ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന നേട്ടവുമായി  ആഗോളതലത്തിലെ പ്രമേഹബാധിതരുടെ കൂട്ടായ്മ കണ്ടെത്തിയ പുതിയ ഉപകരണം ഇന്ത്യയിലും വിജയകരമായി ഉപയോഗിച്ചുതുടങ്ങി. 

ഗ്ലൂക്കോസ് നില താഴ്ന്നുപോകാതെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമാണ് പ്രമേഹ ബാധിതര്‍ക്ക് വലിയ പ്രതീക്ഷയായി മാറിയിരിക്കുന്നത്. ഇന്‍സുലിന്‍ പമ്പും നിരന്തര ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണവും(സി.ജി.എം.) സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ ഉപകരണം. ഒപ്പം സ്മാര്‍ട്ട് ഫോണിന്റെ സഹായവും വേണം.

ഇന്ത്യയിലെ വിജയം സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് പിന്നില്‍ മലയാളി സ്പര്‍ശവുമുണ്ട്. ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസേര്‍ച്ച് സെന്ററിന്റെ മാനേജിങ് ഡയറക്ടറും പ്രമുഖ പ്രമേഹചികിത്സാ വിദഗ്ധനുമായ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയിലെ ഈ നേട്ടം ശാസ്ത്രസമൂഹത്തെ അറിയിച്ചത്. യു.കെയിലെ ഡോ. പാര്‍ഥ കര്‍, അഹമ്മദാബാദിലെ ഡോ ബന്‍ഷി സാബൂ എന്നി ചികിത്സാ ഗവേഷകരും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യയിലെ ആദ്യ പരീക്ഷണത്തിന്റെ വിജയകഥ ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രോം; ക്ലിനിക്കല്‍ റിസേര്‍ച്ച് ആന്റ് റിവ്യൂസ് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

അഹമ്മദാബാദിലെ ജാസ് സേതി എന്ന 26 കാരിയാണ് സ്വയം നിയന്ത്രിത കൃത്രിമ പാന്‍ക്രിയാസ് ( ഡു ഇറ്റ് യുവര്‍സെല്‍ഫ്- ഡി.ഐ.വൈ.) എന്ന് വിശേഷിപ്പിക്കുന്ന ഈ ഉപകരണം ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചത്. പുതിയ ഉപകരണം ഉപയോഗിച്ചുതുടങ്ങിയതോടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്ന് ജാസ് സേതി പറഞ്ഞു.

'ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുന്‍പ് ഗ്ലൂക്കോസ് നിലയില്‍ ഏറ്റക്കുറച്ചിലുകള്‍ പതിവായിരുന്നു. അതിന് അനുസരിച്ച് ഒട്ടേറെ പ്രയാസങ്ങളും നേരിടേണ്ടിവന്നു. എന്നാല്‍ ഇത് ഉപയോഗിച്ച്  തുടങ്ങിയശേഷം ജീവിതത്തില്‍ അത്തരം പരിമിതികളെ മറികടക്കാന്‍ സാധിച്ചു. ഗ്ലൂക്കോസ് കുറഞ്ഞുപോകുന്ന അവസ്ഥ നിയന്ത്രിക്കാന്‍ സാധിച്ചു.

മാനസികവും ശാരീരികവുമായ നല്ല മാറ്റങ്ങളാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. എനിക്ക് പ്രമേഹമുണ്ടെന്ന് കാര്യം പോലും ഓര്‍ക്കേണ്ടതില്ലാത്തവിധം മാറ്റങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.'- ജാസ് സേതി പറഞ്ഞു. ഒന്നവര്‍ഷമായി ഈ ഉപകരണം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടെന്നും അവര്‍ പറഞ്ഞു.

പ്രശസ്ത നര്‍ത്തകിയും 'ഡയബസ്റ്റീസ്' എന്ന ടൈപ്പ് 1 പ്രമേഹബാധിതരുടെ കൂട്ടായ്മയുടെ സ്ഥാപകയും ഡയറക്ടറുമാണ് ജാസ് സേതി.

'ഇന്‍സുലിന്‍ കണ്ടുപിടിച്ചിട്ട് നൂറ് വര്‍ഷമായി. പക്ഷേ സാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി പ്രമേഹചികിത്സയില്‍ മെച്ചപ്പെട്ട ഉപകരണങ്ങള്‍ വിപണിയില്‍ എത്തിയിരുന്നില്ല. അതിന്റെ നിരാശയില്‍, ആഗോളതലത്തില്‍ പ്രമേഹബാധിതരുടെയും അവരുടെ രക്ഷിതാക്കളുടെയും കൂട്ടായ്മ മുന്‍കൈയെടുത്ത് പുതിയ ഉപകരണങ്ങള്‍ സ്വയം കണ്ടെത്തുന്നുണ്ട്. അങ്ങനെയാണ് സ്വയം നിയന്ത്രിത കൃത്രിമ പാന്‍ക്രിയാസ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ കണ്ടെത്തലും നടത്തിയത്. അത് ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ച് വിജയിച്ചത് ഇപ്പോഴാണ്- ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. 

രക്തത്തിലെ ഗ്ലൂക്കോസ് നില കുറഞ്ഞു പോകുന്നതും കൂടിപ്പോകുന്നതുമായ സ്ഥിതി ഒഴിവാക്കി 95 ശതമാനം സമയം പഞ്ചസാരയുടെ അളവ് ശരിയായി നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. 

ഗ്ലൂക്കോസ് കൂടുന്ന അവസ്ഥയും കുറഞ്ഞുപോകുന്ന അവസ്ഥയും നേരത്തെ തന്നെ തിരിച്ചറിഞ്ഞ് സ്വയം നിയന്ത്രിക്കാന്‍, അതിന് അനുസരിച്ച് ഇന്‍സുലിന്റെ അളവ് സ്വയം ക്രമീകരിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും.ആഗോളതലത്തിലെ പ്രമേഹബാധിതരുടെ കൂട്ടായ്മ വഴിയേ ഇത് ലഭിക്കൂ.

Content Highlights: New system to stabilize sugar level, Health, Diabetes