കോവിഡാനന്തര കാലത്തേക്ക് പൊതുജനാരോ​ഗ്യ സംവിധാനത്തെ എങ്ങനെ ശക്തമായി ഒരുക്കാം


ഡോ. കെ. വിജയകുമാർ, ഡോ. സ്റ്റെഫി ആൻ വർ​ഗീസ്

ആരോഗ്യമേഖല കൂടുതല്‍ ജനോപകാരപ്രദവും സുസ്ഥിരവുമാക്കാന്‍ ഇക്കാര്യങ്ങൾ ചെയ്യാം

Representative Image| Photo: GettyImages

ളരെയധികം പരിമിതികളുടെ മധ്യേയാണ്‌ ഇപ്പോള്‍ നമ്മുടെ ആരോഗ്യമേഖല മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും, ഉയര്‍ന്നുവരുന്ന അനേകം വെല്ലുവിളികളെ കാര്യക്ഷമമായി നേരിടുവാന്‍ അത്‌ നമ്മെ പ്രാപ്തമാക്കിയിട്ടുണ്ട്‌. നിപ്പ, പ്രളയം എന്നിങ്ങനെയുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്ത രീതിയും ഇപ്പോള്‍ കോവിഡ്‌-19 നെ അഭിമുഖീകരിക്കുന്ന രീതിയും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പ്രാപ്തിയും കാര്യക്ഷമതയും അളക്കുന്ന അളവുകോലുകളായി കണക്കാക്കാം. ഇത്തരം അപ്രതീക്ഷിതമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത്‌ നമ്മുടെ ആരോഗ്യവകുപ്പിന്റെയും അതുപോലെ തന്നെ സംസ്ഥാന ഭരണസംവിധാനത്തിന്റെയും സാമർഥ്യത്തെയും മികവിനേയും സൂചിപ്പിക്കുന്നു.
എന്നാല്‍ ലഭ്യമായ ഭൗതിക സൗകര്യങ്ങളും, മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയോടൊപ്പം, പരിശീലനം കിട്ടിയ വിദ​ഗ്ധരായ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ വിഭാഗത്തെയും കൂടുതല്‍ ശാസ്ത്രീയമായും ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. അങ്ങനെ ചെയ്താല്‍ നമ്മുടെ ആരോഗ്യമേഖല കൂടുതല്‍ ജനോപകാരപ്രദവും
സുസ്ഥിരവുമാക്കാന്‍ സാധിക്കും.

ഒരു പ്രതിസന്ധി ഘട്ടം ഉണ്ടാവുമ്പോള്‍ അതിനെ ലക്ഷ്യം വെച്ച്‌ രൂപപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായ ഫലം തന്നേക്കാം. എന്നാല്‍, പരിസ്ഥിതി ശോഷണം വഴിയുള്ള ആരോഗ്യ പ്രശ്ങ്ങള്‍, വയോജനങ്ങളുടെ പരിചരണം, ജീവിത ശൈലിരോഗങ്ങള്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ആരോഗ്യപ്രശ്ങ്ങള്‍ എന്നീ മേഖലകളെ അത്‌ ദോഷകരമായി ബാധിച്ചേക്കാം.
ഇതെല്ലാം പരിഗണിച്ചുകൊണ്ട്‌ നമ്മുടെ ആരോഗ്യ രക്ഷ സംവിധാനത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്ന്‌ ആലോചിക്കുമ്പോള്‍ ഇനി പറയുന്ന ചോദ്യങ്ങള്‍ കുടുതല്‍ പ്രസക്തമാകുന്നു:

  1. നിലവിലുള്ള സംവിധാനത്തിന്റെ സര്‍വത്രീകത എത്രത്തോളം ഉറപ്പാക്കിയിടുണ്ട്‌ ?
  2. സേവനങ്ങളുടെ ഗുണ നിലവാരം എത്രത്തോളം ഉണ്ട്‌ ? (ഗുണനിലവാരം എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സേവനങ്ങളുടെ സാങ്കേതികമായ ഗുണനിലവാരത്തെ മാത്രമല്ല മാനുഷികമായ ഗുണനിലവാരത്തെ കുറിച്ച്‌ കൂടിയാണ്‌.
  3. പുതുതായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വെല്ലുവിളികളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക്‌, കാൻസർ, വാര്‍ധക്യ സംബന്ധമായ രോഗങ്ങളായ ഡിമെന്‍ഷ്യ പോലെയുള്ള ആരോഗ്യപ്രശങ്ങളെ അഭിമുഖീകരിക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനം എത്രമാത്രം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്‌?
  4. ജനങ്ങളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലവത്തായി നടപ്പാക്കുന്നു?
  5. മേൽപറഞ്ഞ കാര്യങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ട വസ്തുതകളും തെളിവുകളും ശേഖരിക്കാന്‍ ആവശ്യമായ പുതിയ ഗവേഷണങ്ങള്‍ എത്രത്തോളം ശക്തമാണ്‌?
പ്രവര്‍ത്തന മാതൃകകള്‍

ഈ ചോദ്യങ്ങളും, ഉത്തരങ്ങളും, പരിഹാരമാര്‍ഗങ്ങളും സമ്പൂര്‍ണതയും സമഗ്രതയും കൈവരിക്കണമെങ്കില്‍ താഴെ പറയുന്ന സംവിധാനങ്ങളെയും ആശയങ്ങളെയും നന്നായി ഉള്‍ക്കൊണ്ടുകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യസംവിധാനത്തിനു രൂപം കൊടുക്കേണ്ടതുണ്ട്‌: -

1. പ്രാദേശിക സര്‍ക്കാരുകളുടെ ഇടപെടലും സഹകരണവും

ഒരു പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യപ്രശങ്ങളെ കണ്ടെത്തുവാനും ആവശ്യങ്ങളെ അടുത്തറിയുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്‌. അതുകൊണ്ടു തന്നെ നമ്മുടെ സമൂഹത്തിന്റെ വികസനത്തില്‍ പൊതുവെയും, അതിലൂടെ പൊതുജനാരോഗ്യ പരിരക്ഷയിൽ പ്രതേകിച്ചും, അവര്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ്‌. വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങള്‍, പ്രളയം എന്നിങ്ങനെയുള്ള അനേകം ​ഗൗരവമേറിയ പ്രശ്നങ്ങളെ പരിഹരിക്കുന്നതില്‍ ഈ സ്ഥാപനങ്ങളുടെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇതിനകം കണ്ടുകഴിഞ്ഞിട്ടുണ്ട്‌.

ദീര്‍ഘകാല രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്ന വിവിധ ആരോഗ്യസേവനങ്ങള്‍ കൊടുത്തും, ആരോഗ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള രോഗപ്രതിരോധം, രോഗചികിത്സ, പുനരധിവാസം, സാന്ത്വന ചികിത്സ എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള, സമഗ്രമായ ഒരു ആരോഗ്യപരിരക്ഷാ സംവിധാനമാണ്‌ നാം ഇനി ലക്ഷ്യമാക്കേണ്ടത്‌. ഇത്‌ ഏറ്റവും മികവോടെ നിര്‍വഹിക്കുവാന്‍ കഴിവുള്ളത്‌ ജനങ്ങളോട്‌ ഏറ്റവും അടുത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തന്നെയാണ്.

അതിനാല്‍ ഓരോ പഞ്ചായത്തിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിവിധ വകുപ്പുകളേയും മേഖലകളേയും (അതായത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവകുപ്പ്‌, പരിസ്ഥിതി സംരക്ഷണവകുപ്പ്‌, വിദ്യാഭ്യാസം, തൊഴില്‍, ശുചിത്വം, ലിംഗസമത്വം തുടങ്ങിയവ) സര്‍ക്കാരിതര ആശുപത്രി സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഫലപ്രദമായ ഒരു സര്‍വെയ്ലന്‍സ്‌ സംവിധാനം പ്രാവര്‍ത്തികമാക്കണം. സാംക്രമികരോഗങ്ങള്‍ കണ്ടെത്തുമ്പോള്‍, രോഗങ്ങളുടെ ​ഗൗരവമനുസരിച്ച്‌ ദിവസേനയോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ നിരീക്ഷണവിധേയമാക്കേണ്ടതാണ്‌. മേൽപറഞ്ഞ മുറയ്ക്ക്‌ കണ്ടുപിടിക്കുന്ന ഓരോ പ്രശ്നങ്ങളെയും തരണം ചെയ്യുവാനുള്ള പദ്ധതിരൂപീകരണം ആയിരിക്കണം അടുത്തപടിയായി ഏറ്റെടുക്കേണ്ടത്‌. ഇതിനായുള്ള കര്‍മ്മപദ്ധതികള്‍ സര്‍ഗാത്മകമായ തരത്തില്‍ രൂപീകരിച്ച്‌ നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ നടത്തിയെടുക്കുവാന്‍ പ്രയത്നിക്കണം.ഈ പദ്ധതികള്‍ക്ക്‌ ആവശ്യമായ വിഭവസമാഹരണവും ഫലപ്രദമായ നടത്തിപ്പും അപ്പപ്പോഴുള്ള മോണിറ്ററിങ്ങുമാണ്‌ ഈ പദ്ധതികളുടെ വിജയത്തിന്‌ അടിസ്ഥാനമാവുക.

2. മാനവശേഷി വികസനം

പൊതുജനാരോഗ്യ മേഖലയില്‍ മാനവശേഷി വികസനം ഒരു പ്രത്യേക വിഭാഗത്തിന്റെ ചുമതലയാകണം. ഡോക്ടർമാർ, നഴ്സുമാർ എന്നിങ്ങനെ ചികിത്സാവിധി സംബന്ധിയായ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പൊതുജനാരോഗ്യ മേഖലയോട്‌ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള തൊഴില്‍ പരിശീലനം കൊടുക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും, നിലവാരം പുലര്‍ത്തുന്നതുമാക്കുവാന്‍ വേണ്ടുന്ന ആളുകളുടെ എണ്ണം നിര്‍ണയിച്ച്‌, ഈ പ്രവര്‍ത്തനങ്ങള്‍ മാര്‍ഗനിര്‍ദേശപ്രകാരമാണ്‌ നടക്കുന്നതെന്ന്‌ ഉറപ്പു വരുത്തണം. നിര്‍ദേശിച്ചപ്രകാരമുള്ള ചികിത്സ രോഗികള്‍ക്ക്‌ ലഭ്യമാക്കാന്‍ പ്രവര്‍ത്തനങ്ങളെ പുനഃക്രമീകരിക്കുക, മാറി വരുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍ക്കനുസൃതമായി മേൽപറഞ്ഞ പ്രവര്‍ത്തനങ്ങളെ പരിവര്‍ത്തനം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കണം നടത്തേണ്ടത്‌.

ക്ലിനിക്കല്‍ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മാറുന്ന കാലത്തിനനുസരിച്ച് പുതിയ രോഗങ്ങള്‍ ആവിര്‍ഭവിക്കുമ്പോള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കുകയും, അത്‌ പ്രയോഗികമാകുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിനായി ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും, ഈ നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ വേണ്ട സാധനസാമഗ്രികള്‍ ആശുപത്രികളിലേക്കു എത്തിച്ചുകൊടുക്കുകയും വേണം. ഈ മാര്‍ഗനിര്‍ദേശങ്ങളുടെ നടത്തിപ്പും അതിന്റെ പരിണിതഫലവും സ്ഥിരമായി നിരീക്ഷണത്തിനു വിധയമാക്കുകയും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഈ നിര്‍ദേശങ്ങളെ നവീകരിച്ചുകൊണ്ടിരിക്കുകയും വേണം.

3. മരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭൃത

മരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭൃതയുടെ കാര്യത്തില്‍ കെ.എം.എസ്.സി.എൽ. വന്നതിനു ശേഷം മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഇതിനെ അല്‍പ്പം കൂടി കാര്യക്ഷമമായി നടത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാക്കാവുന്നതാണ്‌. നമ്മുടെ നാട്ടില്‍ മരുന്നുകളില്‍ 60 ശതമാനവും സാംക്രമികേതര രോഗങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണ്‌. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഈ മരുന്നുകള്‍ സര്‍ക്കാരിന്റെ കീഴില്‍ കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കുവാനും വിതരണം ചെയ്യുവാനുമുള്ള വഴികള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാക്കണം. അങ്ങനെ ചെയ്താൽ കുറഞ്ഞ ചെലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ സേവനം എത്തിക്കുവാന്‍ നമ്മുക്ക്‌ കഴിയും. സുപ്രധാനവും ജീവന്‍ രക്ഷിക്കുന്നതുമായ മരുന്നുകള്‍ നിര്‍മ്മിക്കുന്നതില്‍ കേരള ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കെ.എസ്‌.ഡി.പിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌. വ്യത്യസ്ത രോഗാവസ്ഥകള്‍ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ നല്ലൊരു ഭാഗം ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യവും ശേഷിയും ഈ സ്ഥാപനത്തിനുണ്ട്‌. ചികിത്സാചിലവ്‌ കുറയ്ക്കുവാനും, ക്രമമായി ചികിത്സ തുടരുന്നതിനും, വര്‍ധിച്ചു വരുന്ന വിവിധ രോഗങ്ങളുടെ സങ്കീര്‍ണതകള്‍ കുറയ്ക്കുവാനും ഇത്‌ നമ്മെ സഹായിക്കും. ഇതുപോലുള്ള മരുന്നുത്പാദന സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങേണ്ടത്‌ അത്യാവശ്യമാണ്‌.

4. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക്‌ എത്തിക്കുക

പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗത്തില്‍ പെട്ട. സ്ത്രീകള്‍, തീരദേശ തൊഴിലാളികള്‍ , പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍,നഗര ചേരികളില്‍ കഴിയുന്നവര്‍, വൈകല്യമുള്ളവര്‍, കുടിയേറ്റക്കാര്‍, പ്രായമായവര്‍ എന്നിവരെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കാന്‍ നാം ശ്രദ്ധിക്കണം. സാമ്പത്തികവും സാമൂഹികവുമായ തലത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഈ ആളുകള്‍ക്ക്‌ ആരോഗ്യ സംരക്ഷണത്തെ പറ്റി ചിന്തിക്കാനുള്ള സാഹചര്യം ഉണ്ടാവില്ല. ഇവര്‍ക്കായുള്ള സേവനങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഓരോ വ്യക്തിയിലേക്കും അത്‌ എത്തിച്ചേരുന്നുണ്ടെന്ന്‌ ഉറപ്പാക്കേണ്ടതാണ്‌.

ആരോഗ്യമേഖലയിലുള്ള പല വെല്ലുവിളികളെയും ഉചിതമായി നേരിടുന്നതില്‍ സ്ത്രീകളുടെ സാന്നിധ്യവും പിന്തുണയും അദ്ഭുതകരമായ ഫലം ഉളവാക്കും. കുടുംബശ്രീ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ ഇത്‌ തെളിയിക്കപ്പെട്ടതുമാണ്‌. അതിനാല്‍ സ്ത്രീജനങ്ങളെ ശക്തിപ്പെടുത്തി അവരെ നേതൃത്വതലത്തില്‍ എത്തിക്കേണ്ടത്‌ അനിവാര്യമായ പ്രവര്‍ത്തനമായി മാറ്റുക തന്നെ വേണം.

ആരോഗ്യ സംവിധാനങ്ങളുടെ പുനഃ ക്രമീകരണം

മേല്‍പ്പറഞ്ഞ എല്ലാ ആവശ്യങ്ങളും നിറവേറുന്നതിനും നിലവിലുള്ള ആരോഗ്യ സംവിധാനത്തെ പുന: ക്രമീകരിക്കുന്നതിനും വേണ്ടിയുള്ള ചില ആശയങ്ങള്‍ പരിശോധിക്കാം:

1. പൊതുജനാരോഗ്യ വകുപ്പ്‌

പൊതുജനാരോഗ്യ വിഭാഗം എന്നത്‌ വ്യക്തികളുടെയും അതിലൂടെ സമൂഹത്തിന്റെയും ആരോഗ്യം ശാസ്ത്രീയമായി സംരക്ഷിക്കുവാനും മെച്ചപ്പെടുത്തുവാനുമുള്ള ഒരു ശാസ്ത്ര മേഖലയാണ്‌.

പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാനപരമായ പ്രത്യേകത അതിന്റെ പ്രതിരോധ സ്വഭാവമായതുകൊണ്ട്‌ ആരോഗ്യമേഖലയിലെ മറ്റേതൊരു സേവനവിഭാഗം പോലെ തന്നെ അതും പ്രധാനപ്പെട്ടതാണ്‌. ആരോഗ്യ പ്രശ്ങ്ങള്‍ എത്രയും വേഗം കണ്ടുപിടിക്കാന്‍ കഴിയുന്നതിലൂടെ രോഗത്തിന്റെ പ്രസരണം ഒഴിവാക്കാനും അതിനെ ഉചിതമായ രീതിയില്‍ പ്രതിരോധിക്കുവാനും ഇത്‌ നമ്മെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ഇത്‌ ചികിത്സയെക്കാള്‍ ഫലപ്രദവും ചിലവുകുറഞ്ഞതുമാണ്‌. ഒരു സ്പെഷ്യലിസ്റ്‌ ഡോക്ടർ തന്റെ ഒ.പിയില്‍ എത്തുന്ന രോഗികളെ ചികിത്സിച്ച്‌ ഓരോ രോഗിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രയത്നിക്കുമ്പോള്‍, ഒരു പൊതുജനാരോഗ്യവിദ​ഗ്ധന്‍ സേവനം ആവശ്യമുള്ള ഒരു വലിയ സമൂഹത്തിന്റെ മുഴുവന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒന്നായി പരിഹാരം കണ്ടെത്തി അത്‌ എല്ലാവര്‍ക്കും എത്തിക്കാനുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നു. ഈ രീതിയിലാണ്‌ പൊതുജനാരോ​ഗ്യ വിഭാഗം ജനങ്ങളുടെ ആരോ​ഗ്യ സംരക്ഷണത്തില്‍ ശ്രദ്ധാപൂര്‍വം ഇടപെടുന്നത്‌.

മറ്റേതൊരു ആരോഗ്യസേവനവിഭാഗം പോലെ തന്നെ പൊതുജനാരോഗ്യ മേഖലയ്ക്കും തൊഴില്‍പരമായ ചില സമീപനങ്ങള്‍ ഉണ്ട്‌. അതുകൊണ്ടു തന്നെ നമ്മുടെ ആരോഗ്യ വകുപ്പില്‍-പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പൊതുജനാരോഗ്യ വകുപ്പും ചേര്‍ന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും വിധം ഒരു പ്രത്യേക വിഭാഗം ആവശ്യമാണ്‌. ഈ മേഖലയിലുള്ള ആളുകള്‍ ഇതില്‍ ഇടപെടുമ്പോള്‍ ഇത്‌ നയരൂപീകരണത്തിനും സഹായകരമാകും. ദേശീയതലത്തിലും, സംസ്ഥാന തലത്തിലും പബ്ലിക്‌ ഹെല്‍ത്ത്‌ വ്യവസ്ഥാപിതമായ ഒരു കേഡറായി ഇതിനെ മാറുന്നത്‌, ഈ രംഗത്തെ പ്രൊഫഷണലിസം വര്‍ധിപ്പിക്കാന്‍ സഹായകമാവും.

2. ഗവേഷണ കേന്ദ്രങ്ങള്‍

ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ ആസൂത്രണത്തിനും ഏകോപനത്തിനും ഉന്നമനത്തിനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമായ ഇന്ത്യന്‍ കണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍.) ലോകത്തിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ്‌. എന്നാല്‍ കേരളത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം തേടുവാനാവശ്യമായ ഗവേഷണം പലകാരണങ്ങള്‍കൊണ്ട്‌ തൃപ്തികരമായി നടക്കുന്നില്ല. ഐ.സി.എം.ആര്‍. രാജ്യത്തിനെന്ന പോലെ ഗവേഷണം നടത്താന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം കേരളത്തില്‍ ആരംഭിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ദേശിയ അന്തര്‍ദേശിയ തലത്തിലുള്ള അനേകം സര്‍വകലാശാലകളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് വേറിട്ട ഗവേഷണങ്ങള്‍ക്ക്‌ വഴിയൊരുക്കുവാനും ഇത്‌ സഹായിക്കും. നാടിന്റെ യഥാര്‍ഥത്തിലുള്ള മുന്നേറ്റം ഗവേഷണത്തിലൂടെ ഉണ്ടാവുന്ന ഒന്നാണ്‌, അതുകൊണ്ട്‌ തന്നെ ഇതിനായി ആവശ്യമായ ചര്‍ച്ചകളും ആലോചനകളും അടിയന്തരമായി നടത്തേണ്ടതുണ്ട്‌.

3. സര്‍വെയ്ലന്‍സ്‌ വിഭാഗം

ഏതു രോഗത്തെയും, അത്‌ സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികപരവുമായ സമ്മീര്‍ണതകളെയും സര്‍വെയ്ലന്‍സിന്‌ (നിരീക്ഷണം) വിധേയമാക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാരണം ഉയര്‍ന്നുവരുന്ന രോഗങ്ങളുടെ
ഗതിയെയും പ്രവണതകളെയും നിരീക്ഷിക്കുവാനും വിലയിരുത്തുവാനും സഹായിക്കുന്നതില്‍ സര്‍വെയ്ലന്‍സിന്‌ ഒരു പ്രധാന പങ്കുണ്ട്‌. ആരോഗ്യ പരിപാലന വിശദാംശങ്ങള്‍, ഓരോ സേവനത്തിന്റെയും ഉപയോഗപ്പെടുത്തല്‍, ആ സേവനങ്ങള്‍ക്ക്‌ ആളുകളുടെ ഇടയിലുള്ള സ്വീകാരൃതയെ പറ്റി, അതിന്റെ ചെലവുകള്‍, പ്രവര്‍ത്തനരീതി എന്നിവയെല്ലാം സര്‍വെയ്ലന്‍സിനു വിധേയമാക്കാവുന്ന ഘടകങ്ങളാണ്‌.

സര്‍വെയ്ലന്‍സ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വതന്ത്രമായി ചിന്തിക്കുന്നതും ചിന്തിച്ച്‌ ആശയങ്ങളും പ്രവര്‍ത്തന പരിപാടികളും ആസൂത്രണം ചെയുന്ന ഒരു ഏജന്‍സി സംസ്ഥാനത്ത്‌ വികസിപ്പിക്കാവുന്നതാണ്‌. അല്ലാത്ത പക്ഷം മേൽപറഞ്ഞ ദാത്യം നടത്തിയെടുക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ഒരു സംഘടനയുടെ സഹായത്തോടു കൂടി മാത്രമേ പല തലത്തില്‍ നിന്നും (അതായത്‌ ആശുപത്രികള്‍, അങ്കണവാടികള്‍, ആശാ പ്രവര്‍ത്തകര്‍) ലഭിക്കുന്ന സ്വതന്ത്രവും ശാസ്ത്രീയമായും കണ്ടെത്തുന്ന നിരീക്ഷണങ്ങളെ, രോഗകാരണങ്ങളുമായി ബന്ധപ്പെടുത്തി വൃക്തതയോട്‌ കൂടി പഠിക്കാന്‍ നമ്മുക്ക്‌ കഴിയു. കേരളത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച്‌ കണ്ടെത്തി പരിഹരിക്കാനും സാംക്രമിക രോഗങ്ങള്‍ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള വഴികള്‍ കണ്ടെത്താനും ഈ ഡേറ്റയെ ഉപയോഗപ്പെടുത്താവുന്നതാണ്‌.

4. ആശുപത്രി ഭരണം

ഒരു ആശുപത്രി എന്നത്‌ ജനങ്ങള്‍ക്കും ആരോഗ്യപരിപാലനവ്യവസ്ഥയ്ക്കും വളരെ വിലപ്പെട്ടതാണ്‌. പരിചരണം ഏകോപിപ്പിക്കുന്നതിനും അതിന്റെ സംയോജനത്തിനും ഈ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്‌. ഒരു ആശുപത്രിയുടെ അടിസ്ഥാന ഘടകമായ അതിന്റെ ഇന്‍ഫ്രാസ്ട്രക്ചർ ആണ്‌ മൊത്തത്തിലുള്ള സേവന വിതരണ അന്തരീക്ഷത്തെ സ്വാധീനിക്കുന്നത്‌. ഒരു ആശുപത്രിയുടെ നടത്തിപ്പില്‍ ആരോഗ്യവിഭാഗത്തിനെന്ന പോലെ പ്രാധാന്യം അതിന്റെ ഭരണസംവിധാനത്തിനുമുണ്ട്‌. വളരെ സങ്കീര്‍ണമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ മാനവവിഭവശേഷി വിഭാഗത്തിന്റെ പങ്ക് നിര്‍ണായകമാണ്‌.

മെറ്റീരിയല്‍ വിതരണവിഭാഗം, പൊതുജനസമ്പര്‍ക്ക വിഭാഗം, മെഡിക്കല്‍ ഡോക്യുമെന്റേഷൻ ആന്‍ഡ്‌ റെക്കാര്‍ഡ്‌ വിഭാഗം, ലാബ്‌ സേവനങ്ങള്‍, മാലിന്യ സംഭരണവിഭാഗം, ക്ലീനിങ്‌ & മെയ്ന്റനെന്‍സ്‌ വിഭാഗം, നിയമ നടപടികള്‍ കൈകാര്യം ചെയുന്ന വിഭാഗം, പരിസ്ഥിതി പ്രശ്ങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ മുതലായവ. ഈ വിഭാഗങ്ങളെയെല്ലാം സമാന പ്രാധാന്യത്തോടെ, കോര്‍ത്തിണക്കികൊണ്ടു പോകുക എന്നത്‌ വളരെ ശ്രമകരമായ പ്രവര്‍ത്തനമാണ്‌. താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ടുള്ള എല്ലാ ചികിത്സാകേന്ദ്രങ്ങളുടെയും നടത്തിപ്പ്‌ മെച്ചപ്പെടുത്തേണ്ടത്‌ വളരെ ആവശ്യമായതിനാല്‍ ഈ രീതിയിലുള്ള ജനാധിപത്യപരവും ശാസ്ത്രീയരീതിയില്‍ ഉള്ളതുമായ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കഠിനമായ പരിശ്രമവും ആസൂത്രണവും അത്യാവശ്യമാണ്‌. ഇങ്ങനെയുള്ള പ്രധാനപ്പെട്ട മേഖലകളെ എല്ലാം ഒരുപോലെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു പ്രൊഫഷണല്‍ സംഘത്തെ തന്നെ ഇതിനായി തയാറാക്കേണ്ടതുണ്ട്‌.

5. പൊതുജനാരോഗ്യ നിയമങ്ങള്‍

പൊതുജനാരോഗ്യ നിയമങ്ങള്‍ വികസിപ്പിക്കുക എന്നതും ഇതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ്‌. കേരള സംസ്ഥാനത്തിന് സ്വന്തമായ ഒരു പബ്ലിക്‌ ഹെല്‍ത്ത്‌ ആക്ട്‌ രൂപപ്പെടുത്തണം. കാലഹരണപ്പെട്ടതും പുരാതനവുമായ മദ്രാസ്‌ പബ്ബിക്‌ ഹെല്‍ത്ത്‌ ആക്റ്റ്‌ 1939, തിരുവിതാംകൂര്‍ കൊച്ചി പബ്ബിക്‌ ഹെല്‍ത്ത്‌ ആക്റ്റ്‌ 1955 എന്നിവയിലൂടെയാണ്‌ കേരളത്തില്‍ ഇന്നും പൊതുജനാരോഗ്യ മേഖല നിയന്ത്രിക്കപ്പെടുന്നത്‌. ഈ നിയമങ്ങളെ ഫലപ്രദമായി ഏകോപിപ്പിച്ച് അതില്‍ പരിമിതികളുള്ള മേഖലകളെ ഉള്‍പ്പെടുത്തുന്ന രീതിയില്‍ നിയമങ്ങളുടെ നിര്‍മ്മാണവും, നടത്തിപ്പും ഉറപ്പുവരുത്തുകയും കാലാകാലം ഇവ പുതുക്കുകയും വേണം.

അതുപോലെതന്നെ ആരോഗ്യവുമായി ബന്ധപ്പെടുത്താവുന്ന നിരവധി കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ ഇന്ന്‌ നിലവിലുണ്ട്‌, ഉദാ: പോക്സോ ആക്ട്, COTPA ആക്ട്‌, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്ട്. ഇങ്ങനെ നിലവിലുള്ള എല്ലാം ആക്ടുകളെയും പൊതുജനാരോഗ്യ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍, അവയുടെ പങ്കും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിര്‍വചിച്ച്‌, അവയുടെ നിര്‍വഹണത്തിനായി ഉദ്യോഗസ്ഥരെ തയ്യാറാക്കേണ്ടതുണ്ട്‌.

ഏറ്റവും മര്‍മ്മ പ്രധാനമായ കാര്യം മേൽപറഞ്ഞ സ്ഥാപനങ്ങളെയും ക്രമീകരണങ്ങളെയും സുസ്ഥിരമായി വളര്‍ത്തിയെടുക്കാനാവശ്യമായ പ്രവര്‍ത്തന ശൈലിയും സംസ്ക്കാരവും രൂപപ്പെടുത്തുക എന്നതാണ്‌.

മേൽപറഞ്ഞ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത്‌ നടപ്പാക്കുന്നത്‌ നമ്മുടെ പരിസ്ഥിതിയെ മറന്നു കൊണ്ടാവരുത്‌. കാരണം പ്രകൃതിക്കുമേല്‍ നാം ഉണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ നമ്മുടെ ഭാവി തലമുറകളെയും അവരുടെ
അവകാശങ്ങളെയും നിഷേധിക്കുന്നതിനും കവര്‍ന്നെടുക്കുന്നതിനും തുല്യമായ പ്രവര്‍ത്തിയാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌.

(കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗത്തിലെ എം.ഡി. റെസിഡന്റ് ആണ് ലേഖിക)

Content Highlights: New public health system must come after post Covid19 world, Health, Public Health System, Covid19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


after rock bottom finally Aussie cricketers win Lankan hearts

3 min

1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ

Jun 25, 2022

Most Commented