യുര്‍വേദം- ഭാരതത്തിന്റെ തനതായ ചികിത്സാ ശാസ്ത്രം. രേഖപ്പെടുത്തപ്പെട്ട കാലഘട്ടത്തിന്റെ കണക്കനുസരിച്ച് പുരാതനമെങ്കിലും ഇന്നും നിലനില്‍ക്കുന്നതായ വിജ്ഞാനശാഖയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ടതാണ്. അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ഗ്രന്ഥങ്ങള്‍ രൂപപ്പെട്ടത്. ആയുര്‍വേദത്തിന്റെ ഉല്പത്തിയേ കുറിക്കുന്ന ഭാഗത്ത് അമൃതകുംഭവുമായി പ്രത്യക്ഷപ്പെട്ട ധന്വന്തരി ആയുര്‍വേദത്തിന്റെ പ്രയോക്താവായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ ധന്വന്തരി ജയന്തി ദിനമായ അശ്വിനി മാസത്തിലെ ഏകാദശി തിഥി ആയുര്‍വേദ ദിനമായി ആചരിക്കപ്പെടുന്നു. 

2016 മുതല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുഷ് മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരം രാജ്യമെമ്പാടും ആയുര്‍വേദത്തിന്റെ പ്രചരണാര്‍ഥം ദേശീയ ആയുര്‍വേദ ദിനം ആഘോഷിക്കാന്‍ തുടങ്ങി. ഓരോ ഭാരതീയനും ആയുര്‍വേദത്തെ അറിയുക, മനസ്സിലാക്കുക, പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഓരോ വര്‍ഷവും ദിനാചരണത്തിന്റെ ഭാഗമായി ഒരു സന്ദേശം സമൂഹത്തിന് നല്‍കാറുണ്ട്. 'പോഷണത്തിനായി ആയുര്‍വേദം' എന്നതാണ് ഇത്തവണത്തെ സന്ദേശം. ആയുര്‍വേദത്തിന്റെ മികവുകളേയും ചികിത്സാരീതികളേയും കുറിച്ച് പൊതുജനങ്ങളിലുള്ള അവബോധം വര്‍ധിപ്പിക്കുകയും അതുവഴി രോഗങ്ങളുടേയും അതുമൂലമുള്ള ബുദ്ധിമുട്ടുകളേയും കുറയ്ക്കുക എന്നതാണ് ആയുര്‍വേദ ദിനം ആചരിക്കുന്നതിലൂടെ ആയുഷ് മന്ത്രാലയം വിഭാവനം ചെയ്യുന്നത്.

ആയുര്‍വേദം എന്ന ചികിത്സാ ശാസ്ത്രത്തിനു ചികിത്സ എന്ന ലക്ഷ്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് രോഗ പ്രതിരോധവും. അതിനായുള്ള വഴികളും ഈ ശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു. ഈ കാര്യങ്ങള്‍ ചെയ്താല്‍ ഇന്ന ഇന്ന രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന രീതിയിലല്ല ആരോഗ്യ സംരക്ഷണം. ഈ കാര്യങ്ങള്‍ ചെയ്താല്‍ ആരോഗ്യം ഉണ്ടാകും എന്ന വിധത്തിലുള്ളതാണ് ആയുര്‍വേദത്തിലെ ആരോഗ്യ സംരക്ഷണരീതികള്‍

പോഷണം

തന്റെ പ്രായത്തിനും ശാരീരിക അവസ്ഥകള്‍ക്കും അനുസൃതമായി ശരീരത്തെ നിലനിര്‍ത്തുന്നതിനെയാണ് പോഷണം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. തീരെ ചെറിയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും ശാരീരികമായി അധ്വാനിക്കുന്നവര്‍ക്കും ഇവ വ്യത്യസ്തമായിരിക്കും.

സമ്പുഷ്ടമായ ആഹാരം പോഷണത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ്. എന്നാല്‍ ഇത് മാത്രമല്ല പ്രധാനം. അത്രയും തന്നെ പ്രധാനമാണ് നാം കഴിക്കുന്ന പോഷകാഹാരത്തെ ശരീരമായി പരിണമിപ്പിക്കുന്ന ദഹന വ്യവസ്ഥ. ഈ വ്യവസ്ഥ വളരെ വ്യക്തമായി, സുഗമമായി തന്റെ കര്‍മ്മം ചെയ്തു കൊണ്ടിരുന്നാല്‍ മാത്രമേ പോഷകങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കുകയുള്ളൂ. ഒരു വീട്ടിലെ ഒരേ ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ചിലര്‍ക്ക് മാത്രം രക്തത്തിന്റെയോ ചില ധാതുകളുടേയോ കുറവുകള്‍ കാണാറുണ്ട്. ഇവിടെ ആഹാരത്തിലെ പോഷകക്കുറവല്ല പ്രശ്‌നമാകുന്നത്. ആ വ്യക്തിയുടെ ദഹന വ്യവസ്ഥയിലെ തകരാറുകളാവാം. ഇവ ശരിയാക്കാതെ കുറവുള്ള ധാതു മരുന്നു രൂപത്തില്‍ സേവിക്കുന്നതു കൊണ്ടു മാത്രം പോഷണം തൃപ്തികരമാകണം എന്നില്ല.

കേരളത്തിന്റെ ഇന്നത്തെ പരിതസ്ഥിതിയില്‍ പോഷണക്കുറവിനു കാരണം മിക്കപ്പോഴും പോഷകാഹാരത്തിന്റെ ലഭ്യതക്കുറവല്ല. ജീവിത ശൈലികളും ആഹാരരീതികളും ദഹന വ്യവസ്ഥയെ സാരമായി ബാധിക്കുന്നതിനാല്‍ ഭക്ഷണം കഴിച്ചിട്ടും അത് പോഷണത്തിന് ഉതകുന്നില്ല എന്ന അവസ്ഥയിലേക്ക് എത്തുന്നു.

ശരീരത്തിന്റെ ദഹിപ്പിക്കുവാനുള്ള ശക്തിയെ നിലനിര്‍ത്തുന്നതില്‍ ചിട്ടയായ ഭക്ഷണ രീതികളോടൊപ്പം തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ശാരീരികാധ്വാനം. മുന്‍കാലങ്ങളിലെ ജീവിതശൈലി തന്നെ ശരീരത്തിന് അധ്വാനം നല്‍കുന്ന രീതിയില്‍ ഉള്ളവ ആയിരുന്നു. എന്നാല്‍ ആധുനിക കാലത്ത് ശരീരത്തിന് തീരെ അധ്വാനം ഇല്ലാതായിരിക്കുന്നു. ഈ അധ്വാനമില്ലായ്മ ദഹന വ്യവസ്ഥയുടെ സുസ്ഥിതിയെ സാരമായി ബാധിക്കും. അതിനാല്‍ വ്യായാമം/ യോഗ തുടങ്ങിയവയിലൂടെ ശരീരത്തിന് ശരിയായ ആയാസം നല്‍കുന്നത് ശരീര പോഷണത്തിന് സഹായകമാകുന്നു.

ആഹാരം, വ്യായാമം ഇവ കൂടാതെ ഉറക്കവും പോഷണത്തിനെ സ്വാധീനിക്കുന്ന ഒരു ശരീര ഘടകമാണ്. ഉറക്കം നമ്മുടെ ചയാപചയ പ്രക്രിയയെ നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്. ശരീരത്തിനുണ്ടാകുന്ന ശ്രമം (ക്ഷീണം) ഇല്ലാതാക്കുകയും ശരീരത്തെ വീണ്ടും ഊര്‍ജവത്താക്കുകയും ചെയ്യുന്നത് ഉറക്കമാണ്. ഉറക്കം കുറയുമ്പോള്‍ ശരീരത്തിന് ക്ഷീണം ഉണ്ടാകുന്നത് അനുഭവവേദ്യമാണല്ലോ. ശരീരത്തിനുണ്ടാകുന്ന ഈ ക്ഷീണം ശരീരം ചെയ്യുന്ന എല്ലാ കര്‍മങ്ങളിലും വിശേഷിച്ച് ദഹനത്തിന്റെ കാര്യത്തില്‍ പ്രകടമായ മാറ്റം ഉണ്ടാക്കുന്നു. ചിട്ടയായ ആഹാരരീതിയോടൊപ്പം ചിട്ടയായ ഉറക്കത്തിനും പ്രാധാന്യം നല്‍കേണ്ടതാണ്.

ആരോഗ്യം, പോഷണം എന്നിവ നാം ഓരോരുത്തരും മനസ്സിലാക്കി അതിനു വേണ്ടി തന്റെ ശൈലികളിലൂടെ എത്തിച്ചേരാനായി പ്രയത്‌നിക്കേണ്ടുന്ന ഒന്നാണ്. ഈ സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ഈ ആയുര്‍വേദ ദിനത്തിനു കഴിയട്ടെ എന്നാശിക്കുന്നു.

 (കൂറ്റനാട് അഷ്ടാംഗം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ പഞ്ചകര്‍മ്മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: National ayurveda day 2021, What is the importance of ayurveda