തൃശ്ശൂര്‍: സന്നദ്ധരക്തദാനത്തില്‍ സ്ത്രീകളുടെ പങ്ക് പത്തുശതമാനത്തില്‍ താഴെയുള്ള 100 രാജ്യങ്ങളില്‍ 13-ാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. കേരളത്തിലും സ്ഥിതി വിഭിന്നമല്ലെങ്കിലും കോവിഡുകാലത്ത് നേരിയ പുരോഗതിയുണ്ട്. വിവിധ യുവജനസംഘടനകളും സന്നദ്ധസംഘടനകളും നടത്തിയ രക്തദാന ക്യാമ്പുകളിലൂടെയാണിത്. എങ്കിലും ഇതിലെ സ്ത്രീപങ്കാളിത്തം ഏതാണ്ട് എട്ടുശതമാനമാണ്. രക്തദാനത്തിന് മാത്രമായി രൂപവത്കരിക്കപ്പെട്ട വിവിധ സംഘടനകള്‍ ക്രോഡീകരിച്ച കണക്കാണിത്.

രക്തം നല്‍കാന്‍ തയ്യാറായി എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കോവിഡുകാലത്ത് വര്‍ധനയുണ്ടെങ്കിലും രക്തദാനം കുറവാണ്. രക്തദാനത്തിന് സമ്മതവുമായെത്തുന്ന സ്ത്രീകളുടെ ഭാരക്കുറവും ഹീമോഗ്ലോബിന്റെ കുറവുമാണ് പങ്കാളിത്തം പിന്നാക്കം നില്‍ക്കുന്നതിന് പ്രധാന കാരണം. തടി കൂടാതിരിക്കാന്‍ ഭക്ഷണനിയന്ത്രണം സ്വയം ഏര്‍പ്പെടുത്തുന്നതുവഴി ശരീരഭാരം വല്ലാതെ കുറഞ്ഞുപോകുന്നതാണ് സ്ത്രീകളുടെ രക്തദാനത്തിന് പ്രധാന വെല്ലുവിളി.

കേരളത്തില്‍ രക്തദാനസേവനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന െഎ.എം.എ. രക്തബാങ്കുകളില്‍ സ്ത്രീകള്‍ക്ക് രക്തദാനം നടത്തണമെങ്കില്‍ 45 കിലോഗ്രാം ഭാരം വേണമെന്നാണ് വ്യവസ്ഥ. ഹീമോഗ്ലോബിന്റെ അളവ് 12.5-ന് മുകളിലും വേണം. രക്തത്തിലെ ഘടകങ്ങളാണ് വേര്‍തിരിച്ചെടുക്കുന്നതെങ്കില്‍ ദാതാവായ സ്ത്രീക്ക് 55 കിലോഗ്രാം ഭാരമുണ്ടായിരിക്കണം.

പെണ്‍കുട്ടികളാണ് രക്തദാനത്തിന് സമ്മതവുമായി എത്തുന്നവരിലേറെയെങ്കിലും മിക്കവരിലും ഭാരക്കുറവും ഹീമോഗ്ലോബിന്‍ കുറവുമുണ്ട്. കലാലയങ്ങളില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളായിരുന്നു ഈ രംഗത്ത് സ്ത്രീപ്രാതിനിധ്യം ഉയര്‍ത്തിയിരുന്നത്. കോവിഡില്‍ കലാലയങ്ങള്‍ പ്രവര്‍ത്തിക്കാതായതോടെ ആ തരംഗം നിലച്ചു. സന്നദ്ധരക്തദാനത്തിന് സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്താനുള്ള ശ്രമമാണ് ഐ.എം.എ. രക്തബാങ്കുകള്‍ ഇപ്പോള്‍ നടത്തുന്നത്. 'സ്ത്രീകള്‍ രക്തദാനത്തിലും മുന്നിലേക്ക്' എന്ന ആശയത്തിലാണ് വെള്ളിയാഴ്ചത്തെ ദേശീയ സന്നദ്ധ രക്തദാനദിനാചരണം ഐ.എം.എ. കേരളഘടകം സംഘടിപ്പിക്കുന്നത്. മഞ്ജുവാര്യരാണ  ഐ.എം.എ.. രക്തബാങ്കുകളുടെ വനിതാ രക്തദാനപങ്കാളിത്ത പ്രചാരണത്തിനായി രംഗത്തുള്ളത്.

സന്നദ്ധരക്തദാനം കുറയുന്നു

കേരളത്തില്‍ സന്നദ്ധരക്തദാനം വര്‍ഷംതോറും കുറയുകയാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് സൂചിപ്പിക്കുന്നു. 2014-15-ല്‍ മൊത്തം രക്തദാനത്തിന്റെ 82 ശതമാനം സന്നദ്ധരീതിയില്‍ കിട്ടിയിരുന്നത് 2019-20-ല്‍ 75 ശതമാനമായി.

സ്ത്രീകളെ തിരിച്ചയയ്‌ക്കേണ്ടിവരുന്നു- ഡോ. ആര്‍. രമേഷ്

രക്തദാനത്തിനായി തയ്യാറായി ഏറെ സ്ത്രീകള്‍ എത്തുന്നുണ്ട്. എന്നാല്‍, അവര്‍ക്ക് ദാതാക്കളുടെ മാനദണ്ഡം പാലിക്കാനാകാത്തതിനാല്‍ തിരിച്ചയയ്‌ക്കേണ്ടിവരുന്നുണ്ട്. അതിനാലാണ് സ്ത്രീപ്രാതിനിധ്യം കുറയുന്നതെന്ന് കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു.

സംസ്ഥാനത്ത് പ്രതിവര്‍ഷം നാലുലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യം. അത്രയും യൂണിറ്റ് കിട്ടുന്നുണ്ട്. ഇതില്‍ 70 ശതമാനം മാത്രമാണ് ദാനസന്നദ്ധരായെത്തി നല്‍കുന്നത്.

Content Highlights: National Voluntary Blood Donation Day 2021, Reasons of less representation of women in blood donation, Health