എടപ്പാള്‍: അലിമോന് പ്രായം 50 ആയിട്ടേയുള്ളൂ. മൂന്നുവര്‍ഷത്തെ പ്രവാസജീവിതം കഴിച്ചാല്‍ 18 വയസ്സിനുശേഷം നാട്ടിലുണ്ടായത് 29 വര്‍ഷം. ഇതിനിടയില്‍ ഇദ്ദേഹത്തിന്റെ രക്തം സിരകളിലാവാഹിച്ചത് വിവിധ തുറകളിലുള്ള 58 പേര്‍. എടപ്പാള്‍ പൂക്കരത്തറ കോലക്കാട്ട് അലിമോന്‍ ആണ് രക്തദാനം ജീവദാനമെന്ന സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ ജീവിതവ്രതമായി സ്വീകരിച്ചത്.

പൂക്കരത്തറ എ.എം.എല്‍.പി. സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ മുഹമ്മദിന്റെ മകനായ അലിമോന്‍ 15 വയസ്സുമുതല്‍ രക്തദാനത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. പിതാവിന്റെ പ്രചോദനമായിരുന്നു കാരണം. അക്കാലത്ത് രക്തദാനമെന്നത് പേടിപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാല്‍ അന്നുമുതല്‍തന്നെ രക്തദാനം ചെയ്യുന്നവരുടെ പേരുകളും വിവരങ്ങളുമെല്ലാം ശേഖരിച്ചുവെക്കുകയും ആവശ്യക്കാര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതിലായിരുന്നു അലിമോന്റെ താത്പര്യം.

പൂക്കരത്തറ മദ്രസയിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ കീഴിലായിരുന്നു ഈ പ്രവര്‍ത്തനം. അവശനായിക്കിടന്ന നാട്ടുകാരനായ വയോധികന് രക്തം നല്‍കിയായിരുന്നു 18 വയസ്സ് കഴിഞ്ഞകാലത്ത് രക്തദാനരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് ഒ പോസിറ്റീവ് രക്തമാവശ്യമുണ്ടെന്നു കേട്ടാല്‍ അലിമോന്‍ അവിടെ ഓടിയെത്തും.

രക്തബാങ്കുകളൊന്നുമില്ലാതിരുന്ന അക്കാലത്ത് രക്തംകിട്ടാതെ ഒരു ജീവനും പൊലിയരുതെന്ന അണയാത്ത നിശ്ചയമായിരുന്നു ഇതിനു പ്രേരിപ്പിച്ചത്.

ഇതിനിടയില്‍ മൂന്നുവര്‍ഷത്തോളം പലപ്പോഴായി വിദേശത്ത് തങ്ങേണ്ടിവന്നു. ഈ കാലഘട്ടത്തിലൊഴികെയുള്ള എല്ലാസമയത്തും മൂന്നുമാസത്തെ ഇടവേളകള്‍ നോക്കി രക്തദാനം നടത്തി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാ ഉപദേശകസമിതിയംഗം കൂടിയായ ഇദ്ദേഹത്തിന് ഏറ്റവുമധികം തവണ രക്തദാനം നല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രശംസാപത്രവും ലഭിച്ചിട്ടുണ്ട്.

Content Highlights: National Voluntary Blood Donation Day 2021, Blood donor Alimon at Edappal, Health