ മൂസക്ക് കടുത്ത പനിയാരംഭിച്ചു. മറിയത്തിന്റെ കാര്യവും അങ്ങനെയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മകള്‍ പറയുന്നു.  ആശുപത്രിയിലേക്ക് പോകുമ്പോള്‍ ചെറിയ പനിയുണ്ടായിരുന്നെങ്കിലും മറിയത്തിനു പുറമേ മറ്റു ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. 
'മറിയം എത്ര നാളായി പനി തുടങ്ങിയിട്ട്?' 
ഡോക്ടര്‍ ചോദിച്ചു
'മൂന്ന് മാസം.'
'അല്ല ഡോക്ടര്‍ മൂന്ന് ദിവസം.'
മകള്‍ തിരുത്തി 
പിന്നീടു ഓര്‍മ്മ തെളിഞ്ഞും മാഞ്ഞും മറിയം സംസാരിച്ചു. മൂസയേയും മറിയത്തെയും അഡ്മിറ്റ് ചെയ്തു. ആദ്യം മൂസയില്‍ നിന്നും പിന്നീടു സാലിഹില്‍നിന്നും പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിച്ചു. മേയ് 17 ന് അവ മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയത് മൂസയുടെയും മറിയത്തിന്റെയും ബന്ധുക്കള്‍ തന്നെയാണ്.  നാം അവരോട് കടപ്പെട്ടിരിക്കുന്നു.  പിറ്റേന്ന് റിസള്‍ട്ട് വന്നു. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ പത്രത്തിലൂടെയും ടിവിയിലൂടെയും എല്ലാവര്‍ക്കും അറിയാവുന്നതാണ്. 
 

nipah


നിപ്പരോഗ സംക്രമണം സ്ഥിരീകരിച്ച മേയ് 18 നാണ്  സാലിഹ് മരിച്ചത്.  
19 ന് മറിയം,   
20 ന് ഇസ്മയില്‍,   
21  ന് സിസ്റ്റര്‍ ലിനിയും  ജാനകിയും,  
22 ന് രാജന്‍,  
24 ന് മൂസ, 
മറ്റുള്ളവര്‍ മേയ് 20 നും  31 നുമിടയില്‍. 
സാബിത്ത് ഉള്‍പ്പെടെ മൊത്തം  17 പേര്‍. 

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സാബിത്ത് ചികിത്സയിലായിരുന്ന രാത്രി തൊട്ടടുത്ത് ബെഡ്ഡില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്‍, രോഗിയായി ചികിത്സയിലായിരുന്ന മറ്റൊരാള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിളെ സ്റ്റാഫ് നേഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍..ഇവരുടെ മരണം നിപ്പ രോഗസംക്രമണം കാരണമായിരുന്നുവോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇപ്പോള്‍ ലഭ്യമല്ല. മരണമടഞ്ഞവരുടെ എണ്ണം ഔദ്യോഗികമായി പതിനേഴാണ്. 

മേയ് 17 നാണ് സിസ്റ്റെര്‍ ലിനിക്ക് രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നത്.  കടുത്ത പനി ഒട്ടും കുറയാതെ നിന്നു. ഒപ്പം ശ്വാസംമുട്ടലും.  ആശുപത്രിയിലെ ഹെഡ് നേഴ്‌സ് ലിനിയെ മടിയില്‍ കിടത്തി ആശ്വസിപ്പിച്ചു.'എന്റെ മോള്‍ക്ക് ഒന്നും വരില്ല.'താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ലിനി കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞു. 'എന്റെയുള്ളില്‍ എന്തോ ഉണ്ട്. അമ്മ അരികിലേക്ക് വരേണ്ട.' ആശുപത്രിയിലേക്ക് പോകും മുന്‍പ് മറിയവും തന്റെ അരികിലേക്ക് വരുന്നതില്‍ നിന്ന് മക്കളെ വിലക്കിയിരുന്നു. 

ലിനിയുടെ മരണശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രി ലോകത്ത് നിന്ന് തീര്‍ത്തും  ഒറ്റപ്പെട്ടു. രോഗികളാരും അവിടേക്ക് പോയില്ല. ആശുപത്രിക്ക് ചുറ്റുമുള്ള കടകളും ഹോട്ടലുകളും പൂട്ടി. ആശുപത്രി ജീവനക്കാരെ യാത്രകൊണ്ടുപോവാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മടിച്ചു. ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫായ ബാലാമണിയുടെ ഭര്‍ത്താവ് പെയിന്റ്‌റാണ്. അദ്ദേഹത്തോട് ജോലിക്ക് ചെല്ലേണ്ടെന്ന് സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞു. 'എല്ലാവരും ഞങ്ങളെ ഉപേക്ഷിച്ചു. ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമായി.'ഹെഡ് നേഴ്‌സ് ജാനകി പറഞ്ഞു.

പക്ഷെ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റു ജീവനക്കാരും ആശുപത്രിയെ ഉപേക്ഷിച്ചില്ല. ഒരു ദിവസം പോലും അവര്‍ ലീവെടുത്തില്ല. എല്ലാ ദിവസവും എല്ലാവരും ആശുപത്രിയില്‍ വന്നു. ലിനിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെല്ലാം ക്വാറന്റ്റൈനിലാണ്. എല്ലാവരും ഒറ്റക്കെട്ടായിനില്‍ക്കുന്നു. പരസ്പരം ശക്തിപകരുന്നു. 

മലേഷ്യയിലും ബംഗ്ലാദേശിലും ബംഗാളിലും മാത്രമുണ്ടായിരുന്ന ഒരു രോഗാണു ഇത്ര ദൂരം താണ്ടി എങ്ങനെ ചങ്ങരോത്ത് സൂപ്പിക്കടയില്‍ എത്തിച്ചേര്‍ന്നു എന്ന ചോദ്യമാണ് ഇപ്പോള്‍  ബാക്കി നില്‍ക്കുന്നത്...!

സിദ്ധാന്തങ്ങള്‍ പലതും ഇതിനകം പ്രചരിച്ചുകഴിഞ്ഞു. ഐ.സി.എം.ആറിന്റെ എപ്പിഡെമിയോളജി വിഭാഗം ശാസ്ത്രീയമായ ഉത്തരം കണ്ടെത്താതിരിക്കില്ല. 
എങ്കിലും നാട്ടിന്‍പുറത്തുകാരനായ ഒരു സാധാരണ മനുഷ്യന്‍ പറയാനാഗ്രഹിക്കുന്ന കാര്യം ഇതായിരിക്കും. ലോകം നാം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ചെറുതായിക്കൊണ്ടിരിക്കുന്നു. ഒരിടത്തെ തിരിയിളക്കം മറ്റൊരിടത്ത് വലിയൊരലയായി പ്രത്യക്ഷമായെന്ന് വരാം. ആഗോളവത്ക്കരണം അതിന്റെ ആക്കം കൂട്ടിയിരിക്കുന്നു. പുതിയ രാഷ്ട്രീയപരവും സാമൂഹികവും പാരിസ്ഥിതികവുമായ സാഹചര്യത്തില്‍ നിലനില്‍ക്കാനായി സമരം ചെയ്യുന്നത് മനുഷ്യന്‍ മാത്രമല്ല, പക്ഷികളും മൃഗങ്ങളും സൂക്ഷ്മജീവികളും കൂടിയാണ്. മറ്റൊരു കാലത്തും ഉണ്ടാകാത്തിരുന്ന രീതിയില്‍ കാലാവസ്ഥ മാറ്റവും പരിസ്ഥിതി ആഘാതവും മനുഷ്യന്റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളായി തീര്‍ന്നിരിക്കുന്നു. ഇത് സൂക്ഷ്മജീവികളെ അവയുടെ സ്വാഭാവികമായ ആവാസസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് വരാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. പുതിയ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ അവ പരിശ്രമിക്കുകയാണ്. പക്ഷികളില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കും താമസം മാറ്റാനുള്ള പരിണാമപരമായ ഒരു സമരത്തിലാണ് സൂക്ഷജീവികള്‍. ഇത് പുതിയ പകര്‍ച്ചവ്യാധികളുടെ ആക്രമണമായി നാം അനുഭവിക്കുന്നു. മാറിയ ലോകസാഹചര്യം പുതിയ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള അവസരമൊരുക്കുകയാണ്. ഇത് കേവലം ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല, രാഷ്ട്രീയപരവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒരു വിഷയം കൂടിയാണ്. 

കോഴിക്കോട്ടെ നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്കത് മനസിലാകും. ഡോക്ടര്‍മാരുടെ മികച്ച ക്ലിനിക്കല്‍ ജഡ്ജ്‌മെന്റ് രോഗത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിച്ചു. പക്ഷെ മികച്ച ചികിത്സ പ്രതിരോധ സംവിധാനങ്ങള്‍ അതിവേഗം ഒരുക്കാനും രോഗത്തെ പിടിച്ചുകെട്ടാനും സഹായിച്ചത് മികവുറ്റ ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യമാണ്. ആരോഗ്യ സംവിധാനത്തിന്റെയും തദ്ദേശ ഭരണ സ്ഥാപങ്ങളുടെയും ഏകോപനം അതില്‍ ഒരു പ്രധാനഘടകമാണ്. അന്താരാഷ്ട്ര തലം മുതല്‍ താഴെത്തട്ടുവരെയുള്ള വിവിധ ഏജെന്‍സികളെ അതിവേഗം സംയോജിപ്പിക്കാന്‍ അതുമൂലം കഴിഞ്ഞു. ജനപങ്കാളിത്തം ഉറപ്പിക്കാന്‍ കഴിഞ്ഞു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും മന്ത്രിമാരും ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ്മാരും വാര്‍ഡ് കൌണ്‍സിലറും വെറ്റിനറി ഡോക്ടര്‍മാരും ഗവേഷകരും എപ്പിഡെമിയോളജിസ്റ്റുകളും ജെര്‍ണ്ണലിസ്റ്റുകളും  അന്ത്രോപോളജിസ്റ്റുകളും ബാറ്റ് സ്‌പെഷ്യലിസ്റ്റും സോഷ്യോളജിസ്റ്റും മെഡിക്കല്‍ ഒഫീസറന്മാരും ഫീല്‍ഡ് ആരോഗ്യ പ്രവര്‍ത്തകരും സാധാരണ ജനങ്ങളും അടങ്ങുന്ന  വൈദഗ്ധ്യമേറിയ  ഒരു ജനകീയ ആരോഗ്യ ബദലാണ് നാം അവിടെ കണ്ടത്. അതിനുള്ളില്‍ ഒരു ബദല്‍ രാഷ്ട്രീയ ഉള്ളടക്കമുണ്ട്. പുതിയ ആരോഗ്യ പ്രശ്‌നങ്ങളെ ഫലപ്രദമായി പരിഹരിക്കാനാവുക അങ്ങനെ മാത്രമായിരിക്കും. പക്ഷെ  ഈ ബദലിനെ  പാരിസ്ഥിതികമായ ബോധ്യങ്ങളിലേക്ക് നയിക്കാനായില്ലെങ്കില്‍ ഈ ശ്രമങ്ങള്‍ വിജയിക്കാതെ പോവുകയും ചെയ്യും. കുറഞ്ഞപക്ഷം കോഴിക്കോട് നഗരത്തിലൂടെ ഒരാള്‍ക്ക് മൂക്ക് പൊത്താതെ നടക്കാനെങ്കിലും കഴിയണം. എന്തെന്നാല്‍  ഏറ്റവും വലിയ രോഗാതുരത ഇന്ന്  പരിസ്ഥിതിക രോഗാതുരതയാണ്.

പുതിയ പകര്‍ച്ചവ്യാധികളുടെ ആവിര്‍ഭാവത്തിനും മടങ്ങിപ്പോയവയുടെ പുനരാഗമനത്തിനും പ്രധാന കാരണങ്ങളായി പറയുന്നത് മൂന്ന് കാര്യങ്ങളാണ്. 
(ഒന്ന്)  മനുഷ്യന്റെ ആവാസ രീതികളില്‍ ഉണ്ടായ മാറ്റം 
(രണ്ടു)  അതിവേഗ ഭൂഖണ്ഡാന്തര യാത്രകള്‍, ചരക്കുവിനിമയം, കുടിയേറല്‍
(മൂന്ന്) പരിസ്ഥിതി ആഘാതം 

ഇതൊരു വിശദമായ വിഷയമാണ്. അത് പിന്നീടാകാം. പക്ഷെ ഒരു കാര്യം സൂചിപ്പിക്കാം. ഇതില്‍ ഏറ്റവും പ്രധാനം മൂന്നാമത്തെ ഘടകമാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളെ Ecological Pathology അഥവ പാരിസ്ഥിതിക രോഗനിദാന ശാസ്ത്രം എന്ന പുതിയ ഒരു ശാസ്ത്രശാഖയെ എത്രയും വേഗം പരിചയപ്പെടുത്തേണ്ട ആവശ്യകതയോളം മനുഷ്യന്റെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന ഒരു ഘടകമായി ഇന്നത് മാറിയിരിക്കുന്നു.  

nipah

ഒരു കാലത്ത് തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ആറോ ഏഴോ രാജ്യങ്ങളെ മാത്രം ബാധിച്ചിരുന്ന  ഒരു പകര്‍ച്ചവ്യാധിയായിരുന്നു ഡെങ്കിപ്പനി.  ഇന്നത് നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ മുഖ്യ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണത്.  പ്രതിവര്‍ഷം 80 മില്യന്‍ ജനങ്ങളെയാണ് ഇന്ന് ഡെങ്കിപ്പനി ബാധിക്കുന്നത്.  ആഗോള താപനില ഉയര്‍ന്നതിനനുസരിച്ചു ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഈഡിസ് കൊതുകുകളുടെ വംശവര്‍ധനയാണ് ഡെങ്കിപ്പനിയുടെ വ്യാപനത്തിന്റെ ഒരു പ്രധാന കാരണമായി  പറയുന്നത്. 

80 കള്‍ക്ക് ശേഷം 30 ഓളം രോഗകാരികളായ പുതിയ വൈറസുകളാണ് മനുഷ്യരിലേക്ക് കടന്നുവന്നത്. അതിനുമുന്‍പ് അവയൊക്കെ എവിടെയായിരുന്നു? ഉള്‍ക്കാടുകളില്‍, മനുഷ്യര്‍ കടന്നുചെല്ലാത്ത ഇരുണ്ട വനാന്തര്‍ഭാഗങ്ങളില്‍, അവിടെയുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ ജീവിക്കുകയായിരുന്നു. വനത്തെ അതിക്രമിച്ചു കടന്ന മനുഷ്യന്‍ അവ സമൂഹത്തിലേക്ക് വരാനുള്ള വഴി തുറന്നു കൊടുത്തു. ക്രമേണ പുതിയ സാഹചര്യത്തില്‍ ജീവിക്കാന്‍ രോഗാണുക്കള്‍ ശക്തി സംഭരിച്ചു. പുതിയ പകര്‍ച്ചവ്യാധികള്‍  ആവിര്‍ഭവിച്ചു. സുമാത്രയിലെ വനനശീകരണം മലേഷ്യയില്‍ നിപ്പ രോഗസംക്രമണത്തിന് കാരണമായി. വാസസ്ഥാനം നഷ്ടമായ വവ്വാലുകള്‍ മലേഷ്യയിലേക്ക് ചെന്നു. വവ്വാലുകളുടെ ഉള്ളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് തിരിച്ചറിഞ്ഞ വൈറസ്സുകളും പുതിയ സ്ഥലം അന്വേഷിച്ചു. അവ പന്നികളിലേക്കു കടന്നു. പന്നികളില്‍ നിന്ന് മനുഷ്യനിലേക്കും. 

ബ്രസീലില്‍ കാട് നശിക്കുമ്പോള്‍ തിരുവനന്തപുരത്താവും ഒരാള്‍ വെസ്റ്റ് നീല്‍ പനിയുമായി മരണമടയുക. കോട്ടയത്ത് വേമ്പനാട് കായല്‍ നികത്തുമ്പോള്‍ ശ്രീലങ്കയിലാവും പക്ഷിപ്പനി പടരുക. കുട്ടനാട്ടില്‍ അടുത്ത കാലത്തുണ്ടായ പക്ഷിപ്പനി നോക്കുക. വര്‍ഷങ്ങളായി അവിടേക്ക് ദേശാടനപ്പക്ഷികള്‍ വരുന്നതാണ്. കായലുകളുടെ നടുക്ക് കണ്ടല്‍ക്കാടുകളില്‍ കഴിഞ്ഞിട്ട് അവ മടങ്ങിപ്പോവും ഒരിക്കലും അവക്ക് നാട്ടിലെ പക്ഷികളുമായി ബന്ധമുണ്ടായിരുന്നില്ല. കായല്‍ നികന്നപ്പോള്‍ സ്ഥിതിമാറി. ദേശാടന പക്ഷികള്‍ നാട്ടുപക്ഷികളുമായി കൂട്ടുചേര്‍ന്നു. രോഗാണുക്കള്‍ കരയിലേക്ക് കയറി.  
 
നിപ്പ ഇപ്പോഴത്തേത് പോലെ,  പകരാന്‍ കഴിവ് കുറഞ്ഞ പകര്‍ച്ചവ്യാധിയായി എന്നും  തുടരണമെന്നില്ല. എബോളയെപ്പോലെ ആഗോള രോഗസംക്രമണത്തിന് ശേഷിയുള്ള ഒരു വൈറസായിട്ടാണ് നിപ്പയെ ലോകാരോഗ്യ സംഘടന കാണുന്നത്. ഓരോ തവണ രോഗസംക്രമണം ഉണ്ടാകുമ്പോഴും,  നാം രോഗാണുവിനെക്കുറിച്ചു പഠിക്കും പോലെ രോഗാണു മനുഷ്യശരീരത്തെക്കുറിച്ചും  മനസിലാക്കുകയാണെന്ന് നാം അറിയണം. മനുഷ്യനില്‍ ദീര്‍ഘകാലം കഴിയാന്‍ അത് പരിശീലിക്കുകയാണ്. വൈറസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പുതിയ സാഹചര്യം അങ്ങനെ പെരുമാറാന്‍ അതിനെ പ്രേരിപ്പിക്കുന്നു. വൈറസല്ല, നാം തന്നെയാണ് നമ്മുടെ വിനാശത്തിന് കാരണം.   അത് ഒഴിവാക്കാന്‍ ഏറ്റവും  ഉത്തമം സൂക്ഷ്മ ജീവികള്‍ക്കും മനുഷ്യനും സ്വസ്ഥമായി കഴിയാന്‍ പ്രത്യേക ഇടങ്ങള്‍ ഭൂമിയില്‍ ഉണ്ടാവുക എന്നതാണ്. ഓരോരുത്തരും അവരവരുടെ സ്ഥലങ്ങളില്‍ ഇരിക്കട്ടെ. 

കോഴിക്കോട്ട് നിപ്പ പ്രത്യക്ഷമായത് എങ്ങനെയെന്ന് നാം കണ്ടെത്തുക തന്നെ ചെയ്യും. നിപ്പ വൈറസ്സിനു ഫലപ്രദമായ ഔഷധമോ വാക്‌സിനോ നാം കണ്ടെത്തിയെന്നും വരാം. പക്ഷെ ഇതിനൊക്കെ കാരണമായ പരിസ്ഥിതിയുടെ രോഗാതുരതകളെ ആരാണ് പരിഹരിക്കുക?  

nipah

മലപ്പുറത്തിന്റെ അതിര്‍ത്തിയായ അരീക്കോട്ടിലെ വെട്ടത്തൂരിലൂടെ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റായ ഡോ: സുകുമാരനോടൊപ്പം  ഡെങ്കിപ്പനിയുടെ സര്‍വ്വിലന്‍സുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് യാത്ര ചെയ്യുകയുണ്ടായി. നാട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച്  ഞങ്ങള്‍  കള്ളിക്കാട് എന്ന കാട്ടുപ്രദേശം സന്ദര്‍ശിച്ചു. നാട്ടുകാരില്‍ ഒരാള്‍ കാട്ടിനുള്ളില്‍ കയറി ഉച്ചത്തില്‍ കൈയ്യടിച്ചു. പെട്ടെന്ന് പതിനായിരക്കണക്കിന് വവ്വാലുകളുടെ ശബ്ദം കാട്ടിലുയര്‍ന്നു.  കഴിഞ്ഞ 2 വര്‍ഷത്തിനുള്ളിലാണ് ഇത്രയധികം വവ്വാലുകള്‍ അവിടെ ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.  അതിനു മുന്‍പ് അവയുടെ എണ്ണം വളരെ കുറവായിരുന്നു. കള്ളിക്കാടിനപ്പുറം കടലുണ്ടിപ്പുഴ. അതിനപ്പുറം കോഴിക്കോട് ജില്ല. കോഴിക്കോട്, പേരാമ്പ്രസൂപ്പികടയില്‍ പോയപ്പോള്‍ അവിടത്തെ നാട്ടുകാരും ഇതേ കാര്യം  പറഞ്ഞു.  
'ഇത്രയധികം വവ്വാലുകള്‍  ഇവിടെയുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.  

മലബാറില്‍  വവ്വാലുകളുടെ ആവാസ സ്ഥലത്തില്‍ വ്യത്യാസം ഉണ്ടായിട്ടുണ്ടോ? നാട്ടുകാര്‍ പറയുന്നത് ശരിയാണെങ്കില്‍ എവിടെ നിന്നോ ധാരാളം വവ്വാലുകള്‍ അടുത്തകാലത്ത് നാട്ടിലേക്ക് വന്നിരിക്കുന്നു.  മനുഷ്യനുമായി അവ സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യത കൂടിയിരിക്കുന്നു.  എങ്കില്‍  കേരളത്തിന്റെ പരിസ്ഥിതിയിലുണ്ടായ വലിയ വ്യതിചലനങ്ങളുടെ സൂചനയാണോ നിപ്പയുടെ പ്രവേശം? ആകാം. കാരണം  കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി നമ്മള്‍ ഈക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. 'ഞങ്ങളുടെ ശബ്ദം അവസാനിച്ചു. ഇനി പറയാന്‍ ശക്തിയില്ല. ഞങ്ങള്‍ കോമാളികള്‍. ആര്‍ക്കും ഞങ്ങള്‍ പറയുന്നത് കേള്‍ക്കണ്ട.'അടുത്ത കാലത്ത് കണ്ടപ്പോള്‍ കവി സുഗതകുമാരി ടീച്ചര്‍ പറഞ്ഞു. 

ഷിമയോട് പറഞ്ഞതുപോലെ രോഗസംക്രമണം ഇപ്പോള്‍ നിയന്ത്രണ വിധേയമായി കഴിഞ്ഞിരിക്കുന്നു. രോഗം പിന്‍വാങ്ങുകയാണ്. തീര്‍ച്ചയായും ഇത് വലിയൊരു വിജയമാണ്. നമ്മുടെ ഡോക്ടര്‍മാരുടെ കഴിവില്‍ അഭിമാനിക്കുക തന്നെ വേണം. നമ്മുടെ സര്‍ക്കാരിനെയും ആരോഗ്യവകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുക തന്നെ വേണം. അവര്‍ അത് അര്‍ഹിക്കുന്നു. രോഗം ബാധിച്ച അജന്യയും ഉംബീഷും രോഗശമനം നേടി ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നു. കോഴിക്കോട് നഗരത്തിലേക്ക് ഇപ്പോള്‍ ആളുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ചങ്ങരോത്ത് ബസ് സ്റ്റോപ്പില്‍ വന്നുനില്‍ക്കാന്‍ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ മടിയില്ല. മൂസയുടെ അയല്‍ക്കാര്‍ മടങ്ങിവരികയാണ്. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒരു രോഗിലെ അഡ്മിറ്റ് ചെയ്തു. സിസ്റ്റര്‍ ലിനിയില്‍ നിന്ന് മറ്റാരിലേക്കും രോഗാണു വ്യാപിച്ചില്ല.  വേലായുധന്റെ പരിചയക്കാരും സമാധാനത്തോടെയിരിക്കുന്നു. കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഈജിപ്തില്‍ ഷിമ തയ്യാറെടുക്കുകയാണ്. ആംബുലന്‍സ് ചീറിപ്പഞ്ഞിരുന്ന കോഴിക്കോട് നഗരത്തിലൂടെ ഇനി സ്‌കൂള്‍ ബസ്സുകള്‍ കുഞ്ഞു പൊട്ടിച്ചിരികളോടെ സഞ്ചരിക്കും. എല്ലാം പഴയത് പോലെയാവും.  എല്ലാവരും തിരിച്ചുവരും. 17 പേരൊഴികെ.   

മരിച്ചുപോയവരെ മറന്നുപോകരുത്.  സഹോദര്യത്തില്‍ വിശ്വസിച്ചിരുന്നവരാണവര്‍. മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ ഓടിചെന്ന സ്‌നേഹസമ്പന്നര്‍. മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത പാപങ്ങളെ സ്വയം ഏറ്റെടുത്തവര്‍. ജീവന്‍ ബലികൊടുത്തവര്‍...രക്തസാക്ഷികള്‍.