ന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഒളിമ്പിക്സ് വർഷം എന്നും ഓർമ്മിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. അത്‌ലറ്റിക്സ് ആദ്യ മെഡൽ ഉൾപ്പെടെ നിരവധി നേട്ടങ്ങളാണ് നമ്മുടെ കായിക താരങ്ങൾ രാജ്യത്തിനായി സമ്മാനിച്ചത്. സ്ഥിരതയാർന്ന കായികക്ഷമതയും പരിക്കുകളെ അതിജീവിച്ചുള്ള പോരാട്ടവുമാണ് ഈ താരങ്ങളെ ഒളിമ്പിക്സ് വേദി വരെ എത്തിച്ചതും  മെഡൽ നേട്ടത്തിന് അർഹരാക്കിയതും. 

ഈ സാഹചര്യത്തിൽ കായിക താരങ്ങൾക്കുണ്ടാകുന്ന പരിക്കുകളെക്കുറിച്ച്  ബോധവാന്മാരാവേണ്ടത് അത്യാവശ്യമാണ്. വിവിധ തരത്തിലുള്ള പരിക്കുകളെക്കുറിച്ചും അവയെ എങ്ങനെയൊക്കെ നേരിടാം എന്നതും നാം അറിഞ്ഞിരിക്കണം. 

കായിക പരിക്ക് ഏതു കായികതാരത്തിന്റെയും പേടിസ്വപ്നമാണ്.  ഫുട്ബോളിൽ പരിക്കുകൾ സർവ്വസാധാരണമാണ്. പരിക്കുകളിൽ അധികവും മുട്ടിനുതാഴെ കണങ്കാലിനെയും പാദത്തെയും ബാധിക്കുന്നതാണ്.

കളിക്കിടെ സംഭവിക്കാവുന്ന പരിക്കുകൾ ഇവയൊക്കെയാണ്

- കാൽക്കുഴയുടെ ഉളുക്ക്
- കാൽമുട്ടിലെ അസ്ഥി ബന്ധങ്ങൾക്ക് സംഭവിക്കുന്ന ക്ഷതം (ACL Tear)
- കാൽമുട്ടിലെ തരുണാസ്ഥികൾക്കേൽക്കുന്ന പരിക്ക് (Meniscal Tear)
- പേശീവലിവ്
വീഴ്ചയിൽ നിന്നും കൂട്ടിയിടിയിൽ നിന്നും തോളിനും പരിക്കുകൾ ഏൽക്കാം. തോളെല്ലിന്റെ സ്ഥാനചലനമാണ് ഇതിൽ പ്രധാനം. സംരക്ഷണം,  വിശ്രമം, ഐസ് പാക്ക്, ലഘു മർദ്ദത്തിൽ ബാൻഡേജ് ചുറ്റൽ, പരിക്കു പറ്റിയ ഭാഗം ഉയർത്തി വെയ്ക്കൽ എന്നിങ്ങനെ അഞ്ച് അടിസ്ഥാന ഘടകങ്ങളാണ് പ്രഥമശുശ്രൂഷയായ പ്രൈസ് പ്രോട്ടോകോളിൽ ഉൾപ്പെടുക. ഇവ സമയോചിതമായി ചെയ്യുന്നതിലൂടെതന്നെ പരിക്കുകളെ ഒരു പരിധിവരെ നമുക്ക് ചെറുക്കാൻ സാധിക്കും.

ഏതൊരു പരിക്കും നിസ്സാരമായി തള്ളിക്കളയരുത്. കായിക പരിക്കുകൾ വിദഗ്ധ ഡോക്ടറുടെ പരിശോധനയിലൂടെ വേണം മനസ്സിലാക്കാൻ. എം.ആർ.ഐ. സ്കാൻ ആണ് രോഗനിർണ്ണയത്തിനായി  ആശ്രയിക്കുന്നത്. സാധാരണ എക്സ്റേയിൽ സാരമായ പരിക്കുകൾ കണ്ടുപിടിക്കാൻ സാധിച്ചെന്നുവരില്ല. തക്കതായ വിശ്രമം അനിവാര്യമാണ്. വേദനസംഹാരികൾ, മറ്റ് ചികിത്സാരീതികളായ അൾട്രാ സൗണ്ട് തെറാപ്പി, ഷോർട്ട് വേവ് തുടങ്ങിയവ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ കാലയളവിനുള്ളിൽ സ്വീകരിക്കണം.

ഇതിലൂടെയും ആശ്വാസം കണ്ടെത്താനായില്ലെങ്കിൽ താക്കോൽദ്വാര ശസ്ത്രക്രിയയായ ആർത്രോസ്കോപ്പി സർജറി പരിഗണിക്കാം. ഇവയ്ക്കൊപ്പംതന്നെ നിർദിഷ്ട വ്യായാമങ്ങളിലൂടെ ഫിറ്റ്നസ് വീണ്ടെടുക്കാനും നാം ശ്രമിക്കണം. വാം അപ്പ്, ആകസ്മിക പരിക്കുകളെ ഒരു പരിധി വരെ തടയും. കളിയിൽ പരിക്കുകൾ സാധാരണമാണെങ്കിലും  സ്പോർട്സ് മെഡിസിൻ വിദഗ്ധരുടെ സേവനത്താൽ കായിക താരങ്ങൾക്ക് അവരുടെ കായികക്ഷമത വീണ്ടെടുക്കാൻ സാധിക്കും. കൃത്യതയാർന്ന ചെറുത്തുനിൽപ്പിലൂടെയും പ്രഥമശുശ്രൂഷകളിലൂടെയും സമയോചിതമായ ചികിത്സയിലൂടെയും പരിക്കുകളെ നമുക്ക് അതിജീവിച്ച് കായികക്ഷമത  പിന്തുടരാം.

(പാലക്കാട് നെൻമാറ അവെെറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജനാണ് ലേഖകൻ)

Content highlights: National Sports Day 2021, Dealing With Sports Injuries, bone fractures, Muscle injuries, Muscle strain