അപസ്മാരം വരാനുള്ള കാരണങ്ങള്‍ എന്താണ്? മരുന്ന് കഴിച്ച് മാറ്റാനാകുമോ? അറിയേണ്ട കാര്യങ്ങള്‍


ഡോ. വി. പ്രശാന്ത്

നവംബര്‍ 17 ദേശീയ അപസ്മാര ദിനം

Representative Image| Photo: GettyImages

ലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് അപസ്മാരം. രോഗമല്ല, അതൊരു രോഗലക്ഷണമാണ്. കോശങ്ങളിലേക്കുള്ള വൈദ്യുത തരംഗങ്ങളാണ് നമ്മുടെ ഓരോ ചലനങ്ങളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും. ചില ഘട്ടങ്ങളില്‍ ഈ വൈദ്യുത തരംഗങ്ങള്‍ അനിയന്ത്രിതമായ നിലയിലുണ്ടാവുമ്പോള്‍ നമ്മുടെ ചലനങ്ങളെല്ലാം നമ്മുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകും. ഇതാണ് അപസ്മാരമെന്നും ചുഴലി എന്നുമൊക്കെ വിളിക്കപ്പെടുന്ന അസുഖത്തിന്റെ അടിസ്ഥാനം.

ജനറല്‍, പാര്‍ഷ്യല്‍ എപിലെപ്സി

അപസ്മാരം തലച്ചോറിനെ പൊതുവായി ബാധിക്കുന്നതും-ജനറല്‍ എപിലെപ്സി, ചില ഭാഗങ്ങളെ മാത്രം ബാധിക്കുന്നതും- ഫോക്കല്‍ അല്ലെങ്കില്‍ പാര്‍ഷ്യല്‍ എപിലെപ്സി- ഉണ്ട്. അപസ്മാരം സംഭവിക്കുമ്പോള്‍ കൈകാലുകള്‍ അതിശക്തമായി വിറയ്ക്കുകയും കണ്ണ് മുകളിലേക്ക് പോകുകയും ചെയ്യും, ബലം പിടിക്കും, വായില്‍ നിന്ന് നുരയും പതയും വരും. അറിയാതെ മലമൂത്ര വിസര്‍ജ്ജനം നടക്കാം, നാവു കടിച്ചു മുറിക്കാം. ഇതൊക്കെയാണ് പൊതുവായി കണ്ടുവരാറുള്ള അപസ്മാരം.
ചുണ്ടുമാത്രം അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗം മാത്രം ചലിക്കുക തുടങ്ങിയവയാണ് പാര്‍ഷ്യല്‍ സീഷറില്‍ കണ്ടു വരാറുള്ളത്. ചുറ്റുപാടുകളില്‍ നിന്ന് കുറച്ചു സമയത്തേക്ക് പൂര്‍ണ്ണമായി വിട്ടുപോകുകയും പിന്നീട് അതേക്കുറിച്ച് ഒന്നും ഓര്‍മ്മയില്ലാതെ വരികയും ചെയ്യുന്നതാണ് കോംപ്ലക്സ് പാര്‍ഷ്യല്‍ സീഷര്‍. ഇങ്ങനെ പല തരത്തിലുണ്ട് അപസ്മാരങ്ങള്‍.

epilepsy
Photo: GettyImages

ആബ്സന്റ് സീഷര്‍

ചില ഘട്ടങ്ങളില്‍ കുട്ടികളില്‍ കണ്ടുപിടിക്കപ്പെടാതെ പോകുന്ന രോഗാവസ്ഥയാണ് ആബ്സന്റ് സീഷര്‍. പഠിത്തത്തില്‍ പിറകോട്ടു പോകുക, പറയുന്നത് കേള്‍ക്കാതെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുക, ചോദ്യങ്ങള്‍ക്ക് പ്രതികരണം ഉണ്ടാവാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് ഈ അവസ്ഥയില്‍ കാണാറുള്ളത്. പിറന്നു വീണ കുഞ്ഞു മുതല്‍ ഏതു പ്രായത്തിലും അപസ്മാരം വരാം. നവജാത ശിശുക്കളില്‍ ഓക്സിജന്‍ കുറഞ്ഞാല്‍, ഷുഗര്‍ കുറഞ്ഞാല്‍, സോഡിയം കുറഞ്ഞാല്‍, കാത്സ്യം കുറഞ്ഞാല്‍ ഒക്കെ അപസ്മാരം വരാം.

സ്‌കൂളില്‍ പോകുന്ന പ്രായത്തിലുള്ള കുട്ടികളില്‍ പനി വരുക, 24 മണിക്കൂറിനുള്ളില്‍ അപസ്മാരം വരും. മൂന്ന് മാസം മുതല്‍ ആറു വയസ്സുവരെയാണ് പനിയോടൊപ്പം അപസ്മാരം വരുന്ന രീതിയാണിത്. പനി വന്നാല്‍ ഊഷ്മാവ് കൂടാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കാറുള്ളത്. അപകടകാരിയല്ലാത്ത അപസ്മാരമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ രോഗാവസ്ഥയില്‍ രോഗം വന്നാല്‍ കുറച്ചു സമയത്തേക്കുള്ള മരുന്നുകള്‍ മാത്രമാണ് സാധാരണ നിര്‍ദ്ദേശിക്കാറുള്ളത്.

അതിനു മുകളില്‍ വരുന്ന പ്രായക്കാര്‍ക്ക് സോഡിയം, കാത്സ്യം, ഷുഗര്‍ തുടങ്ങിയവ കുറഞ്ഞാല്‍ അപസ്മാരം വരാം. ബ്ലീഡിംഗ് കൂടിയാല്‍, തലച്ചോറില്‍ മുഴകള്‍ ഉണ്ടെങ്കില്‍, രക്തപ്രവാഹം കുറഞ്ഞു പോയാല്‍ ഒക്കെ അപസ്മാരം വരാനുള്ള സാധ്യതയുണ്ട്. തലയ്ക്ക് പരിക്കു പറ്റുന്ന അപകടങ്ങള്‍ മൂലവും അപസ്മാരത്തിലെത്താനുള്ള സാധ്യതയുണ്ട്.

കണ്ടാല്‍ എന്തു ചെയ്യണം?

അപസ്മാരം കണ്ടാല്‍ ഇരുമ്പ് കയ്യില്‍ പിടിപ്പിക്കുന്നത് വളരെ വ്യാപകമായി കാണാറുള്ള കാഴ്ചയാണ്. ഇതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല. അപസ്മാരം പരമാവധി കുറച്ചു സെക്കന്റ്സ്, അല്ലെങ്കില്‍ ഒന്നോ രണ്ടോ മിനുട്ട് കൊണ്ട് അവസാനിക്കുന്ന രോഗാവസ്ഥയാണ്. തുറസ്സായ സ്ഥലത്തു രോഗിയെ കിടത്തി മുറിവുകളോ മറ്റോ പറ്റാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. കൂടുതല്‍ സമയം അപസ്മാരം അനുഭവപ്പെടുന്ന പക്ഷം ഇത്തരം ഇരുമ്പോ താക്കോലോ മറ്റോ കയ്യില്‍ പിടിപ്പിക്കുന്നത് ബലം പിടിക്കുമ്പോള്‍ മുറിവുകളുണ്ടാക്കാനും സാധ്യതയുണ്ട്.

അപസ്മാരം വരുന്നത് കണ്ടാല്‍ അയാളെ തുറസ്സായ സ്ഥലത്ത് കടത്തുക, കയ്യും കാലും അടിക്കുമ്പോള്‍ മുറിവുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ അവിടെ നിന്ന് മാറ്റുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കിടത്തുമ്പോള്‍ എപ്പോഴും ഒരു വശത്തേക്ക് ചരിച്ചു കിടത്തുക, കാരണം നുരയും പതയും വരാനും ഛര്‍ദ്ദിക്കാനുമുള്ള സാധ്യത കൂടുതലാണ്, ഇങ്ങനെ ഛര്‍ദ്ദിക്കുന്നതും മറ്റും തരിപ്പില്‍ കയറുകയോ ശ്വാസകോശത്തിലേക്ക് പോകാനോ സാധ്യതയുണ്ട്. ചിലപ്പോള്‍ അതുതന്നെ മരണകാരണമായേക്കാം.

ഒരു തവണ അപസ്മാരം വന്നാല്‍ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. മരുന്നു തുടര്‍ച്ചയായി കഴിക്കാത്തതുകൊണ്ടായിരിക്കാം, എന്തുകൊണ്ടാണ് സംഭവിച്ചത് എന്ന് ഡോക്ടറുടെ പരിശോധനയിലൂടെ കണ്ടെത്തി ചികിത്സ തുടരുന്നതാണ് നല്ലത്. നിരന്തരമായ അപസ്മാരം വരുന്നത് ഗുരുതരമായ അവസ്ഥയാണ്. സാധാരണ അപസ്മാര രോഗമുള്ള വ്യക്തിക്ക് പൊതുവെ ഉറക്കക്കുറവ്, മരുന്ന് മറന്നു പോകല്‍, ചെറിയ കാര്യങ്ങള്‍ക്ക് ടെന്‍ഷനാവുക തുടങ്ങിയ സ്വഭാവങ്ങള്‍ കണ്ടു വരാറുണ്ട്. അപസ്മാരം ഉള്ള ആളുകള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ വരുമ്പോള്‍, ഉറക്കക്കുറവ് സംഭവിച്ചാല്‍ അപസ്മാരം അതിന്റെ പേരില്‍ വരാനുള്ള സാധ്യതയുമുണ്ട്.

ഗുരുതര രോഗങ്ങളുടെ ലക്ഷണം

പ്രത്യക്ഷമായി ഒരു കുഴപ്പവുമില്ലാത്തവര്‍ക്കും പലപ്പോഴും അപസ്മാരം വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം സി.ടി, അല്ലെങ്കില്‍ എം.ആര്‍.ഐ. എടുത്തു നോക്കും. രക്തം പരിശോധിച്ചാല്‍ മാത്രമേ, സോഡിയം കുറവാണോ, പഞ്ചസാരയുടെ അളവ് കുറവാണോ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. പല കേസുകളിലും സ്‌കാനിംഗ് നടത്തുമ്പോള്‍ മാത്രമാണ് തലച്ചോറിലെ ട്യൂമര്‍ പോലുള്ള രോഗങ്ങള്‍ തിരിച്ചറിയുന്നത്. അതുകൊണ്ടാണ് അപസ്മാരം രോഗമല്ല, രോഗലക്ഷണമാണ് എന്നു പറയുന്നത്.

വൃക്കയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍, ക്രിയാറ്റിന്‍ അളവ് കൂടിയാല്‍, പഞ്ചസാരയുടെ അളവ് കുറഞ്ഞാല്‍, സോഡിയത്തിന്റെ അളവ് കുറഞ്ഞാല്‍, കരളിന്റെ പ്രവര്‍ത്തനം കുറഞ്ഞാല്‍, തലയ്ക്കകത്ത് രക്തസ്രാവമുണ്ടെങ്കില്‍, ഒക്കെ അപസ്മാരം വരാം. പല അസുഖങ്ങളുടെയും മുന്നോടിയായി, അതിന്റെ ലക്ഷണമെന്ന നിലയില്‍ അപസ്മാരം വരാന്‍ സാധ്യതയുണ്ട്.

അപസ്മാരത്തിന് ചികിത്സ മരുന്നുകളായും ശസ്ത്രക്രിയാ രൂപത്തിലും ലഭ്യമാണ്. പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞ മരുന്നുകള്‍ ഇക്കാലത്ത് ലഭ്യമാണ്. നേരത്തെ മറ്റു മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച് രോഗികള്‍ക്ക് പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ക്കു പകരം വൈദ്യശാസ്ത്രം നിരവധി പുതിയ മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന മരുന്നുകള്‍ ഗര്‍ഭിണികള്‍ക്കൊക്കെ പാര്‍ശ്വഫലങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ ഇക്കാലത്ത് നിരവധി പാര്‍ശ്വഫലമില്ലാത്ത നല്ല മരുന്നുകള്‍ വിപണിയിലുണ്ട്. കൃത്യമായ ഡോസില്‍ അസുഖം അനുസരിച്ചുള്ള മരുന്നുകള്‍ കഴിച്ചാല്‍ 70 ശതമാനത്തോളം രോഗവും നിയന്ത്രിച്ചു പോകാന്‍ സാധിക്കും. മരുന്നുകള്‍ കഴിച്ചിട്ടും അപസ്മാരം വന്നുകൊണ്ടേയിരിക്കുന്ന ആളുകളില്‍, കുട്ടികളില്‍ ഒക്കെ രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രയാസമാണ്.

തലച്ചോറിലെ ചില ഭാഗത്തു നിന്ന് തുടങ്ങുന്ന അപസ്മാരം പോലുള്ളവ മരുന്നുകൊണ്ട് ശരിയാവാത്ത പക്ഷം എപിലെപ്സി സര്‍ജറി ചെയ്യാം. ഏറ്റവും അനുയോജ്യമായ രോഗികളില്‍ മാത്രമേ അത്തരം ശസ്ത്രക്രിയ ചെയ്യാറുള്ളൂ. തലച്ചോറിന്റെ ഏതു ഭാഗത്തു നിന്നാണ് രോഗം വരുന്നതെന്ന് നോക്കി, ഒരു സ്ഥലത്തുനിന്ന് മാത്രം വരുന്നതാണെങ്കില്‍ അത് എടുത്തു മാറ്റുന്ന രീതിയാണിത്.

ബ്രെയ്ന്‍ ഫങ്ഷന്‍ നോക്കാന്‍ വേണ്ടി നടത്തുന്ന ഇ.ഇ.ജി., എപിലെപ്സി എം.ആര്‍.ഐ., തുടങ്ങിയ ടെസ്റ്റുകള്‍ രോഗനിര്‍ണ്ണയം എന്നതിലുപരി രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.

(തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: National Epilepsy Day 2021, What is Epilepsy, What are the warning signs of Epilepsy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented