ഐ.ടി. മേഖല സജീവമായതോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലികള്‍ ഇത്രയും കൂടിയത്. കൂടാതെ വിദേശരാജ്യങ്ങളിലെ ജോലി ഇവിടെയിരുന്ന് ചെയ്യുന്ന പുറംജോലി സമ്പ്രദായം ഉറങ്ങാത്ത രാവുകളാണ് ചെറുപ്പക്കാര്‍ക്ക് സമ്മാനിച്ചത്. കൂടാതെ പണ്ടുകാലം മുതല്‍ക്കുതന്നെ ഷിഫ്റ്റ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, പോലീസ് സേനാംഗങ്ങള്‍, മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയവരുമുണ്ട്. ഉണര്‍ന്നിരിക്കേണ്ട പകലുകളില്‍ ഉറങ്ങുകയും ഉറങ്ങേണ്ട രാത്രികാലങ്ങളില്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ താളക്രമമാണ് തെറ്റുന്നത്. ഇതാകട്ടെ പലതരത്തിലുള്ള നിദ്രാവൈകല്യങ്ങള്‍ക്കും ഗൗരവമേറിയ ശാരീരികപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
ഷിഫ്റ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പലതരത്തിലുള്ള നിദ്രാവൈകല്യങ്ങള്‍ കാണാറുണ്ട്. തുടര്‍ച്ചയായി ഷിഫ്റ്റിന്റെ സമയക്രമം മാറ്റേണ്ടിവരുന്നവരിലാണ് ഉറക്കപ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞുവന്ന് രാവിലെ ഉറങ്ങാന്‍ ശ്രമിച്ചാല്‍ ഉറക്കം കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഉറക്കം കുറയുന്നത് രാത്രിജോലിക്കിടയില്‍ ഉറക്കം തൂങ്ങാനും തൊഴിൽ സംബന്ധമായ അപകടങ്ങള്‍ക്കും കാരണമാകാം.
ലൈഫ് സ്‌റ്റൈല്‍ രോഗങ്ങള്‍ കൂട്ടമായി: ശരീരത്തിന്റെ ജൈവതാളക്രമം നിരന്തരം തെറ്റിച്ചുകൊണ്ടുള്ള ജീവിതരീതികള്‍ രക്തധമനികളുടെ ജരാവസ്ഥയ്ക്ക് കാരണമാകാം. ഹൃദയാഘാതമായും പക്ഷാഘാതമായും ഒക്കെയാണ് രക്തധമനീമാറ്റങ്ങള്‍ പ്രകടമാകുന്നത്. ഇങ്ങനെയുള്ളവരിൽ പ്ലേറ്റ്ലറ്റുകള്‍ കൂടിച്ചേര്‍ന്ന് രക്തക്കട്ടകള്‍ രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. സ്ഥിരമായി ഷിഫ്റ്റ് ജോലി ചെയ്യുന്നവരില്‍ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്. കുഴഞ്ഞുമറിഞ്ഞുള്ള ജീവിതതാളക്രമം ഇന്‍സുലിന്‍ ഉത്പാദനത്തെ ബാധിക്കുന്നത് പ്രമേഹത്തിന് കാരണമാകും.
നൈറ്റ് ഷിഫ്റ്റുകാരുടെ ശ്രദ്ധയ്ക്ക്
- തുടര്‍ച്ചയായുള്ള ഷിഫ്റ്റ് മാറ്റങ്ങള്‍ കഴിയുമെങ്കില്‍ ഒഴിവാക്കുക. മാസത്തിൽ ഒരിക്കലോ മറ്റോ മാത്രമാകാം. തുടര്‍ച്ചയായുള്ള ഷിഫ്റ്റ് മാറ്റങ്ങള്‍ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാം. തുടര്‍ച്ചയായ രാത്രിഷിഫ്റ്റുകള്‍ ഒഴിവാക്കുക/സാധ്യമാകുന്നിടത്തോളം നൈറ്റ് ഷിഫ്റ്റുകള്‍ കുറയ്ക്കുക.
- രാത്രി ഷിഫ്റ്റുകളുടെ സമയദൈര്‍ഘ്യം കുറയ്ക്കുക.
- പണിയെടുക്കുമ്പോള്‍ ഉറക്കം വന്നാൽ അല്പനേരം നടക്കുകയോ ലഘുവ്യായാമം ചെയ്യുകയോ വേണം.
- ജോലിചെയ്യുന്ന മുറിയില്‍ നല്ല വെളിച്ചവും വായുസഞ്ചാരവും വേണം.
- പകല്‍സമയത്ത് ശാന്തമായ അന്തരീക്ഷത്തില്‍ ഇരുണ്ട മുറിയില്‍ 6-8 മണിക്കൂര്‍ ഉറങ്ങുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ബി. പദ്മകുമാര്‍
പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ.മെഡിക്കല്‍ കോളേജ്, ആലപ്പുഴ
Content Highlights: Night shift job and health problems how to solve it you needs to know, Health, Lifestyle Diseases
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്