കൊറോണ വൈറസിന് ജനിതകമാറ്റം വന്ന് പുതിയ വകഭേദം ഉണ്ടായതായുള്ള വാർത്തകൾ ബ്രിട്ടണിൽ നിന്നാണ് വരുന്നത്. ഇതോടെ ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങളെല്ലാം സർക്കാർ റദ്ദാക്കിക്കഴിഞ്ഞു. ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കും മറ്റ് യാത്രികർക്കും ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വിലക്കേർപ്പെടുത്തിക്കഴിഞ്ഞു.

സാധാരണയായി വൈറസുകൾക്ക് ജനിതകമാറ്റം വരുന്നത് പതിവാണെങ്കിലും ഇപ്പോൾ രൂപാന്തരം വന്ന ഈ വൈറസിനെക്കുറിച്ചുള്ള ആശങ്ക ലോകത്ത് ശക്തമാവുകയാണ്. ഇതിന് ചില കാരണങ്ങളുണ്ട്.

  • പഴയ വൈറസിനേക്കാൾ വേഗത്തിൽ പുതിയ വൈറസ് വ്യാപിക്കുന്നു.
  • വൈറസിന് മാറ്റം വരുന്നത് വൈറസിന്റെ ഏതൊക്കെ ഭാഗങ്ങളിലാണ് എന്നത് പ്രധാനം.
  • ജനിതകമാറ്റം വന്ന വൈറസുകൾക്ക് ശരീരകോശങ്ങളെ ബാധിക്കാനുള്ള ശേഷി വളരെ കൂടുതലാണെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ മൂന്ന് കാരണങ്ങൾ ഒന്നിച്ചുചേരുന്നത് വൈറസ് വ്യാപനം ശക്തമാകാൻ വഴിയൊരുക്കും.

വ്യാപനം ശക്തം

സെപ്റ്റംബറിലാണ് കൊറോണ വൈറസിന് പുതിയ വകഭേദമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ലണ്ടനിൽ ജനിതകമാറ്റം വന്ന ഈ വൈറസിന്റെ കേസുകളുടെ എണ്ണം നവംബറോടെ മൊത്തം കേസുകളുടെ പകുതിയോളമായി കൂടി. ഇപ്പോൾ ഡിസംബർ മധ്യം പിന്നിട്ടതോടെ മൂന്നിൽ രണ്ടു കേസുകളും ജനിതകവ്യതിയാനം വന്ന വൈറസുകൾ മൂലമായി. ഇതിനെത്തുടർന്ന് ബ്രിട്ടൺ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

ജനിതക വ്യതിയാനം വന്ന വൈറസ് പഴയ വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ വേഗത്തിലാണ് വ്യാപിക്കുന്നതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത്.

പഴയ വൈറസിനേക്കാൾ വളരെ വേഗത്തിലാണ് ജനിതകമാറ്റം വന്ന ഈ വൈറസിന്റെ വ്യാപനം എന്നാണ് ലണ്ടൻ ഇംപീരിയൽ കോളേജിലെ ഡോ. എറിക് വോൾസ് പറയുന്നു. വൈറസിന് എങ്ങനെ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കാനാവുന്നു എന്ന് കണ്ടെത്താനായിട്ടില്ല. എന്തായാലും ജനിതകമാറ്റം വന്ന വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ലണ്ടനിൽ നിന്നാകാം ജനിതകവ്യതിയാനം വന്ന പുതിയ വൈറസിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. യു.കെയിൽ നിന്നുള്ള രോഗിയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തു നിന്നോ ആയിരിക്കാം വൈറസിന്റെ സാന്നിധ്യമുണ്ടായത്. വടക്കൻ അർലൻഡിൽ ജനിതകവ്യതിയാനം വന്ന വൈറസ് ബാധിച്ചവരില്ല. ലണ്ടൻ, ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കും ഭാഗങ്ങളിലാണ് ഇത് കാര്യമായി വ്യാപിച്ചിരിക്കുന്നത്.

ഡെൻമാർക്കിലും ഓസ്ട്രേലിയയിലും റിപ്പോർട്ട് ചെയ്ത കേസുകൾ വന്നത് യു.കെയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നെതർലാൻഡ്സിലും രോഗം കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ജനിതകവ്യതിയാനം വന്ന വൈറസുമായി സാമ്യമുള്ള ഒരു വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയെങ്കിലും അതിന് യു.കെയുമായി ബന്ധമില്ലെന്ന നിഗമനത്തിൽ എത്തിയിട്ടുണ്ട്.

ഇത് മുൻപും സംഭവിച്ചിട്ടുണ്ട്

കൊറോണ വൈറസിന് മുൻപ് ലോകത്തിന്റെ പലഭാഗത്തും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത് ഈ വൈറസിൽ നിന്നും വ്യതിയാനം സംഭവിച്ച വൈറസുകളായിരുന്നു. ഫെബ്രുവരിയിൽ ഡി614ജി എന്ന വകഭേദമാണ് യൂറോപ്പിൽ കണ്ടെത്തിയത്. ഈ വൈറസാണ്ലോകത്താകമാനമായി കണ്ടെത്തിയത്. എ222വി എന്ന ജനിതകമാറ്റം വന്ന വൈറസാണ് സ്പെയിനിലെ വേനൽക്കാലത്ത് വ്യാപിച്ചത്.

ജനിതകവ്യതിയാനം വന്ന വൈറസിന് 17 പ്രധാനപ്പെട്ട രൂപാന്തരങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ പ്രധാനപ്പെട്ടത് സ്പൈക്ക് പ്രോട്ടീന് ഉണ്ടായ മാറ്റങ്ങളാണ്.

എച്ച്69/വി70 എന്ന ജനിതകവ്യതിയാനം വന്ന വൈറസിൽ മനുഷ്യശരീരത്തിലെ കോശത്തിലേക്ക് കയറാൻ സഹായിക്കുന്ന അഗ്രഭാഗമായ സ്പൈക്ക് പ്രോട്ടീന് മാറ്റമുണ്ടായിട്ടുണ്ട്. ഈ ജനിതകവ്യതിയാനം വന്ന വകഭേദത്തിന് ആദ്യവൈറസിനേക്കാൾ രണ്ടിരട്ടി ശേഷിയുണ്ടെന്ന് കേംബ്രിജ് സർവകലാശാലയിലെ പ്രൊഫസർ രവി ഗുപ്ത പറയുന്നു. മുൻപുള്ള വൈറസ് ബാധിച്ച് പിന്നീട് കോവിഡ് മുക്തരായവരിലെ ആന്റിബോഡിക്ക് ജനിതകവ്യതിയാനം വന്ന ഈ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തയില്ല.

പുതിയ വൈറസ് കൂടുതൽ അപകടകാരിയാകുമോ?

പുതിയ വൈറസ് കൂടുതൽ അപകടകാരിയാകുമോ എന്ന് ഇപ്പോൾ പറയാനാവല്ല. നിലവിൽ ലബോറട്ടറി പരീക്ഷണങ്ങൾ ആവശ്യമാണെന്നും എന്നാൽ വ്യാപനത്തോത് അറിയാൻ ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കണമെന്നുമാണ് യു.കെ. കൺസോർഷ്യം കോവിഡ് 19 ജീനോമിക്സിലെ പ്രൊഫസർ നിക്ക് ലോമാൻ പറയുന്നത്. കൂടുതൽ ആളുകൾ കൂടുതൽ വേഗത്തിൽ രോഗികളാകുന്നു എന്നാണ് പുതിയ വൈറസ് മൂലമുണ്ടാകുന്ന പ്രശ്നം. ഇതോടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർധിക്കും.ഇത് ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാൻ ഇടയാകും.

വാക്സിൻ പുതിയ വൈറസിനെ തടയുമോ?

പുതിയ വൈറസിനെതിരെ നിലവിലുള്ള വാക്സിൻ ഫലപ്രദമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വൈറസിന്റെ വിവിധ ഭാഗങ്ങളെ ആക്രമിക്കാനുള്ള പരിശീലനം നിലവിലുള്ള മൂന്നു വാക്സിനുകളും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് നൽകുന്നുണ്ട്. അതിനാൽ തന്നെ വൈറസിന് ജനിതക വ്യതിയാനം വന്നാലും വാക്സിനുകൾക്ക് പ്രവർത്തിക്കാനാവും. എന്നാൽ തുടരെ തുടരെ ജനിതകമാറ്റം വരുമ്പോൾ വാക്സിനുകൾക്ക് പ്രതിരോധിക്കാനായേക്കില്ല. അപ്പോൾ വാക്സിനുകൾക്കും മാറ്റം വരുത്തേണ്ടി വരും. അതിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കടപ്പാട്:
ബി.ബി.സി.

Content Highlights:New corona Virus variant spread more quickly all you needs to know, Health, Covid19, Corona Virus