130 കോടി ഇന്ത്യക്കാര്‍ക്ക് അഭിമാനമായി നീരജ് ചോപ്ര. ട്രാക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ നേടിത്തന്ന ഇന്ത്യാക്കാരനായി. ഈ നേട്ടത്തിന് പുറകില്‍ അധികമാരും അറിയാതെ പോയ ഒരു അതിജീവനത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും കൂടി കഥയുണ്ട്.

യാദൃശ്ചികമായാണ് നീരജ് ചോപ്ര ജാവലിന്‍ ത്രോ എന്ന കായിക മേഖലയിലേക്ക് കടന്ന് വരുന്നത്. അധികം വൈകാതെ തന്നെ അദ്ദേഹം ദേശീയതലത്തിലും തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയനായിത്തീര്‍ന്നു. കരിയര്‍ ഉയര്‍ച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2019 മെയ്മാസത്തില്‍ അദ്ദേഹത്തിന്റെ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുന്നത്. ശസ്ത്രക്രിയ അനിവാര്യമായിത്തീര്‍ന്ന പരിക്ക്! അധികം വൈകാതെ അദ്ദേഹം മുംബൈയില്‍ നിന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനായി. താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കും തുടര്‍ന്ന് മാസങ്ങളോളം നീണ്ടുനിന്ന ഫിസോയതെറാപ്പിക്കും ശേഷമാണ് അദ്ദേഹം വീണ്ടും പരിശീലനത്തിനിറങ്ങിയത്. പിന്നീട് പിറന്നത് ചരിത്രമാണ്.

കൈമുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും തിരിച്ച് വരികയും ചെയ്ത മറ്റൊരു പ്രമുഖനായ കായികതാരമുണ്ട്. മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. 2005ല്‍ അദ്ദേഹം ലണ്ടനില്‍ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഏതാനും മാസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരെ ശക്തമായ തിരിച്ച് വരവ് നടത്തുകയും ചെയ്തു. 

neeraj chopra

എന്താണ് കൈക്കുഴയിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ?

വളരെ ചെറിയ സുഷിരങ്ങളിലൂടെ പ്രത്യേകതകരം ക്യാമറയുടേയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും സഹായത്തോടെ ചെയ്യുന്ന (minimally invasive surgery)യാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ. കഴിഞ്ഞ ദശകത്തിലാണ് ഇത് പ്രചാരം നേടിയത്. നീരജ് ചോപ്രയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കൈക്കുഴയ്ക്കായിരുന്നു പരിക്കേറ്റത്. വലിയ മുറിവുകളോട് കൂടിയ ശസ്ത്രക്രിയ നിര്‍വ്വഹിച്ചാല്‍ ഒരു പക്ഷെ അതിന്റെ പ്രത്യാഘാതമെന്ന നിലയില്‍ അദ്ദേഹത്തിന്റെ കായിക രംഗത്തെ മികവ് നിലനിര്‍ത്താതെ പോയേക്കാമായിരുന്നു. ഈ സാഹചര്യത്തിലാണ് ശരീരത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാത്തതും, വേഗത്തില്‍ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുന്നതുമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഏതൊക്കെ അവസരങ്ങളിലാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നത്?

1) ലൂസ് ബോഡി റിമൂവല്‍

ചില പരിക്കുകള്‍ മൂലം കൈമുട്ടിനുള്ളില്‍ എല്ലിന്റെയോ മറ്റോ ചെറിയ ഭാഗം വേര്‍പെടുകയും തദ്വാര കൈമുട്ടിന്റെ ചലനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. വലിയ മുറിവ് സൃഷ്ടിച്ച് ചെയ്യുന്ന തുറന്ന ശസ്ത്രക്രിയയ്ക്ക് പകരം താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി വേര്‍പെട്ട ചെറിയ ലൂസ് ബോഡി എടുത്ത് മാറ്റാന്‍ സാധിക്കും. നീരജ് ചോപ്രയ്ക്ക് ചെയ്ത ശസ്ത്രക്രിയ ഇതായിരുന്നു.

2) ടെന്നിസ് എല്‍ബോ

കൈക്കുഴകളെ നിവര്‍ത്തുന്ന അഗ്രഭാഗത്ത് പേശികള്‍ക്ക് വരുന്ന ക്ഷതം മൂലമാണ് ടെന്നിസ് എല്‍ബോ ഉണ്ടാകുന്നത്. ബാക്ക് ഹാന്റ് ഷോട്സ് കളിക്കുന്ന ടെന്നിസ് താരങ്ങളില്‍ ഈ അവസ്ഥ കൂടുതല്‍ കാണപ്പെടുന്നത് മൂലമാണ് ഇത്തരമൊര് പേര് വരാനിടയായത്. കൈകള്‍ തിരിക്കുന്ന ജോലികള്‍ ഏര്‍പ്പെടുന്നവരിലും (ഉദാ: തുണി കഴുകുക, സ്‌ക്രൂഡ്രൈവര്‍ ഉപയോഗിക്കുക, ഭാരം വലിക്കുക) ഇത് കണ്ട് വരാറുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറില്‍ ഉണ്ടായിരുന്നത് ടെന്നസ് എല്‍ബോ ആയിരുന്നു. മരുന്നുകള്‍ കൊണ്ടും ഇഞ്ചക്ഷന്‍ കൊണ്ടും മാറാത്ത സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ വഴി ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്.

3) അണുബാധ.

കൈമുട്ടിനുണ്ടാകുന്ന പഴുപ്പ്, അണുബാധ എന്നിവയും താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി കഴുകി വൃത്തിയാക്കാവുന്നതാണ്. ഇതിന് പുറമെ വാതസംബന്ധമായ രോഗങ്ങള്‍, കൈമുട്ടിനുണ്ടാകുന്ന തേയ്മാനം, അസ്ഥിരത (Instability), ചിലതരം ഒടിവുകള്‍ തുടങ്ങിയ സാഹചര്യങ്ങളിലും താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

വളരെ ചെറിയ മുറിവ്, വേദന രഹിത ശസ്ത്രക്രിയ, വളരെ കുറഞ്ഞ ആശുപത്രിവാസം എന്നിവയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ മേന്മകള്‍. ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നവര്‍ക്ക് വളരെയധികം നീണ്ട പരിശീലനവും, വിലയേറിയ ഉപകരണങ്ങളും ആവശ്യമുണ്ടെന്നതാണ് പോരായ്മകള്‍.

(ലേഖകന്‍ : കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സ്പോര്‍ട്സ് ഇഞ്ചുറി, ഷോള്‍ഡര്‍ & എല്‍ബോ സര്‍ജറി സ്പെഷ്യലിസ്റ്റാണ്. നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

Content Highlights; Neeraj chopra surgery details olympics 2021