പ്രമേഹവുമായുള്ള പോരാട്ടത്തിന്റെ 16 ാം വര്‍ഷത്തില്‍ തന്റെ പ്രമേഹ അനുഭവം പങ്കുവയ്ക്കുകയാണ് അമേരിക്കന്‍ ഗായകനായ നിക്ക് ജൊനാസ്. 13 വയസ്സുള്ളപ്പോഴാണ് തനിക്ക് ടൈപ്പ് വണ്‍ പ്രമേഹമാണെന്ന് നിക്ക് ജൊനാസ് തിരിച്ചറിഞ്ഞത്. ഇതേക്കുറിച്ച് നിക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 

''രോഗം തിരിച്ചറിഞ്ഞതിന്റെ 16-ാം വാര്‍ഷികമാണിന്ന്. എനിക്ക് 13 വയസ്സുള്ളപ്പോള്‍ ആണ് രോഗം തിരിച്ചറിഞ്ഞത്. ഞാന്‍ എന്റെ സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് എന്റെ വയറ്റില്‍ എന്തോ ഒരു പ്രശ്‌നമുള്ളതായി തോന്നി. എനിക്ക് ഒരു ഡോക്ടറെ കാണണമെന്ന് ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞു. എന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കി പരിശോധനകള്‍ക്ക് ശേഷം എന്റെ പീഡിയാട്രിഷ്യന്‍ അറിയിച്ചു എനിക്ക് പ്രമേഹമാണെന്ന്. ടൈപ്പ് വണ്‍ പ്രമേഹം. എനിക്കുണ്ടായ എല്ലാ ലക്ഷണങ്ങളും ടൈപ്പ് വണ്ണിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ ഭയന്നു, തകര്‍ന്നു. എന്റെ സ്വപ്‌നങ്ങള്‍ തകരുമോ? എന്റെ സംഗീതം അവസാനിക്കുമോ? ഞാന്‍ ഭയന്നു... എന്നാല്‍ ഞാന്‍ ഉറപ്പിച്ചു, ഞാന്‍ തളരില്ലെന്ന്. കടുപ്പമേറിയ ദിനങ്ങളായിരുന്നു. പക്ഷേ എനിക്ക് നല്ല പിന്തുണ ലഭിച്ചു. ഇപ്പോള്‍ 16 വര്‍ഷങ്ങളായി ഞാന്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നു.''- നിക്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  

ഇന്ത്യന്‍ സിനിമാതാരവും മോഡലുമായ പ്രിയങ്ക ചോപ്രയെയാണ് നിക്ക് വിവാഹം കഴിച്ചത്. നിക്ക് ഡയറ്റിലും ഫിറ്റ്‌നസ്സിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നതിനെക്കുറിച്ചും കൃത്യമായി ഷുഗര്‍നില നിരീക്ഷിക്കുന്നതിനെക്കുറിച്ചും പ്രിയങ്ക ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

''ഞങ്ങള്‍ ആ ദിനമൊരിക്കലും മറക്കില്ല. നീ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കി. നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു''- നിക്കിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിതാവ് കെവിന്‍ ജൊനാസ് കമന്റ് ചെയ്തു. 

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ പൂര്‍ണമായും നശിച്ചുപോവുകയും തന്‍മൂലം ഇന്‍സുലിന്റെ ഉത്പാദനം തീര്‍ത്തും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് വണ്‍ പ്രമേഹം. ചെറിയ കുട്ടികളെയും ചെറിയ പ്രായത്തിലുള്ളവരെയുമാണ് ഈ രോഗം ബാധിക്കുന്നത്. കൃത്യമായ ഭക്ഷണനിയന്ത്രണവും ആരോഗ്യകരമായ ജീവിതശൈലിയും ടെപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്ക് ആവശ്യമാണ്. 

Content Highlights: Nick Jonas shares his experience on type 1 diabetes